08 - അദ്ധ്യായം - 05 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
08 - അദ്ധ്യായം - 05 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

8.5 ദേവന്മാർ ജരാനരയിൽനിന്നും മുക്തരാകുവാൻ ബ്രഹ്മദേവൻ ഭഗവാനെ സ്തുതിക്കുന്നു.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 5
(ജരാനരയിൽനിന്നും മുക്തരാകുവാൻ ബ്രഹ്മദേവൻ ഭഗവാനെ സ്തുതിക്കുന്നു.)


ശ്രീശുകൻ പറഞ്ഞു: രാജൻ!, സർവ്വപാപങ്ങളേയും തീർക്കുന്ന ഗജേന്ദ്രമോക്ഷമെന്ന ഈ ഉപാഖ്യാനത്തെ ഞാൻ അങ്ങേയ്ക്കായി പറഞ്ഞുതിന്നിരിക്കുന്നു. ഇനി രൈവതം എന്ന അടുത്ത മന്വന്തരത്തെക്കുറിച്ചു് വിശദീകരിക്കാം. രാജാവേ!, താമസ്സൻ എന്ന നാലാമത്തെ മനുവിന്റെ സഹോദരനായ രൈവതനായിരുന്നു അഞ്ചാം മനു. അദ്ദേഹത്തിന്റെ മക്കളായിരുന്നു, അർജ്ജുനൻ, ബലി, വിന്ധ്യൻ എന്നിവർ. ഈ മന്വന്തരത്തിൽ വിഭു ഇന്ദ്രനും, ഭൂതരയൻ മുതലായിട്ടുള്ളവർ ദേവന്മാരും, ഹിരണ്യരോമാവു്, വേദശിരസ്സ്, ഊർദ്ദ്വബാഹു തുടങ്ങിയവർ പ്രമുഖരായിട്ടുള്ളവർ സപ്തർഷികളുമായിരുന്നു. ഇതിൽ ശുഭ്രൻ എന്ന ഋഷിക്കു്, വികുണ്ഠയെന്ന തന്റെ പത്നിയിൽ സ്വകലയാൽ ഭഗവാൻ ശ്രീനാരായണൻ മറ്റുദേവതകൾക്കൊപ്പം വൈകുണ്ഠൻ എന്ന നാമത്തിൽ സ്വയം അവതരിച്ചു. ലക്ഷ്മീഭഗവതിയെ സന്തോഷിപ്പിക്കുന്നതിനായി, അവളുടെ ആഗ്രഹപ്രകാരം, വൈകുണ്ഠസർവ്വലോകങ്ങളും നമസ്ക്കരിക്കുന്ന മറ്റൊരു വൈകുണ്ഠലോകംതന്നെ സൃഷ്ടിച്ചു. പലേ  അവതാരങ്ങളിൽ വന്നു് ശ്രീഹരി ആടിയിട്ടുള്ള ലീലകളെ ഞാൻ മുൻപും വർണ്ണിച്ചിട്ടുള്ളതാണു. എന്നാൽ അവ മുഴുവനായി പറയാൻ ആർക്കുംതന്നെ മൂലോകങ്ങളിലും സാധ്യമല്ല. ഈ ഭൂമിയിലെ മൺതരികളെ ആർക്കാണോ എണ്ണിത്തികയ്ക്കാൻ കഴിയുന്നതു്, അവനുമാത്രമേ ഹരിയുടെ മഹിമകളെ പൂർണ്ണമായും അറിയുവാനും പറയുവാനുമാകൂ.

