2023, മാർച്ച് 1, ബുധനാഴ്‌ച

10.14 ബ്രഹ്മാവിന്റെ ശ്രീകൃഷ്ണസ്തുതി...

 ശ്രീമദ് ഭാഗവതം – ദശമസ്കന്ധം - അദ്ധ്യായം – 14

ബ്രഹ്മാവിന്റെ ശ്രീകൃഷ്ണസ്തുതി


ബ്രഹ്മാവ് പറഞ്ഞു : "ഹേ സ്തുത്യനായ കൃഷ്ണാ!, ഹേ നീലമേഘവർണ്ണാ!, മിന്നലിനൊത്ത മഞ്ഞവസ്ത്രം ധരിച്ചവനേ!, കുന്നിക്കുരുകൊണ്ടുള്ള കർണ്ണാഭരണങ്ങൾ ധരിച്ചവനേ!, മയില്പീലി ചാർത്തി വിളങ്ങുന്ന സുന്ദരവദനാ!, വനപുഷ്പങ്ങൾ കോർത്ത വനമാലയണിഞ്ഞവനേ!, കൈയ്യിൽ ചോറ്റുരുള, ചൂരൽ, കൊമ്പ്, കുഴൽ എന്നിവ ധരിച്ചവനേ!, ഹേ മൃദുലപാദാ!, അല്ലയോ ഗോപകുമാരാ!, ഞാനിതാ നിന്തിരുവടിയെ സ്തുതിക്കുന്നു. ഹേ ദേവാ!, എന്നെ അനുഗ്രഹിക്കുവാനായി, അവിടുത്തെ ഭക്തന്മാരുടെ ആഗ്രഹപൂർത്തിക്കായി ആവിർഭവിച്ച, പഞ്ചഭൂതാത്മകമല്ലാത്ത, ഈ തിരുവുടലിന്റെ മഹിമ എത്രയെന്ന് അറിയുവാൻ ചിത്തത്തെ ഏകാഗ്രമാക്കിയ എനിക്കുപോലും കഴിയുന്നില്ല. അങ്ങനെയിരിക്കെ, അതറിയുവാൻ യോഗ്യതയുള്ളവർ ആരാണിവിടെയുള്ളത്?... ജ്ഞാനവിഷയത്തിലുള്ള പരിശ്രമത്തെ ഉപേക്ഷിച്ച്, ഒരുവൻ എങ്ങനെയാണോ അങ്ങനെതന്നെയിരുന്നുകൊണ്ട്, സജ്ജനങ്ങൾ കീർത്തിക്കുന്നതും അതുവഴി തങ്ങളുടെ കാതിൽ വീണിട്ടുള്ളതുമായ അവിടുത്തെ പുണ്യകഥകളെ ആരാണോ ശരീരം, മനസ്സ്, വാക്ക് എന്നിവകൊണ്ട് നമിക്കുന്നത്, അവർക്കുമാത്രമാണ് യഥാർത്ഥത്തിൽ മൂലോകൾങ്ങൾക്കും ജയിക്കാൻ കഴിയാത്ത അങ്ങയെ ജയിക്കാൻ കഴിയുന്നതു. ഹേ വിഭോ!, സകല പുരുഷാർത്ഥങ്ങളുടേയും ഉറവിടമായ ഭവത്ഭക്തിയെ വിട്ടിട്ട് യാതൊരുവനാണോ കേവലം ജ്ഞാനം മാത്രം നേടാൻ പ്രയത്നിക്കുന്നത്, അവർക്കൊരിക്കലും ആ കേവലബോധം ലഭ്യമാകുന്നില്ല. ആ പ്രയത്നം, സത്യത്തിൽ പാഴ്പതിരുകൾ ഇട്ടിടിക്കുന്നതുപോലെ, അർത്ഥശൂന്യവും ക്ലേശകരവുമാണ്. ഹേ ഭൂമൻ!, അല്ലയോ അച്യുതാ!, ലോകത്തിൽ എത്രയോ പേർ ആദ്യം അഷ്ടാംഗയോഗം മുതലായ മാർഗ്ഗങ്ങളെ അവലംബിച്ച് ഒടുവിൽ ആത്മജ്ഞാനം സിദ്ധിക്കാതെ, പിന്നീട് സർവ്വകർമ്മങ്ങളും നിന്തിരുവടിയിൽ അർപ്പിച്ച് പുണ്യകർമ്മങ്ങളാലും അവിടുത്തെ പുണ്യകഥകളെ കേട്ടുകൊണ്ടും നേടിയ ഭക്തികൊണ്ട് നിഷ്പ്രയാസം അവിടുത്തെ പരമപദത്തെ പ്രാപിച്ചിട്ടുണ്ട്. എങ്കിലും, അല്ലയോ ഭൂമൻ!, ഗുണാതീതമായ അവിടുത്തെ തത്വം നിർമ്മലചിത്തന്മാർക്ക് ആത്മാകാരം പൂണ്ട അന്തഃകരണത്തിന്റെ സാക്താത്കാരം കൊണ്ടും മറ്റും അറിയുവാൻ സാധ്യമാണ്. എന്നാൽ അവിടുത്തെ സഗുണാത്മകമായ രൂപത്തെ അറിയുന്നത് അതിലും ക്ലേശകരമാണ്. ഒരുപക്ഷേ!, അനേകജന്മങ്ങൾകൊണ്ടെങ്കിലും ചിലർക്ക് ഈ ഭൂമിയിലുള്ള മൺതരികളും ആകാശത്തിലുള്ള മഞ്ഞിൻതുള്ളികളും, അന്തരീക്ഷത്തിലുള്ള ജ്യോതിർഗോളങ്ങളുടെ കിരണങ്ങളുമൊക്കെ എണ്ണി തിട്ടപ്പെടുത്താൻ കഴിഞ്ഞേക്കാം. എന്നാൽ ഗുണങ്ങളുടെ അധിഷ്ഠാതാവായി ഈ ലോകത്തിന്റെ ക്ഷേമത്തിനായി അവതാരം കൈക്കൊണ്ടിരിക്കുന്ന നിന്തിരുവടിയുടെ ഗുണഗണങ്ങൾ ഇത്രയെന്ന് സമർത്ഥിക്കുവാൻ ആർക്കുംതന്നെ കഴിയുകയില്ല. ആകയാൽ, അവിടുത്തെ കരുണയെ ആഗ്രഹിച്ചുകൊണ്ട്, സ്വാർജ്ജിതമായ കർമ്മഫലത്തെ അനുഭവിച്ചുകൊണ്ട്, മനസ്സ്, വാക്ക്, ശരീരം, എന്നിവകൊണ്ട് നിന്തിരുവടിയെ നമസ്കരിച്ചുകൊണ്ട്, ആരാണോ ജീവിക്കുന്നത്, അവൻ മോക്ഷപദത്തിന് അർഹനായിത്തീരുന്നു. ഹേ ഈശ്വരാ!, ഞാൻ എത്ര വിവരദോഷിയാണ്!... നാശരഹിതനും സർവ്വകാരണഭൂതനും സർവ്വനിയന്താവും മായാവികൾക്കെല്ലാം മായാവിയുമായി നിലകൊള്ളുന്ന അങ്ങയിൽപോലും തുച്ഛമായ മായയെ പ്രയോഗിച്ച് ഞാനെന്റെ സാമർത്ഥ്യത്തെ അറിയുവാൻ ആഗ്രഹിച്ചു. അഗ്നിക്കുമുന്നിൽ തീപ്പൊരി പോലെ അങ്ങേയ്ക്ക് മുന്നിൽ ഞാൻ എത്ര  തുച്ഛൻ!. ഹേ അച്യുതാ!, അടിയൻ രാജസഗുണത്തിൽനിന്നുത്ഭവിച്ചവനാണ്. നിന്തിരുവടിയിൽനിന്നും വേറിട്ടുനിൽക്കുന്ന ഈശ്വരനാണെന്നഭിമാനിച്ചുകൊണ്ട് അവിടുത്തെ മഹിമയെ മനസ്സിലാക്കാത്തവനാണ്. സൃഷ്ടികർത്താവാണെന്ന അഹങ്കാരത്തിൽ മതിമറന്ന് വിവേകം നശിച്ചവനാണ്. രക്ഷകനായി അങ്ങുണ്ടെങ്കിൽ മാത്രമേ അടിയന് രക്ഷയുള്ളൂ എന്ന് മനസ്സിലാക്കി ഈയുള്ളവനോട് പൊറുത്തരുളണം. പ്രകൃതി, മഹത്തത്വം, അഹങ്കാരം, ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവയാൽ ചുറ്റപ്പെട്ട ഒരു ബ്രഹ്മാണ്ഡകടാഹത്തിനുള്ളിൽ ഏഴ് ചാണോളം പൊക്കം മാത്രമുള്ള ഉടലോടുകൂടി കിടക്കുന്ന അടിയനെവിടെ!, അതേസമയം, ഇങ്ങനെയുള്ള അനേകം ബ്രഹ്മാണ്ഡങ്ങളാകുന്ന പരമാണുക്കളുടെ സഞ്ചാരത്തിനുതകുന്ന ജനലുകളോ എന്ന് തോന്നിക്കുന്ന രോമകൂപങ്ങളോടുകൂടിയ അങ്ങയുടെ മഹിമയെവിടെ!... അല്ലയോ അധോക്ഷജാ!, ഗർഭസ്ഥശിശുവിന്റെ കാൽകുതിപ്പ് അമ്മയുടെ നേർക്ക് ഒരപരാധമാകുമോ! പ്രപഞ്ചത്തിലെ യാതൊന്നെങ്കിലും അവിടുത്തെ കുക്ഷിയിൽ ചേരാത്തതായിട്ടുണ്ടോ!. ആവിധം ചിന്തിച്ച് അടിയന് മാപ്പേകണം. മൂന്ന് ലോകങ്ങളും പ്രളയത്തിലായ അവസ്ഥയിൽ സമുദ്രങ്ങൾ ഒന്നിച്ചുചേർന്ന ആ ജലപ്പരപ്പിൽ ശയിക്കുകയായിരുന്ന നാരായണമൂർത്തിയുടെ നാഭീപങ്കജത്തിൽനിന്നും ബ്രഹ്മാവ് ജനിച്ചു എന്ന ചൊല്ല് പൊളിയാകാൻ വഴിയില്ല, നിശ്ചയം.. എങ്കിലും, ഈശ്വരാ!, ഞാൻ അങ്ങയിൽനിന്നുണ്ടായവനല്ലേ?.. ദേവാ!, നിന്തിരുവടി നാരായണനാണ്. സകലജീവരാശികളുടേയും അന്തരാത്മാവായും സർവ്വലോകത്തിനും സാക്ഷീഭൂതനായും അങ്ങ് വർത്തിക്കുന്നു. അവിടുത്തെ മായയാണെങ്കിൽക്കൂടി, പരമാത്മാവിൽനിന്നുണ്ടായ കാരണജലത്തിൽ ശയിക്കുന്നതുകൊണ്ട് നാരായണനും അങ്ങയുടെ അംശം മാത്രമാണ്. 

