2013, നവംബർ 20, ബുധനാഴ്‌ച

2.6 വിശ്വരൂപവര്‍ണ്ണന

ഓം
ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  അദ്ധ്യായം - 6

ബ്രഹ്മദേവന്‍ പറഞു: "കുഞേ!, ആ വിരാട്പുമാന്റെ വക്ത്രം ശബ്ദത്തിന്റെ ഉറവിടമാണ്. അതിന്നധിദേവത അഗ്നിയും. ആ സപ്തധാതുക്കളില്‍ നിന്നും വേദങളുത്ഭവിക്കുന്നു. നാവില്‍ നിന്നോ, പിതൃക്കള്‍ക്കും ദേവതകള്‍ക്കുമുള്ള ഹവ്യം ഉത്പന്നമാകുന്നു. അവന്റെ നാസാരന്ധ്രങളില്‍ നിന്നുതിരുന്നതത്രേ ശ്വാസവായു. ഘ്രാണത്തില്‍ നിന്ന് അശ്വിനികുമാരന്‍‌മാരും അതുപോലെ നാനാ തരത്തിലുള്ള ഔഷധികളും സുഗന്ധവും ഭവിക്കുന്നു. അവന്റെ നയനങളില്‍ നിന്ന് ഇക്കണ്ട തിളക്കമാര്‍ന്ന ദൃശ്യങളുണ്ടാകുന്നു. കൃഷ്ണമണികള്‍ സൂര്യനും അന്യഗ്രഹങളുമാകുന്നു. അവന്റെ ചെവികള്‍ നാനാദിശകളില്‍നിന്നും ശബ്ദങളെ സ്വീകരിക്കുമ്പോള്‍, ശ്രോത്രാവബോധമാകട്ടെ, ആകാശത്തേയും ശബ്ദത്തേയും സൃഷ്ടിക്കുന്നു. ആ നിര്‍മ്മല ശരീരം വസ്തുസാരങളുടെ സൗഭാഗ്യത്തെ ഉണ്ടാക്കുന്നു. അത് പിന്നീട് മഹായാഗങള്‍ക്കുള്ള സ്ഥലമായി മാറുകയും ചെയ്യുന്നു. ത്വക്ക് അനിലനെപ്പോലെ വ്യത്യസ്ഥശബ്ദസ്പര്‍ശങളെ ഉത്പാദിപ്പിക്കുന്നു. അവന്റെ തനുരുഹങള്‍ യജ്ഞസാമഗ്രികളായി ഉപയോഗിക്കപ്പെടുന്ന ഉദ്ഭിജങളാണ്. കേശവും, മുഖത്തുള്ള രോമങളും മേഘങളുടെ ഉത്ഭവസ്ഥാനമായി നിലകൊള്ളുന്നു. അവന്റെ നഖങളില്‍ നിന്ന് ശില, ലോഹം, വൈദ്യുതി എന്നിവയുണ്ടാകുന്നു. ഭഗവാന്റെ ബാഹുദ്വയങളില്‍ നിന്നത്രേ ലോകപാലകന്‍‌മാരുണ്ടായിരിക്കുന്നത്. അവരാകട്ടെ ലോകത്തിന്റെ ക്ഷേമം വേണ്ടവിധത്തില്‍ ഉറപ്പുവരുത്തുന്നു. ആ പാദപത്മമാണ് അധമവും, മധ്യമവും, ഊര്‍ദ്ധ്വവുമായ പതിനാലുലോകങളുടേയും അഭയസ്ഥാനം. കാരണം, സകലൈശ്വര്യങളും, വേണ്ടുന്ന വരവും തരുന്നതോടോപ്പം ആ നിര്‍മ്മലപത്മം ആശ്രിതരെ സകലഭയങളില്‍ നിന്നും മുക്തമാക്കുന്നു. അവന്റെ ജനനേന്ദ്രിയത്തില്‍ നിന്നും ജലം, പുനരുത്പാദനാര്‍ത്ഥമായുള്ള വീര്യം, മഴ, പ്രജാപതികള്‍ എന്നിവയുണ്ടാക്കുന്നു. കൂടാതെ ഈ ഭഗവതംശത്തില്‍ന്നിന്നും ഒരാനന്ദമുത്ഭവിച്ച് അത് പ്രജാവര്‍ദ്ധനകര്‍മ്മത്തിലുണ്ടാകുന്ന തടസ്സങളെ നീക്കുകയും ചെയ്യുന്നു. ഹേ നാരദരേ!, ആ കരുണാമയന്റെ പായുവില്‍ നിന്നുമാണ് യമരാജനും, മിത്രനും, ജന്‍‌മം കൊള്ളുന്നത്. അവന്റെ വിസര്‍ജ്ജനസുഷിരത്തില്‍ നിന്നും മാത്സര്യം, ദൗര്‍ഭാഗ്യം, മൃത്യു മുതലായവ ഉടലെടുക്കുന്നു. പൃഷ്ഠഭാഗത്തുനിന്നും അജ്ഞാനം, നിരാശ അധര്‍മ്മം തുടങിയവയുണ്ടാകുന്നു. മഹാനദികളും, ചെറുതോടുകളും ചേര്‍ന്ന് അവന്റെ നാഢീവ്യൂഹമുണ്ടായിരിക്കുന്നു. അവന്റെ അസ്ഥികളാകട്ടെ, മഹാപര്‍‌വ്വതങളായി രൂപം കൊണ്ടിരിക്കുന്നു. കാലം എന്നത് പ്രലയപയോധിയാകുമ്പോള്‍, ആ ഉദരത്തില്‍ സകലചരാചരങളും ലയിച്ചുചേരുന്നു. 

