09 - അദ്ധ്യായം - 09 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
09 - അദ്ധ്യായം - 09 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020, മാർച്ച് 22, ഞായറാഴ്‌ച

9.9 അംശുമാന്റെ വംശചരിതം.


ഓം

ശ്രീമദ്ഭാഗവതം നവമസ്കന്ധം അദ്ധ്യായം‌ 9
(അംശുമാന്റെ വംശചരിതം)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: അല്ലയോ രാജാവേ!, അംശുമാനും തന്റെ മുത്തച്ഛനെപ്പോലെ ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവരുവാനായി ധാരാളം പ്രയത്നിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിനും അത് സാധിക്കാതെ കാലഗതിയെ പ്രാപിച്ചു. ഇദ്ദേഹത്തിന്റെ പുത്രനായ ദിലീപനും ആയതിലേക്ക് ഒന്നുംതന്നെ ചെയ്യാൻ കഴിയാതെ അന്തരിക്കുകയാണുണ്ടായതു. എന്നാൽ, ദിലീപന്റെ പുത്രനായ ഭഗീരഥൻ ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവരുവാനായി തീവ്രമായ തപസ്സനുഷ്ഠിച്ചു. തപസ്സിൽ സന്തുഷ്ടയായ ഗംഗാദേവി ദിലീപന് ദർശനം നൽകി താൻ വരം നൽകാൻ ഉത്സുകിതയാണെന്നറിയിച്ചു. ആ സമയം, ദിലീപൻ വിനയാന്വിതനായി തന്റെ ആഗ്രഹം അറിയിച്ചു. അവന്റെ മനോരഥമറിഞ്ഞ ദേവി ഇങ്ങനെ പറഞ്ഞു: ഹേ രാജൻ!, സ്വർഗ്ഗത്തിൽനിന്നും താഴേയ്ക്കുപതിയ്ക്കുന്ന എന്റെ തീവ്രതയെ താങ്ങാൻ ആർക്കാണവിടെ ശക്തിയുള്ളത്? അതിന് കഴിയുന്ന ആരുമില്ലാത്തപക്ഷം ഞാൻ ഭൂമിയെ പിളർന്ന് പാതാളത്തിലേക്ക് പതിക്കും. മാത്രമല്ല, ഞാൻ ഭൂമിയിലേക്ക് വരുവാൻ ഒട്ടുംതന്നെ ഇച്ഛിയ്ക്കുന്നില്ല. കാരണം, അവിടെയുള്ള മനുഷ്യർ തങ്ങളുടെ പാപം മുഴുവൻ എന്നിൽ കഴുകിക്കളയും. എന്നാൽ, ഞാൻ ആ പാപഭാരത്തെ എവിടെയാണ് ഉപേക്ഷിക്കേണ്ടത്?. ആ കാര്യം കൂടി അങ്ങ് ചിന്തിച്ചാലും.

രാജൻ!, ഗംഗാദേവിയുടെ ഈ വാക്കുകൾ കേട്ട ഭഗീരഥരാജൻ അതിന് മറുപടിയായി ഇപ്രകാരം മൊഴിഞ്ഞു: അല്ലയോ ദേവീ!, അങ്ങ് അക്കാര്യത്തിൽ ഒട്ടും വ്യസനിക്കേണ്ടതില്ല. മനുഷ്യരാൽ ഭവതിയിൽ വന്നുചേരുന്ന പാപത്തെ ഇല്ലാതാക്കുവാൻ അവിടെ ഭൂമിയിൽ ബ്രഹ്മിഷ്ഠന്മാരും ശാന്തന്മാരും സന്യാസികളും ലോകത്തെ ശുദ്ധീകരിക്കുന്നവരുമായ സാധുക്കളുണ്ട്. അവർ അങ്ങയിൽ മുങ്ങി ഭവതിയുടെ പാപം ഭസ്മീകരിക്കുവാൻ കഴിവുള്ളവരാണ്. കാരണം, സർവ്വപാപസംഹാരകനായ ഭഗവാൻ ശ്രീഹരി നിത്യവും അവരുടെ ഹൃദയകമലത്തിൽ വാണരുളുന്നു. പിന്നെ, അവിടുത്തെ പതനവേഗതയെ കുറയ്ക്കുവാനായി സർവ്വാത്മാവായ ശ്രീമഹാദേവൻ അവിടെയുണ്ട്. അവനിലത്രേ ഈ പ്രപഞ്ചം നൂലിൽ വസ്ത്രമെന്നതുപോലെ ഊടും പാവുമായി നിലക്കൊള്ളുന്നത്.