രാജൻ!, ആറാമത്തേതു് ചാക്ഷുഷമന്വന്തമാണു. ചക്ഷുസ്സിന്റെ പുത്രനായ ചാക്ഷുഷനായിരുന്നു അന്നു് മനു. അദ്ദേഹത്തിന്റെ പുത്രന്മാർ പൂരു, പൂരുഷൻ, സുദ്യുമ്നൻ എന്നിവരുമായിരുന്നു. ചാക്ഷുഷമന്വന്തത്തിൽ ദേവന്ദ്രൻ മന്ത്രദ്രുമനും, ദേവന്മാർ ആപ്യൻ മുതലായ സംഘങ്ങളും, സപ്തർഷികൾ ഹരിഷ്മാൻ, വീരകൻ തുടങ്ങിയവരുമായിരുന്നു. അന്നും ലോകപാലകനായി ഭഗവാൻ വിഷ്ണു വൈരാജ-സംഭൂതി ദമ്പതികളിൽ അജിതൻ എന്ന നാമത്തിൽ സ്വയം അവതാരം കൊണ്ടു. അന്നു് പാലാഴിയെ കടഞ്ഞു് അമൃതം വീണ്ടെടുത്തു് ദേവന്മാർക്കു് നൽകിയതും ഈ ഭഗവദവതാരമായിരുന്നു. സമുദ്രമഥനത്തിനിടയിൽ മന്ദരപർവ്വതം താണുപോകാൻ തുടങ്ങിയപ്പോൾ തന്തിരുവടി ആമയായിവന്നു് തന്റെ പൃഷ്ഠഭാഗത്താൽ അതിനെ താങ്ങിനിർത്തുകയുണ്ടായി.

പരീക്ഷിത്തു് ചോദിച്ചു: അല്ലയോ ബ്രഹ്മർഷേ!, എങ്ങനെയായിരുന്നു ഭഗവാൻ പാലാഴിയെ കടഞ്ഞതു?. എന്തിനുവേണ്ടിയായിരുന്നു ഭഗവാൻ അതുചെയ്തതു?. എപ്പോഴാണു് മന്ദരപർവ്വതത്തെ ഭഗവാൻ താങ്ങി നിർത്തിയതു?. എങ്ങനെയാണു് ദേവന്മാർക്കമൃതം ലഭ്യമായതു?. അതിനോടനുബന്ധിച്ചു് മറ്റെന്തെല്ലാമായിരുന്നു സംഭവിച്ചതു?. ഭഗവാന്റെ ഈ ലീലകളെ ഞങ്ങൾക്കു് പറഞ്ഞുതന്നാലും!. എത്രകേട്ടിട്ടും, ഭഗവദ്മഹിമകളെ കേൾക്കുവാനുള്ള ആഗ്രഹം ഒട്ടുംതന്നെ ഞങ്ങളിൽ ശമിക്കുന്നില്ല.

സൂതൻ ശൌനകാദികളോടു് പറഞ്ഞു: ഹേ മുനിമാരേ!, പരീക്ഷിത്തിന്റെ ഈ ചോദ്യം കേട്ടു് അദ്ദേഹത്തെ അഭിനന്ദിച്ചതിനുശേഷം ശ്രീശുകൻ ഭഗവാന്റെ സത്ചരിത്രങ്ങൾ വീണ്ടും വർണ്ണിക്കുവാൻ തുടങ്ങി.

ശ്രീശുകൻ പറഞ്ഞു: ഇടയ്ക്കൊരുകാലത്തിൽ ദേവന്മാർ അസുരന്മാരാൽ പൂർണ്ണമായും പരാജിതരായി കഴിയുകയായിരുന്നു. അടിച്ചുവീഴ്ത്തപ്പെട്ട അവർക്കു് വീണ്ടും ജീവനോടെ അവിടെനിന്നും എഴുന്നേൽക്കുവാൻ‌പോലും കഴിയതെയായി. അക്കാലത്തിൽതന്നെയായിരുന്നു, ഇന്ദ്രൻ വഴി ദുർവ്വാസാവിന്റെ ശാപവും ദേവന്മാർക്കൊട്ടാകെ നേരിട്ടതു. ആയതിനാൽ, ന്നു്, യാഗം മുതലായ അനുഷ്ഠാനകർമ്മങ്ങൾ നടക്കാതെയായി.
[ഒരിക്കൽ ദുർവാസാവു് മഹർഷി ഭഗവാൻ ഹരിയെ കണ്ടുമടങ്ങുമ്പോൾ മാർഗ്ഗമധ്യേ ദേവേന്ദ്രനെ കാണുകയും, തനിക്കു് അവിടെനിന്നും ലഭിച്ച ഒരു പൂമാല ഇന്ദ്രനു് സമ്മാനിക്കുകയും ചെയ്തു. എന്നാൽ, മദന്ധനായ ഇന്ദ്രൻ അനാദരവോടെ അതിനെ ഐരാവതത്തിന്റെ മസ്തകത്തിൽ വയ്ക്കുകയും, ആനയാകട്ടെ, അതു് നിലത്തിട്ടു് ചവിട്ടുകയും ചെയ്തു. കുപിതനായ മുനിയുടെ ശാപത്താൽ ദേവന്മാർ ജരാനരകൾ ബാധിച്ചുവലഞ്ഞു, എന്നു് ശ്രീവിഷ്ണുപുരാണം ഈ കഥ വിസ്തരിച്ചു് പറയുന്നു.]