ഭഗവാനേ!, ആ നാരായണരൂപം കാരണജലത്തിൽ സ്ഥിതി ചെയ്യുന്നുവെന്നുള്ളത് സത്യമാണെങ്കിൽ, ഞാൻ അന്ന് അവിടുത്തെ നാഭീകമലത്തിന്റെ നാളം വഴി ഉള്ളിലേക്കൂർന്നിറങ്ങി അന്വേഷിച്ചപ്പോൾ എന്തുകൊണ്ട് എനിക്ക് കാണപ്പെട്ടില്ല?, പിന്നീട് ഞാൻ തപം ചെയ്തപ്പോൾ അടിയന്റെ ഹൃദയത്തിൽത്തന്നെ എങ്ങനെ ഞാൻ അത് തെളിഞ്ഞുകണ്ടു? ഉടൻതന്നെ എന്തുകൊണ്ട് വീണ്ടും ആ രൂപം അപ്രത്യക്ഷമായി?.. അങ്ങയുടെ ഈ അവതാരത്തിൽത്തന്നെ ഇക്കാണുന്ന സകല ദൃശ്യപ്രപഞ്ചവും അങ്ങ് ദേവി യശോദയ്ക്ക് പണ്ട് അങ്ങയുടെ ഉദരാന്തർഭാഗത്തിൽത്തന്നെ  കാട്ടിക്കൊടുത്തിരുന്നു. നിന്തിരുവടിയുടെ ഉദരത്തിനുള്ളിൽ അവിടുത്തോടൊപ്പം കാണപ്പെടുന്ന ഇക്കാണായ പ്രപഞ്ചമെല്ലാം എപ്രകാരം ശോഭിക്കുന്നുവോ, അപ്രകാരംതന്നെ അവയെല്ലം വെളിയിലും ശോഭിക്കുന്നു. അങ്ങനെ നോക്കുമ്പോൾ ഇതെല്ലാം നിന്തിരുവടിയുടെ മായയല്ലാതെന്താകുന്നു?.. ഇപ്പോൾത്തന്നെ അവിടുത്തെ മായാതത്വം അവിടുന്നുതന്നെ അടിയന് കാട്ടിത്തന്നില്ലേ?. ആദ്യം നിന്തിരുവടി മാത്രമായിരുന്നു. പിന്നീട്, ഗോകുലത്തിലെ ഗോപബാലന്മാരായും, ഗോവത്സങ്ങളായും, എന്തിനുപറയാൻ, കാലിക്കോൽ, പുല്ലാങ്കുഴൽ മുതലായ സകല വസ്തുക്കളായും അങ്ങ് പ്രത്യക്ഷനായി. അനന്തരം അവയെല്ലാം നാല് തൃക്കരങ്ങളോടുകൂടിയവയായും ഞാൻ കണ്ടു. പിന്നീട് ഞാനടക്കമുള്ളവരെല്ലാം ചേർന്ന് അങ്ങയെ ഉപാസിക്കുന്നതായി ഞാൻ കണ്ടറിഞ്ഞു. ആയതിനാൽ, അപരിച്ഛിന്നവും അദ്വയവുമായ ബ്രഹ്മം ഒന്നുമാത്രമേയുള്ളുവെന്ന് അടിയൻ മനസ്സിലാക്കുന്നു. നിന്തിരുവടിയുടെ പരമാർത്ഥത്തെ അറിയാത്തവർക്ക് അങ്ങിവിടെ പ്രകൃതിയിൽ നിലകൊണ്ടുകൊണ്ട് സ്വയം മൂന്നായി പിരിഞ്ഞ് സൃഷ്ടിയ്ക്കുവേണ്ടി ഞാനായും, രക്ഷയ്ക്കുവേണ്ടി ഈ കാണുന്ന രൂപത്തോടും, അതുപോലെ സംഹാരത്തിനായി രുദ്രനായും വർത്തിക്കുന്നതുപോലെ കണ്ടറിയുന്നു. ഹേ ഈശ്വരാ!, ദേവന്മാരിലും മനുഷ്യന്മാരിലും മൃഗങ്ങളിലും മറ്റ് സകലചരാചരങ്ങളിലൂടെയും അങ്ങ് സ്വീകരിക്കുന്ന എല്ല അവതാരാങ്ങളും ഇവിടെ ദുഷ്ടജനനിഗ്രഹത്തിനായും ശിഷ്ടജനപരിപാലനത്തിനായും ഉള്ളതാകുന്നു. അങ്ങനെ എങ്ങും നിറഞ്ഞവനായ അങ്ങ് സ്വമായയാൽ സദാ ക്രീഡിച്ചുകൊണ്ടേയിരിക്കുന്നു. ആ ലീലകൾ എവിടെയാണെന്നോ, എപ്രകാരമാണെന്നോ, എപ്പോഴാണെന്നോ, എത്രയാണെന്നോ, ആർക്കുംതന്നെ ഗ്രഹിക്കുവാൻ കഴിയുന്നില്ല. സ്വപ്നതുല്യമായതും ദുഃഖമയമായതുമായ ഈ പ്രപഞ്ചം മായയാൽ രചിക്കപ്പെട്ടതാണെങ്കിലും അത് സത്യസ്വരൂപനായ അങ്ങയിൽ നിലകൊള്ളുന്നതിനാൽ അത് എന്നെന്നും പരമാർത്ഥമെന്നതുപോലെ തോന്നപ്പെടുന്നു. ഇവിടെ നിത്യസത്യമായത് യാതൊന്നുണ്ടോ അത് അങ്ങ് മാത്രമാകുന്നു. യാതൊരുവനാണോ ഇപ്രകാരമുള്ള അവിടുത്തെ പരമാത്മതത്വത്തെ ആചാര്യാനുഗ്രഹത്താൽ ഉള്ളവണ്ണം അറിയുന്നതു, അവൻ സ്വപ്നതുല്യവും യഥാർത്ഥത്തിൽ ഇല്ലാത്തതുമായ ഈ സംസാരത്തെ കടക്കുന്നു. ആത്മതത്വത്തെ മനസ്സിലാക്കാത്തവർക്ക് ഇവിടെ മായാമയമായ പ്രപഞ്ചം ഉള്ളതുപോലെ തോന്നുന്നു. എന്നാൽ കയറിൻ കഷണത്തിൽ കണ്ട സർപ്പം പ്രകാശമുദിക്കുമ്പോൾ അപ്രത്യക്ഷമാകുന്നതുപോലെ ആത്മജ്ഞാനികൾക്ക് ജ്ഞാനോദയത്താൽ അജ്ഞാനകാര്യമായ ഈ പ്രപഞ്ചം വീണ്ടും മറഞ്ഞുപോകുന്നു. 

സംസാരത്തിലുള്ള ബന്ധവും മോക്ഷവുമെല്ലാം കേവലം അജ്ഞാനത്താൽ തോന്നുന്ന ഭ്രമങ്ങൾ മാത്രമാണു. എന്നാൽ നിത്യസത്യമായ ആത്മാവിനെക്കുറിച്ച് വിചിന്തനം ചെയ്യുമ്പോൾ, ആദിത്യനിൽ രാപ്പകലുകൾ എന്നതുപോലെ, ഒന്നും പരമാത്മാവിൽനിന്നും വേറിട്ടതല്ലെന്ന സത്യം ബോധ്യമാകുന്നു. അതായത് സൂര്യന് രാപ്പകലുകൾ ഇല്ലാത്തതുപോലെ, ആത്മാവ്വിന് ബന്ധന്മോക്ഷങ്ങൾ ഇല്ലെന്ന് സാരം. പരമാത്മാവായ നിന്തിരുവടിയെ ദേഹമായും, അതുപോലെ ദേഹത്തെ ആത്മാവായും ധരിച്ചുവച്ചതിനുശേഷം, ആത്മാവിനെ പുറമേ അന്വേഷിച്ചുനടക്കുന്ന മൂഢജനങ്ങളുടെ അറിവുകേട് ആശ്ചര്യംതന്നെ. വിവേകിൾ അവരുടെ ശരീരത്തിൽത്തന്നെ അങ്ങല്ലാത്തതിനെയെല്ലാം നിഷേധിച്ചുകൊണ്ട് അങ്ങയെ കണ്ടെത്തുന്നു. ആരോപിതമായ സർപ്പത്തെ നിഷേധിക്കാതെ എങ്ങനെ ഒരാൾക്ക് കയറിനെ മനസ്സിലാക്കാൻ കഴിയും?. ആത്മതത്വത്തെ അറിയുകയെന്നത് ക്ഷിപ്രസാദ്യമാണെന്ന് പറയുന്നുവെങ്കിലും,, അവിടുത്തെ തൃപ്പാദങ്ങളിൽ ഏതെങ്കിലും ഒന്നിന്റെയെങ്കിലും അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ ആ തത്വം ഒരുവന് സാധ്യമാവുകയുള്ളൂ. അല്ലാത്തപക്ഷം ഒരുവൻ എത്രകാലം അന്വേഷണം തുടർന്നാലും അതറിയാൻ സാധ്യമല്ല. അതുകൊണ്ട്, അല്ലയോ നാഥാ!, ഈ ബ്രഹ്മജന്മത്തിലോ അഥവാ മറ്റേതെങ്കിലും പക്ഷിമൃഗാദികളുടെ ജന്മത്തിലോ ആ അറിവ് അടിയന് സാധ്യമാക്കിത്തരേണമേ!.. ആ മഹാഭാഗ്യത്താൽ ഞാൻ അങ്ങളുടെ ഭക്തന്മാർക്കിടയിൽ ജീവിച്ചുകൊണ്ട് അവിടുത്തെ പാദപത്മത്തെ സേവിച്ചുകൊള്ളാം. 

ഹേ ദേവാ! മഹായാഗങ്ങൾക്ക് പോലും അങ്ങയെ തൃപ്തിപ്പെടുത്തുവാൻ കഴിയുന്നില്ല. അങ്ങനെയുള്ള നിൻതിരുവടി പശുക്കുട്ടികളുടെയും ഗോപ ബാലന്മാരുടെയും രൂപം ധരിച്ചുകൊണ്ട് ഗോകുലത്തിലെ ഗോക്കളുടെയും ഗോപികമാരുടെയും അമൃതമുലപ്പാൽ അത്യന്തം സന്തോഷത്തോടെ ആനന്ദിക്കുന്നു. എന്തൊരാശ്ചര്യം! പരമാനന്ദാത്മകനായ ഈ പരബ്രഹ്മ മൂർത്തി ഗോകുലവാസികളുടെ സമക്ഷം പ്രത്യക്ഷ ഭാവത്തിൽ നിവസിക്കുന്നു. അതെല്ലാം അവരുടെ ഭാഗ്യം എന്നല്ലാതെ എന്തു പറയാൻ! ഹേ അച്യുതാ! ഈ ഗോകുലവാസികളുടെ ഭാഗ്യം ഞങ്ങളുടെയും ഭാഗ്യം തന്നെ. എന്തെന്നാൽ രുദ്രൻ തുടങ്ങിയിട്ടുള്ള ഞങ്ങൾ 11 പേരും ഓരോ ഇന്ദ്രിയങ്ങളുടെയും അധിപന്മാരായിരുന്നുകൊണ്ട് അവരിലൂടെ നിത്യനിരന്തരമായി അവിടുത്തെ പാദരവിന്ദങ്ങളിലെ പൂന്തേനാകുന്ന അമൃതതുല്യമായ രസം പാനം ചെയ്തുകൊണ്ടേയിരിക്കുന്നു. ഈ മനുഷ്യലോകത്തിൽ, വിശേഷിച്ചും ഗോകുലത്തിൽ, ഇവരിൽ ഒരാളുടെ പാദരേണുക്കളാലുള്ള അഭിഷേകം ലഭിക്കുവാൻ ഉതകുന്ന ഏതെങ്കിലും ഒരു ജന്മം അടിയനും സിദ്ധിക്കുമാറാകട്ടെ! എന്തുകൊണ്ടെന്നാൽ, ഈ ഗോകുലവാസികൾ മഹാഭാഗ്യം സിദ്ധിച്ചവരാണ്. കാരണം, അവരുടെ ജീവിതം മുഴുവനും സർവ്വൈശ്വര്യസമ്പൂർണ്ണനും മുക്തിദാതാവുമായ നിന്തിരുവടിയാണല്ലോ!. അത് മാത്രമല്ല, ആ പാദരേണുവിനെ ആണല്ലോ വേദങ്ങളിലൂടെ ഞങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഹേ ദേവാ! അവരുടെ സർവ്വവും നിന്തിരുവടി തന്നെയാണ്. സർവ്വസ്വവും നിന്നിൽ അർപ്പിച്ച അവർക്ക് നീയല്ലാതെ പിന്നെ എന്താണ് ഇവിടെ സ്വന്തമായുള്ളത്? ഇതെല്ലാം കണ്ട് ഞങ്ങളുടെ മനസ്സ് ഒരൊത്തും പിടിയും കിട്ടാതെ മോഹത്തിലാണ്ടിരിക്കുന്നു. എന്തിന് പറയാൻ! മാതാവിൻറെ വേഷം ചമഞ്ഞുവന്നതുകൊണ്ട് പൂതനപോലും കുടുംബത്തോടൊപ്പം നിന്തിരുവടിയെതന്നെ പ്രാപിച്ചുവല്ലോ! കൃഷ്ണ! 

ഏതുകാലംവരെയും ജനങ്ങൾ അങ്ങയിൽ നിന്നും വേറിട്ട് നിൽക്കുന്നു, അത്രകാലം അവർ രാഗദ്വേഷദികൾക്ക് അടിപ്പെട്ടവരായിരിക്കും. അക്കാലം വരെയ്ക്കും വീടുകൾ അവർക്ക് തടവറയായിരിക്കും. അക്കാലം വരേയ്ക്കും മോഹം അവർക്ക് കാൽവിലങ്ങുകളായിരിക്കും. ഹേ സർവ്വശക്ത!, സകലതിനും പരനായ അങ്ങ് അങ്ങയെ പ്രാപിച്ചിരിക്കുന്ന ജനസമൂഹത്തിന് ആനന്ദത്തെ നൽകുവാനായി ഈ ഭൂലോകത്തിൽ പ്രാപഞ്ചികമായ അവസ്ഥയെതന്നെ അനുകരിക്കുന്നു. ഞങ്ങൾ അവിടുത്തെ തത്വത്തെ മനസ്സിലാക്കിയിട്ടുള്ളവരാണെന്ന് ചിലർ മനസ്സിലാക്കുന്നു. അവരെ പഴിച്ചതുകൊണ്ട് എന്ത് ഫലം! അവർ അങ്ങനെ തന്നെ കരുതിക്കോട്ടെ! എന്നാൽ നിന്തിരുവടിയുടെ മഹിമ എൻറെ മനസ്സിനും ശരീരത്തിനും വാക്കിനും വിഷയീഭവിക്കുന്നില്ല. കൃഷ്ണ!, അവിടുന്ന് എന്നെ പോകാൻ അനുവദിച്ചാലും. അങ്ങ് എല്ലാം അറിയുന്നവനാണ്. ലോകങ്ങൾക്കെല്ലാം നാഥൻ അങ്ങ് മാത്രമാണ്. ഈ ലോകം ഭവാന് സമർപ്പിക്കപ്പെട്ടിരിക്കുന്നു. കൃഷ്ണ!, പ്രളയം വരേയ്ക്കും നിത്യശുദ്ധബുദ്ധമുക്തസ്വരൂപനായ അങ്ങേയ്ക്ക് നമസ്കാരം.

