Brahma's prayer and arrangements of churning of milky way. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Brahma's prayer and arrangements of churning of milky way. എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ഒക്‌ടോബർ 2, ബുധനാഴ്‌ച

8.6 ബ്രഹ്മസ്തുതിയും, ഭഗവദനുഗ്രഹത്തോടെ പാലാഴിമഥനത്തിനുള്ള ഒരുക്കങ്ങളും.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 6
(ബ്രഹ്മസ്തുതിയും, ഭഗവദനുഗ്രഹത്തോടെ പാലാഴിമഥനത്തിനുള്ള ഒരുക്കങ്ങളും.)


ശ്രീശുകൻ പറഞ്ഞു: അല്ലയോ മഹാരാജാവേ!, ഈവിധം സ്തുതിച്ചുകൊണ്ടുനിൽക്കുന്ന ദേവന്മാർക്കുമുന്നിൽ ഭഗവാൻ ശ്രീഹരി ആയിരം സൂര്യന്മാരുടെ തേജസ്സോടുകൂടി പ്രത്യക്ഷനായി. ഭഗവദ്തേജസ്സികണ്ണുകൾ മങ്ങിപ്പോയതിനാൽ അവർക്കു് ആകാശത്തേയോ, ദിക്കുകളേയോ, ഭൂമിയേയോ, സ്വന്തം ശരീരത്തെപോലുമോ കാണാൻ കഴിഞ്ഞില്ല. പിന്നെയെങ്ങനെയാണു് ഭഗവാനെ ദർശിക്കുവാൻ കഴിയുക?. രാജാവേ!, എന്നാൽ, ഭഗവദ്കാരുണ്യത്താൽ ബ്രഹ്മദേവനും മഹാദേവനും മനോഹരമായ ആ തിരുരൂപത്തെ കാണുവാൻ കഴിഞ്ഞു. ഭഗവാന്റെ ശരീരം ഒരു മരതകശില്പംപോലെ തിളങ്ങി. ആ കണ്ണുകൾ ചെന്താമരയുടെ ഉൾവശം പോലെ  ചുവപ്പുനിറം പൂണ്ടതായിരുന്നു. തപ്തഹേമം പോലെ മഞ്ഞനിറമുള്ള പട്ടണിഞ്ഞിരിക്കുന്നു. വിവിധരത്നങ്ങൾ പതിപ്പിച്ച കിരീടം. തോൾവളകളണിഞ്ഞിരിക്കുന്നു. അതിമനോഹരമായ തിരുമുഖം. ഭംഗിയുള്ള പുരികങ്ങൾ. കാതിൽ മകരകുണ്ഡലങ്ങൾ ഇളകിയാടുന്നു. അതിന്റെ പ്രകാശം ആ കവിൾത്തടങ്ങൾക്കഴകു് കൂട്ടുന്നു. അരപ്പട്ട, കൈവള, മുത്തുമാല, ചിലങ്ക എന്നിവയണിഞ്ഞിരിക്കുന്നു. കഴുത്തിൽ കൌസ്തുഭരത്നം മിന്നിത്തിളങ്ങുന്നു. മാറിൽ വനമാല ചാർത്തിയ തിരുവുടൽ. വക്ഷസ്സിൽ ശ്രീമഹാലക്ഷ്മിയെ ധരിച്ചിരിക്കുന്നു. കരങ്ങളിൽ സുദർശനാദി ആയുധങ്ങളേന്തിയിരിക്കുന്നു. ആ മനോഹരരൂപം കണ്ടു് മഹാദേവനോടൊപ്പം നിൽക്കുന്ന വിധാതാവു് ഭൂമിയിൽ ദണ്ഡനമസ്ക്കാരം ചെയ്തു് ആ പരം പുരുഷനെ വാഴ്ത്തിസ്തുതിച്ചു.

