2021, ജൂൺ 27, ഞായറാഴ്‌ച

10.12 അഘാസുരമോക്ഷം.

ഓം


അഘാസുരമോക്ഷം


ശ്രീശുകൻ പറഞ്ഞു: “അല്ലയോ മഹാരാജൻ!, ഒരിക്കൽ അതിരാവിലെ എഴുന്നേറ്റ് ഭഗവാൻ തൻ്റെ അതിമനോഹരമായ കുഴൽവിളിയാൽ  ചങ്ങാതിമാരായ മറ്റ് ഗോപക്കിടാങ്ങളെ ഉണർത്തി അവരുമായി വനഭോജനത്തിന് ഗോകുലത്തിൽ നിന്നും യാത്രയായി. അന്ന് ഭഗവാൻ ആയിരക്കണക്കിന് ഗോപന്മാരെ കൂടെ കൂട്ടി വേണ്ട സാധനസാമഗ്രികളുമായി അവരവരുടെ പശുക്കിടാങ്ങളേയും മുൻപേ നടത്തിക്കൊണ്ട് സന്തോഷത്തോടെ നടന്നുതുടങ്ങി. ആ ബാലന്മാർ തങ്ങളുടെ പശുക്കിടാങ്ങളെ ഭഗവാൻ്റെ പശുക്കിടാങ്ങളോടൊത്തുചേർത്ത് മേച്ചുകൊണ്ട് പലതരം ക്രീഡകളാൽ ഉല്ലസിച്ചു. പലവിധ രത്നങ്ങളാൽ അലങ്കരിക്കപ്പെട്ടവരാണെങ്കിലും അവർ കാട്ടിലെ കായ്കൾ, തളിർതൊത്തുകൾ, പൂക്കൾ, മയിൽപീലികൾ മുതലായവയാൽ വീണ്ടും സ്വയം അലങ്കരിച്ചുരസിച്ചു.  കുട്ടികൾ പരസ്പരം അവരുടെ പൊതിച്ചോറുകളും മറ്റ് സാധനങ്ങളും തമ്മിൽ കാണാതെ ഒളിച്ചുവയ്ക്കുകയും, അവർ അത് കണ്ടുപിടിക്കുമ്പോൾ അത് ദൂരെ നിൽക്കുന്നവർക്കെറിഞ്ഞുകൊടുക്കുകയും അവർ വീണ്ടും അത് മറ്റുള്ളവർക്കെറിഞ്ഞുകൊടുക്കുകയും, ഒടുവിൽ ഉടമസ്ഥൻ്റെ വല്ലായ്മ കണ്ട് പിന്നീട് അത് തിരികെ കൊടുക്കുകയും ചെയ്യും. ഭഗവാൻ വനശോഭയെ കാണാൻ അകലേക്ക് പോയാൽ ‘ഞാൻ മുമ്പേ... ഞാൻ മുൻപേ’ എന്ന് സ്പർദ്ധയോടുകൂടി ഭഗവാനെ തൊട്ട് കളിക്കുകയും ചെയ്തു. ചിലർ ഓടക്കുഴൽ വിളിക്കുകയും, മറ്റ് ചിലർ കൊമ്പ് വിളിക്കുകയും, വേറെ ചിലർ വണ്ടുകളോടൊപ്പം പാട്ട് പാടുകയും, മറ്റുചിലരാകട്ടെ കുയിലുകൾക്കൊപ്പം കൂകുകയും ചെയ്തു. പറക്കുന്ന പക്ഷികളുടെ നിഴൽ നോക്കി ഓടിക്കൊണ്ടും, അരയന്നങ്ങളോടൊപ്പം ചന്തത്തിൽ നടന്നുകൊണ്ടും, കൊറ്റികൾക്കൊപ്പം ഒരിടത്ത് ചടഞ്ഞിരുന്നുകൊണ്ടും, മയിലുകളോടൊത്ത് ചാഞ്ചാടിയും അവർ ആനന്ദിച്ചു. കുരങ്ങന്മാരുടെ വാലുകളിൽ പിടിച്ചുവലിച്ചും അവരോടൊപ്പം മരങ്ങളിൽ കയറിയും, അവരുടെ ഗോഷ്ടികൾക്കൊത്ത് ഗോഷ്ടി കാട്ടിയും അവർ രസിച്ചു. അവർ തവളകൾക്കൊത്ത് ചാടിക്കളിച്ചു. പുഴകളിലും നദികളിലുമൊക്കെ അവർ മുങ്ങിക്കുളിച്ചു. അവർ പരസ്പരം തങ്ങളുടെ നിഴലുകളെ നോക്കി ഗോഷ്ടികാട്ടി ചിരിച്ചു. ഇക്കരെ നിന്ന് കൂക്കിവിളിച്ച് അവയുടെ മാറ്റൊലി കേട്ട് അവർ കളിച്ചുനടന്നു. 