ശ്രീശുകൻ പറഞ്ഞു “ഇങ്ങനെ പ്രാർത്ഥിച്ചുകൊണ്ട് ബ്രഹ്മദേവൻ ഭഗവാനെ മൂന്നുവട്ടം വലം വെച്ച് ആ തൃപ്പാദങ്ങളിൽ വീണുവണങ്ങിയതിനുശേഷം തന്റെ സ്ഥാനത്തിലേക്ക് മടങ്ങിപ്പോയി. അങ്ങനെ ഭഗവാൻ ബ്രഹ്മാവിനെ യാത്ര നൽകി അയച്ചതിനു ശേഷം മുൻപത്തേതു പോലെ പുല്ലുമേഞ്ഞും മറ്റും നിന്നിരുന്ന പശുക്കുട്ടികളെയും തന്നോടൊപ്പം ഉണ്ടായിരുന്ന ഗോബബാലന്മാരെയും യമുന മണൽത്തിട്ടയിലേക്ക് കൊണ്ടുവന്നു. അല്ലയോ! പരീക്ഷിത്ത് രാജൻ! അവർക്ക് ഭഗവാനുമായി സത്യത്തിൽ ഒരു വർഷക്കാലം വേർപെട്ടുനിൽക്കേണ്ടിവന്നെങ്കിലും ഭഗവന്മായയാൽ ആ ദൈർഘ്യം വെറും അരനിമിഷം എന്നോണം തോന്നപ്പെട്ടു. രാജാവേ! ഭഗവന്മായയിൽ മോഹിക്കപ്പെട്ട ചിത്തത്തോടുകൂടിയവർ ഈ ലോകത്തിൽ എന്തെന്തിന് തന്നെ മറക്കുന്നില്ല! ലോകം മുഴുവൻ അവന്റെ മായയിൽ മോഹിതമായിട്ട് കൂടെക്കൂടെ ആത്മാവിനെ പോലും മറന്നു കളയുന്നു. ആ ഗോപബാലന്മാർ ഭഗവാനോട് പറയുകയാണ് “എത്ര പെട്ടെന്നാണ് നീ ഈ പശുക്കിടാങ്ങളുമായി തിരികെ വന്നത്?.. വരൂ! സുഖമായിരുന്നു നമുക്കിനി ഊണ് കഴിക്കാം“ 

അനന്തരം ഭഗവാൻ പുഞ്ചിരിച്ചുകൊണ്ട് കുട്ടികളോട് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചതിനുശേഷം അവർക്കൊരു പെരുമ്പാമ്പിന്റെ തോൽ കാണിച്ച് കൊടുത്ത് അവരെ രസിപ്പിച്ചു. ആ വനത്തിൽ നിന്നും ഗോകുലത്തിലേക്ക് തിരിച്ചുപോയി. സകലർക്കും ആനന്ദമേകിക്കൊണ്ട് സുന്ദരൂപനായ ഭഗവാൻ ഗോപപാലൻമാരോടും ഗോക്കളോടുംകൂടി ഗോകുലത്തിൽ പ്രവേശിച്ചു. ഭഗവാൻ ഒരു വലിയ പെരുമ്പാമ്പിനെ കൊന്ന കഥ ആ ഗോപബാലന്മാർ ഗോകുലത്തിൽ ചെന്ന് വിസ്തരിച്ചുപറഞ്ഞു.

രാജാവ് പറഞ്ഞു “അല്ലയോ ബ്രഹ്മർഷേ!, സ്വന്തം കുട്ടികളിൽപോലും ഇതിനുമുമ്പ് ഉണ്ടായിട്ടില്ലാത്ത തരത്തിൽ ഈ സ്നേഹം ഗോകുലവാസികൾക്ക് അന്യന്റെ കുട്ടിയായി പിറന്ന ഭഗവാനിൽ എങ്ങനെയുണ്ടായി എന്ന് പറഞ്ഞു തന്നാലും. 

ശ്രീശുകൻ പറഞ്ഞു “രാജാവേ! എല്ലാ പ്രാണികൾക്കും അവരവരുടെ ആത്മാവ് തന്നെയാണ് ഏറ്റവും പ്രിയമായിട്ടുള്ളത്. സന്താനവും സമ്പത്തും ഒക്കെ ആത്മപ്രീതിക്ക് വേണ്ടി ഇഷ്ടമുള്ളതായി തീരുന്നു എന്ന് മാത്രമേയുള്ളൂ. അല്ലയോ രാജശ്രേഷ്ഠ!, അതുകൊണ്ട് പ്രാണികൾക്ക് സ്വന്തം ശരീരത്തിനേക്കാൾ കൂടുതൽ ഇഷ്ടം അവർക്ക് മമതയെ ആസ്പദിച്ചു നിൽക്കുന്ന പുത്രൻ, ധനം, ഗൃഹം, ഇത്യാദികളിൽ ഉണ്ടാകുന്നില്ല. അല്ലയോ ക്ഷത്രിയോത്തമ! ഇനി ദേഹത്തെ ആത്മാവായി കണ്ട് വിശ്വസിക്കുന്ന ജനങ്ങൾക്ക് പോലും ദേഹം ആണ് മറ്റേതിനേക്കാളും പ്രിയം. അതുപോലെ മമതയാൽ ആത്മാവുമായി ബന്ധപ്പെട്ട നിൽക്കുന്നത് ഒഴിച്ചാൽ ആത്മാവോളം പ്രിയം ആർക്കും ശരീരത്തിലും തോന്നുകയില്ല. കാരണം, ശരീരം ക്ഷയിക്കുമ്പോഴും ജീർണ്ണിക്കുന്ന സന്ദർഭത്തിലും ജീവികളിൽ ജീവിക്കുവാനുള്ള ആഗ്രഹം ശക്തിമത്തായിത്തന്നെ കാണപ്പെടുന്നു. ആകയാൽ എല്ലാ ശരീരികൾക്കും എല്ലാത്തിനേക്കാളും ഉപരി പ്രിയമായത് സ്വന്തം ആത്മാവ് തന്നെയാണ്. സകല ചരാചരങ്ങളും ഈ ലോകം മുഴുവനും ആത്മാവിന്‍റെ പ്രീതിക്കുവേണ്ടി മാത്രമാകുന്നു. അതുകൊണ്ട് അല്ലയോ രാജൻ! ഈ ശ്രീകൃഷ്ണഭഗവാൻ സകല ജീവജാലങ്ങളുടെയും ആത്മാവാണെന്ന് താങ്കൾ ധരിച്ചുകൊണ്ടാലും. അവൻ ഈ ലോകത്തിൻറെ യോഗക്ഷേമത്തിനായി ഈ ലോകത്തിൽ മായയാൽ ദേഹം ഉള്ളവനെന്ന പോലെ ശോഭിക്കുന്നു. ഈ ലോകത്തിൽ ശ്രീകൃഷ്ണപരമാത്മാവിനെ ഉള്ളവണ്ണം അറിയുന്നവർക്ക് സ്ഥാവരജംഗമമടങ്ങിയ സകലതും കൃഷ്ണസ്വരൂപം മാത്രമാണ്. പ്രപഞ്ചത്തിൽ സകല പദാർത്ഥങ്ങളും അവയുടെ കാരണപദാർത്ഥത്തിൽനിന്നും ഉണ്ടാകുന്നു. ആ കാരണത്തിനും പരമകാരണമായത് ഭഗവാൻ ശ്രീകൃഷ്ണനാണ്. ആയതിനാൽ അവനല്ലാതെ ഇവിടെ യാതൊന്നും തന്നെയില്ല. ഭഗവത്പാദത്തെ ആശ്രയിച്ചിട്ടുള്ളവർക്ക് സംസാരസാഗരം ഒരു കാലിക്കുളമ്പുചാലായി തീരുന്നു. വൈകുണ്ഠമാണ് അവരുടെ ആവാസസ്ഥാനം. ദുഃഖങ്ങളുടെ ഇരിപ്പിടമായ സംസാരം അവരെ ബാധിക്കുന്നില്ല. 

രാജൻ! ഭഗവാൻ തൻറെ അഞ്ചാം വയസ്സിൽ ചെയ്ത ഈ ലീലകളെ ആഘോഷിക്കപ്പെട്ടത് ഒരു വർഷം കഴിഞ്ഞ് അവൻറെ ആറാം വയസ്സിലായിരുന്നു. അങ്ങനെ അങ്ങ് ചോദിച്ചതിനുള്ള മറുപടി എന്നാൽ ആവുംവിധം ഞാൻ പറഞ്ഞുകഴിഞ്ഞിരിക്കുന്നു. അതുപോലെ ചങ്ങാതികളുമായി ഒരുമിച്ച് ഭഗവാൻ ചെയ്ത ലീലാവിലാസവും, അഘാസുരവധവും, പച്ചപ്പുൽത്തകടിയിലിരുന്നുകൊണ്ട് അവർ വനഭോജനം ചെയ്തതും, ബ്രഹ്മാവിനാൽ ചെയ്യപ്പെട്ട ഭഗവദ് സ്തുതിയും ഒക്കെ കേൾക്കുകയും ചൊല്ലുകയും ചെയ്യുന്ന മനുഷ്യൻ സമസ്തപുരുഷാർത്ഥങ്ങളെയും പ്രാപിക്കുന്നു. 

ഇങ്ങനെ ഒളിച്ചുകളിച്ചുകൊണ്ടും, അണകെട്ടികൊണ്ടും, വാനരന്മാരെപോലെ ചാടിമറിയുകയും മറ്റും ചെയ്തുകൊണ്ടും കുട്ടിക്കാലത്തിന് യോജിച്ച വിധത്തിലുള്ള ഓരോരോ ക്രീഢകളോടുകൂടി രാമകൃഷ്ണൻമാർ ഗോകുലത്തിൽ കൗമാരദശയെ പിന്നിട്ടു.

ഇങ്ങനെ ശ്രീമദ് ഭാഗവതം ദശമസ്കന്ധം പതിനാലാമദ്ധ്യായം സമാപിച്ചു.


ഓം തത് സത്



<<<<< >>>>>


2023, ഫെബ്രുവരി 26, ഞായറാഴ്‌ച

10.13 ബ്രഹ്മാവിനെ ഭഗവാൻ മോഹിപ്പിക്കുന്നത്..



ശ്രീമദ് ഭാഗവതം – ദശമസ്കന്ധം - അദ്ധ്യായം – 13
(ബ്രഹ്മസമ്മോഹനം)

ശ്രീശുകൻ പറഞ്ഞു : “അല്ലയോ! ഭാഗവതോത്തമാ!, ഭഗവാന്റെ ലീലാമൃതം എന്നെന്നും പുതുയാർന്നതാകുന്നു. ആയതിനാലാണ്. വീണ്ടും വീണ്ടും അങ്ങത് ചോദിച്ചുകൊണ്ടേയിരിക്കുന്നതു. സർവ്വാത്മനാ ഭഗവദ്ഭക്തന്മാർ അവിടുത്തെ കഥാമൃതത്തെ കേട്ടുകൊണ്ടിരിക്കുന്നവരാണെങ്കിലും സാരഗ്രാഹികളായ അവർക്ക് ആ സത്കഥ, കാമുകന്മാർക്ക് സ്ത്രീജനങ്ങളുടെ കഥ എന്നതുപോലെ എപ്പോഴും പ്രിയമാണെന്നുള്ളത് തികച്ചും സ്വാഭാവികം മാത്രമാണ്. ഹേ രാജൻ!, അങ്ങിത് ശ്രദ്ധയോടെയിരിന്ന് കേട്ടുകൊള്ളുക. ഭഗവാന്റെ ലീലകൾ അതീവരഹസ്യമാണ്. എങ്കിലും ഞാൻ അവയെല്ലാം അങ്ങേയ്ക്കുവേണ്ടി പറഞ്ഞുകൊള്ളാം. കാരണം, സ്നേഹനിധിയായ ഒരു ശിഷ്യന് ഗോപ്യമായതുപോലും ചൊല്ലിക്കൊടുക്കാതിരിക്കുവാൻ ഉത്തമനായ ഒരു ഗുരുനാഥന് കഴിയുകയില്ല.
 
രാജൻ!, അങ്ങനെ അഘാസുരന്റെ മുഖമാകുന്ന ആ മരണക്കുടുക്കിൽനിന്നും ആ പൈക്കിടാങ്ങളേയും ഗോപാലന്മാരേയും രക്ഷിച്ചെടുത്ത് ശ്രീകൃഷ്ണഭഗവാൻ അവരെ യമുനാനദീതീരത്തിലേക്ക് കൊണ്ടുപോയിട്ട് അവരോട് ഇങ്ങനെ പറഞ്ഞു: “അല്ലയോ കൂട്ടുകാരേ!, അത്യാശ്ചര്യമായിരിക്കുന്നു. ഈ മണൽത്തിട്ട് നോക്കൂ. അതിരമണീയമായിരിക്കുന്നു. നമുക്കുല്ലസിക്കുവാനുള്ള സകല സൌകര്യങ്ങളും ഇവിടെയുണ്ട്. എത്ര മൃദുലമായ മണൽത്തരികളാണിത്!. വിരിഞ്ഞുനിൽക്കുന്ന ഈ താമരപ്പൂക്കളുടെ നറുമണത്താൽ ആകർഷിക്കപ്പെട്ട് വണ്ടുകളും പക്ഷികളും ഇവിടേയ്ക്കെത്തുന്നു. അവയുടെ ശബ്ദങ്ങൾ അതാ മറ്റൊലി കൊള്ളുന്നു. അതിൽ പരിലസിച്ചുനിൽക്കുന്ന ഈ മരങ്ങൾ എത്ര സുന്ദരമാണ് കാണാൻ!. എല്ലാവരും വിശന്നുതളർന്നിട്ടുണ്ടാകുമല്ലോ!. നമുക്കിനി ഇവിടെയിരുന്ന് ഭക്ഷണം കഴിക്കാം. പശുക്കൾ വെള്ളം കുടിച്ച് ഇവിടെയടുത്തെങ്ങാനും നിന്ന് പുല്ല് മേഞ്ഞുകൊള്ളട്ടെ!.“