രാജൻ!, ഇത്രയും പറഞ്ഞുകൊണ്ട് ഭഗീരഥൻ മഹാദേവനെ തപസ്സാൽ പ്രസാദിപ്പിച്ചു. പെട്ടെന്നുതന്നെ ഹരൻ അദ്ദേഹത്തിൽ സന്തുഷ്ടനായി. അതോടെ, സകലലോകങ്ങളുടേയും ഹിതത്തിനായി വർത്തിക്കുന്ന ശ്രീമഹാദേവൻ ഭഗീരഥന്റെ ആഗ്രഹമനുസരിച്ച് അങ്ങനെയാകട്ടെ എന്നറിയിച്ചുകൊണ്ട് ഭഗവാൻ ശ്രീഹരിയുടെ തൃപ്പാദസ്പർശനത്താൽ പരിശുദ്ധയായ ഗംഗയെ തന്റെ ശിരസ്സിൽ ധരിച്ചു. പിന്നീട്, ഭഗീരഥൻ ഗംഗയെ തന്റെ പിതൃക്കൾ ഭസ്മീകൃതരായി കിടക്കുന്ന സ്ഥലത്തേയ്ക്ക് കൊണ്ടുപോയി. വായുവിന്റെ വേഗത്തിൽ പ്രയാണം ചെയ്യുന്ന ഭഗീരഥനെ ഗംഗാദേവി അതേവേഗതയിൽ അനുഗമിച്ചു. പോകുന്ന ദേശങ്ങളെയെല്ലാം ഒന്നൊന്നായി ശുദ്ധീകരിച്ചുകൊണ്ട് ഒടുവിൽ സഗരപുത്രന്മാർ വെന്തുണ്ടായ ഭസ്മക്കൂമ്പാരങ്ങളെ ഗംഗ നനച്ചു. കലിലവാസുദേവനോട് ചെയ്ത അപരാധത്താൽ ദഹിക്കപ്പെട്ടവരായിരുന്നുവെങ്കിലും, ഗംഗാനദിയുടെ സ്പർശനമാത്രയിൽ അവരുടെ ആത്മാക്കൾ സ്വർഗ്ഗലോകം പ്രാപിച്ചു. പാപത്താൽ ദഹിച്ചില്ലാതായ സഗരപുത്രന്മാർ ആ സ്പർശനമാത്രത്താൽ സ്വർല്ലോകം പ്രാപിച്ചുവെങ്കിൽ, അവളെ വ്രതശുദ്ധിയോടെ ആരാധിക്കുന്നവരുടെ കാര്യം പറയാനുണ്ടോ?. ശ്രീഹരിയുടെ പാദപത്മത്തിൽനിന്നുത്ഭവിച്ചവളും സംസാരബന്ധം ഇല്ലാതാക്കുന്നവളുമായ ഗംഗാദേവിയുടെ മഹത്വത്തെപ്പറ്റി ഇവിടെ ഞാൻ പറഞ്ഞതൊന്നും യാതൊരു തരത്തിലും ഒരത്ഭുതമല്ല. നിർമ്മലാത്മാക്കളായ മാമുനിമാർ തങ്ങളുടെ മനസ്സിനെ ശ്രദ്ധയോടെ ഭഗവദ്പാദങ്ങളിൽ അർപ്പിച്ച് ത്യജിക്കാൻ പ്രയാസമായ ത്രിഗുണങ്ങളെ കടന്ന് ആ പരമപുരുഷന്റെ സാരൂപ്യത്തെ പ്രാപിച്ചവരാണു.