രാജൻ!, അങ്ങനെ ജ്ഞാനികൾക്ക് ബ്രഹ്മാനന്ദാനുഭൂതിയായും, ദാസഭാവത്തെ പ്രാപിച്ചവർക്ക് ഇഷ്ടദൈവമായും, മായയെ ആശ്രയിച്ച് ലൗകികരായി ജീവിക്കുന്നവർക്ക് ഒരു മർത്ത്യബാലനായും പ്രതിഭാസിക്കുന്ന നന്ദകുമാരനായ ആ ഭഗവാനുമൊത്ത് മുജ്ജന്മപുണ്യത്താൽ ഭാഗ്യവാന്മാരായ ഗോപാലന്മാർ ഈവിധം വിഹരിച്ചു. അനേകജന്മങ്ങളിൽ തപോനുഷ്ടാനങ്ങൾ ചെയ്ത് ജീവിച്ച മഹായോഗികൾക്കുപോലും യാതൊരുവൻ്റെ പാദരേണു പോലും ലഭ്യമല്ലയോ, ആ ഭഗവാൻ അതാ ഈ ഗോകുലവാസികളുടെ ദൃഷ്ടികൾക്ക് വിഷയീഭവിച്ചുകൊണ്ട് ജീവിക്കുന്നു. ഗോകുലവാസികളുടെ ഈ പരമഭാഗ്യം എങ്ങനെയാണ് ഞാൻ വർണ്ണിക്കേണ്ടത്!... അത്ഭുതം തന്നെ!... 


പരീക്ഷിത്തേ!, ആ സമയത്തായിരുന്നു അവിടെ അഘാസുരൻ എന്ന ഒരു രാക്ഷസൻ വന്നതു. ദേവന്മാർ സദാ അവൻ്റെ മരണത്തേയും കാത്തുകഴിയുകയായിരുന്നു. അമൃതപാനം ചെയ്ത ദേവന്മാർ പോലും അവൻ്റെ മരണം ആഗ്രഹിച്ചു. എന്തായാലും, അഘാസുരന് കാട്ടിൽ ആ ഗോപാലന്മാരനുഭവിച്ചുകൊണ്ടിരുന്ന സന്തോഷം സഹിക്കാനായില്ല. കംസനയച്ച ഈ അഘാസുരൻ പൂതനയുടേയും ബകാസുരൻ്റേയും അനുജനായിരുന്നു. ഗോപാലന്മാരുടെ നാഥനായ ഭഗവാനെ കണ്ടതും അഘാസുരൻ ഉള്ളിൽ നിനച്ചു “ഇവനാണ് എൻ്റെ സഹോദരിയേയും സഹോദരനേയും ഇല്ലാതാക്കിയത്. ആയതിനാൽ അവരെ സന്തോഷിപ്പിക്കുവാനായി ഈ കൃഷ്ണനെ ഈ ബാലന്മാരോടൊപ്പം കൊന്നുകളയുകതന്നെ വേണം. സംഘത്തോടൊപ്പമുള്ള ഇവൻ്റെ മരണം കൊണ്ട് എൻ്റെ സഹോദരങ്ങൾക്ക് ഉദകക്രിയ ചെയ്യാൻ കഴിഞ്ഞാൽ ഗോകുലവാസികളെല്ലാം മൃതപ്രായരാകുകതന്നെ ചെയ്യും. കാരണം, ഈ സന്താനങ്ങളാണെല്ലോ അവരുടെ ജീവൻ... ജീവൻ പോയിക്കഴിഞ്ഞാൽ പിന്നെ ശരീരത്തിലെന്തിരിക്കുന്നു?..” 