അല്ലയോ രാജാവേ!, ദുഷ്കരമായ ആ കാലത്തിൽ ധർമ്മാനുഷ്ഠാനം നടക്കാതെയായപ്പോൾ ഇന്ദ്രൻ, വരുണൻ മുതലായ ദേവന്മാർ പ്രമുഖരായ ദേവസംഘം ഒത്തുകൂടി കാര്യങ്ങളെ കൂടിയാലോചിച്ചെങ്കിലും അവർക്കു് ഉചിതമായ ഒരു തീരുമാനത്തിലെത്താൽ സാധിച്ചില്ല. അതുകൊണ്ടു് എല്ലാവരുമൊത്തു് മേരുമധ്യത്തിൽ വസിക്കുന്ന ബ്രഹ്മാവിന്റെ ധാമത്തിലെത്തി ബ്രഹ്മദേവനെക്കണ്ടു് താണുവണങ്ങി സങ്കടമുണർത്തിച്ചു. ദേവന്മാരുടെ ശക്തി ക്ഷയിക്കുകയും, അസുരന്മാർ പ്രബലരാകുകയും, ലോകമെമ്പാടും അശുഭം ബാധിക്കുകയും ചെയ്തതായി ബ്രഹ്മദേവനു് ബോധ്യമായി. അദ്ദേഹം ഭഗവാൻ ശ്രീഹരിയെ ധ്യാനിച്ചതിനുശേഷം, പ്രസന്നവദനരായി തന്റെ മുന്നിൽ കുമ്പിട്ടുനിൽക്കുന്ന ദേവന്മാരോടായി ഇങ്ങനെ പറഞ്ഞു: അല്ലയോ ദേവന്മാരേ!, ഞാനും, നിങ്ങളും, ശത്രുക്കളായ അസുരന്മാരും, മനുഷ്യപക്ഷിമൃഗാദികളും, വൃക്ഷലതാതികളുമടങ്ങുന്ന സകലചരാചരങ്ങളും ഭഗവാൻ ശ്രീഹരിയുടെ അംശകലയാൽ നിർമ്മിക്കപ്പെട്ടതാകുന്നു. അവ്യയനായ ആ ഭഗവാനെ നമുക്കു് ശരണം വരിക്കാം. അവനെ ശിക്ഷിക്കുവാനോ രക്ഷിക്കുവാനോ പോന്നവരാരും ഇവിടെയില്ല. അവൻ നിന്ദാസ്തുതികൾക്കതീതനാകുന്നു. എന്നിരിക്കിലും, സൃഷ്ടിസ്ഥിലയാർത്ഥം തന്തിരുവടിയിവിടെ സത്വാദിത്രിഗുണങ്ങളെ സ്വീകരിച്ചുകൊണ്ടു് ഓരോ കാലത്തിലും അവതരിക്കുന്നു. ഇപ്പോൾ, അവൻ സത്വഗുണത്തെ സ്വീകരിച്ചുകൊണ്ടവതരിച്ചു് ഈ ലോകത്തെ രക്ഷിക്കേണ്ട കാലവുമാണു. അതുകൊണ്ടു്, ആ ജഗദ്ഗുരുവിൽ നമുക്കു് ശരണം പ്രാപിക്കാം. അവൻ നമ്മെ രക്ഷിക്കും.

