2019, ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

6.17 ചിത്രകേവിനു് പാർവ്വതീദേവിയുടെ ശാപം.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 17
(ചിത്രകേവിനു് പാർവ്വതീദേവിയുടെ ശാപം.)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: ഹേ മഹാരാജാവേ!, ഭഗവാൻ സങ്കർഷണമൂർത്തി മറഞ്ഞരുളിയ ദിശയിലേക്കു് നോക്കി നമസ്ക്കാരം ചെയ്തതിനുശേഷം, വിദ്യാധരനായ ചിത്രകേതു ആകാശമാർഗ്ഗത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങി. മുനിമാരാലും സിദ്ധചാരണന്മാരാലും അദ്ദേഹം സ്തുതിക്കപ്പെട്ടവനായി. വിദ്യാധരസ്ത്രീകളെക്കൊണ്ടു് ഭഗവാൻ ഹരിയുടെ ഗുണഗാനങ്ങൾ അദ്ദേഹം ചെയ്യിച്ചു. സങ്കല്പമാത്രത്താൽതന്നെ അദ്ദേഹത്തിനു് സർവ്വതും സിദ്ധമാകുമായിരുന്നു. അങ്ങനെ യോഗിവര്യനായി ഭവിച്ച ചിത്രകേതു അനേകലക്ഷം വർഷക്കാലത്തോളം ഉറച്ച ദേഹേന്ദ്രിയശക്തികളോടുകൂടി കുലഗിരികളുടെ താഴ്വാരത്തിൽ വിഹരിച്ചു.

ഒരിക്കൽ വിഷ്ണുദത്തമായ തന്റെ വിമാനത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ സിദ്ധന്മാരാലും ചാരണന്മാരാലും പരിസേവ്യനായി വിളങ്ങുന്ന മഹാദേവനെ കാണാനിടയുണ്ടായി. പാർവ്വതീദേവി ആ സംയത്തു് മുനിമാരുടെ സാന്നിധ്യത്തിൽ മഹാദേവന്റെ ലാളനകളേറ്റുവാങ്ങിക്കൊണ്ടു് ആ തിരുമടിയിൽ വിശ്രമിക്കുകയായിരുന്നു. അതുകണ്ട ചിത്രകേതു ദേവി കേൾക്കത്തന്നെ മഹാദേവനെ പരിഹസിച്ചുകൊണ്ടു് ഇങ്ങനെ പറഞ്ഞു: ഇദ്ദേഹം ശരീരികൾക്കു് ധർമ്മമുപദേശിക്കുന്ന സാക്ഷാത് ജഗദ്ഗുരുവത്രേ!. അതേസമയം, ഇന്നിതാ പ്രധാനികളുടെ സദസ്സിൽ വച്ചു് ഭാര്യയെ ആശ്ലേഷിച്ചുകൊണ്ടിരിക്കുന്നു. മഹാതപസ്വിയും ബ്രഹ്മവാദിയും ഋഷികളുടെ പതിയുമായ ഇദ്ദേഹം പ്രാകൃതനായി പെണ്ണിനേയും മടിയിൽ വച്ചു് നാണമില്ലാതെയിരിക്കുന്നു. പ്രാകൃതരായ മനുഷ്യർ പോലും ഏകാന്തതയിൽ മാത്രം ചെയ്യുന്ന ഈ പ്രവൃത്തി ബ്രഹ്മചര്യനിഷ്ഠയുള്ള ഇദ്ദേഹം ഇതാ നിറഞ്ഞ സഭയിൽ വച്ചു് കാട്ടുന്നു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഇതുകേട്ടു് ഭഗവാൻ നന്നായൊന്നു് ചിരിച്ചതിനുശേഷം, മൌനിയായിത്തന്നെ ഇരുന്നു. മാത്രമല്ലാ, സഭയിലെ മറ്റുള്ളവരും അതുതന്നെ ചെയ്തു. എന്നാൽ, ഭഗവാന്റെ മഹിമയെ ഉള്ളവണ്ണമറിയാതെ തന്തിരുവടിയെ അപാമാനിച്ചുകൊണ്ടുനിൽക്കുന്നവനും ജിതേന്ദ്രിയനെന്നു് സ്വയം അഭിമാനിക്കുന്നവനുമായ ചിത്രകേതുവിനോടു് കോപത്തോടെ ദേവി പറഞ്ഞു: ഇവനാണോ ഇപ്പോൾ ദുഷ്ടരും നിർല്ലജ്ജരുമായ ലോകത്തിനു് ശാസിതാവും ശിക്ഷാധികാരിയും ഈശ്വരനായുമൊക്കെ നിയമിക്കപ്പെട്ടവൻ?. ബ്രഹ്മാവും ഭൃഗുവും നാരദരും സനത്കുമാരന്മാരും മനുവുമൊക്കെ ഇപ്പോൾ ധർമ്മത്തെ അറിയുന്നില്ലെന്നാണോ? ശാസ്ത്രാനുചാരിയല്ലാത്ത ശിവനെ അവരാരും വിരോധിക്കാത്തതെന്തു്?. അരുടെ പദതാരിണകളാണോ അവർ നിത്യവും ധ്യാനിക്കുന്നതു്, മംഗളമൂർത്തിയായ ആ ലോകഗുരുവിനെ ക്ഷത്രിയനായ ഒരുത്തൻ വന്നു് സ്വയം ഊറ്റം കൊണ്ടുകൊണ്ടു് തരം താഴ്ത്തി ഗുണദോഷിക്കുന്നു. ആയതിനാൽ ഇവൻ ശിക്ഷാർഹൻതന്നെ. അഹങ്കാരിയും ദുർമ്മതിയുമായ ഇവൻ, സത്തുക്കളാൽ ഉപാസിതമായ ഹരിയുടെ ചെന്താരടികളെ പ്രാപിക്കാൻ ഒട്ടുംതന്നെ യോഗ്യനല്ല. അതുകൊണ്ടു് ഹേ ദുർമതേ!, നീ പോയി പാപമേറിയ അസുരയോനിയിൽ ജനിക്കുക. മകനേ!, ആയതിലൂടെ നീ ഇനിയൊരിക്കലും മഹാത്മാക്കൾക്കുനേരേ വിരൽചൂണ്ടാതിരിക്കട്ടെ!.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, അനന്തരം, ചിത്രകേതു, താൻ ശപിക്കപ്പെട്ടതുകേട്ടു് വിമാനത്തിൽനിന്നുമിറങ്ങിവന്നു് ദേവിയുടെ തിരുമുമ്പിൽ നമസ്ക്കരിച്ചുകൊണ്ടു് അവളെ പ്രസാദിപ്പിച്ചു. അമ്മേ!, അങ്ങരുളിയ ശാപത്തെ ഞാൻ തൊഴുകൈയ്യോടെ സ്വീകരിക്കുന്നു. കാരണം, ദേവന്മാരിൽനിന്നും മനുഷ്യർക്കുണ്ടാകുന്ന സുഖദുഃഖങ്ങൾ അവന്റെ കർമ്മഫലമായാണു് സംഭവിക്കുന്നതു. ആത്മജ്ഞാനമില്ലാത്ത ജീവന്മാർ ഇങ്ങനെ സംസാരത്തിലുഴന്നുകൊണ്ടു് സുഖദുഃഖങ്ങളെ അനുഭവിച്ചുകൊണ്ടേയിരിക്കുന്നു. സുഖദുഃഖങ്ങളുടെ കർത്താക്കൾ താനോ പരനോ അല്ല. സുഖദുഃഖങ്ങളുടെ കർതൃത്വം സ്വയം എറ്റെടുക്കുകയോ പരനിൽ ആരോപിക്കുകയോ ചെയ്യുന്നതു് അജ്ഞാനികളാണു. ത്രിഗുണങ്ങളുടെ കുത്തൊഴുക്കാകുന്ന ഈ സംസാരത്തിൽ ശാപമെന്തു്? അനുഗ്രഹമെന്തു്?; സ്വർഗ്ഗമേതു്? നരകമേതു്?; സുഖമെന്തു് ദുഃഖമെന്തു്?. ഏകനായ ഈശ്വരൻ തന്റെ മായാശക്തിയാൽ ഭൂതങ്ങളെ സൃഷ്ടിക്കുന്നു. ആ മാ‍യയ്ക്കധീനമായി അവയ്ക്കു് ബന്ധവും, മോക്ഷവും, സുഖവും, ദുഃഖവും ഉണ്ടാകുന്നു. എന്നാൽ, ഈശ്വരനാകട്ടെ, ദ്വന്ദ്വാതീതനായി നിലകൊള്ളുകയും ചെയ്യുന്നു. എല്ലാറ്റിലും സമനായിരിക്കുന്ന അവനു് പ്രിയനായോ, അപ്രിയനായോ, ബന്ധുവായോ, ശത്രുവായോ, പരനായോ, സ്വകീയനായോ ആരുംതന്നെയില്ല. സുഖത്തിൽ അവനു് ആശയുമില്ല. അങ്ങനെയെങ്കിൽ ദ്വേഷം എങ്ങനെയുണ്ടാവാനാണു?. എന്നിരുന്നാലും, അവന്റെ മായാശക്തിയാലുണ്ടാകുന്ന പ്രാരബ്ദകർമ്മങ്ങൾ ഭൂതങ്ങൾക്കു് സുഖദുഃഖങ്ങളും ഇഷ്ടാനിഷ്ടങ്ങളും ബന്ധമോക്ഷങ്ങളും ജനനമരണങ്ങളും ഉണ്ടാകുവാൻ കാരണമാകുന്നു. അതുകൊണ്ടു്, അല്ലയോ ഭാമിനീ!, ശാപമോക്ഷം ആഗ്രഹിക്കുന്നില്ലെങ്കിലും, ഭവതിയെ ഞാൻ പ്രസാദിപ്പിച്ചുകൊള്ളുന്നു. എന്റെ വാക്കുകൾ ദേവിയെ പ്രകോപിപ്പിച്ചുവെങ്കിൽ, പതിവ്രതാരത്നമായ അമ്മേ!, അവിടുന്നു് അതു് പൊറുക്കുമാറാകണം.