ആ നിര്‍മ്മലഹൃദയം സകലഭൂതങളുടേയും മനസ്സിന്റെ ഉറവിടമാകുന്നു. ഹേ കുഞേ!, ഈ സത്യത്തെ ജ്ഞാനികള്‍ മാത്രം മനസ്സിലാക്കുന്നു. മകനേ!, നിന്റേയും, എന്റേയും, എന്റെ കുമാരന്‍‌മാരുടേയും, ശ്രീപരമേശ്വരന്റേയും, ധാര്‍മ്മികതത്വങളെല്ലാം ആ പരമാത്മബോധത്തില്‍ അടങിയിരിക്കുന്നു. മാത്രമല്ല, ആ നിത്യബോധം സത്യത്തിനും, ആത്മജ്ഞാനത്തിനുമൊക്കെ ആസ്ഥാനമത്രേ!. ഞാനും, നീയും, ശങ്കരനും, നിനക്ക് മുന്‍പുണ്ടായ ഋഷീശ്വരന്‍‌മാരും, ദേവന്‍‌മാരും, അസുരരും, മനുഷ്യരും, നാഗന്‍‌മാരും, പക്ഷിമൃഗാദികളും, ഉരഗങളും, ഗന്ധര്‍‌വ്വ-യക്ഷ-രക്ഷസ്സ് ഇത്യാദി സ്വര്‍ഗ്ഗവാസികളും, ഭൂതലത്തിലുള്ള അന്യജന്തുക്കളും, ജലജീവികളും, ആകാശത്തിലെ നക്ഷത്ര-കേതു-ഗ്രഹാദികളും, ചന്ദ്രന്‍‌മാരും, ഇടിയും മിന്നലും, എന്നുവേണ്ടാ, ഭൂതവും, ഭവ്യവും, ഭവത്തുമായ സകലമാന പ്രാപഞ്ചിക വസ്തുക്കളും; ഒമ്പത് ഇഞ്ചില്‍ കവിയാത്ത ആ പരമാത്മരൂപത്തില്‍ അധിഷ്ഠിതമായിരിക്കുന്നു. സൂര്യന്‍ തന്റെ പ്രകാശത്താല്‍ സകലവസ്തുക്കളുടേയും അകവും പുറവും നിറഞുനില്‍ക്കുന്നതുപോലെ ഈശ്വരന്‍ തന്റെ വിരാട്രൂപം കൈക്കൊണ്ട് സകലജഗത്തിനും ആധാരമായി, സാക്ഷിയായി പ്രകാശിക്കുന്നു. അതുകൊണ്ട്, മകനേ!, ജനിമരണത്തിനും, കര്‍മ്മഫലത്തിനുമൊക്കെ അധീതനായ അവന്‍ അമൃതത്വത്തിന്റേയും അഭയത്വത്തിന്റേയും നായകനാക്കുന്നു. ആങനെയുള്ള അവന്റെ മഹിമകള്‍ അഗണിതമാണ്. 