ശ്രീശുകൻ പറഞ്ഞു: ഹേ അരിന്ദമാ!, ഇങ്ങനെ പറഞ്ഞതിനുശേഷം, ബ്രഹ്മദേവൻ ദേവന്മാരോടൊപ്പം, ഭഗവദവതാരമായ അജിതഭഗവാന്റെ ധാമത്തിലേക്കു് യാത്രയായി. രാജാവേ!, ഭഗവദാസ്ഥാനമായ ശ്വേതദ്വീപത്തിലെത്തിയ ബ്രഹ്മദേവൻ, താൻ നേരിൽ കണ്ടിട്ടില്ലാത്ത അജിതദേവനെ വേദോക്തമന്ത്രങ്ങളാൽ കേട്ടറിഞ്ഞിട്ടുള്ള സ്തുതികളാൽ കീർത്തിക്കുവാൻ തുടങ്ങി.

വിരിഞ്ചസ്തുതി: നിർവ്വികാരനും, സത്യസ്വരൂപനും, ആദ്യന്തരഹിതനും, സർവ്വാന്തര്യാമിയും, നിഷ്കളനും, അവർണ്ണനീയനും, മനസ്സിനും വാക്കുകൾക്കുമഗോചരനുമായ ദേവാദിദേവനെ ഞങ്ങൾ നമസ്ക്കരിക്കുന്നു.

പ്രാണൻ, മനസ്സ്, ബുദ്ധി, ശരീരം എന്നിവയുടെയെല്ലാം പ്രവർത്തനങ്ങളെ സകലവിധത്തിലുമറിയുന്നവനാണു ഭഗവാൻ. ഇന്ദ്രിയങ്ങളായും ഇന്ദ്രിയാർത്ഥങ്ങളായും പ്രകാശിക്കുന്നവൻ തന്നെയെങ്കിലും അവൻ സർവ്വതിൽനിന്നുമകന്നുനിൽക്കുന്നു. അക്ഷരനും സർവ്വവ്യാപിയുമാണവൻ. ത്രിയുഗൻ എന്നറിയപ്പെടുന്നതും അവൻ തന്നെ. കർമ്മബന്ധങ്ങളാലുണ്ടാകുന്ന സംസാരചക്രത്തിൽ മനുഷ്യശരീരത്തെ ഒരു രഥചക്രമായി സങ്കല്പിച്ചിരിക്കുന്നു. പത്തിന്ദ്രിയങ്ങളും അഞ്ചു് പ്രാണങ്ങളും ചേർന്നു് ആ ചക്രത്തിന്റെ പതിനഞ്ചു് ആരക്കാലുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നു. ത്രിഗുണങ്ങൾ അതിന്റെ കേന്ദ്രസ്ഥാനമായിരിക്കുന്നു. പഞ്ചഭൂതങ്ങളും മനസ്സും ബുദ്ധിയും അഹങ്കാരവും ചേർന്ന എട്ടു് തത്വങ്ങളാൽ ആ ചക്രത്തിന്റെ വട്ടയം നിർമ്മിതമായിരിക്കുന്നു. മായാശക്തിയാൽ അവ ചലിച്ചുകൊണ്ടുമിരിക്കുന്നു. ദേഹാദികളുടെ ആവർത്തനരൂപമായ ഈ സംസാരരഥചക്രം യാതൊരുവനാകുന്ന അച്ചുതണ്ടിന്മേലാണോ അതിവേഗം കറങ്ങിക്കൊണ്ടിരിക്കുന്നതു്, ആ സത്യസ്വരൂനെ ഞങ്ങൾ ശരണം പ്രാപിക്കുന്നു. ആ പരമപുരുഷൻ സത്വഗുണത്തിൽ അധിഷ്ഠിതനാണു. ആയതിനാൽ അവന്റെ സ്വരൂപം ഓങ്കാരമാകുന്നു. പ്രപഞ്ചത്തിനതീതനായതിനാൽ അവൻ നഗ്നനേത്രങ്ങൾക്കു് ഗോചരമാകുന്നില്ല. എന്നാൽ, കാലദേശങ്ങളാലുള്ള പരിച്ഛേദമില്ലാത്ത അവൻ സർവ്വഗതനായിരിക്കുന്നു. ഗരുഡാരൂഡനായ ആ നാരായണനെ വിവേകികൾ ഭക്തിയോഗത്താലറിയുന്നു. അങ്ങനെയുള്ളവനെ ഞങ്ങളിതാ നമസ്ക്കരിക്കുന്നു.