ശ്രീശുകൻ പറഞ്ഞു: ഹേ അരിന്ദമാ!, ഇങ്ങനെ ചിത്രകേതു മാപ്പപേക്ഷിച്ചുകൊണ്ടു് പാർവ്വതീപരമേശ്വരന്മാരെ സമ്പ്രീതരാക്കി. അത്ഭുതപാരവശ്യത്തോടുകൂടി അവരിരുവരും നോക്കിനിൽക്കെ, ചിത്രകേതു തന്റെ വിമാനത്തിൽ കയറി അവിടെനിന്നും യാത്രയായി. അതിനുശേഷം, മഹാദേവൻ, ദേവർഷിമാരും, അസുരന്മാരും, സിദ്ധന്മാരും, പാർഷദന്മാരും മറ്റും കേൾക്കെത്തന്നെ ദേവിയോടു് ഇങ്ങനെ അരുളിച്ചെയ്തു: ഹേ ദേവീ!, സ്വർഗ്ഗത്തേയും നരകത്തേയും മോക്ഷത്തെതന്നെയും തുല്യമായി കാണുന്ന ഹരിഭക്തന്മാർ ഒരിക്കലും ഒന്നിനാലും ഭയക്കുന്നവരല്ല. ശരീരികൾക്കു് ദേഹസംയോഗംകൊണ്ടു്, ഈശ്വരമായയാൽ സുഖദുഃഖങ്ങൾ, ജനനമരണങ്ങൾ, ശാപാനുഗ്രഹങ്ങൾ മുതലായ ദ്വന്ദ്വങ്ങൾ വന്നുഭവിക്കുന്നു. സ്വപ്നത്തിൽ സുഖദുഃഖങ്ങളനുഭവിക്കുന്നതുപോലെയോ, പൂമാലയിലും മറ്റും സർപ്പത്തെ ദർശിക്കുന്നതുപോലെയോ, അജ്ഞാനം നിമിത്തം, സുഖം, ദുഃഖം മുതലായ അനുഭവങ്ങളിൽ ജീഭഭൂതങ്ങൾ ഗുണവും ദോഷവും നോക്കിക്കാണുന്നു. ഭഗവദ്ഭക്തന്മാർക്കും, അതുപോലെ, ജ്ഞാനം, വൈരാഗ്യം മുതലായ ഗുണങ്ങളുടെ ബലമുള്ളവർക്കും ഈ ലോകത്തിൽ പ്രത്യേകിച്ചു് നേടേണ്ടതായ ഒന്നുംതന്നെയില്ല. ഭഗവാൻ ഹരിയുടെ മഹിമയെ ഞാനോ, ബ്രഹ്മദേവനോ, സനത്കുമാരരോ, നാരദരോ, മുനിമാരോ, ഋഷിവര്യരോ, ദേവരോ പോലും അറിയുന്നില്ല അങ്ങയെങ്കിൽ, അവിടുത്തെ അംശാംശങ്ങളായിരിക്കെ, സ്വയം ഈശ്വരരെന്നു് വിശ്വസിക്കുന്നവരുടെ കഥ എന്തുപറയാനാണു?. ശ്രീഹരിക്കു് പ്രിയനായോ, അപ്രിയനായോ, സ്വന്തക്കാരനായോ, അന്യനായോ ഇവിടെ ആരുംതന്നെയില്ല. എന്നാൽ, അവനാകട്ടെ, സകല പ്രാണികളുടേയുമുള്ളിൽ പരമാത്മാവായി വർത്തിച്ചുകൊണ്ടു് അവർക്കെല്ലാം പ്രിയങ്കരനായുമിരിക്കുന്നു. മഹാഭാഗനായ ഈ ചിത്രകേതു ശ്രീഹരിയുടെ ദാസനാണു. ആയതിനാൽ അവന്റെ മനസ്സ് സദാ ശാന്തവും സമദൃക്‌കുമായിരിക്കുന്നു. അതുപോലെ, ഞാനും ആ പരമപുരുഷന്റെ പ്രീതി നേടിയവനാകുന്നു. ആയതിനാൽ, സമദർശികളും ശാന്തസ്വഭാവികളും ശ്രീഹരിയുടെ ഭക്തന്മാരുമായിരിക്കുന്ന മഹാത്മാക്കളിൽ കോപം പ്രകടിപ്പിക്കുവാൻ പാടില്ല.

ശ്രീശുകൻ പറഞ്ഞു: അല്ലയോ രാജാവേ!, മഹാദേവന്റെ ഈ ഉപദേശത്താൽ കോപമടക്കി ദേവി ശാന്തസ്വരൂപിണിയായി ഭവിച്ചു. തിരിച്ചു് ശപിക്കുവാൻ ശക്തനായിരുന്നിട്ടുകൂടി ഭക്തോത്തമനായ ചിത്രകേതു ദേവിയുടെ ശാപത്തെ ശിരസ്സാവഹിക്കുകയാണുണ്ടായതു. രാജൻ!, ആതാണു് സാധുക്കളുടെ ലക്ഷണം എന്നു് മനസ്സിലാക്കുക. അങ്ങനെയായിരുന്നു, ജ്ഞാനവിജ്ഞാനസംയുക്തനായ ചിത്രകേതു ദാനവയോനിയെ അവലംബിച്ചു് വൃത്രൻ എന്ന പേരിൽ വിഖ്യാതനായി ത്വഷ്ടാവിന്റെ യജ്ജവേദിയിലെ അഗ്നിയിൽ പിറന്നതു. ആസുരയോനിയിൽ പിറന്ന അവനു് എങ്ങനെയായിരുന്നു ഭഗവാനിൽ ഭക്തിയുണ്ടായതു് എന്ന ആങ്ങയുടെ ചോദ്യത്തിനുത്തരം ഇതോടുകൂടി ഞാൻ പറഞ്ഞുകഴിഞ്ഞു. ഹേ രാജൻ!, മഹാത്മാവായ ചിത്രകേതുവിന്റെ ചരിതത്തേയും, ഭഗവദ്ഭക്തന്മാരുടെ മാഹാത്മ്യത്തേയും കേൾക്കുന്നവൻ സംസാരത്തിൽനിന്നും മോചിക്കപ്പെടുന്നതാ‍ണു. ദിനവും പ്രഭാതത്തിലെഴുന്നേറ്റു് ശ്രീഹരിയെ ധ്യാനിച്ചുകൊണ്ടു് ഈ ചരിതം പാരായണം ചെയ്യുന്നവൻ പരമമായ ഗതിയെ പ്രാപിക്കുന്നതാണു.


ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം പതിനേഴാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next






Devi Parvathi curses Chitraketu

2019, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

6.16 ചിത്രകേവിനു് നാരദരുടെ മന്ത്രോപദേശവും, സങ്കർഷണമൂർത്തിയുടെ ദർശനവും.


ഓം
 ചിത്രകേവിനു് നാരദരുടെ മന്ത്രോപദേശവും, സങ്കർഷണമൂർത്തിയുടെ ദർശനവും.
ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 16



ശ്രീശുകബ്രഹ്മർഷി പറഞ്ഞു: അല്ലയോ പരീക്ഷിത്തു് രാജാവേ!, അനന്തരം, അന്തരിച്ചുപോയ ആ ബാലനെ തന്റെ യോഗവിദ്യയാൽ ആ കുടുംബാങ്ങൾക്കു് കാട്ടിക്കൊടുത്തുകൊണ്ടു് നാരദമുനി അവനോടിങ്ങനെ പറഞ്ഞു: ഹേ ജീവാത്മാവേ!, നിനക്കു് നല്ലതുവരട്ടെ!, നിന്റെ മാതാപിതാക്കന്മാരെ നോക്കുക. നീ കാരണം ഈ നിൽക്കുന്ന നിന്റെ ഉറ്റവരും ഉടയവരും സുഹൃത്തുക്കളുമൊക്കെ അതീവ ദുഃഖത്തിലാണു. നീ ഈ ശരീരത്തിലേക്കു് പ്രവേശിക്കുക. ശേഷം, അവശേഷിച്ച ആയുഷ്കാലം ഇവരോടൊത്തു് ജീവിക്കുക. ഈ നൃപാസനത്തെ അലങ്കരിച്ചുകൊണ്ടു് പിതാവിൽനിന്നും ലോകഭോഗങ്ങളെ സ്വീകരിച്ചനുഭവിക്കുക!.

ശ്രീശുകൻ തുടർന്നു: രാജാവേ!, നാരദമുനിയുടെ ഈ വാക്കുകളെ കേട്ടപ്പോൾ ആ ജീവൻ അദ്ദേഹത്തോടിപ്രകാരം പറഞ്ഞു: മുനേ!, ദേവന്മാർ, പക്ഷികൾ, മൃഗങ്ങൾ, മനുഷ്യതുടങ്ങിയ പലപല യോനികളിൽ കർമ്മബന്ധത്താൽ കറങ്ങിക്കൊണ്ടിരിക്കുന്ന എനിക്കു് ഏതു് ജന്മത്തിലായിരുന്നു ഇവർ മാതാപിതാക്കന്മാരായിരുന്നതു?. സംസാരത്തിലെ ഈ ചുറ്റിത്തിരിയലിൽ ഓരോ ജീവാത്മാക്കൾക്കും മറ്റുള്ള ജീവാത്മാക്കളോടു് തമ്മിൽ ബന്ധുക്കൾ, കുടുംബക്കാർ, ശത്രുക്കൾ, ഇടത്തരക്കാർ, സഹായികൾ, യാതൊരു ബന്ധവുമില്ലാത്തവർ, വിദ്രോഹികൾ ഇങ്ങനെ നാനാ തരത്തിലുള്ള ബന്ധങ്ങൾ ഉണ്ടാകുന്നു. സ്വർണ്ണം മുതലായ ദ്രവ്യങ്ങൾ ക്രയവിക്രയങ്ങൾക്കിടയിൽ അതിന്റെ ഉപയോക്താക്കളായ മനുഷ്യരോടൊപ്പം കറങ്ങിക്കൊണ്ടിരിക്കുന്നതുപോലെ, ജീവാത്മാക്കളും തങ്ങളുടെ ഓരോ ജനനത്തിനും കാരണക്കാരായ വിവിധ മാതാപിതാക്കന്മാരെ ആശ്രയിച്ചു് അവരുടെയിടയിൽ പര്യടനം നടത്തുന്നു. ഒപ്പം ചേർന്നുനിൽക്കുന്ന ബന്ധങ്ങൾ പോലും കുറെ കാലങ്ങൾക്കുശേഷം വേർപിരിയപ്പെടുന്നതായാണു് കാണപ്പെടുന്നതു. കാരണം, യാതൊരുവസ്തുവാകട്ടെ, എത്രകാലം ഒരുവനു് അതുമായി വേഴ്ചയുണ്ടോ, അത്രകാലം മാത്രമേ അതുമായുള്ള മമതയും അവനുണ്ടാകുന്നുള്ളൂ. ഇതുപോലെ, ഓരോ മാതാപിതാക്കന്മാരാൽ ബന്ധപ്പെട്ടു് ഓരോ ശരീരത്തിനുള്ളിൽ കഴിയുമ്പോഴും ജീവൻ ശാശ്വതനും നിരങ്കാരനുമാണു. എത്രകാലം ആ ശരീരത്തിനുള്ളിൽ വർത്തിക്കുമോ, അത്രകാലം വരെ മാത്രമേ ആ ജീവനു് അവരുമായി സംബന്ധമുള്ളൂ. ഈ ജീവൻ നിത്യനും അവ്യയനുമാണു. സൂക്ഷ്മരൂപനായ ഇവൻ സ്ഥൂലരൂപമായ തന്റെ ശരീരത്തിനു് ആധാരമാകുന്നു. സ്വയം പ്രകാശിതനായ ഇവനാകട്ടെ, ത്രിഗുണങ്ങൾക്കധീനനായിരുന്നുകൊണ്ടു് തത്ഫലമായി വിവിധ ശരീരങ്ങളെ സ്വീകരിക്കുന്നു. ആത്മാവിനു് പ്രിയനായും അപ്രിനായും, സ്വന്തക്കാരാനായും അപരനായും ആരുംതന്നെയില്ല. അവൻ മറ്റുള്ളവരുടെ ചിത്തവൃത്തികൾക്കും കർമ്മങ്ങൾക്കും സാക്ഷിയായി ഏകനായിത്തന്നെയിരിക്കുന്നു. യതുകൊണ്ടു് ഇവൻ സുഖത്തേയോ ദുഃഖത്തേയോ കർമ്മഫലത്തേയോ സ്വീകരിക്കുന്നവനല്ല. എന്നാൽ കാര്യകാരണങ്ങളെ നോക്കിക്കണ്ടുകൊണ്ടു് ഉദാസീനനായി നിലകൊള്ളുന്നു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഇങ്ങനെ പറഞ്ഞുകൊണ്ടു് ആ ജീവൻ അവിടെനിന്നും അപ്രത്യക്ഷമായി. തുടർന്നു്, ഉണ്ടായ സംഭവത്തിൽ ആശ്ചര്യം കൊള്ളുകയും, ചിത്രകേതു ആദിയായ സർവ്വരും തങ്ങൾക്കിടയിലുള്ള സ്നേഹമാകുന്ന ചങ്ങലയെ അറുത്തുകളഞ്ഞുകൊണ്ടു് തങ്ങളുടെ ദുഃഖത്തെയകറ്റുകയും ചെയ്തു. ശേഷം, അവർ ആ ബാലന്റെ മൃതദേഹം ശേഷക്രിയകൾ ചെയ്തു് യഥാവിധി സംസ്കരിച്ചു. അതോടുകൂടി, ത്യജിക്കുവാൻ പറ്റാത്തതായതും, ശോകം, മോഹം, ഭയം, ആർത്തി മുതലായവയെ തരുന്നതുമായ മമതയാകുന്ന മിഥ്യാബോധത്തെ പരിത്യജിച്ചു.