രാജാവേ!, ഈ ഭഗീരഥരാജാവിന്റെ മകനായി ശ്രുതൻ എന്നയാൾ ജനിച്ചു. അവന് നാഭൻ എന്നവൻ മകനായി. രാജൻ!, ഈ നാഭൻ മുൻപ് ഞാൻ പറഞ്ഞിട്ടുള്ള നാഭനല്ല എന്നറിയുക. നാഭനിൽനിന്ന് സിന്ധുദ്വീപനും, അവനിൽനിന്ന് അയുതായുസ്സും, അവനിൽനിന്ന് ഋതുപർണ്ണനും ജനിച്ചു. ഋതുപർണ്ണൻ നളന്റെ പ്രിയസുഹൃത്തായിരുന്നു. ഋതുപർണ്ണൻ നളന് അക്ഷഹൃദയം എന്ന വിദ്യയെ ഉപദേശിച്ചു. പകരം നളൻ ഋതുപർണ്ണന് അശ്വഹൃദയം എന്ന മറ്റൊരു വിദ്യയും ഉപദേശിക്കുകയുണ്ടായി. ഋതുപർണ്ണന്റെ പുത്രനായിരുന്നു സർവ്വകാമൻ. അവനിൽനിന്ന് സുദാമൻ ജനിച്ചു. തത്സുതൻ സൌദാസനാണ്. ഇവൻ മദയന്തി എന്നവളുടെ ഭർത്താവാണെന്നറിയുക. മാത്രമല്ല, ഇവനെ ചിലർ മിത്രസഹനെന്നും മറ്റ് ചിലർ കല്മഷപദനെന്നും വിളിക്കാറുണ്ടു. കർമ്മദോഷത്താൽ ഇവന് പുത്രന്മാരുണ്ടായില്ല. പിന്നീടൊരിക്കൽ സൌദാസൻ വസിഷ്ഠമുനിയുടെ ശാപത്താൽ ഒരു രക്ഷസ്സനായി ഭവിക്കുകയും ചെയ്തു.

പരീക്ഷിത്ത് രാ‍ജാവ് ചോദിച്ചു: ഗുരോ!, സൌദാസനെ എന്തിനുവേണ്ടിയായിരുന്ന് വസിഷ്ഠമുനി ശപിച്ചത്?. അതറിയാൽ അടിയനാഗ്രഹിക്കുന്നു. പറയാൻ കഴിയുന്നതാണെങ്കിൽ, മുനേ!, അങ്ങത് പറഞ്ഞരുളിയാലും.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, ഒരിക്കൽ, സൌദാസൻ നായാട്ടിനിടയിൽ ഒരു രാക്ഷനെ കൊല്ലുകയും, അവന്റെ സഹോദരനെ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. കഷ്ടമെന്ന് പറയട്ടെ!, ആ രാക്ഷസസഹോദരൻ അവിടെനിന്ന് പോയത് അത്യന്തം പ്രതികാരദാഹിയായി ആയിരുന്നു. താമസിയാതെ, രാജാവിനെ അപായപ്പെടുത്തുവാനായി ഒരു പാചകക്കാരന്റെ വേഷത്തിൽ അവൻ കൊട്ടാരത്തിൽ പ്രവേശിച്ചു. വസിഷ്ഠമുനിക്ക് ആഹാരമായി മനുഷ്യമാംസത്തെ പാകം ചെയ്ത് കൊണ്ടുവന്നു. ഭക്ഷ്യയോഗ്യമല്ലാത്ത ആ ആഹാരത്തെ നൽകിയതിൽ ക്ഷുഭിതനായ മുനി അന്ന് സൌദാസനെ മനുഷ്യമാംസം തന്ന് നമ്മെ അപമാനിച്ച നീ ഇതുപോലെതന്നെ നരഭോജിയായ ഒരു രാക്ഷസനായിപ്പോകട്ടെ! എന്ന ശാപമേൽ‌പ്പിച്ചു. പിന്നീട്, അതൊരു രാക്ഷസന്റെ വേലയായിരുന്നുവെന്ന് മനസ്സിലാക്കിയ മുനി തന്റെ ശാപത്തെ പന്ത്രണ്ട് വർഷത്തേക്കായി ചുരുക്കി നിശ്ചയിച്ചു. എന്നാൽ, രാജാവും ജലം കൈയ്യിലെടുത്ത് വസിഷ്ഠമുനിയെ ശപിക്കുവാനൊരുങ്ങി. പക്ഷേ, പത്നിയായ മദയന്തിയുടെ അപേക്ഷാപ്രകാരം അദ്ദേഹം ആ ശാപജലത്തെ തന്റെ കാലുകളിലേക്കുതന്നെ ഒഴിച്ചു. പെട്ടെന്ന് ആ കാലുകളിൽ പലപല വർണ്ണങ്ങൾ കാണപ്പെട്ട്. അന്നുമുതൽ സൌദാസൻ കൽമഷപാദനെന്നും, മിത്രമായ ഭാര്യയുടെ വാക്കുകളെ കേട്ടതിനാൽ മിത്രസഹനെന്നുമുള്ള പേരുകൾ ലഭ്യമായി.