അവന്റെ മായയെ ആരാലും ലംഘിക്കാവുന്നതല്ല. സകലരും ആ മായയുടെ വാസ്തവികതയെ അറിയാതെ അവളിൽ മോഹിതരാകുകതന്നെ ചെയ്യുന്നു. അങ്ങനെയുള്ള ആ മായയ്ക്കതീതനായവനും, സകലചരാചരങ്ങളിലും ഒന്നുപോൽ വർത്തിക്കുന്നവനുമായ പരമേശ്വരനെ ഞങ്ങൾ നമസ്ക്കരിക്കുന്നു. ഋഷീശ്വരന്മാരുടേതുപോലെ, ഞങ്ങളുടെ ശരീരങ്ങളും സത്വഗുണത്താൽ നിർമ്മിതമായതിനാൽ ഞങ്ങൾ അകമേയും പുറമേയും സത്വഗുണത്തിൽ അധിഷ്ഠിതരാണു. ആ ഞങ്ങൾക്കുപോലും ഭഗവാനെ അറിയാൻ സാധിക്കുന്നില്ലെങ്കിൽ, പിന്നെയെങ്ങനെയാണു് രജസ്സിനും തമസ്സിനും അടിപ്പെട്ടവർ അവനെ അറിയുന്നതു?. ഈ ഭൂമിയിൽ അവൻ ജരായുജം, അണ്ഡജം, സ്വേദജം, ഉദ്ഭിജം എന്നിങ്ങനെ നാലുവിധം ജീവഭൂതങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. ഈ പ്രപഞ്ചം അവന്റെ തൃപ്പാദങ്ങളാൽ ധരിക്കപ്പെട്ടിരിക്കുന്നു. അങ്ങനെയുള്ള സർവ്വൈശ്വര്യഗുണനിധിയായ ഭഗവാനെ ഞങ്ങൾ നമസ്ക്കക്കരിക്കുന്നു. ഈ പ്രപഞ്ചം ജലത്തിൽനിന്നുണ്ടായതാണു. ജലത്താൽത്തന്നെ അവ നിലനിൽക്കുകയും ജീവിക്കുകയും വളരുകയും ചെയ്യുന്നു. യാതൊരുവന്റെ രേതസ്സാണോ ജലം, ആ ബ്രഹ്മസ്വരൂപൻ ഞങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ!.

ചന്ദ്രനാണു് ദേവന്മാരുടെ അന്നങ്ങളുടെ ഉറവിടം. സകലസസ്യൌഷദങ്ങളുടേയും അധിപതിയും അവൻ‌തന്നെയാണു. ആ ചന്ദ്രനാകട്ടെ ഭഗവാന്റെ മനസ്സും. ആവിധം സർവ്വൈശ്വര്യങ്ങളുടേയും അധിപതിയായ ഭഗവാൻ ഞങ്ങൾക്കൊപ്പമുണ്ടാകട്ടെ!. യജ്ഞഹവിസ്സുകളെ സ്വീകരിക്കുന്ന യാതൊരഗ്നിയുടെ സ്ഥാനം ആ പരമുപുരുഷന്റെ വൿത്രമാകുന്നു. ആ അഗ്നി ജഠരത്തിലിരുന്നു പക്വാർഹമായ ഭക്ഷ്യവസ്തുക്കളെ പചിപ്പിക്കുന്നു. അങ്ങനെയുള്ള അഗ്നിയുടെ ഉല്പത്തിസ്ഥാനമായ ആ മഹാവിഭൂതിപതി ഞങ്ങളിൽ പ്രസാദിക്കുമാറാകട്ടെ!.