ഹേ മഹാരാജൻ!, ബാലനെ ഹനിച്ചതിൽ ദുഃഖിതരായ ചിത്രകേതുവിന്റെ ലജ്ജിതരായ മറ്റുള്ള പത്നിമാർ അംഗിരസ്സുമുനിയുടെ ഉപദേശപ്രകാരം യമുനാതീരത്തിലെത്തി ബ്രാഹ്മണരാൽ ശാസ്ത്രോക്തമായി വിധിക്കപ്പെട്ട പ്രായശ്ചിത്തവ്രതം അനുഷ്ഠിച്ചു. ആ സംഭവത്തോടുകൂടി മാമുനിമാരുടെ വചസ്സുകളാൽ ഉത്തേജിതനായി, ആന സരസ്സിലെ ചേറ്റിൽനിന്നെന്നതുപോലെ, ചിത്രകേതു ഗൃഹമാകുന്ന പൊട്ടക്കിണറ്റിൽനിന്നും കരകയറുകയുണ്ടായി. കാളിന്ദിയിൽ കുളിച്ചു്, വിധിയാംവണ്ണം പുണ്യദങ്ങളായ ജലക്രിയകൾ കഴിച്ചു. പിന്നീടു്ആത്മസംയമനം ചെയ്തു് മൌനത്തോടെ അംഗിരസ്സിനേയും നാരദനേയും വണങ്ങി. അനന്തരം, അന്തഃകരണശുദ്ധിവരുത്തുവാനായി തന്നിൽ ശരണം പ്രാപിച്ച ചിത്രകേതുവിനു് നാരദമുനി പ്രീതനായി ഈ മന്ത്രവിദ്യയെ ഉപദേശിച്ചു.

നാരദർ ചിത്രകേതുവിനു് ശേഷതോഷണി എന്ന മന്ത്രം ഉപദേശിക്കുന്നു. നാരദർ പറഞ്ഞു: ശ്രീവാസുദേവനായ ഭഗവാനു് നമസ്ക്കാരം!. പ്രദ്യുന്മനും അനിരുദ്ധനും സങ്കർഷണനുമായ നിന്തിരുവടിയെ ഞാൻ ധ്യാനിക്കുന്നു. ബോധസ്വരൂപനായിരിക്കുന്ന, അത്മാരാമനായിരിക്കുന്ന, സദാ ശാന്തശീലനായിരിക്കുന്ന, പരമാനന്ദമൂർത്തിയ്ക്കു് നമസ്ക്കാരം!. കേവലം ആത്മാനന്ദത്താൽ രാഗദ്വേഷങ്ങളകന്നവനും, ഇന്ദ്രിയങ്ങളുടെ നാഥനും, സർവ്വവും സർവ്വവ്യാപിയുമായിരിക്കുന്നവനായ അങ്ങേയ്ക്കു് നമസ്ക്കാരം!. മനസ്സിനും വാക്കിനും ഗോചരമാകാതെ, നാമരൂപങ്ങളില്ലാതെ, സച്ചിദാനന്ദരൂപനായി, കാര്യകാരണങ്ങൾക്കു് പരനായി, ഏകനായി വിളങ്ങുന്ന അവൻ ഞങ്ങളെ രക്ഷിക്കട്ടെ!. ഒരേ മണ്ണാൽത്തന്നെ സംജാതമായി, നിലനിന്നു്, അതേ മണ്ണിൽത്തന്നെ ലയിച്ചുചേരുന്ന വിവിധ മൺപാത്രങ്ങളെപ്പോലെ, ഈ പ്രപഞ്ചം യാതൊരുവനിൽന്നിന്നുണ്ടാകുകയും, യാതൊരുവനിൽ നിലനിൽക്കുകയും, അതുപോലെ യാതൊരുവനിൽത്തന്നെ ലയിക്കുക്കയും ചെയ്യുന്നുവോ, ബ്രഹ്മതത്വമായ ആ നിന്തിരുവടിയ്ക്കു് നംസ്ക്കാരം!. ആകാശം പോലെ അകമ്പുറം കൊണ്ടു് നിറഞ്ഞിട്ടും, പ്രാണനാലോ മനസ്സിനാലോ ബുദ്ധിയാലോ ഇന്ദ്രിയങ്ങളാലോ അറിയപ്പെടാതെ നിലകൊള്ളുന്ന ആ പരമാത്മാവിനെ ഞാൻ സ്മരിക്കുന്നു. ചൈത്യന്യം കൂടിച്ചേരുമ്പോൾ, ദേഹം, ഇന്ദ്രിയങ്ങൾ, പ്രാണങ്ങൾ, മനസ്സ്, ബുദ്ധി എന്നിവകൾ പ്രവർത്തിക്കുകയും, എന്നാൽ മറ്റു് സമയങ്ങളിൽ, പഴുപ്പിക്കപ്പെടാത്തെ ലോഹത്തെപ്പോലെ അവ പ്രവർത്തക്ഷമതയില്ലാത്ത വസ്തുവെപ്പോലെയുമിരിക്കുന്നു. ചുട്ടുപഴുക്കാത്ത ലോഹത്തിനു് പൊള്ളിക്കാൻ കഴിയാത്തതുപോലെ, ആ ബ്രഹ്മചൈതന്യം കൂടാതെ യാതൊരവസ്ഥകളിലും അവയ്ക്കു് പ്രവർത്തിക്കുവാൻ സാധ്യമല്ല. മഹാപുരുഷനും മഹാനുഭാവനും മഹാവിഭൂതിപതിയുമായ ഭഗവാനായിക്കൊണ്ടു് നമസ്ക്കാരം!. ഭക്തസമൂഹങ്ങൾ ഹസ്താഞ്ജലി കൂപ്പിയാരാധിക്കുന്ന തൃപ്പദങ്ങളുള്ളവനായ നിന്തിരുവടിയ്ക്കു് നമസ്ക്കാരം!.

ശ്രീശുകൻ പറഞ്ഞു: രാജാവേ!, ഇങ്ങനെ, തന്നിൽ ആശ്രിതനായ ചിത്രകേതുവിനു് മന്ത്രോപദേശം നൽകിക്കൊണ്ടു് അംഗിരസ്സിനോടൊപ്പം നാരദമുനി ബ്രഹ്മലോകത്തിലേക്കു് യാത്രയായി. ആ മന്ത്രവിദ്യയെ ജലപാനം മാത്രം ചെയ്തുകൊണ്ടും മനസ്സിനെ നിന്ത്രിച്ചുകൊണ്ടും വിധിപ്രകാരം അദ്ദേഹം ഏഴുദിവസം ഉരുവിട്ടു. രാജൻ!, ഏഴുദിവസത്തെ ആ ജപയജ്ഞത്തിലൂടെ അദ്ദേഹം വിദ്യാധരാധിപതിസ്ഥാനത്തെ നേടിയെടുത്തു. ഏതാനും ദിവസങ്ങൾകൊണ്ടു് ആ വിദ്യയാൽ മനസ്സുകൊണ്ടു്, ചിത്രകേതുവാകട്ടെ, ദേവന്മാരുടേയും ദേവനായ സങ്കർഷണമൂർത്തിയുടെ പദമലരിണയിൽ ഗമിച്ചു. തുടർന്നു്, താമരവളയം പോലെ വെളുത്തവനും, നീലവസ്ത്രം ചുറ്റിയവനും, മിന്നിത്തിളങ്ങുന്ന കിരീടം, തോൾവള, വള, അരഞ്ഞാണം, കങ്കണം മുതലായവ അണിഞ്ഞവനും, പ്രസന്നവദനത്തോടും അരുണനേത്രത്തോടും കൂടിയവനുമായ ശേഷനെ, സിദ്ധേശ്വരന്മാരാൽ ചുറ്റപ്പെട്ടവനായി ചിത്രകേതു കണ്ടു. ആ ദർശനത്താൽ അദ്ദേഹത്തിന്റെ സകലപാപങ്ങൾക്കും അറുതി വന്നു. അന്തഃകരണങ്ങൾ സ്വച്ഛവും അമലവുമായി. പ്രേമഭാവത്താലുതിർന്ന കണ്ണുനീർ അദ്ദേഹത്തിന്റെ കവിളുകളിലൂടെയൊഴുകി. രോമാഞ്ചമുതിർത്തുകൊണ്ടു്, ഭക്തിയോടെ, മൌനിയായി, ആ തൃപ്പാദങ്ങളിൽ വീണുവണങ്ങി. തെരുതെരെയൊഴുകുന്ന പ്രേമാശ്രുധാരയിൽ അദ്ദേഹം ഭഗവാന്റെ പാദങ്ങളെ നനച്ചുകൊണ്ടിരുന്നു. ഇടറിയ കണ്ഠത്താൽ ഏറെനേരത്തേയ്ക്കു് അദ്ദേഹത്തിനു് ഒരക്ഷരംപോലും ഉരിയാടാൻ സാധിച്ചില്ല. അനന്തരം, മനസ്സിനെ ബുദ്ധികൊണ്ടടക്കി, സകല ഇന്ദ്രിയങ്ങളുടേയും ബാഹ്യവൃത്തികളെ തടഞ്ഞു്, തൊണ്ടയുടെ ഇടറൽ അല്പമൊന്നടങ്ങിയപ്പോൾ, ശാസ്ത്രങ്ങളിൽ വർണ്ണിക്കപ്പെട്ടിട്ടുള്ള ലോകഗുരുവായ ഭഗവാനെ ഇപ്രകാരം സ്തുതിച്ചു.