രാജൻ!, ഒരിക്കൽ, ഒരു കാട്ടിൽ മൈഥുനത്തിൽ ഏർപ്പെട്ടിരുന്ന ഒരു ബ്രാഹ്മണദമ്പതികളെ രാക്ഷസ്സഭാവത്തിലായിരുന്ന സൌദാസൻ കാണാനിടയായി. വിശന്നുവലഞ്ഞവനായിരുന്ന സൌദാസൻ ആ ബ്രാഹ്മണനെ ഭക്ഷിക്കുവാനൊരുങ്ങി. ആ സമയം അതിദീനയായ അദ്ദേഹത്തിന്റെ പത്നി പറഞ്ഞു: ഹേ രാജൻ!, അങ്ങ് ഒരു രാക്ഷസനല്ല. അങ്ങ് ഇക്ഷ്വാകുവംശത്തിൽ പിറന്ന മഹാരഥനായ ഒരു രാജാവാണ്. അല്ലയോ വീരാ!, അങ്ങ് മദയന്തിയുടെ ഭർത്താവാണ്. അങ്ങൊരിക്കലും ഇത്തരം അധർമ്മത്തെ ചെയ്യാൻ പാടില്ല. ഒരു സന്താനത്തെ ആഗ്രഹിക്കുന്ന എനിക്ക് എന്റെ ഭർത്താവായ ഈ ബ്രാഹ്മണനെ വിട്ടുതരിക. വീരാ!, മനുഷ്യരൂപമായ ഈ ശരീരത്താലാണ് സകല പുരുഷാർത്ഥങ്ങളും ഇവിടെ സാധിതമാകുന്നതു. അതിനെ ഇല്ലാതാക്കിയാൽ അത് പുരുഷാർത്ഥനഷ്ടമായിട്ടാണ് കരുതപ്പെടുന്നത്. ഇദ്ദേഹം വിദ്വാനും സത്സ്വഭാവിയും തപഃശീലനുമായ ഒരു ബ്രാഹ്മണനാണ്. മാത്രമല്ല, സർവ്വഭൂതങ്ങളിലും ഗുണതത്വങ്ങളാൽ മറഞ്ഞിരിക്കുന്നവനും മഹാപുരുഷനുമായ ബ്രഹ്മത്തെ സർവ്വഭൂതാത്മാവായി ആരാധിക്കുവാനാഗ്രഹിക്കുന്നവനുമാണിദ്ദേഹം. ഈവിധം വിശിഷ്ടനായ ഈ ബ്രാഹ്മണശ്രേഷ്ഠൻ, രാജർഷിമാരിൽ മുമ്പനായ അങ്ങയിൽനിന്ന് എങ്ങനെയാണ് വധ്യനാകുന്നത്? അങ്ങനെയായാൽ, അത് പിതാവിൽനിന്ന് പുത്രന് വധം സംഭവിക്കുന്നതുപോലെയാണ്. നിഷ്പാപനും ബ്രഹ്മവാദിയും സദ്വൃത്തനുമായ അദ്ദേഹത്തെ സന്മതനായ അങ്ങ് വധിക്കുന്നത് ഒരിക്കലും നല്ലതല്ല. അത് ഗോവധത്തെപ്പോലെ പാപമാണു. അതല്ല, അങ്ങ് ഇപ്പോഴും ഇദ്ദേഹത്തെ ഭക്ഷിക്കുവാനാഗ്രഹിക്കുന്നുവെങ്കിൽ, ചത്തവൾക്ക് തുല്യയായ എന്നെ ആദ്യം ഭക്ഷിക്കുക. കാരണം, ഇദ്ദേഹത്തെ കൂടാതെ അര ക്ഷണം പോലും ഞാൻ ജീവിക്കാനാഗ്രഹിക്കുന്നില്ല.