രാജാവേ!, ഇങ്ങനെ ചിന്തിച്ചുകൊണ്ട് അഘാസുരൻ ഒരു യോജന നീളത്തിൽ മാമലപോലെ പെരുത്തതും, ഗുഹപോലെ തുറന്ന മുഖത്തോടുകൂടിയതും, അതിഘോരവും അത്ഭുതകരവുമായ ഒരു പെരുമ്പാമ്പിൻ്റെ രൂപത്തിൽ അവരെ കൂട്ടത്തോടെ വിഴുങ്ങുവാനുള്ള ആഹ്രഹത്തോടുകൂടി വഴിയിൽ കിടന്നു. അവൻ്റെ കീഴ്ചുണ്ട് ഭൂമിയിൽ തൊട്ടിരുന്നു. മേൽചുണ്ട് മുകളിൽ അങ്ങ് മേഘത്തെ തൊട്ടുനിന്നു. ഗുഹപോലെ അവൻ്റെ വായ തുറന്നിരുന്നു. ഇരുളടഞ്ഞ അതിൻ്റെ ഉൾഭാഗം. നാവാണെങ്കിൽ നീണ്ട് പെരുവഴിയിൽ കിടക്കുന്നു. കൊടുങ്കാറ്റ് വീശുന്നതുപോലെ അവൻ നിശ്വസിച്ചു. അവൻ്റെ ദൃഷ്ടിജ്വാലകൾ കാട്ടുതീപോലെ കത്തിയുയർന്നു. അങ്ങനെ കിടക്കുന്ന അഘാസുരനെ കണ്ട ഗോപാലന്മാർ അത് വൃന്ദാവനത്തിൻ്റെ സൗന്ദര്യമാണെന്ന് കരുതി അവൻ്റെയുള്ളിലേക്ക് പ്രവേശിച്ചു. അവർ പറഞ്ഞു: “കൂട്ടുകാരേ! എന്താശ്ചര്യമായിരിക്കുന്നു!... ഇത് കണ്ടിട്ട് എന്തോ ഒരു വലിയ ജന്തുവിനെപ്പോലെയിരിക്കുന്നു അല്ലേ!... നോക്കൂ!... നമ്മെയെല്ലാം വിഴുങ്ങുവാനിരിക്കുന്ന ഒരു പെരുമ്പാമ്പിനെ പോലെ തോന്നില്ലേ ഇത് കണ്ടിട്ട്?.. സത്യം തന്നെ!... സൂര്യകിരണങ്ങളാൽ ചുവന്നിരിക്കുന്ന മേഘങ്ങൾ ഒരു പെരുമ്പാമ്പിൻ്റെ മേൽചുണ്ടുപോലെയും, അവയുടെ പ്രതിഫലനമായ ഈ നദീതീരം കീഴ്ചുണ്ട് പോലെയുമിരിക്കുന്നു. കാണൂ!.. ഇടതും വലതുമായിട്ടുള്ള ഈ രണ്ട് പർവ്വതഗുഹകൾ അതിൻ്റെ കോർവായകൾ പോലെയിരിക്കുന്നു... ഉയരമുള്ള ഈ പർവ്വതങ്ങൾ ഒരു പെരുമ്പാമ്പിൻ്റെ പല്ലുകൾ പോലെ തോന്നിക്കുന്നു. വീതിയും നീളവുമുള്ള ഈ പെരുവഴികണ്ടാൽ അവൻ്റെ നാവാണെന്ന് തോന്നും. ഇരുട്ടടഞ്ഞ ഈ ഉൾഭാഗം അവൻ്റെ വായപോലെയിരിക്കുന്നു. കാട്ടുതീയാൽ ചൂടുപിടിച്ച ഈ കാറ്റ് അവൻ്റെ ചീറ്റൽ പോലെയും, അതിൽ വെന്തുപോയ ജന്തുക്കളുടെ നാറ്റം ഇതാ ഒരു പെരുമ്പാമ്പിൻ്റെ വായിലെ ദുർഗന്ധം പോലെ വമിക്കുകയും ചെയ്യുന്നു. ഇനി ഇതിനുള്ളിലായ നമ്മെ ഇവൻ വിഴുങ്ങുകയോ മറ്റോ ചെയ്യുമോ?... അങ്ങനെന്തെങ്കിലുമുണ്ടായാൽ ബകൻ്റെ കാര്യം പോലെ ഈ കൃഷ്ണൻ ക്ഷണനേരം കൊണ്ട് ഇവനെ വലിചുകീറും...”