രാജാവേ!, ഭഗവാൻ ഇപ്രകാരം പറഞ്ഞപ്പോൾ “എന്നാൽ അങ്ങനെയാകട്ടെ“ എന്ന് ഗോപാലന്മാരും പറഞ്ഞു. പിന്നീട്, പശുക്കളെ വെള്ളം കുടിപ്പിച്ച് അടുത്ത് മേയാൻ വിട്ടതിനുശേഷം അവർ തങ്ങളുടെ ഭക്ഷണപ്പൊതി തുറന്ന് ഭഗവാനോടൊത്തിരുന്ന് ഭക്ഷണം കഴിച്ചു. ഒരു താമരപ്പൂവിന്റെ കേസരത്തിനുചുറ്റുമുള്ള ഇതളുകൾ പോലെ, ഭഗവാനുചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്ന അവർ പരിശോഭിച്ചു. അവർ ഓരോരുത്തരും ഇലകൾ, പൂക്കൾ, തളിരുകൾ, മുളകൾ, കായ്കൾ, മരത്തൊലികൾ, കല്ലുകൾ എന്നീ വസ്തുക്കളെക്കൊണ്ട് ഭോജനപാത്രങ്ങൾ നിർമ്മിച്ച് അതിൽ ഭക്ഷണം വിളമ്പി കഴിച്ചു. അവർ തങ്ങളുടെ ഭക്ഷണപാദാർത്ഥങ്ങൾ പരസ്പരം ഭാഗം ചെയ്ത് ഭഗവാനോടൊപ്പം ആനന്ദിച്ച് അത് ആസ്വദിച്ചു. അ സമയം, ഓടക്കുഴൽ അരയിൽ തിരുകി, കൊമ്പും കാലിക്കോലും കക്ഷത്തിലിറുക്കി, ഇടതുകയ്യിൽ തൈർ കൂട്ടിക്കുഴച്ച ചോറും, വിരലുകൾക്കിടയിലായി ഉപ്പേരിയും മറ്റും പിടിച്ച് ആ ഗോപകുമാരന്മാരുടെ ഇടയിലിരുന്നുകൊണ്ട്, ഓരോരോ തമാശകൾ പറഞ്ഞ് ചിരിച്ചും അവരെ ചിരിപ്പിച്ചും, സ്വർഗ്ഗലോകവാസികൾ നോക്കിനിൽക്കേ, യജ്ഞഭുക്കായ ഭഗവാൻ ശ്രീകൃഷ്ണൻ ഊണ് കഴിച്ചു. അല്ലയോ ഭരതവംശജാ!, ഇങ്ങനെ ആ ഗോപബാലന്മാർ ഭഗവാനിൽ രമിച്ചിരിക്കുന്ന സമയത്ത്, പൈക്കിടാങ്ങൾ പുല്ലുതിന്നാനുള്ള ആഗ്രഹത്തോടുകൂടി അങ്ങ് നടുക്കാട്ടിലേക്ക് പോയി. അക്കാര്യം തിരിച്ചറിഞ്ഞ കുട്ടികൾ ഭയന്നുപോയതായി ഭയത്തിന് ഭയരൂപനായ ഭഗവാൻ മനസ്സിലാക്കി അവരോട് ഇപ്രകരം പറഞ്ഞു: “ചങ്ങാതിമാരേ!, നിങ്ങൾ ശാന്താരായി ഇരുന്ന് ഭക്ഷണം കഴിച്ചുകൊള്ളുക. ഞാൻ പോയി പൈക്കിടാങ്ങളുമായി ഉടൻ തിരിച്ചുവരാം.“ ഇങ്ങനെ പറഞ്ഞുകൊണ്ട് ഭഗവാൻ കയ്യിൽ ചോറുരുളയുമെടുത്ത് തന്റെ പശുക്കുട്ടികളേയും തിരഞ്ഞ് മലകളിലും ഗുഹകളിലും വള്ളിക്കുടിലുകളിലും മലയിടുക്കുകളിലുമൊക്കെ നടന്നുനീങ്ങി. 

അല്ലയോ കുരുശ്രേഷ്ഠാ!, സർവ്വശക്തനായ ഭഗവാൻ അഘാസുരനെ വധിച്ച് അവന് മോക്ഷം കൊടുക്കുന്ന കാഴ്ച്ച ബ്രഹ്മദേവൻ മുമ്പ് കണ്ടാനാന്ദിക്കുകയായിരുന്നു. അത്യാശ്ചര്യപൂർവ്വം ആ ലീലകൾ കണ്ട വിധാതാവ് വീണ്ടും മായാമാനുഷനായി ബാലരൂപം ധരിച്ച ഭഗവാന്റെ അത്ഭുതലീലകൾ കാണുവാനായി അവിടെയുണ്ടായിരുന്ന പശുക്കിടാങ്ങളേയും അവയെ മേച്ചുകൊണ്ടിരുന്ന ഗോപകുമാരന്മാരേയും ആ ദിക്കിൽനിന്നും മറ്റൊരിടത്തേയ്ക്ക് മാറ്റി സ്വയം അപ്രത്യക്ഷനായി. പശുക്കുട്ടികളെ കണ്ടെടുക്കാൻ കഴിയാതെ ഭഗവാൻ തിരികെ വന്നു. മണൽത്തിട്ടിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ഗോപാലന്മാരെ കൂടി കാണാതായപ്പോൾ ഭഗവാൻ അവരെയും പശുക്കിടാങ്ങളേയും അന്വേഷിച്ച് വീണ്ടും തിരച്ചിൽ തുടങ്ങി. എങ്ങും അവരെ കാണാതായപ്പോൾ ഇതെല്ലാം ബ്രഹ്മാവിന്റെ പ്രവൃത്തിയാണെന്ന് ഉടൻതന്നെ ഭഗവാൻ മനസ്സിലാക്കി. ബ്രഹ്മദേവനെയും ഗോപാലന്മാരുടെ മാതാക്കളേയും ആനന്ദിപ്പിക്കുന്നതിനായി ഈരേഴുപതിനാലുലോകങ്ങളും സൃഷ്ടിച്ച് അവയെ കാത്തുപോരുന്ന ഭഗവാൻ സ്വയംതന്നെ കാണാതായ ആ പശുക്കളായും പശുപാലന്മാരായും മാറി. എത്രതന്നെ പശുക്കളും ഗോപന്മാരും അവിടെയുണ്ടായിരുന്നുവോ, അവരുടെയൊക്കെ ശരീരങ്ങൾ ഏതുവിധമായിരുന്നുവോ, അവരുടെ പക്കലുണ്ടായിരുന്ന വസ്തുക്കൾ ഒക്കൊ എങ്ങനെയൊക്കെയായിരുന്നുവോ, അവർ അണിഞ്ഞിരുന്ന ആഭരണാദികൾ ഏതുവിധമായിരുന്നുവോ, അവരുടെ ശീലങ്ങളും ആകൃതികളും പ്രായവ്യത്യാസങ്ങളുമൊക്കെ എപ്രകാരമായിരുന്നുവോ, അവരുടെ കളികളും മറ്റുള്ള പ്രവൃത്തികളും എങ്ങനെയൊക്കെയായിരുന്നുവോ, അപ്രകാരമെല്ലാമനുസരിച്ച് എല്ലാറ്റിന്റേയും രൂപങ്ങൾ ധരിച്ചുകൊണ്ട് “സർവ്വം വിഷ്ണുമയം ജഗത്“ എന്ന വേദവാക്യത്തിന്റെ മൂർത്തീകരണമെന്നോണം ഭഗവാൻ പരിലസിച്ചു. സർവ്വാത്മാവായ ഭഗവാൻ, താനാകുന്ന പശുക്കുട്ടികളെ, താനാകുന്ന ഗോപബാലന്മാരാൽ തടുത്താട്ടിച്ചുകൊണ്ട്, താനാകുന്ന ലീലകളാൽ വിലസിക്കൊണ്ടും ഗോകുലത്തിലേക്ക് പോയി. 

രാജൻ!, ഭഗവാൻ സ്വയം അതാത് പശുക്കുട്ടികളായും ഗോപാലന്മാരായും അതാത് തൊഴുത്തുകളിലും വീടുകളിലുമായി പ്രവേശിച്ചു. വേണുനാദം കേട്ടയുടനെ ഓരോ അമ്മമാരും തങ്ങളുടെ മക്കളെ എടുത്തുപൊക്കി ഗാഢമായി ആലിംഗനം ചെയ്ത ശേഷം, അമൃത് പോലെ രുചികരമായതും സ്നേഹത്തിന്റെ കുളുർമ്മയുറ്റതുമായ മുലപ്പാൽ കുടിപ്പിച്ചു. വൈകുന്നേരം തിരിച്ചെത്തിയ ഭഗവാനെ ഓരോ അമ്മമാരും കുളിപ്പിച്ച്, കളഭം പൂശി, വസ്ത്രഭൂഷണാദികൾ ധരിപ്പിച്ച്, രക്ഷാകരണം ചെയ്ത്, പൊട്ടുതൊടീച്ച്, ഭക്ഷണം നൽകി പരിചരിച്ചു. തൊഴുത്തിൽ തിരിച്ചെത്തിയ തങ്ങളുടെ കിടാങ്ങളെ പശുത്തള്ളമാർ നക്കിത്തുടച്ച് തങ്ങളുടെ അകിടിൽ ചുരന്നിരിക്കുന്ന പാൽ കുടിപ്പിച്ചു. ഗോക്കൾക്കും ഗോപികമാർക്കും പുത്രനായി ഭവിച്ചിരിക്കുന്ന ശ്രീകൃഷ്ണനിൽ അവർക്ക് തങ്ങളുടെ പൂർവ്വസന്താനങ്ങളിലെന്നപോലെതന്നെ മാതൃത്വബുദ്ധി തോന്നി. അതുപോലെതന്നെ ഭഗവാനും അവരിൽ പുത്രഭാവനയുണ്ടായി. എന്നാൽ “ഇവൾ എന്റെ അമ്മ“, “ഞാൻ ഇവളുടെ മകൻ“ എന്ന മായാബന്ധം അവിടെയുണ്ടായിരുന്നില്ല. അങ്ങനെ ഒരു സംവത്സരം വരെ അവർ ഭഗവാനെ സ്വന്തം മക്കളുടെ സ്ഥാനത്തുകണ്ട് സ്നേഹിച്ചു. മാത്രമല്ല, അത് നാൾതോറും വർദ്ധിച്ചുവരികയും ചെയ്തു. ഇപ്രകാരം, ഭഗവാൻ സ്വയം പശുക്കുട്ടികളായും ഗോപബാലന്മാരായും ചമഞ്ഞ്, സ്വയം അവരെ നയിച്ചുകൊണ്ട് ഒരു വർഷം വരെ വനത്തിലും വ്രജത്തിലും വ്യാജമായി വിഹരിച്ചു. 

പിന്നീട് ആ ഒരു വർഷം തികയുവാൻ അഞ്ചോ ആറോ ദിവസം ബാക്കി നിൽക്കുന്ന ഒരു സമയത്ത് ഭഗവാൻ ബലരാമദേവനോടൊപ്പം, താനാകുന്ന പൈക്കിടാങ്ങളേയും ഗോപബാലന്മാരേയും കൂട്ടി വനത്തിലേക്ക് പുറപ്പെട്ടു. അന്ന് ഗോവർദ്ധനപർവ്വതത്തിനു മുകളിൽ മേഞ്ഞുനടന്നിരുന്ന പശുക്കൾ അങ്ങകലെയായി ഗോകുലത്തിനടുത്ത് പുല്ലു മേഞ്ഞുകൊണ്ടിരുന്ന പശുക്കുട്ടികളെ കാണാനിടയായി. ഉടൻതന്നെ അവ തങ്ങളെയും മറന്ന്, തങ്ങളെ മേയ്ക്കുന്നവരെ വകവയ്ക്കാതെ, കഴുത്തും മുഖവും വാലുമെല്ലാം ഉയർത്തിപ്പിടിച്ചുകൊണ്ട്, ഇരുകാലികൾ എന്ന് തോന്നിക്കുമ്പോലെ, ഹുംകാരശബ്ദത്തോടുകൂടി, ദുർഘടങ്ങളായ വഴികളിലൂടെ ഓടി അവിടേയ്ക്കെത്തി. പശുക്കുട്ടികളെ വിഴുങ്ങുമോ എന്ന് തോന്നിക്കും വിധം ആർത്തിയോടെ അവയെ അവ നക്കിത്തുടച്ചു, തുടർന്ന്, സ്വന്തം അകിടുകളിൽനിന്നും ചുരന്നൊഴുക്കുന്ന പാൽ കുടിപ്പിച്ചു. ഗോപന്മാർ അവയെ തടയുവാൻ ശ്രമിച്ചെങ്കിലും അവർക്കത് സാധിക്കാതെ വന്നു. അതിനാൽ അവർക്കുണ്ടായ വർദ്ധിച്ച നാണത്തോടും കോപത്തോടും അവർ വളരെയധികം ബുദ്ധിമുട്ടി അവിടേയ്ക്കോടിയടുത്തു. അപ്പോൾ അവർക്കവിടെ ആ പശുക്കുട്ടികൾക്കൊപ്പം സ്വപുത്രന്മാരേയും കാണാൻ കഴിഞ്ഞു. അവർ ഗോപബാലന്മാരെ കണ്ടയുടൻ ഹൃദയം പ്രേമരസത്താൽ പൂരിതമായി. മുൻപ് തോന്നിയ നീരസം അകന്ന് അവർ ആ ബാലന്മാരെ ഇരുകൈകൾകൊണ്ടും വാരിയെടുത്ത് മുറുകെ പുണർന്നു. നെറുകയിൽ പലവട്ടം ചുംബിച്ച്കൊണ്ട് അവർ പരമാനന്ദത്തെ പ്രാപിച്ചു. പിന്നീട് അവരെത്തന്നെ ഓർത്തുകൊണ്ട് അവർ വിഷമത്തോടെ കണ്ണീരൊഴുക്കിക്കൊണ്ട് അവിടം വിട്ടുപോയി. 

