2013, ഡിസംബർ 24, ചൊവ്വാഴ്ച

2.8 ശ്രീശുകനോട് പരീക്ഷിത്തിന്റെ തുടര്‍ന്നുള്ള ചോദ്യങള്‍

ഓം

ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  അദ്ധ്യായം - 8

പരീക്ഷിത്ത് മഹാരാജാവ് ശ്രീശുകബ്രഹ്മമഹര്‍ഷിയോട് ചോദിച്ചു. "ഹേ ശുകദേവാ!, ബ്രഹ്മദേവന്‍ നാരദമുനിക്കുപദേശിച്ച ശ്രീമദ് ഭാഗവതതത്വം ദേവദര്‍ശനനായ മുനി എങനെയാണ് ആര്‍ക്കാണ് തുടര്‍ന്ന് പറഞുകൊടുത്തത്?. ഹേ മഹാഭാഗാ!, അങ് ശ്രീമദ് ഭാഗവതം പറഞുകൊണ്ടേയിരിക്കുക, എന്തെന്നാല്‍ അത് കേട്ട് എന്റെ മനസ്സ് പൂര്‍ണ്ണമായും ഭഗവാനില്‍ ലയിക്കട്ടെ!. അങനെ ത്രിഗുണങളില്‍ നിന്ന് മുക്തനായി ഞാന്‍ ഈ ശരീരം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. കാരണം ശ്രീമദ് ഭാഗവതം കേള്‍ക്കുന്നവരുടേയും പാടുന്നവരുടേയും ഹൃദയത്തില്‍ വളരെ പെട്ടെന്നുതന്നെ ഭഗവാന്‍ അവതരിക്കുന്നു. നാം കര്‍ണ്ണരന്ധ്രങളിലൂടെ ശ്രീമദ് ഭാഗവതം ശ്രവിക്കുമ്പോള്‍ ഭഗവാന്‍ ശബ്ദരൂപേണ ഹൃദയത്തിന്റെ അടിത്തട്ടിലേക്കിറങി മനോമാലിന്യങളെ മാറ്റി, സലിലത്തില്‍ ശരത്ക്കാലമഴ പെയ്യുന്നതുപോലെ, അവിടം പവിത്രമാക്കുന്നു. ഒരിക്കല്‍ അകമഴിഞ ഭക്തിയാല്‍ പവിത്രമാകപ്പെട്ട ഒരു ഭക്തന്റെ മനസ്സില്‍ നിന്നും ഭഗവത് ചരണാംബുജം ഒരിക്കലും അപ്രത്യക്ഷമാകുന്നില്ല. പാന്ഥര്‍ സ്വവസതിയില്‍ തിരിച്ചെത്തി സ്വസ്ഥമാകുന്നതുപോലെ അവര്‍ അത്യന്തം ആനന്ദമുള്ളവരായി കാണപ്പെടുന്നു. 

ഹേ ബ്രാഹ്മണശ്രേഷ്ഠാ!, ജീവന്‍ ഈ ശരീരത്തില്‍ നിന്നുമന്യമാണല്ലോ!. എന്നാല്‍, ഹേ ഭഗവന്‍!, എപ്രകാരമാണ് ഈ ജീവന്‍ യദൃശ്ചയാലോ അഥവാ മറ്റെന്തെങ്കിലും കാരണത്താലോ ഈ ശരീരത്തെ പ്രാപിക്കുന്നത്. ജ്ഞാനിയായ അങയില്‍ നിന്നും ഇതറിയാന്‍ ഞാനാഗ്രഹിക്കുന്നു. പത്മനാഭനായ ഭഗവാന്റെ കളേബരവും ഈ മൂലപ്രകൃതിയാലുണ്ടായതാണെങ്കില്‍ പിന്നെ ആ പരമാത്മാവിന്റേയും ഈ ജീവാത്മാക്കളുടേയും ശരീരങള്‍ തമ്മില്‍ എന്ത് ഭേദമാണുള്ളത്?. അജനായി ഭഗവാന്റെ നാഭീപങ്കജത്തില്‍ നിന്നുളവായ ബ്രഹ്മദേവനാണ് ഇക്കണ്ട മഹാജഗത്തിന്റെ സൃഷ്ടികര്‍മ്മം നിര്‍‌വ്വഹിക്കുന്നത്. അങനെയെങ്കില്‍ ബ്രഹ്മദേവന്‍ ആ വിഭുവിന്റെ രൂപം തീര്‍ച്ചയായും കണ്ടിട്ടുണ്ടായിരിക്കണം. സര്‍‌വ്വഗുഹാശയനും, മായാതീതനും, സര്‍‌വ്വശക്തനുമായ ആ പരമപുരുഷനെക്കുറിച്ച് വീണ്ടും വീണ്ടും എന്നോട് പറയുക.