രാജൻ!, ആ ഗോപക്കിടാങ്ങൾ ഇങ്ങനെ പറഞ്ഞുകൊണ്ട് ഭഗവാൻ്റെ തിരുമുഖത്തെ നോക്കിക്കൊണ്ട് ചിരിച്ചുകൊണ്ടും കൈകൊട്ടിക്കൊണ്ടും ഉള്ളിലേക്ക് നടന്നുതുടങ്ങി. ഇങ്ങനെ പെരുമ്പാമ്പിൻ്റെ രൂപത്തിൽ കിടക്കുന്ന അഘാസുരെ കണ്ട് യാഥാർത്ഥ്യം മനസ്സിലാക്കാതെയിരിക്കുന്ന തൻ്റെ കൂട്ടുകാരെ സർവ്വാന്തര്യാമിയായ ഭഗവാൻ, ഇവൻ അതിഘോരരൂപിയായ രാക്ഷസ്സനാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അവരെ തടയാൻ ശ്രമിച്ചു. പക്ഷേ, അപ്പോഴേക്കും ഗോപാലന്മാർ തങ്ങളുടെ പശുക്കൂട്ടങ്ങളുമായി അഘാസുരൻ്റെ ഉള്ളിൽ പ്രവേശിച്ചുകഴിഞ്ഞിരുന്നു. എന്നാൽ, കൃഷ്ണൻ തൻ്റെ വായയ്ക്കുള്ളിൽ കടക്കുവാൻ കാത്തിരിക്കുകയായിരുന്നു അഘാസുരൻ. അവൻ തൻ്റെ സഹോദരങ്ങളുടെ വിനാശത്തെയോർത്തുകൊണ്ട് പ്രതികാരദാഹിയായി ആ ഗോപക്കൂട്ടങ്ങളെ അതുവരെയും വിഴുങ്ങുകയുണ്ടായില്ല. ആ സമയം, സകലർക്കും അഭയം പ്രദാനം ചെയ്യുന്ന ഭഗവാൻ മറ്റ് രക്ഷകനില്ലാത്തവരും തൻ്റെയടുത്തുനിന്നും വേർപ്പെട്ടവരും അപകടത്തിൽ പെട്ടവരും അഘാസുരൻ്റെ ജഠരാഗ്നിയിൽ ചുട്ടുപൊള്ളുന്നവരുമായ തൻ്റെ കൂട്ടുകാരെ കണ്ട് കൃപാപരവശനായിട്ട് ദൈവഹിതമായ ആ സംഭവത്തിന് സാക്ഷിയായിനിന്നുകൊണ്ട് ആശ്ചര്യപ്പെട്ടു. 


രാജൻ!, ഇവിടെ തൻ്റെ കർമ്മത്തെ കണ്ടറിഞ്ഞ് ഭഗവാൻ ഭക്തരക്ഷാർത്ഥം ഉചിതമായത് ചെയ്യുന്നതിനായി ആ പെരുമ്പാമ്പിൻ്റെ വായയ്ക്കുള്ളിലേക്ക് പ്രവേശിച്ചു. ആ സമയം മേഘങ്ങൾക്കുള്ളിൽ മറഞ്ഞിരുന്നുകൊണ്ട് ദേവന്മാർ മുറവിളികൂട്ടി. അതുപോലെ കംസനും കൂട്ടരും ആ രംഗം കണ്ട് സന്തോഷിക്കുകയും ചെയ്തു. ദേവന്മാരുടെ ആ ആർത്തനാദം കേട്ട് അകമലിഞ്ഞ ഭഗവാൻ അഘാസുരൻ്റെ ഉള്ളിലിരുന്നുകൊണ്ട് വളരാൻ തുടങ്ങി. ശ്വാസനാളമടഞ്ഞ് കണ്ണും തുറിച്ച് അവൻ അങ്ങുമിങ്ങും കിടന്ന് വട്ടംചുറ്റി പുളഞ്ഞു. അതികായനായ അവൻ്റെയുള്ളിൽ വീർപ്പുമുട്ടിയ പ്രാണവായു അവൻ്റെ ശിരസ്സിനെ പിളർന്ന് ബഹിർഗ്ഗമിച്ചു. ഒടുവിൽ പ്രാണൻ മുഴുവനും പുറത്തായ അവൻ്റെയുള്ളിൽ മൂർച്ഛിതരായി കിടന്ന ഗോപാലന്മാരെ ഭഗവാൻ തൻ്റെ കൃപാകടാക്ഷത്താൽ എഴുന്നേല്പിച്ച് പശുക്കുട്ടികൾക്കൊപ്പം പുറത്തേക്ക് വന്നു. പെട്ടെന്ന് ഒരു മഹാതേജസ്സ് ഭഗവാൻ പുറത്തുവരുന്നതും കാത്ത് ആകാശത്തിൽനിന്നു. പിന്നീട് ഉജ്ജ്വലിച്ചുകൊണ്ട് ആ തേജസ്സ് മുകുന്ദനിൽത്തന്നെ ചെന്നുചേർന്നു. ശേഷം, ദേവന്മാർ പുഷ്പാർച്ചന ചെയ്തു. അപ്സരസ്സുകൾ നൃത്തം ചെയ്തു. ഗന്ധർവ്വന്മാർ പാട്ടുകൾ പാടി. വിദ്യാധരന്മാർ വാദ്യങ്ങളാലും ഋഷികൾ സ്തോത്രങ്ങളാലും പാർഷദന്മാർ ജയാരവങ്ങളാലും തങ്ങളുടെ രക്ഷകനെ ആരാധിച്ചു. ഈ മംഗളാരവങ്ങൾ കേട്ട് സ്വധാമത്തിൽനിന്നും ബ്രഹ്മദേവൻ അവിടെ പ്രത്യക്ഷനായി ഭഗവന്മഹിമകൾ കണ്ട് അത്ഭുതം കൂറി. 


