ഓം
ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം 15
(ചിത്രകേതൂപാഖ്യാനം 2)
ശ്രീശുകബ്രഹ്മർഷി പറഞ്ഞു: “മകന്റെ മൃതശരീരത്തിനടുത്തു് മൃതശരീരംപോലെതന്നെ വീണുകിടക്കുന്ന ചിത്രകേതുവിനെ നല്ലവാക്കുകളാൽ
ബോധവാനാക്കിക്കൊണ്ടു് ഋഷികൾ ഇങ്ങനെ പറഞ്ഞു: ‘ഹേ രാജാവേ!, ആരെ ഓർത്താണോ അങ്ങിങ്ങനെ ദീനനായി വിലപിക്കുന്നതു്, ആ ഇവൻ അങ്ങയുടെ
ആരാകുന്നു?. പണ്ടും ഇപ്പോഴും ഇനി മേലിലും ഇവനും അങ്ങയുമായുള്ള ബന്ധം എന്താണു?. പുഴയുടെ
ശക്തമായ ഒഴുക്കിൽ അതിലെ മണൽത്തരികൾ എപ്രകാരം ഒന്നിക്കുകയും വിയോജിക്കുകയും ചെയ്യുന്നുവോ,
അപ്രകാരം കാലത്തിന്റെ ശക്തിയാൽ ജീവരാശികളും സംയോജിക്കുകയും വിയോജിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ചില വിത്തുകളിൽനിന്നും പുതുവിത്തുകൾ ഉണ്ടാകുകയും, എന്നാൽ മറ്റുചിലതിൽനിന്നും ഉണ്ടാകാതിരിക്കുകയും
ചെയ്യുന്നതുപൊലെ, ഈശ്വരമായയാൽ ജീവഭൂതങ്ങളിൽനിന്നു് ജീവഭൂതങ്ങളുണ്ടാകുകയോ, ഉണ്ടാകാതിരിക്കുകയോ
ചെയ്യാം. ഞങ്ങളും, അങ്ങും, ഇക്കാലത്തിൽ നമുക്കുചുറ്റുമുള്ള സ്ഥാവരജംഗമങ്ങളായ സകലതും
ജനനത്തിനുമുമ്പു് ഇങ്ങനെയായിരുന്നില്ല എന്നും, മരണത്തിനുശേഷം ഇങ്ങനെയായിരിക്കില്ല എന്നുമുള്ളതുപോലെ,
ഇപ്പോഴുള്ള ഈ സ്ഥിതിവിശേഷവും അപ്രകാരം അസ്ഥിരം തന്നെയാണെന്നു് ധരിക്കുക. വിത്തിൽനിന്നും
വിത്തുണ്ടാകുന്നതുപോലെ, ഒരു ദേഹത്തിൽനിന്നും മറ്റൊരു ദേഹം സംജാതമാകുന്നു. എന്നാൽ ദേഹി
എന്നതു് ശാശ്വതമായ നിത്യവസ്തുവാണെന്നറിയുക. കേവലമായ സദ്രൂപത്തിൽ എപ്രകാരമാണോ സാമാന്യമെന്നും
വിശേഷമെന്നുമുള്ള വ്യത്യാസം കല്പിക്കപ്പെട്ടിരിക്കുന്നതു്, അപ്രകാരംതന്നെ, ദേഹമെന്നും
ദേഹിയെന്നുമുള്ള ഭേദങ്ങളും പണ്ടുമുതലേ അജ്ഞാനത്താൽ കല്പിക്കപ്പെട്ടതാകുന്നു.”