സൂര്യഭഗവാൻ മോക്ഷത്തിനു് വഴിയൊരുക്കുന്നു. ജ്യോതിരൂപനായ അവൻ വേദങ്ങളുടെ പ്രതീകമാണു. ജീവനത്തിനും മൃത്യുവിനും ഒരുപോലെ സ്രോതസ്സായ ആ ആദിത്യൻ ആരുടെ നേത്രമായി ഭവിച്ചിരിക്കുന്നുവോ, സർവ്വൈശ്വര്യഗുണനിധിയായ ആ ഭഗവാൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ!. സകലചരാചരങ്ങളുടേയും തേജസ്സും ഓജസ്സുമായിരിക്കുന്നതു് അവയിലെ പ്രാണവായുവാണു. ഒരു സാമ്രട്ടിനെ സാമന്തന്മാരെന്നവിധത്തിൽ ഞങ്ങളെല്ലാം അതിനെ അനുഗമിക്കുന്നു. എന്നാൽ, ആ പ്രാണവായു കരുണമയാനായ ഭഗവാനിൽനിന്നുണ്ടാ‍യതാണു. അങ്ങനെയും സകല വിഭൂതികളുടേയും അധിപനായ തന്തിരുവടി ഞങ്ങളിൽ പ്രസന്നനാകട്ടെ!. വിരാട്രൂപനായ യാതൊരു ഭഗവാന്റെ ശ്രോത്രത്തിൽനിന്നും ദിക്കുകളും, ഹൃദയത്തിൽനിന്നു് ശരീരസുഷിരങ്ങളും, നാഭിയിൽനിന്നു് ആകാശവും നിർമ്മിതമായിരിക്കുന്നുവോ, ആ മഹാവിഭൂതിപതി ഞങ്ങളിൽ പ്രസാദിക്കട്ടെ!.

യാതൊരു മഹൈശ്വര്യശാലിയുടെ ബലത്തിൽനിന്നും ഇന്ദ്രനും, പ്രസാദത്താൽ ദേവന്മാരും, കോപത്തിൽനിന്നും രുദ്രനും, ബുദ്ധിയിൽനിന്നും ബ്രഹ്മദേവനും, ശരീരസുക്ഷിരങ്ങളിൽനിന്നും വേദങ്ങളും, ലിംഗത്തിൽനിന്നും പ്രജാപതിയും, പിറന്നിരിക്കുന്നുവോ, അവൻ ഞങ്ങളിൽ കനിയുമാറാകണം. യാതൊരു പരമപുരുഷന്റെ വക്ഷസ്സിൽനിന്നും ശ്രീമഹാലക്ഷ്മിയും, നിഴലുകളാൽ പിതൃക്കളും, സ്തനങ്ങളിൽനിന്നും ധർമ്മവും, പൃഷ്ഠഭാഗത്തിൽനിന്നും അധർമ്മവും, ശിരസ്സിൽനിന്നും അന്തരീക്ഷവും, വിഹാരങ്ങളിൽനിന്നും അപ്സരസ്സുകളും ഉണ്ടായിരിക്കുന്നുവോ, പരമൈശ്വര്യയുക്തനായ ആ ഭഗവാൻ ഞങ്ങളെ അനുഗ്രഹിക്കട്ടെ!. യാതൊരു ഭഗവാന്റെ തിരുമുഖത്തുനിന്നും ബ്രാഹ്മണരും ഗുഹ്യങ്ങളായ വേദമന്ത്രങ്ങളുമുണ്ടായിരിക്കുന്നുവോ, യാതൊരുവന്റെ കൈകളിൽനിന്നും ക്ഷത്രിയനും ദേഹബലവും ഉണ്ടായിരിക്കുന്നുവോ, യാതൊരുവന്റെ തുടകളിൽനിന്നും വൈശ്യനും ഓജസ്സും സംജാതമായിരിക്കുന്നുവോ, യാതൊരു ഹരിയുടെ, സകലചരാചരങ്ങളുടേയും മോക്ഷസ്ഥാനമായ, തൃപ്പാദങ്ങളിനിന്നാണോ ശൂദ്രനും ശുശ്രൂഷാധർമ്മവും ഉണ്ടായിരിക്കുന്നതു്, മഹൈശ്വര്യപതിയായ ആ വിരാട്രൂപൻ ഞങ്ങളെ കാത്തുകൊള്ളട്ടെ!.