ബ്രഹ്മസ്തുതി: സൃഷ്ടിസ്ഥിതിവിനാശങ്ങൾക്കതീതനും, ഗുണാതീതനും, നിർവ്വാണസുഖത്തിന്റെ സാഗരമായവനും, അതിസൂക്ഷ്മമായവനും, പരിഗണിക്കുവാനാകാത്ത സ്വരൂപത്തോടുകൂടിയവനും, മഹാനുഭാവനുമായ നിന്തിരുവടിയ്ക്കു് നമസ്ക്കാരം!. അല്ലയോ പുരുഷോത്തമാ!, ഹേ ധാതാവേ!, അവിടുത്തെ ഈ തിരുരൂപത്തെ മഹാത്മാക്കൾ വേദങ്ങളാലും തന്ത്രങ്ങളാലുമുള്ള അനുഷ്ഠാനവിധികളോടെ ഉപാസിക്കുന്നു. വിശ്വരൂപനായ അവിടുന്നിൽ ഇതാ ഞങ്ങളടക്കമുള്ള മൂലോകങ്ങളേയും ഞാൻ സുവ്യക്തമായി കാണുന്നു. ഈ വിശ്വം ആദിയിലും മധ്യത്തിലും അന്ത്യത്തിലും അങ്ങയിലുണ്ടായിരുന്നു. കുടവും കളിമണ്ണുമെന്നതുപോലെ, ഈ വിശ്വത്തിനു് അങ്ങു് ആദിമധ്യാന്തങ്ങളായി നിലകൊള്ളുന്നു. അങ്ങയെ ആശ്രയിച്ചുകഴിയുന്ന അവിടുത്തെ മായാശക്തിയാൽ അങ്ങു് ഈ വിശ്വത്തെ ചമച്ചു് അതിൽ പ്രവിഷ്ടനായിക്കഴിയുന്നു. അതുകൊണ്ടു്, വിവേകികളും യോഗികളുമൊക്കെ പ്രകൃതിയുടെ ഈ മാറ്റങ്ങൾക്കിടയിലും ഗുണാതീതനായി വർത്തിക്കുന്ന നിന്തിരുവടിയെ ഉൾക്കണ്ണാൽ കണ്ടറിയുന്നു.

വിറകിൽ അഗ്നിയേയും, ഗോക്കളിൽ അമൃതത്തേയും, ഭൂമിയിൽ അന്നത്തേയും ജലത്തേയും, ഉദ്യമത്തിൽ ക്ഷേമത്തേയും, മനുഷ്യൻ എപ്രകാരം കണ്ടറിയുന്നുവോ, അതേപ്രകാരംതന്നെ, ഗുണപരിണാമങ്ങളായ ദേഹേന്ദ്രിയാദികളിൽ ജ്ഞാനികൾ ഉൾപ്രബോധത്താൽ നിന്തിരുവടിയെ കണ്ടറിയുകയും ചെയ്യുന്നു. ഹേ ശ്രീപത്മനാഭാ!, ഹേ നാഥാ!, ഏറെ കാലമായി കാണാൻ കൊതിക്കുന്ന നിന്തിരുവടിയുടെ രൂപം ഇപ്പോൾ കണ്ടതിനാൽ ഞങ്ങളെല്ലാവരും, കാട്ടുതീയിൽ പെട്ടുപോയ ആനകൾ ഗംഗാജലത്തെ കാണുമ്പോഴെന്നതുപോലെ, അതിരറ്റ ആനന്ദനിർവൃതിയെ പ്രാപിച്ചിരിക്കുകയാണു. ഭഗവാനേ!, നിന്തിരുവടി സകലഭൂതങ്ങളിലും നിറഞ്ഞരുളി അവയുടെ സകല മനോവൃത്തികൾക്കും സാക്ഷിയായി വർത്തിക്കുന്നവനാണു. അങ്ങനെയുള്ള അങ്ങയെ ഞങ്ങളുടെ ദുഃഖം മറ്റൊരാൾ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ!. ആയതിനാൽ, ഞങ്ങളുടെ ഈ വരവിന്റെ ഉദ്ദേശം കണ്ടറിഞ്ഞു് അതിനെ അങ്ങുതന്നെ നിറവേറ്റിത്തന്നാലും. ഭഗവാനേ!, ഞാനും, ഈ മഹാദേവനും, ദക്ഷാദികളായ പ്രജാപതിമാരുമെല്ലാം, അഗ്നിയുടെ സ്ഫുലിംഗങ്ങൾപോലെ, അങ്ങയിൽ നിന്നുത്ഭവിച്ചു് പലതായ് പിരിഞ്ഞവരാണു. ഞങ്ങളുടെ ഹിതത്തെപറ്റി ഞങ്ങളെന്തറിയാനാണു?. വേണ്ടതു് അവിടുന്നുതന്നെ കണ്ടറിഞ്ഞുചെയ്താലും!.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ബ്രഹ്മാദിദേവതകൾ ഭഗവാനെ ഇങ്ങനെ വാഴ്ത്തിസ്തുതിച്ചു. അവരുടെ മനോഗതം മനസ്സിലാക്കിയ ഭഗവാൻ ശ്രീഹരി ബദ്ധാഞ്ജലിയോടെ നിൽക്കുന്ന ദേവന്മാരോടു് ഇടിമുഴങ്ങുന്ന നാദത്തോടെ സംസാരിക്കുവാൻ തുടങ്ങി.               