ഹേ ബ്രാഹ്മണശ്രേഷ്ഠാ!, സകലലോകങളെക്കുറിച്ചും, അവയുടെ പാലകന്‍‌മാരെക്കുറിച്ചും, അങെന്നോട് മുന്‍പ് പറഞുകഴിഞതാണ്. സര്‍‌വ്വലോകങളും ആ നാരായണന്റെ വിവിധ ശരീരാവയവങളില്‍ സ്ഥിതിചെയ്യുന്നുവെന്നും ഞാന്‍ കേട്ടുകഴിഞു. എന്നാല്‍ ഈ ലോകപാലന്‍‌മാരെക്കുറിച്ച് എന്താണ് അങേയ്ക്ക് പറയാനുള്ളത്?. കല്പ്പത്തെക്കുറിച്ചും, വികല്പ്പത്തെക്കുറിച്ചും, ഭൂതം ഭവ്യം ഭവത് എന്നിവയെ പ്രതിനിധീകരിക്കുന്ന കാലത്തെക്കുറിച്ചുമൊക്കെ അറിയാന്‍ അടിയന് അതിയായ ആഗ്രഹമുണ്ട്. ജീവികളുടെ ആയുസ്സിനെക്കുറിച്ചും, അവയുടെ അളവിനെക്കുറിച്ചുമൊക്കെ അങെന്നെ ബോധവാനാക്കിയാലും. ഹേ ദ്വിജസത്തമാ!, ചെറിയതും വലുതുമായ വ്യത്യസ്ഥ കാലദൈര്‍ഘ്യങളെക്കുറിച്ചും, കാലത്തിന്റെ ആരംഭത്തെക്കുറിച്ചും, അതിന്റെ പുരോഗതിയെക്കുറിച്ചുമൊക്കെ അടിയനെ പറഞുകേള്‍പ്പിച്ചാലും. വ്യത്യസ്ഥ ജീവികള്‍ പ്രകൃതിയുടെ ഗുണങള്‍ക്കനുസരിച്ച് ആഗ്രഹസിദ്ധ്യര്‍ത്ഥം കര്‍മ്മങള്‍ ചെയ്ത് ആര്‍ജ്ജിച്ചെടുത്ത ഫലങള്‍ ഏതുവിധത്തില്‍ ഒരുവനെ ബദ്ധനാക്കുന്നുവെന്നും അറിയാനാഗ്രഹിക്കുന്നു. അധോലോകങളും, സ്വര്‍ല്ലോകങളും, ആകാശവും, ഗ്രഹങളും, നക്ഷത്രങളും, മലകളും, നദികളും, സമുദ്രങളും, ദ്വീപുകളും, അതിലെ നിവാസികളുമൊക്കെ ഏതുപ്രകാരം നിലവില്‍ വന്നുവെന്നും ഗ്രഹിക്കാന്‍ അടിയനിച്ചിക്കുകയാണ്.