രാജൻ!, ഒരനാഥയെപ്പോലെ ദീനയായി ഇത്രയൊക്കെ വാവിട്ട് കരഞ്ഞുപറഞ്ഞിട്ടും ശാപത്താൽ ബുദ്ധി ഭ്രമിച്ച സൌദാസൻ, ഒരു പുലി പശുവിനെ എന്നതുപോലെ, ആ ബ്രാഹ്മണനെ ഭക്ഷിക്കുകതന്നെ ചെയ്തു. അതുകണ്ട് കുപിതയായ ആ ബ്രാഹ്മണസ്ത്രീ സൌദാസനെ ശപിച്ചു. അവൾ പറഞ്ഞു: ഹേ മഹാപാപീ!, ബുദ്ധിസംസ്കാരമില്ലാത്ത നീ എന്റെ ഭർത്താവിനെ ഏതവസ്ഥയിൽ വധിച്ചുവോ, അപ്രകാരംതന്നെ നിന്റെയും മരണം സംഭവിക്കുമെന്ന് വ്യക്തമായിരിക്കുന്നു. ഇപ്രകാരം സൌദാസനുനേരേ ശാപാവാക്കുകളുച്ഛരിച്ചുകൊണ്ട് പതിവ്രതയായ ആ ബ്രാഹ്മണസ്ത്രീ കത്തിയെരിയുന്ന തന്റെ ഭർത്താവിന്റെ ചിതയിൽ ചാടി അദ്ദേഹത്തിന്റെ ഗതിയെ പ്രാപിച്ചു.