ഗോകുലത്തിലെ ഗോക്കൾക്കും ഗോപികമാർക്കും മുലകുടി മാറിയ കുട്ടികളിൽ പോലും ഇങ്ങനെ എന്നെന്നും വർദ്ധിച്ചുവരുന്ന ഈ പ്രേമാധിക്യത്തിന്റെ കാരണം എന്തെന്നറിയാതെ ബലരാമൻ ഒരിക്കൽ ചിന്തിച്ചു. “താനുൾപ്പെടെയുള്ള ഗോകുലവാസികൾക്ക് ഭഗവാനിലെന്നോണം ഈ കുട്ടികളിൽ വർദ്ധിവരുന്ന ഈ സ്നേഹത്തിന്റെ കാരണമെന്തായിരിക്കാം! ഇത് വളരെ അത്ഭുതമായിരിക്കുന്നു. ഇതെന്ത് മായയാണ്?.. ഇതെവിടെനിന്ന് വരുന്നു? ഇത് ദേവന്മാരുടേയോ മനുഷ്യരുടേയോ അഥവാ അസുരന്മാരുടേയോ?... തീർച്ചയായും ഇത് മായാമയനായ ശ്രീഹരിയുടെതന്നെ മായായാകാനാണ് സാധ്യത. കാരണം, എന്നെ കൂടി അത് മോഹിപ്പിക്കുന്നു.“

രാജാവേ!, തുടർന്ന് ബലരാമൻ തന്റെ ജ്ഞാനമയമായ ഉൾക്കണ്ണുകൊണ്ട് പൈക്കിടാങ്ങളേയും ഗോപബാലന്മാരേയും ഒരുനിമിഷം ഭഗവാനായിട്ട് ദർശിച്ചു. “ഭഗവാനേ!, ഇവർ ദേവന്മാരോ ഋഷികളോ ആണെന്ന് ഞാൻ കരുതുന്നില്ല. എല്ലാറ്റിലും എനിക്ക് അങ്ങയെ മാത്രമാണ് കാണാൻ സാധിക്കുന്നത്. ആയതിനാൽ ഈ ലീല അങ്ങ് എന്തിനുവേണ്ടി ആടുന്നു“ എന്ന് ചോദിച്ച് ബലരാമദേവൻ പിന്നീട് ഭഗവാനിൽനിന്നുതന്നെ അതിന്റെ പൊരുൾ മനസ്സിലാക്കി. 

തന്റെ സമയക്കണക്കനുസരിച്ച് ഒരു ത്രുടി നേരം കഴിഞ്ഞതോടെ ബ്രഹ്മദേവൻ അവിടെ തിരിച്ചെത്തുകയും ഒരു വർഷമായി എല്ലാ സ്വരൂപത്തോടെയും അവിടെ വിഹരിക്കുകയായിരുന്ന ശ്രീഹരിയെ കാണുകയും ചെയ്തു. ഗോകുലത്തിൽ എത്രത്തോളം പൈക്കിടാങ്ങളും ഗോപന്മാരുമുണ്ടായിരുന്നുവോ, അവരെല്ലാം ഇന്നും എന്റെ മായാശയ്യയിൽ കിടന്നുറങ്ങുകയാണ്. ഇപ്പോഴും അവർ ഉണർന്നിട്ടില്ല. എന്നാൽ അവരെല്ലാം ഇവിടെത്തന്നെയുണ്ടുതാനും. കൃഷ്ണനോടുകൂടി ഈ വിഹരിക്കുന്നവർ പിന്നെ ആരാണ്?.. ഇവർ എവിടെനിന്ന് വന്നവരാണ്?... എത്രകണ്ടാലോചിച്ചിട്ടും വിധാതാവിന് ഇതിൽ യഥാർഥമായുള്ളവർ ആരാണെന്നറിയാൻ കഴിഞ്ഞില്ല. രാജൻ! ഇങ്ങനെ, മോഹരഹിതനും ഈ ലോകത്തെതന്നെ മോഹിപ്പിക്കുന്നവനുമായ ഭഗവാനെ മോഹിപ്പിക്കുവാൻ മോഹിച്ച് പുറപ്പെട്ട ബ്രഹ്മദേവൻ സ്വന്തം മായായയാൽതന്നെ മോഹിതനാകുക മാത്രമാണ് ചെയ്തതു. ബ്രഹ്മദേവന്റെ ഈ പ്രവൃത്തി, ഇരുളടഞ്ഞ രാത്രിയിൽ മൂടൽമഞ്ഞുണ്ടാക്കുന്ന ഇരുട്ട് പോലെയും, അഥവാ, പകൽ വെളിച്ചത്തിൽ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോലെയും ആയിപ്പോയി. ഇങ്ങനെ മഹാപുരുഷനെ മോഹിപ്പിക്കാൻ ശ്രമിക്കുന്നവനിലെ മായ അവന്റെയുള്ളിലിരിക്കുന്ന ഈശ്വരശക്തിയെ ക്ഷയിപ്പിക്കുന്നു.  

രാജൻ!, ആ സമയത്ത്, ബ്രഹ്മദേവൻ നോക്കിനിൽക്കെത്തന്നെ ആ ഗോക്കിടാങ്ങളും ഗോപാലബാലന്മാരും ശ്യാമനിറം പൂണ്ട് മഞ്ഞപ്പട്ടാട ചാർത്തി വെവ്വേറെ കാണപ്പെട്ടു. അവർ ഓരോരുത്തരും നാല് കൈകളുള്ളവരായിരുന്നു. ആ നാല് തൃക്കരങ്ങൾതോറും ശംഖം, ചക്രം, ഗദ, പത്മം എന്നിവ ധരിച്ചിരുന്നു. അവർ കിരീടങ്ങളും മകരകുണ്ഡലങ്ങളും മുത്തുമാലകളും വനമാലകളും ധരിച്ചിരുന്നവരായിരുന്നു. ശ്രീവത്സത്തിന്റെ ശോഭയിൽ അവരുടെ തോൾവളകൾ തിളങ്ങി. അവരുടെ കൈകളിൽ ശംഖിലെ മൂന്ന് വരകൾ ഉള്ളതും രത്നമയങ്ങളുമായ വളകളണിഞ്ഞിരുന്നു. ചിലമ്പും, കടകങ്ങളും, ഉദരബന്ധങ്ങളും മോതിരങ്ങളും ഒക്കെ ചേർന്ന് അവരെ അത്യധികം പ്രശോഭിപ്പിച്ചു. അവരുടെ ശരീരങ്ങൾ ആപാദചൂഡം മഹാപുണ്യശാലികളാൽ അർപ്പിക്കപ്പെട്ട കോമളങ്ങളായ തുളസിമാലകളാൽ ചാർത്തപ്പെട്ടിരുന്നു. ചുവന്ന കടക്കണ്ണിനാൽ നോട്ടമെയ്തുകൊണ്ടിരിക്കുന്ന, അതുപോലെ വെണ്ണിലാവ് പോലെ തെളിവാർന്ന മന്ദഹാസങ്ങൾ വിരിയിച്ചുനിൽക്കുന്ന അവരെ കണ്ടാൽ, രജോഗുണത്താലും സത്വഗുണത്താലും തങ്ങളുടെ ഭക്തന്മാർക്കുള്ള അഭീഷ്ടങ്ങളെ സാധിക്കുന്നവരായും അവരെ പരിരക്ഷിക്കുന്നവരായും തോന്നുമായിരുന്നു. അങ്ങ് ബ്രഹ്മദേവൻ മുതൽ ഇങ്ങ് പുൽക്കൊടിത്തുമ്പുകൾ വരെയുള്ള സ്ഥാവരജംഗമങ്ങളുടെ നൃത്തം, ഗീതം മുതലായവകളാൽ ഉപാസിക്കപ്പെട്ടവരായിരുന്നു അവർ. അവരെ അണിമാദി ഐശ്യര്യങ്ങളും, മായ മുതലായ ശക്തികളും, മഹത് മൂതലായ ഇരുപത്തിനാല് തത്വങ്ങളും ചുറ്റിനിന്നു. അവർ കാലം, സ്വഭാവം, സംസ്കാരം, കാമം, കർമ്മം, ഗുണങ്ങൾ മുതലായവയാൽ ഉപാസിക്കപ്പെട്ടവരായിരുന്നു. അവർ പരമാർത്ഥസ്വരൂപമായ, ചൈതന്യവത്തായ, അനന്താനന്ദസ്വരൂപമായ, ഏകരൂപമായ സാക്ഷാൽ പരബ്രഹ്മത്തിന്റെ സ്വരൂപമുള്ളവരായിരുന്നു. കൂടാതെ, വേദാന്തികൾക്കുപോലും പിടികിട്ടാത്ത മഹിമയോടുകൂടിയവരുമായിരുന്നു. ഇതിനെ, അല്ലയോ രാജാവേ!, ആശ്ചര്യമെന്നല്ലാതെ എന്ത് വിളിക്കാൻ!... 

ഇങ്ങനെ, സകല സ്ഥാവരജംഗമങ്ങളും പ്രാകാശിക്കുന്നത് ആരുടെ വെളിച്ചത്താലാണോ, അതേ പ്രകാശത്തോടുകൂടി എല്ലാവരേയും ബ്രഹ്മദേവൻ അവിടെ ഒരേ സമയം കണ്ടു. അവരുടെ കാന്തിയാൽ വിധാതാവ് നിലയ്ക്കപ്പെട്ട സകല ഇന്ദ്രിയങ്ങളോടൊപ്പം തികച്ചും നിശ്ചലനായിത്തീർന്നു. അത്യാശ്ചര്യത്തോടെ ഒരു പാവപോലെ മിണ്ടാതെ നിന്നു. രാജാവേ!, ബുദ്ധിക്ക് അഗ്രാഹ്യമായ, അസാമാന്യമായ മഹിമയോടുകൂടിയ, സ്വയംജ്യോതിസ്വരൂപമായ, പ്രകൃതിക്കതീതനായ,  വേദാന്തവാക്യങ്ങളാൽ വേർതിരിച്ചറിയേണ്ടവനായ, ആ ശ്രീകൃഷ്ണപരമാത്മാവിനെ കണ്ടശേഷം ബ്രഹ്മദേവൻ, “ഇതെന്തൊരാശ്ചര്യം“ എന്നോർത്ത് മോഹിക്കുകയും, ഒന്നുംതന്നെ കാണാൻ കഴിയാത്തവനായിത്തീരുകയും ചെയ്തു. ആ സമയത്ത്, ബ്രഹ്മാവിനുണ്ടായ ക്ലേശത്തെ മനസ്സിലറിഞ്ഞ് ഭഗവാകട്ടെ മായയാകുന്ന മറയെ നീക്കം ചെയ്തു. അതിനുശേഷം, ബ്രഹ്മദേവന് ബാഹ്യബോധം വീണ്ടുകിട്ടുകയും, തുടർന്ന്, എപ്രകാരമാണൊ മരിച്ചവൻ എഴുന്നേറ്റുവരുന്നത്, അപ്രകാരം വളരെ പ്രയാസപ്പെട്ട് കൺകളെല്ലാം തുറന്നുപിടിച്ച് തന്നോടുകൂടിയുള്ള ഈ ലോകത്തെ ദർശിച്ചു. ഉടൻതന്നെ അദ്ദേഹം ചുറ്റുപാടും കണ്ണോടിച്ചു. എങ്ങെങ്ങും ജനങ്ങൾക്ക് പ്രിയപ്പെട്ടതെല്ലാം നൽകുന്ന വൃന്ദാവനത്തിലാണ് താൻ നിൽക്കുന്നതെന്ന് മനസ്സിലാക്കി. ആ വൃന്ദാവനത്തിൽ ജന്മനാ ശത്രുക്കളായുള്ള മനുഷ്യരും മൃഗങ്ങളും ചങ്ങാതികളെപ്പോലെയായിരുന്നു കഴിഞ്ഞിരുന്നത്. അവിടം ശ്രീകൃഷ്ണഭഗവാന്റെ സാന്നിധ്യത്തിൽ ക്രോധലോഭാദികൾ അകന്ന സ്ഥലമായിരുന്നു. 

രാജൻ!, അങ്ങനെ ബ്രഹ്മദേവൻ നോക്കുമ്പോൾ, ഒരു ഗോപാലകവേഷത്തിൽ മുന്നേപോലെ കയ്യിൽ ചോറ്റുരുളയുമായി നാലുപാടും പശുക്കുട്ടികളേയും തന്റെ ചങ്ങാതിമാരേയും തേടിനടക്കുന്നവനെപ്പോലെ, അദ്വയനായ, സകലതിനും പരനായ, അഗാധബോധത്തിന്റെ സ്വരൂപത്തോടുകൂടിയ കേവലബ്രഹ്മത്തെ അദ്ദേഹത്തിന് കാണാൻ കഴിഞ്ഞു. ഉടൻതന്നെ വിധാതാവ് തന്റെ വാഹനത്തിൽനിന്നും താഴത്തിറങ്ങി. നിലത്ത് ഒരു കനകദണ്ഢം പോലെ വീണുനമസ്കരിച്ചു. നാല് കിരീടങ്ങളുടെയും അഗ്രഭാഗങ്ങൾ ഭഗവദ്പാദത്തിൽ സ്പർശിച്ചു. ആ പാദങ്ങളെ സന്തോഷാശ്രുക്കളാകുന്ന നിർമ്മലജലത്താൽ അഭിഷേകം ചെയ്തു. മുൻപ് താൻ കണ്ടറിഞ്ഞ മഹിമയെ ഓർത്തോർത്ത് ആ തൃക്കാൽക്കൽ വീണും എഴുന്നേറ്റും വീണും എഴുന്നേറ്റും നമസ്കരിച്ചുകൊണ്ടേയിരുന്നു. പിന്നീട് എഴുന്നേറ്റ് കണ്ണുകൾ രണ്ടും തുടച്ച്, തലതാഴ്ത്തി, കൈ കൂപ്പി, വിനയാന്വിതനായി, വിറയൽ പൂണ്ട്, അടങ്ങിയ മനസ്സോടുകൂടി, ഇടറുന്ന വാക്കുകളാൽ, ആ മുക്തിദാതാവിനെ സ്തുതിച്ചു."

ശ്രീമദ് ഭാഗവതം ദശമസ്കന്ധം പതിമൂന്നാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്




2022, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

കണ്ണനുമുണ്ണിയും



താതന്റെ ആജ്ഞയാ പണ്ടൊരു ബാലകൻ 

വാതപുരേശന് പൂജ ചെയ്തു.

നന്നായ് കുളിപ്പിച്ചുടുപ്പിച്ചണിയിച്ച് 

നല്ലൊരു മാല കൊരുത്തുചാർത്തി. 


ദീപമുഴിഞ്ഞ് ദീപാരാധന ചെയ്ത് 

ധൂപം പുകച്ച് സുഗന്ധമേകി

തെച്ചി തുളസി ചെന്താമരപ്പൂക്കളാ-

ലർച്ചനം ചെയ്ത് നമസ്ക്കരിച്ചു.