സർവ്വശക്തനായ ഭഗവാൻ സമുദ്രമഥനം മുതലായ ക്രീഡകളിൽ വിഹരിക്കുവാനാഗ്രഹിച്ചുകൊണ്ടു് അവരോടു് ഇപ്രകാരം പറഞ്ഞു: അല്ലയോ ബ്രഹ്മദേവാ!, ഹേ ശ്രീശങ്കരാ!, ഹേ ദേവന്മാരേ!, അല്ലയോ സ്വർല്ലോകവാസികളേ!, നിങ്ങൾക്കു് ക്ഷേമം ഭവിക്കുവാനുള്ള മാർഗ്ഗം എന്നിൽനിന്നും ശ്രദ്ധയോടെ കേട്ടറിയുക!. കാലഗുണത്താൽ ഇപ്പോൾ അസുരന്മാർ അനുഗ്രഹീതരാണു. നിങ്ങൾക്കു് നല്ലകാലം വരുന്നതുവരെ അസുരന്മാരുമായി സന്ധിയുണ്ടാക്കുക!. ഹേ ദേവകളേ!, കാര്യസാധ്യത്തിനായി ശത്രുക്കളേയും കൂട്ടുപിടിക്കാവുന്നതാണു. എന്നാൽ, കാര്യസാധ്യത്തിനുശേഷം എലിയും പാമ്പുമെന്നതുപോലെതന്നെ വർത്തിക്കേണ്ടതുമാണു. ഏതുവിധത്തിലും അമൃതം സമ്പാദിക്കുന്നതിനായി നിങ്ങൾ യത്നിക്കുക. കാരണം, അമൃതം നുകർന്നുകഴിഞ്ഞാൽ മൃത്യുഗ്രസ്തമായ ജീവികൾപോലും അമരത്വത്തിലേക്കുയുരുന്നു. സർവ്വ സസ്യൌഷധങ്ങളേയും പാൽക്കടലിൽ ചേർത്തു്, മന്ദരപർവ്വതത്തെ കടയൽ മത്താക്കി ഉപയോഗിച്ചു്, വാസുകിയെ കയറാക്കിയും, അല്ലയോ ദേവഗണങ്ങളേ!, എന്റെ അനുഗ്രഹത്തോടെ, ഉത്സാഹത്തോടുകൂടി പാലാഴിയെ നിശ്ശേഷം കടയുക. ഒടുവിൽ അസുരന്മാർക്കു് ക്ലേശവും നിങ്ങൾക്കു് സുഖവും ഫലമായി വരും. ദേവന്മാരേ!, ക്ഷമയും ശാന്തിയുമുണ്ടെങ്കിൽ സർവ്വതും സാധ്യമാകുന്നതാണു. എന്നാൽ കോപത്തിനടിപ്പെടുന്ന പക്ഷം നിങ്ങളുടെ ശ്രമം വൃഥാവിലാകുകയും ചെയ്യും. അതുകൊണ്ടു്, എന്തുതന്നെ അസുരന്മാർ ആവശ്യപ്പെട്ടാലും ക്ഷമയോടെ അതിനെ സമ്മതിക്കുക. പാലാഴി കടയുന്നതിനിടയിൽ കാളകൂടം എന്ന വിഷം നിർഗ്ഗമിക്കുന്നതാണു. എന്നാൽ, അതിൽ നിങ്ങൾ ഒരിക്കലും പരിഭ്രാന്തരാകുകയോ ഭയക്കുകയോ ചെയ്യരുതു. അതുപോലെതന്നെ മറ്റു് പലതരം വസ്തുക്കളും പൊന്തിവരുന്നതാണു. അതിലൊന്നും ഒരിക്കലും ആഗ്രഹം തോന്നുകയോ അവയെ സ്വന്തമാക്കാൻ ശ്രമിക്കുകയോ ചെയ്യരുതു. സമാധാനത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക.