ശ്രീശുകൻ പറഞ്ഞു: “രാജൻ!, ഇങ്ങനെ മുനിമാരാൽ സാന്ത്വനിപ്പിക്കപ്പെട്ട ചിത്രകേതു കൈകൊണ്ടു്, മനോവ്യഥയാൽ
വാടിയ മുഖത്തുനിന്നും, കണ്ണീർ തുടച്ചു് ഇപ്രകരം പറഞ്ഞു: “അവധൂതവേഷത്തിൽ ഇവിടെ വന്നിരിക്കുന്ന നിഗൂഢന്മാരും
ജ്ഞാനികളും മാഹാത്മാക്കളുമായ നിങ്ങളിരുവരും ആരൊക്കെയാണു?. ഭഗവദ്ഭക്തന്മാരായ ബ്രഹ്മജ്ഞാനികൾ
ഭ്രാന്തന്മാരുടെ വേഷത്തിൽ എന്നെപ്പോലുള്ള അല്പബുദ്ധികളെ ഉത്ബോധിപ്പിക്കുന്നതിനായി ഭൂമിയിൽ
സഞ്ചരിക്കാറുണ്ടല്ലോ!. സനത്കുമാരന്മാർ, നാരദർ, ഋഭു, അംഗിരസ്സ്, ദേവലൻ, അസിതൻ, അപാന്തരതമൻ,
വേദവ്യാസൻ, മാർകണ്ഡേയൻ, ഗൌതമൻ, വസിഷ്ഠൻ, പരശുരാമൻ, കപിലൻ, ശ്രീശുകൻ, ദുർവാസസ്സ്, യാജ്ഞവൽക്യൻ,
ജാതുകർണ്ണി, ആരുണി, രോമശൻ, ച്യവനൻ, ദത്താത്രേയൻ, ആസുരി, പതഞ്ജലി, വേദശിരസ്സ്, ബോധ്യൻ,
പഞ്ചശിരസ്സ്, ഹിരണ്യനാഭൻ, കൌസല്യൻ, ശ്രുതദേവൻ, ഋതധ്വജൻ മുതലായവരും മറ്റുള്ള മഹാത്മാക്കളും
ഇങ്ങനെ ആത്മജ്ഞാനത്തെ പ്രദാനം ചെയ്യുവാനായി ലോകമെമ്പാടും ചുറ്റിസഞ്ചരിക്കാറുണ്ടു. അതുപോലെ,
മൃഗത്തെപ്പോലെ മൂഢബുദ്ധിയും, അന്ധമായ ഇരുട്ടിൽ മുങ്ങിയവനുമായ എനിക്കു് രക്ഷകരായി വന്നവരാണു്
നിങ്ങളെങ്കിൽ, എന്നിൽ ജ്ഞാനദീപം തെളിയിച്ചാലും!.”
അംഗിരസ്സ് പറഞ്ഞു: “ഹേ രാജാവേ!, ഞാൻ പുത്രാർത്ഥിയായിരുന്ന അങ്ങേയ്ക്കു് മുമ്പൊരിക്കൽ പുത്രനെ ദാനം
ചെയ്ത അംഗിരസ്സും, ഈയുള്ളതു് ബ്രഹ്മപുത്രനും സർവ്വജ്ഞനുമായ ദേവർഷി നാരദരുമാണു. മഹാവിഷ്ണുവിന്റെ
ഭക്തനായ അങ്ങു് ഇങ്ങനെ പുത്രദുഃഖത്താൽ ദുസ്തരമായ അന്ധകാരത്തിൽ കഴിയേണ്ടവനല്ലെന്നു്
നിനച്ചു് അങ്ങയുടെ ഈ ദുഃഖം തീർത്തനുഗ്രഹിക്കുവാനായി വന്നവരാണു ഞങ്ങൾ. ഭഗവദ്ഭക്തന്മാർ
ഒരിക്കലും ക്ലേശിക്കുവാൻ പാടില്ല. അന്നുതന്നെ അങ്ങേയ്ക്കു് ആത്മജ്ഞാനമരുളുവാൻ വന്നതായിരുന്നു
ഞാൻ. എന്നാൽ അതിൽനിന്നും വ്യത്യസ്ഥമായ അങ്ങയുടെ അന്നത്തെ താല്പര്യത്തെ മനസ്സിലാക്കിയിട്ടു്
അങ്ങാഗ്രഹിച്ചവിധം ഒരു പുത്രനെ നൽകി എനിക്കു് തിരിച്ചുപോകേണ്ടിവന്നു. അന്നു് പുത്രനില്ലാതിരുന്നതിലെ
ദുഃഖവും, ഇന്നു് പുത്രനുണ്ടായതിലെ ദുഃഖവും അങ്ങു് നേരിട്ടു് മനസ്സിലാക്കിക്കഴിഞ്ഞുവല്ലോ.