സര്‍‌വ്വഭൂതനിധിയായ അവന്റെ നാലിലൊന്നു ശക്തിയില്‍ ജഗത്തിലെ സര്‍‌വ്വഭൂതങളും നിലകൊള്ളുന്നു. അവിടെ മരണമോ, ഭയമോ, ജരാനരകളോ ഒന്നും തന്നെയില്ല. അവിടം ഭൗതികവും, ലൗകികവുമായ ആവരണങള്‍ക്കുമപ്പുറമാണ്. ജനിമൃതിയറ്റ മഹാത്മാക്കള്‍ ഭൗതികത്തിനപ്പുറമുള്ള മൂന്നുലോകങളിലായി വര്‍ത്തിക്കുമ്പോള്‍, ബ്രഹ്മചര്യത്തെ അനുഷ്ഠിക്കാതെ കുടുംബത്തില ആസക്തരായിക്കഴിയുന്നവര്‍ ഭൗതികലോകങളില്‍ ജീവിക്കുന്നു. ചുരുക്കത്തില്‍, ജ്ഞാനികളാകട്ടെ, അജ്ഞാനികളാകട്ടെ, സകലരുടേയും ഐശ്വര്യം അവന്‍ തന്നെ കാത്തുസൂക്ഷിക്കുന്നു. കാരണം അവന്‍ തന്നെയാണ് സലതിനും ഈശ്വരന്‍. സൂര്യന്‍ തന്നില്‍ നിന്ന് നിര്‍ഗ്ഗമിച്ച കിരണങളില്‍ നിന്നും ചൂടില്‍ നിന്നും വേറിട്ടുനില്‍ക്കുന്നതുപോലെ, ഈ കാണായ ജഗത്തും, സകലലോകങളും, ഇതിലെ സര്‍‌വ്വഭൂതങളും, ഇന്ദ്രിയങളും, ത്രിഗുണങളും, ഒക്കെ ആ പരബ്രഹ്മത്തില്‍ നിന്നുണ്ടായതാണെങ്കിലും, അവന്‍ ഇതില്‍ നിന്നൊക്കെ തികച്ചും നിര്‍സ്പൃഹനായി നിലകൊള്ളുന്നു. 

ആ മഹാപുരുഷന്റെ നാഭീപങ്കജത്തില്‍ നിന്നും ഞാനുണ്ടായ സമയം ഭഗവതംശമായ ഈ ശരീരമല്ലാതെ മറ്റൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. യജ്ഞത്തിനാകട്ടെ, ഇലകളും, പൂക്കളും, ദര്‍ഭയും, യജ്ഞമണ്ഡപവുമൊക്കെ സാമഗ്രികളായി ആവശ്യമുണ്ടായിരുന്നു. കൂടാതെ, പാത്രങള്‍, ധാന്യം, വെണ്ണ, തേന്‍, സ്വര്‍ണ്ണം, ഭൂമി, ജലം, ഋക്‌-യജുര്‍-സാമവേദങള്‍, കര്‍മ്മത്തിനായി നാലു പൂജാരികള്‍, മുതലായവയും ആവശ്യമുണ്ട്. വിവിധ ദേവതകളുടെ പേരും മന്ത്രവും ഉരുവിട്ട്, അവരെ ആവാഹിച്ചിരുത്തി, പ്രതിജ്ഞചൊല്ലേണ്ടതുണ്ട്. ആയതിന് പ്രത്യേകം പ്രത്യേകം ഗ്രന്ഥങളും ആവശ്യമുണ്ടായിരുന്നു. പക്ഷേ വേണ്ടതെല്ലാം ഞാന്‍ ആ ഭഗവാന്റെ വ്യത്യസ്ഥശരീരഭാഗങളില്‍ നിന്നും ശേഖരിച്ചുണ്ടാക്കി ആ പ്രഭുവിനെ സന്തുഷ്ടനാക്കാന്‍ വേണ്ടി യാഗം അനുഷ്ഠിച്ചു. ഹേ കുമാരാ!, നിന്റെ ജ്യേഷ്ഠസഹോദരങളായ ഒമ്പത് പ്രജാപതിമാര്‍ യഥാവിധി യജിച്ചുകൊണ്ട് വ്യക്താവ്യക്തസ്വരൂപനായ ആ നാരായണനെ സംതൃപ്തനാക്കി. പിന്നീട് അവനെ മനുവും, മഹാഋഷികളും, മറ്റുപ്രജാപതിമാരും, ജ്ഞാനികളും, മനുഷ്യരും, ദൈത്യരുമൊക്കെ യജിച്ച് സന്തുഷ്ടനാക്കി. 