പിന്നവൻ ചെന്നൊരു പൊന്നിൻ തളികയിൽ 

വന്നതാ പായസച്ചോറുമായി.

അഞ്ജനകണ്ണനാ പായസം കണ്ടതും 

കുഞ്ഞുവായ്ക്കുള്ളിലോ, വെള്ളമൂറി.


ഉണ്ണികൈ കൊണ്ടവൻ മെല്ലെയെടുത്തത് 

കണ്ണനെയൂട്ടാൻ തുനിഞ്ഞനേരം 

കണ്ണനതുണ്ണുന്നതില്ലെന്നു കണ്ടുടൻ 

ഉണ്ണി പരിഭ്രമിച്ചങ്ങിരുന്നു.


"കണ്ണാ!, നിനക്കറിയില്ലയോ ഞാനൊരു 

ഉണ്ണിയാണെന്നുള്ള കാര്യമിപ്പോൾ?.

എന്നാലുമിന്നെനിക്കാകുന്ന പോലിത് 

നിർമ്മിച്ചതങ്ങ് നിനക്കുവേണ്ടി.


കണ്ണനെപ്പോലെ മറിമായമൊന്നുമീ-

യുണ്ണിക്കറിവീല കാട്ടീടുവാൻ.

കള്ളത്തരം കാട്ടി വാ മുറുക്കീടാതെ 

എള്ളോളമെങ്കിലും നീ ഭുജിക്കു... 


തേനും പയസസും നറുനെയ്യ് ശർക്കര 

തേങ്ങ ഇടിച്ചുപിഴിഞ്ഞ പാലും...

...കൊണ്ട് ഞാനുണ്ടാക്കിവച്ചോരിതിൻ രസം 

ഉണ്ടുനോക്ക്യാലേ മനസ്സിലാകൂ.


കണ്ണനിതുണ്ടില്ലയെങ്കിലതിന്നുടെ 

ദണ്ഡമെനിക്ക് സഹിക്കവേണം.

അച്ഛൻ വരുന്നതിൻ മുന്നമിതിണ്ടു നീ 

ഇച്ചെറുബാലനെ കാത്തിടേണം."


എന്നുപറഞ്ഞുകരഞ്ഞുവിഷാദിച്ച് 

ഉണ്ണി തളർന്നങ്ങിരുന്നുടനെ, 

കണ്ണനപ്പായസമുണ്ടുമതിമറ-

ന്നുണ്ണിതന്നുള്ളവും പൂത്തുലഞ്ഞു.


ഭക്തന്റെ സങ്കടം കണ്ടോണ്ടിരിക്കുവാൻ 

ശക്തിയുള്ളോനോ മരുത്പുരേശൻ?

ഭക്തിയോടപ്പദം കൂപ്പുവോരെ സർവ്വ-

ശക്തൻ കനിഞ്ഞങ്ങ് കാത്തുകൊള്ളും.


കിണ്ണമൊഴിഞ്ഞങ്ങിരിക്കുന്ന കാണവേ 

ഉണ്ണിതന്നച്ഛൻ കയർത്തുചൊല്ലി 

"കുഞ്ഞേ! നിവേദ്യം പ്രസാദമായ് നൽകേണ്ട-

തല്ലേ? കഴിച്ചു നീ എന്തിനെല്ലാം?."


"ഉണ്ടത് ഞാനല്ല, കണ്ണനാണെന്ന"വൻ 

ഇണ്ടലിയന്നങ്ങ്  ചൊന്നനേരം 

"കള്ളം പറഞ്ഞു നീ കേമനാകേണ്ട, ഞാൻ 

ചൊല്ലുന്ന ശിക്ഷയതേറ്റീടേണം."


എന്നുപറഞ്ഞു തന്നുണ്ണിയ്ക്ക് തൽക്ഷണം 

ദണ്ഡം വിധിച്ചു നമ്പൂരിയപ്പോൾ.

നാലമ്പലത്തിനുചുറ്റും വലം വച്ച് 

നാലഞ്ചുവട്ടമോടേണമെന്നായ്.


താതന്റെ കല്പന കേട്ടു തത് ബാലകൻ 

ഓടാൻ തുടങ്ങിയ നേരമപ്പോൾ 

കാണായവന്നോടുകൂടെയോടുന്നൊരു  

കായാമ്പൂവർണ്ണനാമാന്യബാലൻ,


കൂന്തലിൽ പീലിയും കുത്തി, കുറിതൊട്ട് 

തൂമഞ്ഞയാമൊരു പട്ടുടുത്ത്,

പാദങ്ങൾ രണ്ടിലും പൊന്നിൻ ചിലമ്പിട്ട് 

പായുന്നൊരാളവൻ കോമളാഗൻ  


കണ്ഠേ തിളങ്ങുന്നു കൗസ്തുഭപൊന്മണി 

കുണ്ഡലം കാതിലിളകിടുന്നു.

മാറതിൽ തട്ടിയുലയുന്നു ഹാ!  വന-

മാലയും മറ്റുള്ള മാല്യങ്ങളും.


കോലക്കുഴലൊന്നു കൈയ്യിലുണ്ടപ്പടി

കാലിയെ മേയ്ക്കുന്ന കോലുമുണ്ടേ!

നാലമ്പലം ചുറ്റിയോടുന്ന ശ്രീഹരേ!

നീലത്തിരുവുടൽ കൈതൊഴുന്നേൻ. 


മുന്നമദ്ദ്വാപരേ കൂട്ടുകാരൊത്തവൻ 

മന്നിതിലോടിക്കളിച്ചപോലോ?

കൊണ്ടൽനേർവർണ്ണനപ്പായസമുണ്ടതു-

കൊണ്ടോ? ഇതിൻ പൊരുളാരറിയാൻ!...


Witten by SURESH C KURUP



കുന്തീസ്തുതി...


ആദ്യാ! പുരാണപുരഷ നമോസ്തുതേ

നാഥാ പ്രപഞ്ചത്തിനാധാരഹേതുവേ

നീതാൻ ഗുണങ്ങൾക്കധീതനാം ദൈവവും

ഭൂതങ്ങൾക്കെല്ലാം അകംപുറം കൊണ്ടതും.


മായായവനികയ്ക്കപ്പുറമുള്ളൊരു

മൂഢദൃശന്മാർക്കദൃശ്യനായുള്ള നീ

ചായമിട്ടോരു നടനെന്നപോലങ്ങ്

മായയ്ക്കധീതം മറഞ്ഞങ്ങിരിക്കുന്നു.


നിന്നുടെ കാരുണ്യമൊന്നുകൊണ്ടല്ലാതെ

നിന്നെയറിവതിനാരാലുമൊത്തിടാ.

എന്നത് പാർക്കുകിൽ ഞങ്ങളീ സ്ത്രീകൾക്കി

ന്നെങ്ങനെ നിന്നെയറിവതിനാകുന്നു?


വാസുദേവാ ഹരേ കൃഷ്ണാ തൊഴുന്നു ഞാൻ

ദേവകീനന്ദനാ നിന്നെ തൊഴുന്നു ഞാൻ

നന്ദഗോപർക്ക് മകനായ ശ്രീഹരേ

ഗോവിന്ദാ നിന്നെ നമിക്കുന്നു ഞാനിതാ.


പങ്കജനാഭാ നമസ്തേ നമോസ്തുതേ

പങ്കജമാലിനേ നിത്യം നമോസ്തുതേ

പങ്കജനേത്രാ നമസ്തേ നമോസ്തുതേ

പങ്കജപാദാ നമസ്തേ നമോസ്തുതേ


കംസന്റെ കാരാഗൃഹത്തിങ്കൽ നിന്ന് നീ

നിന്റെ മാതാവിനെ രക്ഷിച്ചതില്ലയോ?

എന്നെയും എന്റെ സുതന്മാരെയൊക്കെയും

എന്തെല്ലാം ആപത്തിൽനിന്ന് നീ കാത്തിതു.


ഉഗ്രവിഷത്തിൽനിന്നഗ്നിയിൽനിന്നഥ

രക്ഷോഗണങ്ങളിൽ ദുഃസഭാമധ്യത്തിൽ

പണ്ട് വനവാസകാലത്തിൽനിന്നുമാ

ഭാരതയുദ്ധമത്തിങ്കലും കാത്തു നീ.


ഇന്നിതാ നീതന്നെ അശ്വത്ഥാമാവിന്റെ

ബ്രഹ്‌മാസ്‌ത്രതേജസ്സിൽനിന്ന് രക്ഷിച്ചിതു.

ഞങ്ങൾക്ക് നീയൊഴിഞ്ഞില്ല മറ്റാശ്രയം

കൃഷ്ണാ മുകുന്ദാ മുരാരേ ഹരേ ജയ


എത്രമേലിങ്ങനെ ദുഃഖമുണ്ടാകുന്നു

അത്രമേൽ നിന്നുടെ ദർശനം നേടുന്നു.

നിന്നുടെ ദർശനംകൊണ്ടിഹ സംസാര

വൻകര താണ്ടി മറുകര പോകുന്നു.


ആശയൊഴിഞ്ഞ മനപങ്കജങ്ങളിൽ

ആശ്രിതവത്സലാ നീ വന്നുവാഴുന്നു.

നിർദ്ധനൻമാർക്ക് ധനമായ ശ്രീപതേ

നിത്യവും നിന്നെ നമിച്ചിടുന്നാദരാൽ.


സർവ്വഭൂതങ്ങൾക്കും നീ സമൻ ദൈവമേ

ആദ്യന്തഹീനാ ദയാലോ ജനാർദ്ദനാ  

നിന്നുടെ ലീലകൾ കണ്ടറിഞ്ഞീടുവാൻ

ബ്രഹ്‌മാവിനാലുമെളുതല്ല നിർണ്ണയം.


സർവ്വവും നിന്നിൽനിന്നുണ്ടായിടുമ്പോഴും

സർവ്വവും നിന്നിൽ ലയിച്ചങ്ങിടുമ്പൊഴും

നീവന്ന് നാനാതരങ്ങളാം യോനിയിൽ

നീരാജനേത്രാ പിറന്നരുളുന്നിതു.


പണ്ട് യശോദയാം മാതാവ് നിന്നുടൽ

ബന്ധിച്ചുറലോട് ചേർത്തുകെട്ടീടവേ

പേടിയും പേടിച്ചകലുന്ന നിന്നുടെ

പേടിയാൽ സംഭ്രമിച്ചോരു നേത്രങ്ങളിൽ

നിന്നുതിർന്നോരു കണ്ണീരിൽ കുതിർന്നതാം

അഞ്ജനം വാർന്നൊഴുകുന്ന കവിൾത്തടം

കണ്ടുഭ്രമിച്ചങ്ങുഴറുന്നൊരെന്നെ നീ

കുണ്ഡത തീത്തങ്ങനുഗ്രഹിച്ചീടണം.


നാരായണാ നിന്നവതാരലീലകൾ

നാനാതരങ്ങളിൽ വർണ്ണിച്ചിടുന്നിഹ.

യാദവവംശതിലകമെന്നു ചിലർ,

ധാതാവ് പ്രാർത്ഥിക്കയാലെന്നിതു ചിലർ,


ദേവകിക്കോമനയായെന്നിതു ചിലർ,

ദേവഗണങ്ങളെ കാപ്പാണെന്നും ചിലർ,

ബദ്ധരെ സംസാരസാഗരംതന്നിൽനി

ന്നുദ്ധരിപ്പിച്ചീടുവാണെന്നിതു ചിലർ.


നിന്റെ മഹിമയിലെന്നും രമിപ്പവർ

വന്ന് നിൻ ചേവടി പോകുന്നു മാധവാ

പിന്നവർ വന്ന് ഭാവാബ്ദിയിൽ വീഴാതെ

നിന്നോടുചേർന്ന് സുഖിക്കുന്നു കേശവാ


ശത്രുക്കളിങ്ങനെ ചുറ്റിനിൽക്കുമ്പൊഴു

തൊട്ടും കരുണയില്ലാതെ നീ പോകയോ?

നീയെന്നി ഇന്ന് മറ്റാരുള്ളൂ കേശവാ

ഈ ഞങ്ങളെ അങ്ങ് കാത്തുകൊണ്ടീടുവാൻ?


ദേഹി ശരീരം വെടിഞ്ഞുപോയീടവേ

ദേഹത്തിൻ നാമരൂപങ്ങൾ നശിപ്പള

വിന്നു നീ ഞങ്ങളെ വിട്ടുപോയീടുകിൽ

ജീവച്ഛവങ്ങളായ് മാറും വയം ദൃഡം.


നിൻ പാദസ്പർശനമൊന്നുകൊണ്ടീ ഗൃഹം

സങ്കടം മാറി പ്രശോഭിച്ചിടുന്നിതു.

ഇന്ന് നീ ഞങ്ങൾക്ക് നഷ്ടമായീടുകിൽ

നന്നല്ലത് ഗദാധാരേ ജനാർദ്ദനാ


ഇക്ഷിതിയിന്ന് സമൃദ്ധമായ് കാണ്മത്

രക്ഷകനായി നീയുണ്ടാക കാരണം

രക്ഷ രക്ഷ പ്രഭോ മാധവാ ഞങ്ങളെ

രക്ഷിച്ചുകൊൾക ജഗദീശ്വരാ ഹരേ 


പദ്യവിവർത്തനം  : SURESH C KURUP

ഉത്തരയുടെ സ്തുതി...

 


ദേവന്മാർക്കെല്ലാർക്കും ദേവനായുള്ളോരു 

ദേവദേവാ! നിന്നെ കൈതൊഴുന്നേൻ 

ലോകങ്ങൾ സൃഷ്ടിച്ച് കാത്ത് ഹരിച്ചീടും 

ഏകനാഥാ! നിന്നെ കൈതൊഴുന്നേൻ... 