അതുപോലെ തന്നെയാണു് ഭാര്യമാരുടേയും ഗൃഹങ്ങളുടേയും ധനങ്ങളുടേയും മറ്റു് സർവ്വൈശ്വര്യങ്ങളുടേയും
അവസ്ഥ. കൂടാതെ, ശബ്ദാദികളായ വിഷയങ്ങളുടേയും, രാജ്യത്തിന്റേയും, ഭൂമിയുടേയും, സൈന്യത്തിന്റേയും,
ഭണ്ഡാരം, ഭൃത്യന്മാർ, മന്ത്രിമാർ, ബന്ധുക്കൾ തുടങ്ങിയവരുടേയും അവസ്ഥകളും മറിച്ചല്ലെന്നറിയുക.
ഹേ ശൂരസേനാധിപാ!, ഗന്ധർവ്വനഗരം പോലെ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്നവയും, സ്വപ്നം, മായ
മുതലായവകൾ പോലുള്ള മിഥ്യാസങ്കല്പങ്ങളായ ഇവയെല്ലാംതന്നെ ദുഃഖവും ഭയവും മോഹവും ആർത്തിയും
നൽകുന്നവയാണു. ശാശ്വതമായ യാതൊരർത്ഥവുമില്ലാതെ കേവലം മനസ്സിന്റെ ഭ്രമത്താൽ ഇപ്പോൾ ഉണ്ടെന്നു്
തോന്നുന്ന സർവ്വവും അടുത്ത നിമിഷത്തിൽ ഇല്ലാതാകുന്നവയാണു. മുജ്ജന്മകർമ്മവാസനകളാൽ പലതും
ധ്യാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നവന്റെ ചിന്തയിലൂടെ കർമ്മങ്ങളുണ്ടാകുന്നു. ഭൌതികവും
ക്രിയാത്മകവുമായ ഈ ശരീരംതന്നെയാണു് ദേഹത്തിൽ സ്ഥിതിചെയ്യുന്ന ദേഹികൾക്കു് വിവിധതരം
ദുഃഖങ്ങളും ദുരിതങ്ങളും ഉണ്ടാക്കിക്കൊടുക്കുന്നതെന്നു് പറയപ്പെടുന്നു. അതുകൊണ്ടു് സ്വസ്ഥമായ
മനസ്സിനാൽ ആത്മാവിന്റെ തത്വത്തെ അറിഞ്ഞുകൊണ്ടു്, നാനാരൂപത്തിൽ കാണപ്പെടുന്ന ഈ പ്രപഞ്ചം
സത്യമാണെന്ന മിഥ്യാബോധത്തെ ഉപേക്ഷിച്ചിട്ടു് മനസ്സ് ശാന്തമാക്കുക.”
ശ്രീനാരദൻ പറഞ്ഞു: “ഹേ രാജൻ!, ഇനി ഞാൻ ജപിക്കുവാൻ പോകുന്ന ഈ മന്ത്രതത്വത്തെ എന്നിൽനിന്നും ശ്രദ്ധഭക്തിസമന്വിതം
കേട്ടുധരിക്കുക. ഈ മന്ത്രത്തെ ധാരണ ചെയ്യുന്നതിലൂടെ താങ്കൾ ഏഴു് രാത്രികൊണ്ടു് ഭഗവാൻ
സങ്കർഷണമൂർത്തിയെ കാണുന്നതാണു. മഹാരാജാവേ!, പണ്ടു്, ശർവ്വാദികൾ ഭഗവാൻ സങ്കർഷണമൂർത്തിയുടെ
പാദമൂലത്തെ ആശ്രയിച്ചുകൊണ്ടു് ദ്വൈതഭാവമാകുന്ന ഈ മനോവിഭ്രാന്തിയിൽനിന്നും മുക്തരായി,
നിരുപമവും നിസ്സീമവുമായ അവിടുത്തെ മഹിമയെ പ്രാപിച്ചിരുന്നു. അങ്ങും താമസിയാതെതന്നെ
ആ ഉത്കൃഷ്ടസ്ഥാനത്തെത്തുന്നതാണു.”
ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം പതിനഞ്ചാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.