ശ്രീശുകൻ പറഞ്ഞു: അല്ലയോ രാജൻ!, ഇങ്ങനെ വിവിധ ഉപദേശങ്ങളെ അരുളിച്ചെയ്തുകൊണ്ടു് കാരുണ്യരൂപനായ ഭഗവാൻ ഹരി അവിടെനിന്നും മറഞ്ഞു. തുടർന്നു്, ബ്രഹ്മാവും ശിവനും സ്വധാമങ്ങളിലേക്കു് മടങ്ങുകയും ചെയ്തു. കാലം ഒട്ടും കളയാതെ ദേവന്മാർ ബലിചക്രവർത്തിയെ സന്ദർശിച്ചു. വളരെ പ്രശസ്തനായ ഒരു അസുരരാജാവായിരുന്നു ബലി. യുദ്ധത്തിനും സന്ധിക്കും ഉചിതമായ കാലപ്രമാണങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. ദേവന്മാരെക്കണ്ടു് ബലിയുടെ സൈന്യം അവരെ വധിക്കുവാനൊരുങ്ങിയെങ്കിലും, ദേവന്മാർ യുദ്ധത്തിനായി വന്നതല്ലെന്നറിഞ്ഞ ബലി തന്റെ യോദ്ധാക്കളെ തടഞ്ഞു. ദേവന്മാർ വിരോചനപുത്രനായ ബലിയുടെ സമീപത്തിൽ ഉപസ്ഥിതരായി. സകലലോകങ്ങളും കീഴടക്കിയ ബലിചക്രവർത്തി അദ്ദേഹത്തിന്റെ സൈന്യങ്ങളാൽ സർവ്വസുരക്ഷിതനായും, അതുപോലെ സർവ്വൈശ്വര്യയുക്തനായും കാണപ്പെട്ടു. ബുദ്ധിമാനായ ദേവേന്ദ്രൻ അതിസമർത്ഥമായി ബലിയെ പാട്ടിലാക്കുകയും, ഭഗവാനാൽ ഉപദേശിക്കപ്പെട്ട സകല കാര്യങ്ങളും ഒന്നൊഴിയാതെ അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു. അമൃതമഥനം ഒരു നല്ലകാര്യമായി ബലിക്കും, അവിടെയുണ്ടായിരുന്ന ശംബരൻ, അരിഷ്ടനേമി തുടങ്ങിയ അസുരന്മാർക്കും മറ്റും ബോധ്യമായി. ഹേ പരന്തപാ!, ശേഷം, ദേവന്മാരും അസുരന്മാരും ചേർന്നു് പരസ്പരധാരണയോടുകൂടി സൌഹൃദത്തിൽ അമൃതം കടഞ്ഞെടുക്കുന്ന കാര്യത്തിൽ ഉദ്യമം ആരംഭിച്ചു.

ഇരുമ്പുലക്കപോലത്തെ കരങ്ങളുള്ള ബലശാലികളായ ആ അസുരന്മാർ മന്ദരപർവ്വതത്തെ കടപുഴക്കിയെടുത്തു് കൂക്കിവിളിച്ചുകൊണ്ടു് പാലാഴിയുടെ തീരത്തേക്കു് കൊണ്ടുപോയി. ഇത്രയും ഭാരമുള്ള പർവ്വതത്തെ ചുമന്നുകൊണ്ടു് കുറെദൂരം യാത്രചെയ്തപ്പോൾ തളർന്നുപോയ ഇന്ദ്രനും ബലിയും മറ്റുമായ ദേവാസുരന്മാർ വിവശരായി. ബൃഹത്തായ ആ പർവ്വതം അവരുടെ കൈകളിൽനിനും വഴിയിൽ വഴുതിവീണു. ചരിഞ്ഞുലഞ്ഞുവീഴുന്ന ആ പെരുമലയുടെ അടിയിൽ‌പ്പെട്ടു് പല ദേവന്മാരും അസുരന്മാരും തവിടുപൊടിയായി. മനസ്സും ശരീരവും തളർന്ന അവരെക്കണ്ടു് ഭഗവാൻ ശ്രീഹരി ഗരുഡോപരി അവിടെ എഴുന്നെള്ളി. ഭഗവാൻ തന്റെ കടാക്ഷവീക്ഷണത്തോടുകൂടി അവരെ അക്ഷീണിതരും ദൃഢഗാത്രന്മാരുമാക്കി വീണ്ടും ജീവിപ്പിച്ചു. തുടർന്നു്, ഒറ്റക്കൈയ്യാൽ ആ മഹാപർവ്വതത്തെ എടുത്തു് ഗരുഡന്മേൽ‌വച്ചു് കൂടെ താനും കയറി, ദേവാസുരന്മാരാൽ പരിവ്രതനായി പാലാഴിയുടെ തീരത്തേക്കു് പ്രയാണം ചെയ്തു. സമുദ്രതീരത്തെത്തി, പക്ഷിശ്രേഷ്ഠനായ ഗരുഡൻ മന്ദരത്തെ തന്റെ തോളിൽനിന്നുമിറക്കി അവിടെവച്ചതിനുശേഷം ഭഗവദാജ്ഞയനുസരിച്ചു് അവിടെനിന്നും പറന്നകന്നു.

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം ആറാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






Brahma's prayer and arrangements of churning of milky way.