രാജാവേ!, അഘാസുരൻ്റെ ജീവനറ്റ ആ മൃതശരീരം ഉണങ്ങി ഒരു ഗുഹപോലെയായി ഗോപാലന്മാർക്ക് ക്രീഡയ്ക്കായി വളരെ നാൾ അവിടെ വൃന്ദാവനത്തിൽ കിടന്നു. ഭഗവാൻ അഞ്ചുവയസ്സിൽ ചെയ്ത ഈ അത്ഭുത പ്രവൃത്തി യഥാർത്ഥത്തിൽ വ്രജവാസികളറിയുന്നത് ഭഗവാന് ആറ് വയസ്സായപ്പോൾ അപ്പോൾ നടന്ന ഒരു സംഭവമായിട്ടായിരുന്നു. മായാമാനുഷനായ ഭഗവാൻ ശ്രീകൃഷ്ണൻ്റെ സ്പർശനത്താൽത്തന്നെ അഘാസുരൻപോലും മോക്ഷത്തെ പ്രാപിച്ചുവെന്നുള്ളതിൽ ഒട്ടുംതന്നെ ആശ്ചര്യപ്പെടേണ്ടതില്ല. കാരണം, മനസ്സിനാൽ ധ്യാനിക്കപ്പെട്ട് ഒരുവൻ്റെ ഉള്ളത്തിൽ സുസ്ഥാപിതമാകുന്ന ഭഗവാൻ തൻ്റെ സായൂജ്യത്തെ അവന് പ്രദാനം ചെയ്യുമെങ്കിൽ, ആ കാരുണ്യമൂർത്തി സ്വയം പ്രത്യക്ഷത്തിൽ ഒരുവൻ്റെ ഉള്ളിലേക്ക് കടന്നുചെന്നാൽ പിന്നെ അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?”


സൂതൻ പറഞ്ഞു: “ബ്രാഹ്മണരേ!, ഇങ്ങനെ ഭഗവദ് ലീലകളെ കേട്ട് മനസ്സുനിറഞ്ഞ പരീക്ഷിത്ത് രാജാവ് വീണ്ടും അതിനെക്കുറിച്ച് ശ്രീശുകബ്രഹ്മർഷിയോട് ചോദിച്ചു:  “അല്ലയോ ബ്രഹ്മർഷേ!, ഭഗവാൻ തൻ്റെ കൗമാരപ്രായത്തിൽ ചെയ്ത ആ പ്രവൃത്തി എങ്ങനെയാണ് ഒരു വർഷത്തിനുശേഷം വർത്തമാനകാലത്തിൽ ചെയ്തതായി കുട്ടികൾ വ്രജവാസികളോട് പറഞ്ഞത്?.. എന്തായാലും അത് ഭഗവാൻ ഹരിയുടെ ലീലയാണെന്നതുറപ്പാണ്. അല്ലയോ മഹായോഗിനേ!, എങ്കിലും അതിൻ്റെ കാരണമറിയാൻ അടിയനിൽ കുതൂഹലം തോന്നുന്നു. ഗുരോ, ഞങ്ങൾ ക്ഷത്രിയരാണെങ്കിലും ലോകത്തിൽ കൃഷ്ണകഥയെ പാനം ചെയ്യുന്നതിനാൽ ധന്യരാണ്.”


സൂതൻ പറഞ്ഞു: “ഹേ ശൗനകഋഷേ!, പരീക്ഷിത്തിനാൽ ഈവിധം ചോദിക്കപ്പെട്ടപ്പോൾ, ഭഗവദ്സ്മരണയിലാണ്ടുപോയ ശ്രീശുകൻ ബാഹ്യജ്ഞാനം വീണ്ടെടുത്ത് വീണ്ടും അദ്ദേഹത്തെ നോക്കി ഇപ്രകാരം പറഞ്ഞു.”


ശ്രീമദ്ഭാഗവതം ദശമസ്കന്ധം പന്ത്രണ്ടാമധ്യായം സമാപിച്ചു.

ഓം തത് സത്


<<<<< >>>>>