ബാഹ്യപ്രപഞ്ചത്തെക്കുറിച്ചും, ആന്തരികലോകത്തെക്കുറിച്ചും, പ്രത്യേകം പ്രത്യേകം അറിയാനാഗ്രഹിക്കുന്നു. മഹത്തുക്കളുടെ ചരിതവും, വ്യത്യസ്ഥ വര്‍‌ണ്ണാശ്രമവ്യവസ്ഥിതികളും അറിയാന്‍ ഞാനാഗ്രഹിക്കുന്നു. സൃഷ്ടിക്കുശേഷമുള്ള യുഗങളും, അവയുടെ കാലദൈര്‍ഘ്യങളും, ഒരോ യുഗങളിലുണ്ടായ ഭഗവതവതാരങളും ഒക്കെ ഉള്ളവണ്ണം അങ് അടിയനെ പറഞറിയിച്ചാലും. സമൂഹത്തില്‍ സാധാരണയായി മനുഷ്യന്റെ ധര്‍മ്മമെന്തെന്നും, അവരുടെ കര്‍മ്മരംഗങളെക്കുറിച്ചും, അവിടുത്തെ രാജകീയവ്യവസ്ഥിതികളെപ്പറ്റിയും, മനുഷ്യന്റെ ദുരവസ്ഥകളുടെ കാരണങളെന്തൊക്കെയെന്നുമുള്ള സകല വിഷങളും അറിയാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്. പ്രാപഞ്ചികസൃഷ്ടിയുടെ തത്വത്തെപറ്റിയും, അതിനൊക്കെ ആധാരമായ മൂലതത്വത്തെക്കുറിച്ചും, ഈ പ്രപഞ്ചോല്പ്പത്തിയെപ്പറ്റിയും, അവയുടെ കാരണങളെക്കുറിച്ചും, കൂടാതെ ഈശ്വരാരാധനാവിധിയെപറ്റിയുമൊക്കെ അറിയാന്‍ അടിയന്‍ വളരെയധികം ഇച്ഛിക്കുന്നു. യോഗികളുടെ ഐശ്വര്യമെന്താണെന്നും, എന്താണവരുടെ പരമമായ ഗതിയെന്നതും, ഈ യോഗികള്‍ ഭൗതികശരീരത്തില്‍ നിന്നും എപ്രകാരം വിമുക്തമാകുന്നുവെന്ന സത്യവും, എന്താണീ വേദശാസ്ത്രപുരാണങള്‍ എന്നുമൊക്കെ അടിയനോട് വ്യക്തമാക്കിയാലും.

ജീവികള്‍ ഏതുപ്രകാരം സൃഷ്ടിക്കപ്പെട്ടുവെന്നും, അവ ഏപ്രകാരം പരിപാലിക്കപ്പെടുന്നുവെന്നും, ഒടുവില്‍ ഏത് പൊഴുത് അവ സംഹരിക്കപ്പെടുന്നുവെന്നുമുള്ള വസ്തുതകള്‍ അറിയാനും ഈയുള്ളവന്‍ ആഗ്രഹിക്കുന്നു. ഭഗവാനില്‍ ഭക്തിചെയ്യുന്നതിലും ചെയ്യാതിരിക്കുന്നതിലുമുള്ള ഗുണദോഷാദികളും, ധര്‍മ്മാര്‍ത്ഥകാമങള്‍ക്കുവേണ്ടിയുള്ള അനുഷ്ഠാനങളും വിധികളും എന്തൊക്കെയെന്നതും അടിനനറിയേണ്ടതായിയുണ്ട്. ഭഗവാനില്‍ അനുശായിനമായ ഈ സര്‍ഗ്ഗം എങനെയുണ്ടായിയെന്നും, ഈശ്വരദ്വേഷികള്‍ ഇവിടെ എങനെ വന്നുവെന്നും, കൂടാതെ ബന്ധിതരായും മുക്തന്‍‌മാരായുമുള്ള മനുഷ്യര്‍ ഇവിടെ എങനെ നിലനില്‍ക്കുന്നുവെന്നും ഈയുള്ളവനെ പറഞറിയിച്ചാലും. സര്‍‌വ്വസ്വതന്ത്രനായ ഭഗവാന്‍ ഏതുവിധം തന്റെ മായയാല്‍ ദിവ്യലീലകള്‍ കൊണ്ടാടുന്നുവെന്നും, ബാഹ്യമായകൊണ്ട് ഏതുവിധം അവയെ തന്നില്‍ തന്നെയടക്കി കേവലം സാക്ഷിരൂപേണ വര്‍ത്തിക്കുന്നുവെന്ന സത്യത്തെക്കുറിച്ചും എന്നെ ബോധവാനാക്കിയാലും.