യോഗികൾക്കെല്ലാം ഗുരുവായിടുന്നൊരു 

യോഗേശ്വരാ! നിന്നെ കൈതൊഴുന്നേൻ 

വേദങ്ങൾ പാടിപ്പുകഴ്ത്തുന്ന നിന്നുടെ

പാദാരവിന്ദം ഞാൻ കൈതൊഴുന്നേൻ 


രക്ഷ! രക്ഷ! ജഗദീശ്വരാ! ദൈവമേ!

ഇക്ഷിതി വന്നു പിറന്ന ദേവാ!

മൃത്യുവിൽനിന്നെന്നെ രക്ഷിച്ചുകൊള്ളുവാൻ 

ഇത്രിലോകങ്ങളിൽ മാറ്റാരുള്ളൂ?


ദേവാ! നിൻ ശക്തിതൻ വൈഭവം ചൊല്ലുവാൻ 

ആവില്ലനന്തനും മൂലോകത്തിൽ 

നീയല്ലാതാരറിയുന്നു നിൻ ലീലകൾ 

നീലക്കടലൊളിവർണ്ണാ ഹരേ!


തീഗോളമേതോ പറന്നടുക്കുന്നിതാ 

നീരജലോചനാ!, നീയല്ലാതെ 

ആരാലുമിന്നെളുതല്ലിതു കേശവാ!

പാരിതിൽ സംഹരിച്ചീടുവാനായ് 


എന്നെയെരിച്ചുകളഞ്ഞീടിലുമെനി 

ക്കില്ല ദുഃഖം മധുകൈടഭാരേ!

നിന്നുടെയിച്ഛയതെങ്കിലിന്നാർക്കത് 

വന്നു തടുക്കുവാനൊത്തിടുന്നു...


ഇന്നെൻ ജഠരത്തിൽ വന്നു ശയിച്ചൊരു 

കുഞ്ഞിനെ കാത്തുരക്ഷിക്ക ശൗരേ!

ഇന്നിതല്ലാതെനിക്കില്ല തെല്ലാഗ്രഹം 

വന്നു നീ പാലിച്ചുകൊൾക ചാരേ...


ഇങ്ങനെ സ്തുതി ചെയ്തതിനുശേഷം ഉത്തര ഭഗവാനോട് തന്റെ ഗർഭത്തിൽ കിടക്കുന്ന ശിശുവായ പരീക്ഷിത്തിനെ രക്ഷിക്കുവാനായി പ്രാർത്ഥിക്കുന്നു. പാണ്ഡവവംശത്തിന്റെ അവസാനകണ്ണിയായ പരീക്ഷിത്തിനെ ഉത്തരയുടെ ഗർഭത്തിൽ വച്ചുതന്നെ വധിക്കുവാനായി അശ്വത്ഥാമാവയച്ച ബ്രഹ്‌മാസ്‌ത്രമാണതെന്ന് തിരിച്ചറിഞ്ഞ ഉടൻ ഭക്തവത്സലനായ ഭഗവാൻ അതിനെ സംഹരിച്ച് ഉത്തരയേയും പരീക്ഷിത്തിനേയും രക്ഷിക്കുന്നു.

അർജ്ജുനന്റെ സ്തുതി.


മഹാഭാരതയുദ്ധത്തിനിടയിൽ അശ്വത്ഥാമാവയച്ച ബ്രഹ്‌മാസ്‌ത്രത്തിന്റെ അഴലിൽനിന്നും രക്ഷയ്ക്കായി ഭഗവാനോടുള്ള അർജ്ജുനന്റെ സ്തുതി.


മാധവാ! സർവ്വശക്താ! ഭഗവാനേ!

നിസ്സീമമായ ശക്തിയുള്ള ദേവാ!

നീയല്ലാതില്ലിഹ മറ്റൊരാശ്രയം

ഭക്തരുടെ ഭയമകറ്റീടുവാൻ...


ഈ പ്രപഞ്ചത്തിനാധാരഹേതുവായ് 

വർത്തിച്ചീടുന്നൊരാദ്യാ! ജനാർദ്ദനാ!

ഈ ഭവാബ്ധിയിൽനിന്നങ്ങ് ഞങ്ങളെ

രക്ഷിച്ചീടുവാൻ നീയൊഴിഞ്ഞാരുള്ളൂ?


മായാധീതാനാം നീ തന്നെയല്ലയോ 

മായായാൽ ജഗത് നിർമ്മിച്ച ശില്പിയും 

നിന്റെ ചിത്ശക്തി കൊണ്ട് നീയെപ്പോഴും 

മായയെ ദൂരെ മാറ്റി നിർത്തീടുന്നു...


എപ്പോഴും നിത്യകൈവല്യമൂർത്തിയായ് 

നില്പവനായ ബ്രഹ്മനും നീ തന്നെ 

ആശ്രയിപ്പവർക്കുള്ള ഭയം നീക്കി 

കാത്തുരക്ഷിച്ചുകൊൾവതും നീതന്നെ...


മായാശക്തിക്കുമേലെ വിളങ്ങുന്ന 

മാധവാ! നീയൊഴിഞ്ഞിവിടാർക്കിഹ 

മായാമോഹിതർക്കെങ്കിലും ധർമ്മാർത്ഥ-

കാമമോക്ഷങ്ങൾ നല്കുവാനാകുന്നു?...


അങ്ങനെ നീയവതരിച്ചിട്ടിഹ

വന്ന് ഭൂഭാരം തീർത്തുരക്ഷിക്കുന്നു

നിന്റെ ഭക്തരായുള്ളോരെ നിത്യവും 

നിർമ്മലാ! നീ കനിഞ്ഞു കാത്തീടുന്നു.


പദ്യവിവർത്തനം : By Suresh C. Kurup

2021, ജൂൺ 27, ഞായറാഴ്‌ച

10.12 അഘാസുരമോക്ഷം.

ഓം


അഘാസുരമോക്ഷം


ശ്രീശുകൻ പറഞ്ഞു: “അല്ലയോ മഹാരാജൻ!, ഒരിക്കൽ അതിരാവിലെ എഴുന്നേറ്റ് ഭഗവാൻ തൻ്റെ അതിമനോഹരമായ കുഴൽവിളിയാൽ  ചങ്ങാതിമാരായ മറ്റ് ഗോപക്കിടാങ്ങളെ ഉണർത്തി അവരുമായി വനഭോജനത്തിന് ഗോകുലത്തിൽ നിന്നും യാത്രയായി. അന്ന് ഭഗവാൻ ആയിരക്കണക്കിന് ഗോപന്മാരെ കൂടെ കൂട്ടി വേണ്ട സാധനസാമഗ്രികളുമായി അവരവരുടെ പശുക്കിടാങ്ങളേയും മുൻപേ നടത്തിക്കൊണ്ട് സന്തോഷത്തോടെ നടന്നുതുടങ്ങി. ആ ബാലന്മാർ തങ്ങളുടെ പശുക്കിടാങ്ങളെ ഭഗവാൻ്റെ പശുക്കിടാങ്ങളോടൊത്തുചേർത്ത് മേച്ചുകൊണ്ട് പലതരം ക്രീഡകളാൽ ഉല്ലസിച്ചു. പലവിധ രത്നങ്ങളാൽ അലങ്കരിക്കപ്പെട്ടവരാണെങ്കിലും അവർ കാട്ടിലെ കായ്കൾ, തളിർതൊത്തുകൾ, പൂക്കൾ, മയിൽപീലികൾ മുതലായവയാൽ വീണ്ടും സ്വയം അലങ്കരിച്ചുരസിച്ചു.  കുട്ടികൾ പരസ്പരം അവരുടെ പൊതിച്ചോറുകളും മറ്റ് സാധനങ്ങളും തമ്മിൽ കാണാതെ ഒളിച്ചുവയ്ക്കുകയും, അവർ അത് കണ്ടുപിടിക്കുമ്പോൾ അത് ദൂരെ നിൽക്കുന്നവർക്കെറിഞ്ഞുകൊടുക്കുകയും അവർ വീണ്ടും അത് മറ്റുള്ളവർക്കെറിഞ്ഞുകൊടുക്കുകയും, ഒടുവിൽ ഉടമസ്ഥൻ്റെ വല്ലായ്മ കണ്ട് പിന്നീട് അത് തിരികെ കൊടുക്കുകയും ചെയ്യും. ഭഗവാൻ വനശോഭയെ കാണാൻ അകലേക്ക് പോയാൽ ‘ഞാൻ മുമ്പേ... ഞാൻ മുൻപേ’ എന്ന് സ്പർദ്ധയോടുകൂടി ഭഗവാനെ തൊട്ട് കളിക്കുകയും ചെയ്തു. ചിലർ ഓടക്കുഴൽ വിളിക്കുകയും, മറ്റ് ചിലർ കൊമ്പ് വിളിക്കുകയും, വേറെ ചിലർ വണ്ടുകളോടൊപ്പം പാട്ട് പാടുകയും, മറ്റുചിലരാകട്ടെ കുയിലുകൾക്കൊപ്പം കൂകുകയും ചെയ്തു. പറക്കുന്ന പക്ഷികളുടെ നിഴൽ നോക്കി ഓടിക്കൊണ്ടും, അരയന്നങ്ങളോടൊപ്പം ചന്തത്തിൽ നടന്നുകൊണ്ടും, കൊറ്റികൾക്കൊപ്പം ഒരിടത്ത് ചടഞ്ഞിരുന്നുകൊണ്ടും, മയിലുകളോടൊത്ത് ചാഞ്ചാടിയും അവർ ആനന്ദിച്ചു. കുരങ്ങന്മാരുടെ വാലുകളിൽ പിടിച്ചുവലിച്ചും അവരോടൊപ്പം മരങ്ങളിൽ കയറിയും, അവരുടെ ഗോഷ്ടികൾക്കൊത്ത് ഗോഷ്ടി കാട്ടിയും അവർ രസിച്ചു. അവർ തവളകൾക്കൊത്ത് ചാടിക്കളിച്ചു. പുഴകളിലും നദികളിലുമൊക്കെ അവർ മുങ്ങിക്കുളിച്ചു. അവർ പരസ്പരം തങ്ങളുടെ നിഴലുകളെ നോക്കി ഗോഷ്ടികാട്ടി ചിരിച്ചു. ഇക്കരെ നിന്ന് കൂക്കിവിളിച്ച് അവയുടെ മാറ്റൊലി കേട്ട് അവർ കളിച്ചുനടന്നു. 

രാജൻ!, അങ്ങനെ ജ്ഞാനികൾക്ക് ബ്രഹ്മാനന്ദാനുഭൂതിയായും, ദാസഭാവത്തെ പ്രാപിച്ചവർക്ക് ഇഷ്ടദൈവമായും, മായയെ ആശ്രയിച്ച് ലൗകികരായി ജീവിക്കുന്നവർക്ക് ഒരു മർത്ത്യബാലനായും പ്രതിഭാസിക്കുന്ന നന്ദകുമാരനായ ആ ഭഗവാനുമൊത്ത് മുജ്ജന്മപുണ്യത്താൽ ഭാഗ്യവാന്മാരായ ഗോപാലന്മാർ ഈവിധം വിഹരിച്ചു. അനേകജന്മങ്ങളിൽ തപോനുഷ്ടാനങ്ങൾ ചെയ്ത് ജീവിച്ച മഹായോഗികൾക്കുപോലും യാതൊരുവൻ്റെ പാദരേണു പോലും ലഭ്യമല്ലയോ, ആ ഭഗവാൻ അതാ ഈ ഗോകുലവാസികളുടെ ദൃഷ്ടികൾക്ക് വിഷയീഭവിച്ചുകൊണ്ട് ജീവിക്കുന്നു. ഗോകുലവാസികളുടെ ഈ പരമഭാഗ്യം എങ്ങനെയാണ് ഞാൻ വർണ്ണിക്കേണ്ടത്!... അത്ഭുതം തന്നെ!... 


പരീക്ഷിത്തേ!, ആ സമയത്തായിരുന്നു അവിടെ അഘാസുരൻ എന്ന ഒരു രാക്ഷസൻ വന്നതു. ദേവന്മാർ സദാ അവൻ്റെ മരണത്തേയും കാത്തുകഴിയുകയായിരുന്നു. അമൃതപാനം ചെയ്ത ദേവന്മാർ പോലും അവൻ്റെ മരണം ആഗ്രഹിച്ചു. എന്തായാലും, അഘാസുരന് കാട്ടിൽ ആ ഗോപാലന്മാരനുഭവിച്ചുകൊണ്ടിരുന്ന സന്തോഷം സഹിക്കാനായില്ല. കംസനയച്ച ഈ അഘാസുരൻ പൂതനയുടേയും ബകാസുരൻ്റേയും അനുജനായിരുന്നു. ഗോപാലന്മാരുടെ നാഥനായ ഭഗവാനെ കണ്ടതും അഘാസുരൻ ഉള്ളിൽ നിനച്ചു “ഇവനാണ് എൻ്റെ സഹോദരിയേയും സഹോദരനേയും ഇല്ലാതാക്കിയത്. ആയതിനാൽ അവരെ സന്തോഷിപ്പിക്കുവാനായി ഈ കൃഷ്ണനെ ഈ ബാലന്മാരോടൊപ്പം കൊന്നുകളയുകതന്നെ വേണം. സംഘത്തോടൊപ്പമുള്ള ഇവൻ്റെ മരണം കൊണ്ട് എൻ്റെ സഹോദരങ്ങൾക്ക് ഉദകക്രിയ ചെയ്യാൻ കഴിഞ്ഞാൽ ഗോകുലവാസികളെല്ലാം മൃതപ്രായരാകുകതന്നെ ചെയ്യും. കാരണം, ഈ സന്താനങ്ങളാണെല്ലോ അവരുടെ ജീവൻ... ജീവൻ പോയിക്കഴിഞ്ഞാൽ പിന്നെ ശരീരത്തിലെന്തിരിക്കുന്നു?..” 