ആത്മമായയെ സ്വീകരിച്ചുകൊണ്ട് അവന്‍ ഇക്കാണുന്ന വിശ്വം മുഴുവന്‍ തന്നില്‍ തന്നെ അധിഷ്ഠിതമാക്കിയിരിക്കുന്നു. അവന്റെ നിയോഗത്താല്‍ ഞാന്‍ സൃഷ്ടി നടത്തുന്നു, പുരുഷരൂപത്തിലിരുന്നുകൊണ്ട് അവന്‍ തന്നെ ഇതിനെ പരിപാലിക്കുന്നു, അവന്റെ സഹായത്താല്‍ ശ്രീപരമേശ്വരന്‍ ഈ ജഗത്തിനെ സംഹരിക്കുകയും ചെയ്യുന്നു. അങനെ അവന്‍ തന്നെ ഈ മൂന്ന് കര്‍മ്മങള്‍ക്കും ഈശ്വരനായി വിളങുന്നു. ഹേ കുമാരാ!, നിന്റെ ചോദ്യങള്‍ക്കെല്ലാം ഞാന്‍ ഉത്തരം തന്നുകഴിഞു. എപ്പോഴും ഒന്നോര്‍മ്മിക്കുക, ഇവിടെ കാര്യമായിട്ടും, കാരണമായിട്ടും, ആ പരമപുരുഷനല്ലാതെ മറ്റൊന്നിനേക്കുറിച്ചും ചിന്തിക്കേണ്ടതില്ല. നാരദരേ!, എന്റെയീ അവസ്ഥക്ക് ഒരിക്കലും ഒരിളക്കവും സംഭവിക്കുകയില്ല, കാരണം, എന്റെ ഹൃദയം അത്യുത്സാഹത്തോടെ ആ പരമാത്മാവില്‍ രമിച്ചിരിക്കുന്നു. എന്റെ മനസ്സാകട്ടെ, ഒരിക്കലും അസത്തിനുപുറകേ പായുന്നില്ല. എന്റെ ഇന്ദ്രിയങളും ഞാന്‍ നശ്വരവസ്തുക്കളില്‍ നിന്നൊക്കെ പിന്‍‌വലിച്ചിരിക്കുന്നു. 