ഹേ ഋഷേ!, തുടക്കം മുതല്‍ ഞാന്‍ അങയോട് ചോദിച്ചതും, ഇതുവരെ ചോദിച്ചിട്ടില്ലാത്തതുമായ സകലവിഷയങള്‍ക്കും ഉത്തരം നല്‍കി അവിടുന്ന് ഈയുള്ളവനെ അനുഗ്രഹിക്കുമാറാകണം. സര്‍‌വ്വജ്ഞനായ അങയുടെ പദമലരില്‍ ഞാനിതാ ശരണം പ്രാപിക്കുന്നു. ഹേ ഭഗവന്‍!, അങ് ആത്മഭൂവായ വിധാതാവിനെപ്പോലെയാണ്. എന്നാല്‍ മറ്റുള്ളവരാകട്ടെ, പുരാതന മുനിശ്രേഷ്ഠന്‍‌മാരുടെ പ്രോക്തങളെ അനുകരിച്ച് മുന്നോട്ട് പോകുന്നവര്‍ മാത്രം. ഹേ പണ്ഡിതവര്യാ!, അങയുടെ വാക്കുകളാകുന്ന സമുദ്രത്തില്‍ നിന്നും ഒഴുകുന്ന അച്യുതപീയൂഷം കുടിച്ചുകൊണ്ടിരിക്കുന്നതിനാല്‍ എനിക്ക് ഉപവാസം കൊണ്ടുള്ള അവശത അല്പ്പം പോലുമില്ല."

സൂതന്‍ പറഞു: അങനെ ഭക്തന്‍‌മാരുടെ മധ്യത്തില്‍ വച്ച് ഭഗവത് കഥാമൃതപാനത്തിനായി അപേക്ഷിച്ചുകൊണ്ട് പരീക്ഷിത്ത് മഹാരാജാവ് ശ്രീശുകബ്രഹ്മമഹര്‍ഷിയെ സ്വീകരിച്ചു. പരീക്ഷിത്തില്‍ ശ്രീശുകന്‍ സം‌പ്രീതനായി. തുടര്‍ന്ന്, ബ്രഹ്മകല്പ്പത്തില്‍ ബ്രഹ്മാവിനായ്കൊണ്ട് ഭഗവാന്‍ സ്വയം ഉപദേശിച്ചരുളിയ ബ്രഹ്മസംഹിതമായ ശ്രീമദ് ഭാഗവതം ശ്രീശുകബ്രഹ്മമഹര്‍ഷി പരീക്ഷിത്ത് മഹാരാജാവിനോട് അവിടെ കൂടിയിരുന്ന മറ്റ് ഭക്തന്‍‌‌മാരും കേള്‍ക്കെ പറയാന്‍ തുടങി. പരീക്ഷിത്ത് ചോദിച്ച സകലചോദ്യങള്‍ക്കുമുള്ള ഉത്തരം ശ്രീശുകബ്രഹ്മമഹര്‍ഷി ഓരോന്നോരോന്നായി പറയാന്‍ തുടങി. പരീക്ഷിത്ത് മഹാരാജാവ് പാണ്ഡവന്‍‌മാരില്‍ വച്ച് അത്യുത്തമനായിരുന്നതിനാലത്രേ അദ്ദേഹത്തിന് ഉചിതമായ ഈ ചോദ്യങള്‍ ശ്രീശുകനോട് ചോദിക്കാന്‍ കഴിഞത്.

ഇങനെ ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  എട്ടാമധ്യായം സമാപിച്ചു.

ഓം തത് സത്




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