രാജാവേ!, ഇങ്ങനെ ചിന്തിച്ചുകൊണ്ട് അഘാസുരൻ ഒരു യോജന നീളത്തിൽ മാമലപോലെ പെരുത്തതും, ഗുഹപോലെ തുറന്ന മുഖത്തോടുകൂടിയതും, അതിഘോരവും അത്ഭുതകരവുമായ ഒരു പെരുമ്പാമ്പിൻ്റെ രൂപത്തിൽ അവരെ കൂട്ടത്തോടെ വിഴുങ്ങുവാനുള്ള ആഹ്രഹത്തോടുകൂടി വഴിയിൽ കിടന്നു. അവൻ്റെ കീഴ്ചുണ്ട് ഭൂമിയിൽ തൊട്ടിരുന്നു. മേൽചുണ്ട് മുകളിൽ അങ്ങ് മേഘത്തെ തൊട്ടുനിന്നു. ഗുഹപോലെ അവൻ്റെ വായ തുറന്നിരുന്നു. ഇരുളടഞ്ഞ അതിൻ്റെ ഉൾഭാഗം. നാവാണെങ്കിൽ നീണ്ട് പെരുവഴിയിൽ കിടക്കുന്നു. കൊടുങ്കാറ്റ് വീശുന്നതുപോലെ അവൻ നിശ്വസിച്ചു. അവൻ്റെ ദൃഷ്ടിജ്വാലകൾ കാട്ടുതീപോലെ കത്തിയുയർന്നു. അങ്ങനെ കിടക്കുന്ന അഘാസുരനെ കണ്ട ഗോപാലന്മാർ അത് വൃന്ദാവനത്തിൻ്റെ സൗന്ദര്യമാണെന്ന് കരുതി അവൻ്റെയുള്ളിലേക്ക് പ്രവേശിച്ചു. അവർ പറഞ്ഞു: “കൂട്ടുകാരേ! എന്താശ്ചര്യമായിരിക്കുന്നു!... ഇത് കണ്ടിട്ട് എന്തോ ഒരു വലിയ ജന്തുവിനെപ്പോലെയിരിക്കുന്നു അല്ലേ!... നോക്കൂ!... നമ്മെയെല്ലാം വിഴുങ്ങുവാനിരിക്കുന്ന ഒരു പെരുമ്പാമ്പിനെ പോലെ തോന്നില്ലേ ഇത് കണ്ടിട്ട്?.. സത്യം തന്നെ!... സൂര്യകിരണങ്ങളാൽ ചുവന്നിരിക്കുന്ന മേഘങ്ങൾ ഒരു പെരുമ്പാമ്പിൻ്റെ മേൽചുണ്ടുപോലെയും, അവയുടെ പ്രതിഫലനമായ ഈ നദീതീരം കീഴ്ചുണ്ട് പോലെയുമിരിക്കുന്നു. കാണൂ!.. ഇടതും വലതുമായിട്ടുള്ള ഈ രണ്ട് പർവ്വതഗുഹകൾ അതിൻ്റെ കോർവായകൾ പോലെയിരിക്കുന്നു... ഉയരമുള്ള ഈ പർവ്വതങ്ങൾ ഒരു പെരുമ്പാമ്പിൻ്റെ പല്ലുകൾ പോലെ തോന്നിക്കുന്നു. വീതിയും നീളവുമുള്ള ഈ പെരുവഴികണ്ടാൽ അവൻ്റെ നാവാണെന്ന് തോന്നും. ഇരുട്ടടഞ്ഞ ഈ ഉൾഭാഗം അവൻ്റെ വായപോലെയിരിക്കുന്നു. കാട്ടുതീയാൽ ചൂടുപിടിച്ച ഈ കാറ്റ് അവൻ്റെ ചീറ്റൽ പോലെയും, അതിൽ വെന്തുപോയ ജന്തുക്കളുടെ നാറ്റം ഇതാ ഒരു പെരുമ്പാമ്പിൻ്റെ വായിലെ ദുർഗന്ധം പോലെ വമിക്കുകയും ചെയ്യുന്നു. ഇനി ഇതിനുള്ളിലായ നമ്മെ ഇവൻ വിഴുങ്ങുകയോ മറ്റോ ചെയ്യുമോ?... അങ്ങനെന്തെങ്കിലുമുണ്ടായാൽ ബകൻ്റെ കാര്യം പോലെ ഈ കൃഷ്ണൻ ക്ഷണനേരം കൊണ്ട് ഇവനെ വലിചുകീറും...”


രാജൻ!, ആ ഗോപക്കിടാങ്ങൾ ഇങ്ങനെ പറഞ്ഞുകൊണ്ട് ഭഗവാൻ്റെ തിരുമുഖത്തെ നോക്കിക്കൊണ്ട് ചിരിച്ചുകൊണ്ടും കൈകൊട്ടിക്കൊണ്ടും ഉള്ളിലേക്ക് നടന്നുതുടങ്ങി. ഇങ്ങനെ പെരുമ്പാമ്പിൻ്റെ രൂപത്തിൽ കിടക്കുന്ന അഘാസുരെ കണ്ട് യാഥാർത്ഥ്യം മനസ്സിലാക്കാതെയിരിക്കുന്ന തൻ്റെ കൂട്ടുകാരെ സർവ്വാന്തര്യാമിയായ ഭഗവാൻ, ഇവൻ അതിഘോരരൂപിയായ രാക്ഷസ്സനാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അവരെ തടയാൻ ശ്രമിച്ചു. പക്ഷേ, അപ്പോഴേക്കും ഗോപാലന്മാർ തങ്ങളുടെ പശുക്കൂട്ടങ്ങളുമായി അഘാസുരൻ്റെ ഉള്ളിൽ പ്രവേശിച്ചുകഴിഞ്ഞിരുന്നു. എന്നാൽ, കൃഷ്ണൻ തൻ്റെ വായയ്ക്കുള്ളിൽ കടക്കുവാൻ കാത്തിരിക്കുകയായിരുന്നു അഘാസുരൻ. അവൻ തൻ്റെ സഹോദരങ്ങളുടെ വിനാശത്തെയോർത്തുകൊണ്ട് പ്രതികാരദാഹിയായി ആ ഗോപക്കൂട്ടങ്ങളെ അതുവരെയും വിഴുങ്ങുകയുണ്ടായില്ല. ആ സമയം, സകലർക്കും അഭയം പ്രദാനം ചെയ്യുന്ന ഭഗവാൻ മറ്റ് രക്ഷകനില്ലാത്തവരും തൻ്റെയടുത്തുനിന്നും വേർപ്പെട്ടവരും അപകടത്തിൽ പെട്ടവരും അഘാസുരൻ്റെ ജഠരാഗ്നിയിൽ ചുട്ടുപൊള്ളുന്നവരുമായ തൻ്റെ കൂട്ടുകാരെ കണ്ട് കൃപാപരവശനായിട്ട് ദൈവഹിതമായ ആ സംഭവത്തിന് സാക്ഷിയായിനിന്നുകൊണ്ട് ആശ്ചര്യപ്പെട്ടു. 


രാജൻ!, ഇവിടെ തൻ്റെ കർമ്മത്തെ കണ്ടറിഞ്ഞ് ഭഗവാൻ ഭക്തരക്ഷാർത്ഥം ഉചിതമായത് ചെയ്യുന്നതിനായി ആ പെരുമ്പാമ്പിൻ്റെ വായയ്ക്കുള്ളിലേക്ക് പ്രവേശിച്ചു. ആ സമയം മേഘങ്ങൾക്കുള്ളിൽ മറഞ്ഞിരുന്നുകൊണ്ട് ദേവന്മാർ മുറവിളികൂട്ടി. അതുപോലെ കംസനും കൂട്ടരും ആ രംഗം കണ്ട് സന്തോഷിക്കുകയും ചെയ്തു. ദേവന്മാരുടെ ആ ആർത്തനാദം കേട്ട് അകമലിഞ്ഞ ഭഗവാൻ അഘാസുരൻ്റെ ഉള്ളിലിരുന്നുകൊണ്ട് വളരാൻ തുടങ്ങി. ശ്വാസനാളമടഞ്ഞ് കണ്ണും തുറിച്ച് അവൻ അങ്ങുമിങ്ങും കിടന്ന് വട്ടംചുറ്റി പുളഞ്ഞു. അതികായനായ അവൻ്റെയുള്ളിൽ വീർപ്പുമുട്ടിയ പ്രാണവായു അവൻ്റെ ശിരസ്സിനെ പിളർന്ന് ബഹിർഗ്ഗമിച്ചു. ഒടുവിൽ പ്രാണൻ മുഴുവനും പുറത്തായ അവൻ്റെയുള്ളിൽ മൂർച്ഛിതരായി കിടന്ന ഗോപാലന്മാരെ ഭഗവാൻ തൻ്റെ കൃപാകടാക്ഷത്താൽ എഴുന്നേല്പിച്ച് പശുക്കുട്ടികൾക്കൊപ്പം പുറത്തേക്ക് വന്നു. പെട്ടെന്ന് ഒരു മഹാതേജസ്സ് ഭഗവാൻ പുറത്തുവരുന്നതും കാത്ത് ആകാശത്തിൽനിന്നു. പിന്നീട് ഉജ്ജ്വലിച്ചുകൊണ്ട് ആ തേജസ്സ് മുകുന്ദനിൽത്തന്നെ ചെന്നുചേർന്നു. ശേഷം, ദേവന്മാർ പുഷ്പാർച്ചന ചെയ്തു. അപ്സരസ്സുകൾ നൃത്തം ചെയ്തു. ഗന്ധർവ്വന്മാർ പാട്ടുകൾ പാടി. വിദ്യാധരന്മാർ വാദ്യങ്ങളാലും ഋഷികൾ സ്തോത്രങ്ങളാലും പാർഷദന്മാർ ജയാരവങ്ങളാലും തങ്ങളുടെ രക്ഷകനെ ആരാധിച്ചു. ഈ മംഗളാരവങ്ങൾ കേട്ട് സ്വധാമത്തിൽനിന്നും ബ്രഹ്മദേവൻ അവിടെ പ്രത്യക്ഷനായി ഭഗവന്മഹിമകൾ കണ്ട് അത്ഭുതം കൂറി. 


രാജാവേ!, അഘാസുരൻ്റെ ജീവനറ്റ ആ മൃതശരീരം ഉണങ്ങി ഒരു ഗുഹപോലെയായി ഗോപാലന്മാർക്ക് ക്രീഡയ്ക്കായി വളരെ നാൾ അവിടെ വൃന്ദാവനത്തിൽ കിടന്നു. ഭഗവാൻ അഞ്ചുവയസ്സിൽ ചെയ്ത ഈ അത്ഭുത പ്രവൃത്തി യഥാർത്ഥത്തിൽ വ്രജവാസികളറിയുന്നത് ഭഗവാന് ആറ് വയസ്സായപ്പോൾ അപ്പോൾ നടന്ന ഒരു സംഭവമായിട്ടായിരുന്നു. മായാമാനുഷനായ ഭഗവാൻ ശ്രീകൃഷ്ണൻ്റെ സ്പർശനത്താൽത്തന്നെ അഘാസുരൻപോലും മോക്ഷത്തെ പ്രാപിച്ചുവെന്നുള്ളതിൽ ഒട്ടുംതന്നെ ആശ്ചര്യപ്പെടേണ്ടതില്ല. കാരണം, മനസ്സിനാൽ ധ്യാനിക്കപ്പെട്ട് ഒരുവൻ്റെ ഉള്ളത്തിൽ സുസ്ഥാപിതമാകുന്ന ഭഗവാൻ തൻ്റെ സായൂജ്യത്തെ അവന് പ്രദാനം ചെയ്യുമെങ്കിൽ, ആ കാരുണ്യമൂർത്തി സ്വയം പ്രത്യക്ഷത്തിൽ ഒരുവൻ്റെ ഉള്ളിലേക്ക് കടന്നുചെന്നാൽ പിന്നെ അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?”


സൂതൻ പറഞ്ഞു: “ബ്രാഹ്മണരേ!, ഇങ്ങനെ ഭഗവദ് ലീലകളെ കേട്ട് മനസ്സുനിറഞ്ഞ പരീക്ഷിത്ത് രാജാവ് വീണ്ടും അതിനെക്കുറിച്ച് ശ്രീശുകബ്രഹ്മർഷിയോട് ചോദിച്ചു:  “അല്ലയോ ബ്രഹ്മർഷേ!, ഭഗവാൻ തൻ്റെ കൗമാരപ്രായത്തിൽ ചെയ്ത ആ പ്രവൃത്തി എങ്ങനെയാണ് ഒരു വർഷത്തിനുശേഷം വർത്തമാനകാലത്തിൽ ചെയ്തതായി കുട്ടികൾ വ്രജവാസികളോട് പറഞ്ഞത്?.. എന്തായാലും അത് ഭഗവാൻ ഹരിയുടെ ലീലയാണെന്നതുറപ്പാണ്. അല്ലയോ മഹായോഗിനേ!, എങ്കിലും അതിൻ്റെ കാരണമറിയാൻ അടിയനിൽ കുതൂഹലം തോന്നുന്നു. ഗുരോ, ഞങ്ങൾ ക്ഷത്രിയരാണെങ്കിലും ലോകത്തിൽ കൃഷ്ണകഥയെ പാനം ചെയ്യുന്നതിനാൽ ധന്യരാണ്.”


സൂതൻ പറഞ്ഞു: “ഹേ ശൗനകഋഷേ!, പരീക്ഷിത്തിനാൽ ഈവിധം ചോദിക്കപ്പെട്ടപ്പോൾ, ഭഗവദ്സ്മരണയിലാണ്ടുപോയ ശ്രീശുകൻ ബാഹ്യജ്ഞാനം വീണ്ടെടുത്ത് വീണ്ടും അദ്ദേഹത്തെ നോക്കി ഇപ്രകാരം പറഞ്ഞു.”


ശ്രീമദ്ഭാഗവതം ദശമസ്കന്ധം പന്ത്രണ്ടാമധ്യായം സമാപിച്ചു.

ഓം തത് സത്


<<<<< >>>>>