എന്റെ വേദാധ്യായനത്തിലും, ബ്രഹ്മചര്യാനുഷ്ഠാനത്തിലും, യോഗാഭ്യാസത്തിലുമൊക്കെ ശ്രേഷ്ഠത ദര്‍ശിച്ച് പ്രജാപതികള്‍ എന്നെ ബഹുമാനിക്കുന്നു. പക്ഷേ, എനിക്ക് ജന്‍‌മം നല്‍കിയ ആ ഈശ്വരനെ ഞാന്‍ ഇപ്പോഴും അറിയുന്നില്ല. ജനനമരണചക്രത്തില്‍ നിന്നു രക്ഷനേടാനുള്ള ഏകവഴി അവനെ ശരണം പ്രാപിക്കുക എന്നുള്ളതാണ്. കാരണം, ആകാശം തന്റെ അനന്തതയെ അറിയുന്നില്ല എന്നതുപോലെ, അവന്റെ ആദ്യന്തരഹിതമായ വൈഭവത്തെ അവന്‍ പോലും പൂര്‍ണ്ണമായി അറിയുന്നില്ല, പിന്നെയാണോ മറ്റുള്ളവര്‍!. എനിക്കോ, നിനക്കോ, ശിവനോ പോലും അറിയാത്ത അവന്റെ ഗതിയെ മറ്റാരറിയാന്‍!. നാമെല്ലാം അവന്റെ മായയില്‍ മോഹിതരാണ്. നമുക്കേറിയാല്‍ അവന്റെ ഈ സൃഷ്ടിയെമാത്രമാണ് ഗ്രഹിക്കാന്‍ കഴിയുക എന്നറിയുക. അതുകൊണ്ട് അവന്റെ അവതാരമഹിമകള്‍ വാഴ്ത്തിക്കൊണ്ട് നമുക്കവനില്‍ തന്നെ ശരണം പ്രാപിക്കാം. ആ ആദ്യപുരുഷന്‍ പലേ രൂപത്തില്‍ യുഗങള്‍ തോറും സ്വയം അവതരിക്കുന്നു, സ്വയം നിലനില്‍ക്കുന്നു, ഒടുവില്‍ സ്വയം ലീനനാകുകയും ചെയ്യുന്നു. ഹേ നാരദരേ!, അവന്‍ നിര്‍മ്മലനും, സര്‍‌വ്വവും നിറഞുനില്‍ക്കുന്നവനും, സര്‍‌വ്വജ്ഞനും, ആദ്യന്തരഹിതനുമാണ്. ഗുണത്രങളെ മറികടന്ന് അവനില്‍ ശരണം പ്രാപിക്കുന്ന മുനികള്‍ക്കുമാത്രമേ അവനെ അറിയാനാകൂ. അല്ലാത്തവര്‍ അനാവശ്യതര്‍ക്കങളില്‍ കുടുങി അവനെ നഷ്ടമാക്കുന്നു. ഞാനും, വിഷ്ണുവും, ഹരനും, ദക്ഷന്‍ തുടങിയ പ്രജാപതിമാരും, നീയും, ഇന്ദ്രാദിദേവതകളും, സ്വര്‍ല്ലോകപതികളും, നരലോകപതികളും, അധോലോകപതികളും, ഗന്ധര്‍‌വ്വ-വിദ്ധ്യാധര-ചാരണ-യക്ഷ-രക്ഷസ്സുകളും, ഉരഗങളും, ഋഷീശ്വരന്‍‌മാരും, നിശാചരരും, ദൈത്യേന്ദ്രന്‍‌മാരും, സിദ്ധേശ്വരന്‍‌മാരും, പ്രേതപിശാചുക്കളും, സാത്താന്‍, ജിന്ന്, കുശ്മാണ്ഡം തുടങിയ ഭീകരജീവന്‍‌മാരും, ജലജീവികളും, പക്ഷിമൃഗാദികളും, ചുരുക്കിപ്പറഞാല്‍ സകലഭൂതങളും ഉള്ളതായിതോന്നുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ അവ ഇല്ലാത്തതത്രേ.  അവയെല്ലാം ഉണ്ടായി നിലനിന്ന് ഇല്ലാതെയാകുന്ന കേവലം നാമരൂപമാത്രമായ അവന്റെ ഭൗതികാംഗങളുടെ അംശങളാണ്.  

മകനേ!, ആ പരമപുരുഷന്റെ ലീലാവതാരങള്‍ ഒന്നൊന്നായി ഞാന്‍ നിനക്ക് പറഞുതരാം. അവയുടെ ശ്രവണം കൊണ്ടുതന്നെ ഒരുവന്റെ സകല അശുഭവാസനകളും അകന്നുപോകുന്നു. അത്രകണ്ട് പവിത്രവും അതുപോലെതന്നെ ശ്രോതവ്യവുമായ ആ അദ്ധ്യാത്മലീലകള്‍ എന്റെ ഹൃദയത്തില്‍ സദാ കുടികൊള്ളുന്നു. 

ഇങനെ ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  ആറാമധ്യായം സമാപിച്ചു.

ഓം തത് സത്