ചിത്രകേതുവിന്റെ ഭഗവദ്സ്തുതി: ഹേ അജിതനായ ഭഗവാനേ!, സമാധിസ്ഥരും മനസ്സിനെ അടക്കിയവരും മാത്രമാണു് അങ്ങയെ ജയിക്കുന്നതു. അങ്ങയുടെ കാരുണ്യത്താൽമാത്രം അവർക്കതിനു് സാധിക്കുന്നു. കാരണം, നിഷ്കാമന്മാരായി അങ്ങയെ ഭജിക്കുന്നവർക്കു് അങ്ങു് അങ്ങയെത്തന്നെ പ്രദാനം ചെയ്യുന്നു. ഭഗവാനേ!, സൃഷ്ടിസ്ഥിതിലയങ്ങൾ അവിടുത്തെ ലീലകൾ മാത്രമാകുമ്പോൾ, അങ്ങയുടെ അംശത്തിന്റെ അംശങ്ങളാകുന്ന വിശ്വസൃഷ്ടാക്കളാകട്ടെ!, സ്വയം തങ്ങൾ വേറെയെന്നു് തെറ്റിദ്ധരിച്ചുകൊണ്ടു് വെറുതേ മത്സരിക്കുന്നു. സൂക്ഷ്മമായ പരമാണുവിലും, സ്ഥൂലമായ പ്രപഞ്ചത്തിലും ആദിമദ്ധ്യാന്തം വർത്തിക്കുന്നതു് അങ്ങുമാത്രമാണു. സൃഷ്ടിസ്ഥിത്യന്തങ്ങൾക്കു് പരനായി നിൽക്കുന്ന അങ്ങാകട്ടെ, ഇക്കാണുന്ന ദൃശ്യങ്ങളുടെ തുടക്കത്തിലും ഒടുക്കത്തിലും സുസ്ഥിരനായി നിൽക്കുന്നതുപോലെതന്നെ, അവയുടെ അന്തരാളത്തിലും നിലകൊള്ളുന്നു. ഓരോ ലോകങ്ങളും ഭൂമി, ജലം, അഗ്നി, വായു, ആകാശം, മഹത്, അഹങ്കാരം എന്നീ ഏഴു് പദാർത്ഥങ്ങളാൽ നിർമ്മിതമായിരിക്കുന്നു. ഓരോന്നും മുന്നേതിനേക്കാൾ പത്തിരട്ടി വലുതുമാണു. എന്നാൽ അനേകകോടികളായ ഈ ബ്രഹ്മാണ്ഡങ്ങൾ അങ്ങയിൽ ഒരണുവിനെപ്പോലെ ചലിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ അങ്ങു് അനന്തനാകുന്നു. വിഷയേഛുക്കളായ മനുഷ്യർ മൃഗങ്ങളെപ്പോലെയാകുന്നു. ആമൃഗീയതയിൽ അവർ അങ്ങയെ വിസ്മരിച്ചുകൊണ്ടു് അവിടുത്തെ അംശങ്ങൾ മാത്രമായ ദേവതകളെ ഉപാസിക്കുന്നു. ആ ദേവന്മാരുടെ അഭാവത്തിൽ, രാജവംശം നശിച്ച രാജസേവകന്മാരുടെ അവസ്ഥയ്ക്കു് തുല്യം, ആ അനുഗ്രഹസിദ്ധികൾ ഇല്ലാതെയാകുന്നു. ഹേ ഭഗവാനേ!, ജ്ഞാനസ്വരൂപനും നിർഗ്ഗുണനുമായ അങ്ങയിൽ അർപ്പിക്കപ്പെടുന്ന കാമസങ്കല്പങ്ങൾപോലും, വറുത്ത വിത്തുകൾ എന്നതുപോലെ, നിർജ്ജീവമായിപ്പോകുന്നു. ത്രിഗുണങ്ങളുടെ നൂൽക്കെട്ടുകളാലത്രേ ദ്വന്ദ്വങ്ങളുടെ വലകളുണ്ടാകുന്നതു. ഹേ അജിതനായ ഭഗവാനേ!, അങ്ങു് ഭാഗവതധർമ്മമുണ്ടാക്കിയ നിമിഷത്തിൽ അവിടുന്നു് സർവ്വോത്കൃഷ്ടമായി വിജച്ചുകഴിഞ്ഞിരുന്നു. നിഷ്കിഞ്ചനന്മാരും ആത്മാരാമന്മാരുമായിട്ടുള്ള മുനികൾ ആ ഭാഗവതധർമ്മത്താൽ അവിടുത്തെ പാദപൂജയെ ചെയ്യുന്നു. ഇതരധർമ്മങ്ങളിലേതുപോലെ, ഭാഗവതധർമ്മത്തിൽ നീയെന്നും ഞാനെന്നും നിന്റേതെന്നും എന്റേതെന്നുമുള്ള ദ്വൈതഭാവങ്ങളില്ല. ഭേദബുദ്ധിയോടെ രചിക്കപ്പെട്ട ആ ഇതരധർമ്മങ്ങൾ ശുദ്ധിയില്ലാത്തതും ക്ഷയിക്കുന്നതും അധർമ്മം പെരുക്കുന്നതുമാണു. തന്നിലും പരനിലും ശത്രുത്വമുളവാക്കുന്ന ഈ ധർമ്മങ്ങൾകൊണ്ടു് തനിക്കും പരനും എന്തു് പ്രയോജനമാണുണ്ടാകുന്നതു?. ആ ധർമ്മത്തെ അനുശാസിക്കുന്നതുകൊണ്ടു് എന്തു് ഗുണമുണ്ടാകാൻ?. സ്വയത്തിനും പരനും വേദനയുളവാക്കുന്നതുകൊണ്ടു്, ഹേ ഭഗവാനേ!, അങ്ങയുടെ കോപവും, അതുപോലെ അധർമ്മവും അവിടെ സംഭവിക്കുന്നു. അങ്ങയാൽ ഉപദിഷ്ടമായ ഈ ഭാഗവതധർമ്മം ഒരിക്കലും പിഴയ്ക്കുന്നില്ല. ആ ധർമ്മത്തെ ഉപാസിക്കുന്ന വിശിഷ്ടന്മാർക്കു് സകലചരാചരങ്ങളിലും സമഭാവനയുണ്ടാകുന്നു. അങ്ങനെയുള്ള ആര്യന്മാർ അങ്ങയെ ഉപാസിക്കുന്നു. ഭഗവാനേ!, അങ്ങയുടെ ഏതെങ്കിലുമൊരു തിരുനാമം എപ്പോഴെങ്കിലുമൊരിക്കൽ കേൾക്കാനിടവരുന്ന ഒരു പരമചണ്ഡാളനുംകൂടി സംസാരത്തിൽനിന്നും മുക്തനാകുന്നു. ആ നിന്തിരുവടിയുടെ ദർശനത്താൽ മനുഷ്യന്റെ സകല പാപങ്ങളും അറ്റുപോകുന്നുവെന്നുള്ളതിൽ എന്തു് സംശയിക്കാനിരിക്കുന്നു?. അതുകൊണ്ടു്, അങ്ങയുടെ ഈ ദർശനത്താൽ ഞങ്ങൾ ഇപ്പോൾ ഹൃദയമാലിന്യമകന്നവരായിരിക്കുന്നു. അങ്ങയുടെ ഭക്തനായ ദേവർഷിയാൽ പറയപ്പെട്ടതു് എങ്ങനെ മറിച്ചാകാനാണു?. ഹേ അനന്താ!, ഇവിടെ ജനങ്ങളുടെ സകലവൃത്തികളും അങ്ങറിയുകതന്നെ ചെയ്യുന്നു. മിന്നാമിനുങ്ങിന്റെ പ്രകാശവുമായി പരമഗുരുവായ അങ്ങയുടെ സന്നിധിയിൽ ഞങ്ങൾ അങ്ങയെ എന്തു് ബോധ്യപ്പെടുത്തുവാനാണു?. സകലലോകങ്ങളുടേയും സൃഷ്ടിസ്ഥിത്യന്തങ്ങൾക്കു് നിയന്താവായവനും, ദ്വന്ദ്വങ്ങൾക്കടിപ്പെട്ട കുയോഗികൾക്കു് അഗ്രാഹ്യനും പരമഹംസനുമായ അങ്ങേയ്ക്കു് നമസ്ക്കാരം!. കർമ്മനിരതനായ അങ്ങയെ അനുസരിച്ചു് ജഗദ്സൃഷ്ടാക്കൾ പ്രവർത്തിക്കുന്നു. സർവ്വജ്ഞനായ അങ്ങയെ അനുസരിച്ചു് ജ്ഞാനേന്ദ്രിയങ്ങൾ അറിയാൻ തുടങ്ങുന്നു. അങ്ങയുടെ ശിരസ്സിൽ ഈ ഭൂഗോളം ഒരു കടുകുമണിയോളം വലിപ്പമാത്രത്തിൽ ധരിക്കപ്പെട്ടിരിക്കുന്നു. സഹസ്രശീർഷനായ ആ ഭഗവാനയിക്കൊണ്ടു് നമസ്ക്കാരം!.