രാജാവേ!, പിന്നീട് പന്ത്രണ്ട് വർഷത്തെ ശാപകാലം കഴിഞ്ഞ ഒരു വേളയിൽ സൌദാസൻ മൈഥുനത്തിനാഗ്രഹിച്ചു. എന്നാൽ, ബ്രാഹ്മണസ്ത്രീയുടെ ശാപത്തെക്കുറിച്ചറിവുള്ളതിനാൽ അദ്ദേഹത്തിന്റെ പത്നി ആ ഉദ്യമത്തെ തടഞ്ഞു. അതിനുശേഷം സൌദാസൻ സ്ത്രീസുഖഭോഗം ഉപേക്ഷിച്ചു. കർമ്മദോഷത്താൽ സന്താനമില്ലാത്തവനായി ജീവിക്കുന്ന സൌദാസന്റെ അനുവാദത്താൽതന്നെ വസിഷ്ഠമഹർഷി മദയന്തിയുടെ ഗർഭത്തിൽ ഒരു സന്താനത്തെ ആധാനം ചെയ്തു. ഏഴ് വർഷക്കാലമായിട്ടും അവൾ പ്രസവിക്കാതിരുന്നതിനാൽ വസിഷ്ഠൻ അവളുടെ ഉദരത്തിൽ (അശ്മം) കല്ലുകൊണ്ടിടിച്ചു. അങ്ങനെയുണ്ടായ പുത്രനെ അവർ അശ്മകൻ എന്ന് വിളിച്ചു. അശ്മകന് മൂലകൻ എന്ന ഒരു പുത്രനുണ്ടായി. പരശുരാമന്റെ ക്ഷത്രിയസംഹാരത്തിൽനിന്നും സ്ത്രീകൾ ചുറ്റുമിരുന്ന് രക്ഷിക്കപ്പെട്ടവനായതിനാൽ ഇവൻ നാരീകവചൻ എന്നും അറിയപ്പെടുന്നു. ഇല്ലാതായ ക്ഷത്രിയവംശത്തിന്റെ ഒറ്റമുരടായതിനാൽ ഇവനെ മൂലകൻ എന്നും വിളിക്കപ്പെട്ടു. മൂലകനിൽനിന്ന് ദശരഥനും, അവന് പുത്രനായി ഐലവിലനും, തത്സുതനായി വിശ്വസഹൻ എന്ന രാജാവും, അവന്റെ പുത്രനായി ഖട്വാംഗൻ എന്ന ചക്രവർത്തിയും ജനിച്ചു. ദേവന്മാരുടെ ഇംഗിതമനുസരിച്ച് ഈ ഖട്വാംഗൻ അസുരന്മാരുമായി യുദ്ധത്തിലേർപ്പെട്ട് അവരെ മുച്ചൂടും കൊന്നൊടുക്കി. അവസാനം തന്റെ ആയുസ്സ് അരനാഴികനേരം മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടൻ‌തന്നെ തന്റെ രാജധാനിയിലെത്തി ആ അരനാഴികനേരംകൊണ്ടുമാത്രം മനസ്സിനെ ഏകാഗ്രമാക്കി ഈശ്വരനിൽ വിലയം പ്രാപിച്ചു. അദ്ദേഹം ചിന്തിച്ചു: എനിക്ക് എന്റെ പ്രാണനേക്കാളും പുത്രന്മാരേക്കാളും പരമപുരുഷാർത്ഥത്തേക്കാളും പത്നിമാരേക്കാളും പ്രിയം എന്റെ കുലദൈവമായ ബ്രാഹ്മണസമൂഹമാണു. ബാല്യത്തിൽ‌പോലും എന്റെ ബുദ്ധിയിൽ ഒരിക്കലും അധർമ്മമുദിച്ചിരുന്നില്ല. ഞാനിവിടെ ഉത്തമശ്ലോകനായ ഭഗവാനെയൊഴിച്ച് മറ്റൊന്നിനേയും കണ്ടിട്ടുമില്ല. ത്രിലോകേശ്വരന്മാർ എന്നിൽ അഭീഷ്ടവരം പ്രാദാനം ചെയ്തിരുന്നുവെങ്കിലും ഭൂതഭാവനനായ ഭഗവാനെ മാത്രം ഉള്ളിൽ നിനക്കുന്ന ഞാൻ ഒരു വരവും സ്വീകരിച്ചില്ല. ദേവന്മാരാണെങ്കിൽ‌പോലും മനോബുദ്ധികളെ അടക്കാഞ്ഞാൽ സ്വഹൃദയത്തിൽ വസിക്കുന്ന പ്രേമസ്വരൂപനായ പരമാത്മാവിനെ അറിയാൻ സാധിക്കുന്നില്ല. അങ്ങനെയിരിക്കെ മറ്റുള്ളവരുടെ കാര്യം പറയേണ്ടതുണ്ടോ?. അതുകൊണ്ട്, ഈശ്വരമായയാൽ രചിക്കപ്പെട്ടതും ഗന്ധർവ്വനഗരങ്ങൾപോലെ അല്പങ്ങളുമായ ശരീരാദികളിൽ ഞാൻ ഭ്രമിക്കുന്നില്ല. കാരണം, പ്രകൃത്യാതന്നെ എന്റെ മനസ്സിൽ വിശ്വകർത്താവായ ഭഗവാന്റെ ഏകാഗ്രമായ ഭാവനയാണുള്ളത്. ആയതിനാൽ, ഞാൻ സർവ്വവും ഉപേക്ഷിച്ച് തന്തിരുവടിയെത്തന്നെ പ്രാപിക്കുന്നു.

രാജൻ!, ഭഗവാനിൽ ഉറയ്ക്കപ്പെട്ട ബുദ്ധിയാൽ ഇപ്രകാരം അഞ്ജാനത്തെ വെടിഞ്ഞ് ഖട്വാംഗൻ സ്വസ്വരൂപത്തെ പ്രാപിച്ചവനായി മാറി. അങ്ങനെ, യാതൊന്ന് സൂക്ഷ്മവും, ശൂന്യമല്ലാത്തതും എന്നാൽ ശൂന്യമായി കല്പിക്കപ്പെട്ടതുമാകുന്നുവോ, അഥവാ, യാതൊരു ബ്രഹ്മത്തെ ഭക്തന്മാർ വാസുദേവനായി കാണുന്നുവോ, അങ്ങയുള്ള പരബ്രഹ്മത്തെ ഖട്വാംഗൻ മൂഹൂർത്തമാത്രത്തെ മനോനിഗ്രഹത്താൽതന്നെ പ്രാപിച്ചു.


ശ്രീമദ്ഭാഗവതം നവമസ്കന്ധം ഒമ്പതാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്.


Previous    Next




The Dynasty of Aṁśumān