അവന്റെ കീഴ്ചുണ്ടിൽനിന്നും ലോഭവും, മേൽചുണ്ടിൽനിന്നും പ്രീതിയും, നാസികയിൽനിന്നും കാന്തിയും, സ്പർശനത്താൽ കാമവും, പുരികങ്ങളിൽനിന്നു് യമനും, ഇമകളിൽനിന്നും കാലവും ഉണ്ടാ‍കപ്പെട്ടിരിക്കുന്നു. സകലൈശ്വര്യങ്ങളുടേയും അധിപതിയായ ആ ഭഗവാൻ ഞങ്ങളിൽ അനുഗ്രഹം ചൊരിയട്ടെ!. യാതൊരു ഭഗവാന്റെ യോഗമായവൈഭവത്താൽ കല്പിതങ്ങളായിട്ടാണോ ഇവിടെ ഭൂതപഞ്ചകങ്ങളും, കാലവും, കർമ്മങ്ങളും, സത്വാദിത്രിഗുണങ്ങളും, ഈ ദൃശ്യപ്രപഞ്ചവും വിദ്വാന്മാരാൽ നിർവ്വചിക്കപ്പെട്ടിരിക്കുന്നതു്, ആ വിരാട്രൂപൻ ഞങ്ങളിൽ കനിയുമാറാകട്ടെ!.

ശാന്തമൂർത്തിയായും, ആത്മാനന്ദസ്വരൂപനായും, മായാഗുണവൃത്തികൾക്കതീതനായും, വായുവിനെപ്പോലെ നിസ്സംഗനായി സകലയിടത്തും വ്യാപിക്കപ്പെട്ടവനുമായ സത്ചിതാനന്ദമൂർത്തിക്കു് നമസ്ക്കാരം!. ഇങ്ങനെ സർവ്വൈശ്വര്യയുക്തനായ നിന്തിരുവടി അവിടുത്തെ മന്ദഹാസം പൂണ്ട തിരുമുഖകമലത്തെ ദർശനോത്സുകരായി ശരണം പ്രാപിച്ച ഞങ്ങൾക്കു് കാട്ടിത്തരേണമേ!. ഹേ പ്രഭോ!, കാലാകാലങ്ങളിൽ പ്രത്യേകം പ്രത്യേകം നാമരൂപങ്ങളോടെ അവതരിച്ചു്, ഞങ്ങൾക്കു് ചിന്തിക്കുവാൻ‌പോലും കഴിയാത്ത തരത്തിലുള്ള ലീലകളെ അങ്ങു് കൊണ്ടാടുന്നു.

സകാമകർമ്മികൾ വിഷയഭോഗാർത്ഥം നിരന്തരം യത്നിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, അവരുടെ സകല പ്രയത്നങ്ങളും വൃഥാവിലാകുന്നു. അതോടെ അവർ ദുഃഖത്തെ പ്രാപിക്കുകയും ചെയ്യുന്നു. എന്നാൽ, നിന്തിരുവടിയിൽ അർപ്പിതമായ കർമ്മങ്ങളുടെ ഫലം ഒരിക്കലും അങ്ങനെയാകുന്നില്ല. ആ തൃച്ചേവടികളിൽ അർപ്പിക്കപ്പെടുന്ന യാതൊരു ചെറിയ കർമ്മങ്ങൾ പോലും വിഫലമാകുന്നില്ല. കാരണം, ആ കരുണാമയൻ കർമ്മിയുടെ ആത്മാവും, അവനു് പ്രിയങ്കരനും, അവന്റെ ഹിതൈഷിയുമാകുന്നു. എപ്രകാരമാണോ, ഒരു വൃക്ഷത്തിന്റെ ചുവട്ടിലൊഴിക്കുന്ന ജലം ആ വൃക്ഷത്തെ മുഴുവനായി സമ്പുഷ്ടമാക്കുന്നതു്, അപ്രകാരം ഭഗവാൻ ഹരിയുടെ ആരാധനയിലൂടെ ഒരുവൻ താനടക്കമുള്ള സകലചരാചരങ്ങളുടേയും ആരാധന ചെയ്യുന്നു. അത്ഭുതകർമ്മങ്ങളോടുകൂടിയവനും, അനന്തനും, നിർഗ്ഗുണനും, ഗുണങ്ങളുടെ ഈശ്വരനും, ഇപ്പോൾ സത്വഗുണത്തിൽ അധിഷ്ഠിതനായിരിക്കുന്നവനുമായ നിന്തിരുവടിയ്കായിക്കൊണ്ടു് നമസ്ക്കാരം!.


ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അഞ്ചാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






Lord Brahma makes prayer to Lord Hari