ശ്രീശുകൻ പറഞ്ഞു: അല്ലയോ കുരൂദ്വഹാ!, വിദ്യാധരന്മാരുടെ നാഥനായ ചിത്രകേതുവിനാൽ ഏവം സ്തുതിക്കപ്പെട്ട ഭഗവാൻ സങ്കർഷണമൂർത്തി അദ്ദേഹത്തിൽ സംപ്രീതിയോടെ ഇങ്ങനെ അരുളിച്ചെയ്തു: ഹേ രാജൻ!, നാരദരാലും അംഗിരസ്സിനാലും എന്നെക്കുറിച്ചു് അറിയാൻ കഴിഞ്ഞതുകൊണ്ടും, ആ മന്ത്രവിദ്യയാൽ എന്റെ ദർശനം നേടുവാൻ കഴിഞ്ഞതുകൊണ്ടും അങ്ങിപ്പോൾ സംസിദ്ധിയടഞ്ഞവനായിരിക്കുന്നു. രാജാവേ!, ഈ പ്രപഞ്ചത്തിലെ സകല ചരാചരങ്ങളും എന്റെ അംശങ്ങളാണു. ഞാൻ അവയോരോന്നിലും അന്തര്യാമിയായി കുടികൊള്ളുന്നു. ആയതിനാൽ ഞാൻ സകലഭൂതങ്ങളേയും പ്രകാശിപ്പിക്കുന്ന അവയുടെ മൂലകാരണനുമാണു. ശബ്ദബ്രഹ്മമാ‍കുന്ന ഓംകാരവും, ആദികാരണമാകുന്ന പരബ്രഹ്മവും എന്റെ രണ്ടു് ശാശ്വതമായ രൂപങ്ങളാണു. ഈ ഭോഗവസ്തുവായ ദൃശ്യപ്രപഞ്ചം ഭോക്താവായ ജീവചൈതന്യത്തിലും, അതുപോലെ, ഭോക്താവായ ജീവചൈത്യന്യം ഭോഗവസ്തുവായ ദൃശ്യപ്രപഞ്ചത്തിലും പരസ്പരം വ്യാപ്തമായിരിക്കുന്നു. എന്നാൽ, ഇവ രണ്ടും എന്നിൽ കല്പിതമാണെന്നും, അതുപോലെ, എന്നാൽ വ്യാപ്തമായുമിരിക്കുന്നുവെന്നുമറിയുക. എങ്ങനെയെന്നാൽ, ഉറങ്ങിക്കിടക്കുന്നവൻ സ്വപ്നത്തിൽ സ്വയത്തേയും പ്രപഞ്ചത്തിലെ പലതിനേയും കാണുകയും അനുഭവിച്ചറിയുകയും ചെയ്യുന്നു. എന്നാൽ, ഉണർന്നതിനുശേഷം, താൻ വെറുതെ ഒരിടത്തു് കിടക്കുന്നവനായി സ്വയത്തെ കാണുകയും ചെയ്യുന്നു. അപ്രകാരത്തിൽ, ജീവനിൽ സ്ഥിതമായിരിക്കുന്ന ജാഗ്രത്തു്, സ്വപ്നം മുതലായ ബോധപരമായ അവസ്ഥാവിശേഷങ്ങളെന്നതു്, ജീവാത്മാവിനെ സംബന്ധിച്ചുള്ള മായാകാര്യം മാത്രമാണെന്നറിഞ്ഞുകൊണ്ടു്, അവയുടെ യഥാർത്ഥ ദൃക്കെന്നുള്ളതു പരമാത്മാവാണെന്നറിഞ്ഞുകൊള്ളുക. നിദ്രയിൽ മുഴുകിയ ഒരു ജീവനു് തന്റെ സ്വപ്നത്തെയും ഇന്ദ്രീയാധീതമായ സുഖത്തേയും അറിയുവാനുതകുന്ന സർവ്വവ്യാപ്തമായ ആ ആത്മപ്രകാശം ഞാനാണെന്നറിയുക. സ്വപ്നം, ജാഗ്രത്തു് എന്നീ അവസ്ഥകളെ സ്മരിക്കുന്ന ഒരു ജീവന്റെ സ്വപ്നബോധത്തിലും ജാഗ്രത്ബോധത്തിലും യഥാക്രമം ചേർന്നുനിൽക്കുകയും വിട്ടുനിൽക്കുകയും ചെയ്യുന്ന ജ്ഞാനം ആ ബോധങ്ങളിൽനിന്നെല്ലാം അതീതമായ ബ്രഹ്മചൈതന്യമാകുന്നു. അതിനെ ആത്മാവായി അറിയുക. അങ്ങനെയുള്ള എന്റെ ഭാവത്തെ മറക്കുന്ന സമയം, ജീവൻ സ്വയത്തെ എന്നിൽനിന്നും അന്യനായി കണക്കാക്കുന്നു. തന്മൂലം, സംസാരദുഃഖം ഉണ്ടാകുകയും, തത്ഫലമായി ദേഹത്തിൽനിന്നു് ദേഹവും, മരണത്തിൽനിന്നു് മരണവും ഏർപ്പെട്ടവനായി സംസാരത്തിൽ അലയുകയും ചെയ്യുന്നു. ജ്ഞാനവിജ്ഞാനത്തെ അറിയുവാനുതകുന്ന മനുഷ്യജന്മം സിദ്ധിച്ചിട്ടും ആത്മതത്വത്തെ ഗ്രഹിക്കാത്തപക്ഷം ജീവനു് ഒരിടത്തും ശാന്തിയുണ്ടാകാൻ പോകുന്നില്ല. അതുകൊണ്ടു്, പ്രവൃത്തിമാർഗ്ഗത്തിലുള്ള കഷ്ടപ്പാടുകളും തന്മൂലമായുണ്ടാകുന്ന ദുഃഖങ്ങളും, അതുപോലെ നിവൃത്തിമാർഗ്ഗത്തിലൂടെയുണ്ടാകുന്ന സുരക്ഷയും തന്മൂലമുള്ള സുഖങ്ങളും വേർതിരിച്ചോർത്തിട്ടു്, അറിവുള്ളവർ കർമ്മാസക്തിയിൽനിന്നും പിൻ‌വാങ്ങുകതന്നെ ചെയ്യണം. ദമ്പതിമാർ സുഖത്തിനായും ദുഃഖനിവൃത്തിക്കായും പലേവിധം കർമ്മങ്ങളിലേർപ്പെട്ടുകൊണ്ടേയിരിക്കുന്നു. എന്നാൽ, അവയിൽനിന്നെല്ലാം ദുഃഖത്തിന്റെ അനിവൃത്തിയും സുഖത്തിന്റെ അപ്രാപ്തിയുമാണു ഫലമായി ഉണ്ടാകുന്നതു. പ്രവൃത്തിമാർഗ്ഗത്തിലൂടെയുണ്ടാകുന്ന ഈ വിപരീതഫലപ്രാപ്തിയേയും, അതുപോലെ, അവസ്ഥാത്രയങ്ങളിലേതിൽനിന്നും ഭിന്നമായ ജീവന്റെ സൂക്ഷ്മതത്വത്തെയും അറിഞ്ഞതിനുശേഷം, ചുറ്റുമുള്ള വിഷയങ്ങളിൽനിന്നും മുക്തനായി, സ്വന്തം വിവേകത്താൽ ജ്ഞാനവിജ്ഞാനങ്ങൾ നേടി സന്തുഷ്ടനാകുന്ന മനുഷ്യൻ എന്റെ ഭക്തനായി ഭവിക്കുന്നു. യോഗമാർഗ്ഗങ്ങളിലൂടെ നിർമ്മലമാകുന്ന ബുദ്ധികൊണ്ടു് മനുഷ്യൻ സർവ്വപ്രകാരങ്ങളിലും നേടിയെടുക്കേണ്ട സ്വാർത്ഥമെന്നതു്, ജീവാത്മാവും പരമാത്മാവും ഒന്നാണെന്നു് തിരിച്ചറിയുന്ന ജ്ഞാനസാക്ഷാത്ക്കാരമാകുന്നു. ഹേ രാജൻ!, അങ്ങു് എന്റെ ഈ വാക്കുകളെ ശ്രദ്ധയോടുകൂടി ഉള്ളിലിരുത്തി ജ്ഞാനവിജ്ഞാനസമ്പന്നനായി അതിവേഗം സിദ്ധനാകുകതന്നെ ചെയ്യും.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ജഗദ്ഗുരുവും വിശ്വാത്മകനുമായ ഭഗവാൻ സങ്കർഷണമൂത്തി ഇങ്ങനെ ചിത്രകേതുവിനെ പറഞ്ഞുസമാധാനിപ്പിച്ചതിനുശേഷം, അദ്ദേഹം നോക്കിനിൽക്കെ, അവിടെനിന്നും മറഞ്ഞരുളി.

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം പതിനാറാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next






Narada advises Sheshatoshini Mantra to Chitraketu

2019, ഓഗസ്റ്റ് 18, ഞായറാഴ്‌ച

6.15 ചിത്രകേതൂപാഖ്യാനം 2


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 15
(ചിത്രകേതൂപാഖ്യാനം 2)


ശ്രീശുകബ്രഹ്മർഷി പറഞ്ഞു: മകന്റെ മൃതശരീരത്തിനടുത്തു് മൃതശരീരംപോലെതന്നെ വീണുകിടക്കുന്ന ചിത്രകേതുവിനെ നല്ലവാക്കുകളാൽ ബോധവാനാക്കിക്കൊണ്ടു് ഋഷികൾ ഇങ്ങനെ പറഞ്ഞു: ഹേ രാജാവേ!, ആരെ ഓർത്താണോ അങ്ങിങ്ങനെ ദീനനാ‍യി വിലപിക്കുന്നതു്, ആ ഇവൻ അങ്ങയുടെ ആരാകുന്നു?. പണ്ടും ഇപ്പോഴും ഇനി മേലിലും ഇവനും അങ്ങയുമായുള്ള ബന്ധം എന്താണു?. പുഴയുടെ ശക്തമായ ഒഴുക്കിൽ അതിലെ മണൽത്തരികൾ എപ്രകാരം ഒന്നിക്കുകയും വിയോജിക്കുകയും ചെയ്യുന്നുവോ, അപ്രകാരം കാലത്തിന്റെ ശക്തിയാൽ ജീവരാശികളും സംയോജിക്കുകയും വിയോജിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ചില വിത്തുകളിൽനിന്നും പുതുവിത്തുകൾ ഉണ്ടാകുകയും, എന്നാൽ മറ്റുചിലതിൽനിന്നും ഉണ്ടാകാതിരിക്കുകയും ചെയ്യുന്നതുപൊലെ, ഈശ്വരമായയാൽ ജീവഭൂതങ്ങളിൽനിന്നു് ജീവഭൂതങ്ങളുണ്ടാകുകയോ, ഉണ്ടാകാതിരിക്കുകയോ ചെയ്യാം. ഞങ്ങളും, അങ്ങും, ഇക്കാലത്തിൽ നമുക്കുചുറ്റുമുള്ള സ്ഥാവരജംഗമങ്ങളായ സകലതും ജനനത്തിനുമുമ്പു് ഇങ്ങനെയായിരുന്നില്ല എന്നും, മരണത്തിനുശേഷം ഇങ്ങനെയായിരിക്കില്ല എന്നുമുള്ളതുപോലെ, ഇപ്പോഴുള്ള ഈ സ്ഥിതിവിശേഷവും അപ്രകാരം അസ്ഥിരം തന്നെയാണെന്നു് ധരിക്കുക. വിത്തിൽനിന്നും വിത്തുണ്ടാകുന്നതുപോലെ, ഒരു ദേഹത്തിൽനിന്നും മറ്റൊരു ദേഹം സംജാതമാകുന്നു. എന്നാൽ ദേഹി എന്നതു് ശാശ്വതമായ നിത്യവസ്തുവാണെന്നറിയുക. കേവലമായ സദ്രൂപത്തിൽ എപ്രകാരമാണോ സാമാന്യമെന്നും വിശേഷമെന്നുമുള്ള വ്യത്യാസം കല്പിക്കപ്പെട്ടിരിക്കുന്നതു്, അപ്രകാരംതന്നെ, ദേഹമെന്നും ദേഹിയെന്നുമുള്ള ഭേദങ്ങളും പണ്ടുമുതലേ അജ്ഞാനത്താൽ കല്പിക്കപ്പെട്ടതാകുന്നു.

ശ്രീശുകൻ പറഞ്ഞു: രാജൻ!, ഇങ്ങനെ മുനിമാരാൽ സാന്ത്വനിപ്പിക്കപ്പെട്ട ചിത്രകേതു കൈകൊണ്ടു്, മനോവ്യഥയാൽ വാടിയ മുഖത്തുനിന്നും, കണ്ണീർ തുടച്ചു് ഇപ്രകരം പറഞ്ഞു: അവധൂതവേഷത്തിൽ ഇവിടെ വന്നിരിക്കുന്ന നിഗൂഢന്മാരും ജ്ഞാനികളും മാഹാത്മാക്കളുമായ നിങ്ങളിരുവരും ആരൊക്കെയാണു?. ഭഗവദ്ഭക്തന്മാരായ ബ്രഹ്മജ്ഞാനികൾ ഭ്രാന്തന്മാരുടെ വേഷത്തിൽ എന്നെപ്പോലുള്ള അല്പബുദ്ധികളെ ഉത്ബോധിപ്പിക്കുന്നതിനായി ഭൂമിയിൽ സഞ്ചരിക്കാറുണ്ടല്ലോ!. സനത്കുമാരന്മാർ, നാരദർ, ഋഭു, അംഗിരസ്സ്, ദേവലൻ, അസിതൻ, അപാന്തരതമൻ, വേദവ്യാസൻ, മാർകണ്ഡേയൻ, ഗൌതമൻ, വസിഷ്ഠൻ, പരശുരാമൻ, കപിലൻ, ശ്രീശുകൻ, ദുർവാസസ്സ്, യാജ്ഞവൽക്യൻ, ജാതുകർണ്ണി, ആരുണി, രോമശൻ, ച്യവനൻ, ദത്താത്രേയൻ, ആസുരി, പതഞ്ജലി, വേദശിരസ്സ്, ബോധ്യൻ, പഞ്ചശിരസ്സ്, ഹിരണ്യനാഭൻ, കൌസല്യൻ, ശ്രുതദേവൻ, ഋതധ്വജൻ മുതലായവരും മറ്റുള്ള മഹാത്മാക്കളും ഇങ്ങനെ ആത്മജ്ഞാനത്തെ പ്രദാനം ചെയ്യുവാനായി ലോകമെമ്പാടും ചുറ്റിസഞ്ചരിക്കാറുണ്ടു. അതുപോലെ, മൃഗത്തെപ്പോലെ മൂഢബുദ്ധിയും, അന്ധമായ ഇരുട്ടിൽ മുങ്ങിയവനുമായ എനിക്കു് രക്ഷകരായി വന്നവരാണു് നിങ്ങളെങ്കിൽ, എന്നിൽ ജ്ഞാനദീപം തെളിയിച്ചാലും!.

അംഗിരസ്സ് പറഞ്ഞു: ഹേ രാജാവേ!, ഞാൻ പുത്രാർത്ഥിയായിരുന്ന അങ്ങേയ്ക്കു് മുമ്പൊരിക്കൽ പുത്രനെ ദാനം ചെയ്ത അംഗിരസ്സും, ഈയുള്ളതു് ബ്രഹ്മപുത്രനും സർവ്വജ്ഞനുമായ ദേവർഷി നാരദരുമാണു. മഹാവിഷ്ണുവിന്റെ ഭക്തനായ അങ്ങു് ഇങ്ങനെ പുത്രദുഃഖത്താൽ ദുസ്തരമായ അന്ധകാരത്തിൽ കഴിയേണ്ടവനല്ലെന്നു് നിനച്ചു് അങ്ങയുടെ ഈ ദുഃഖം തീർത്തനുഗ്രഹിക്കുവാനായി വന്നവരാണു ഞങ്ങൾ. ഭഗവദ്ഭക്തന്മാർ ഒരിക്കലും ക്ലേശിക്കുവാൻ പാടില്ല. അന്നുതന്നെ അങ്ങേയ്ക്കു് ആത്മജ്ഞാനമരുളുവാൻ വന്നതായിരുന്നു ഞാൻ. എന്നാൽ അതിൽനിന്നും വ്യത്യസ്ഥമായ അങ്ങയുടെ അന്നത്തെ താല്പര്യത്തെ മനസ്സിലാക്കിയിട്ടു് അങ്ങാഗ്രഹിച്ചവിധം ഒരു പുത്രനെ നൽകി എനിക്കു് തിരിച്ചുപോകേണ്ടിവന്നു. അന്നു് പുത്രനില്ലാതിരുന്നതിലെ ദുഃഖവും, ഇന്നു് പുത്രനുണ്ടായതിലെ ദുഃഖവും അങ്ങു് നേരിട്ടു് മനസ്സിലാക്കിക്കഴിഞ്ഞുവല്ലോ. അതുപോലെ തന്നെയാണു് ഭാര്യമാരുടേയും ഗൃഹങ്ങളുടേയും ധനങ്ങളുടേയും മറ്റു് സർവ്വൈശ്വര്യങ്ങളുടേയും അവസ്ഥ. കൂടാതെ, ശബ്ദാദികളായ വിഷയങ്ങളുടേയും, രാജ്യത്തിന്റേയും, ഭൂമിയുടേയും, സൈന്യത്തിന്റേയും, ഭണ്ഡാരം, ഭൃത്യന്മാർ, മന്ത്രിമാർ, ബന്ധുക്കൾ തുടങ്ങിയവരുടേയും അവസ്ഥകളും മറിച്ചല്ലെന്നറിയുക. ഹേ ശൂരസേനാധിപാ!, ഗന്ധർവ്വനഗരം പോലെ ഒളിഞ്ഞും തെളിഞ്ഞുമിരിക്കുന്നവയും, സ്വപ്നം, മായ മുതലായവകൾ പോലുള്ള മിഥ്യാസങ്കല്പങ്ങളായ ഇവയെല്ലാംതന്നെ ദുഃഖവും ഭയവും മോഹവും ആർത്തിയും നൽകുന്നവയാണു. ശാശ്വതമായ യാതൊരർത്ഥവുമില്ലാതെ കേവലം മനസ്സിന്റെ ഭ്രമത്താൽ ഇപ്പോൾ ഉണ്ടെന്നു് തോന്നുന്ന സർവ്വവും അടുത്ത നിമിഷത്തിൽ ഇല്ലാതാകുന്നവയാണു. മുജ്ജന്മകർമ്മവാസനകളാൽ പലതും ധ്യാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നവന്റെ ചിന്തയിലൂടെ കർമ്മങ്ങളുണ്ടാകുന്നു. ഭൌതികവും ക്രിയാത്മകവുമായ ഈ ശരീരംതന്നെയാണു് ദേഹത്തിൽ സ്ഥിതിചെയ്യുന്ന ദേഹികൾക്കു് വിവിധതരം ദുഃഖങ്ങളും ദുരിതങ്ങളും ഉണ്ടാക്കിക്കൊടുക്കുന്നതെന്നു് പറയപ്പെടുന്നു. അതുകൊണ്ടു് സ്വസ്ഥമായ മനസ്സിനാൽ ആത്മാവിന്റെ തത്വത്തെ അറിഞ്ഞുകൊണ്ടു്, നാനാരൂപത്തിൽ കാണപ്പെടുന്ന ഈ പ്രപഞ്ചം സത്യമാണെന്ന മിഥ്യാബോധത്തെ ഉപേക്ഷിച്ചിട്ടു് മനസ്സ് ശാന്തമാക്കുക.

ശ്രീനാരദൻ പറഞ്ഞു: ഹേ രാജൻ!, ഇനി ഞാൻ ജപിക്കുവാൻ പോകുന്ന ഈ മന്ത്രതത്വത്തെ എന്നിൽനിന്നും ശ്രദ്ധഭക്തിസമന്വിതം കേട്ടുധരിക്കുക. ഈ മന്ത്രത്തെ ധാരണ ചെയ്യുന്നതിലൂടെ താങ്കൾ ഏഴു് രാത്രികൊണ്ടു് ഭഗവാൻ സങ്കർഷണമൂർത്തിയെ കാണുന്നതാണു. മഹാരാജാവേ!, പണ്ടു്, ശർവ്വാദികൾ ഭഗവാൻ സങ്കർഷണമൂർത്തിയുടെ പാദമൂലത്തെ ആശ്രയിച്ചുകൊണ്ടു് ദ്വൈതഭാവമാകുന്ന ഈ മനോവിഭ്രാന്തിയിൽനിന്നും മുക്തരായി, നിരുപമവും നിസ്സീമവുമായ അവിടുത്തെ മഹിമയെ പ്രാപിച്ചിരുന്നു. അങ്ങും താമസിയാതെതന്നെ ആ ഉത്കൃഷ്ടസ്ഥാനത്തെത്തുന്നതാണു.


ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം പതിനഞ്ചാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next






The Saints Nārada and Aṅgirā Instruct King Citraketu

6.14 ചിത്രകേതൂപാഖ്യാനം 1


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 14
(ചിത്രകേതൂപാഖ്യാനം 1)


പരീക്ഷിത്തു് ചോദിച്ചു: ഹേ ബ്രഹ്മർഷേ!, ജന്മനാലും കർമ്മണാലും രാജസ്സവും താമസവുമായ ഗുണങ്ങളുണ്ടാകേണ്ടവനും പാപവാനുമായ വൃത്രനു് ഭഗവാൻ നാരായണനിൽ അടിയുറച്ച ഈ ബുദ്ധി എങ്ങനെയുണ്ടായി?. ശുദ്ധസത്വന്മാരും നിർമ്മലാത്മാക്കളുമായ ദേവന്മാർക്കും, എന്തിനുപറയാൻ, ഋഷിസത്തമന്മാർക്കുപോലും മുകുന്ദപാദത്തിൽ ഇങ്ങനെയുള്ള ഭക്തിയുണ്ടാവുക എന്നതു്, വളരെ ദുർല്ലഭമാണു. ഈ ഭൂമിയിൽ മൺ‌തരികളുടെ സംഖ്യയ്ക്കു് തുല്യമായ ജീവഭൂതങ്ങളുണ്ടു. എന്നാൽ, അതിൽ മനുഷ്യാദികളിൽ പോലും ചുരുക്കം ചിലർ മാത്രമേ ധർമ്മത്തെ ചെയ്യുന്നുള്ളൂ. അവർക്കിടയിൽ ചിലർ മാത്രമേ മോക്ഷത്തെ ആഗ്രഹിക്കുന്നുള്ളൂ. ആയിരം മോക്ഷാർത്ഥികൾക്കിടയിൽ ഒരുത്തൻ മാത്രമേ സിദ്ധിയടയുന്നുമുള്ളൂ. അങ്ങനെ മുക്തരായിത്തീർന്ന അനേകകോടികളിൽ ഒരുവനായിരിക്കും നാരായണനിൽ ഈവിധം ഭക്തിയുൾക്കൊണ്ടിരിക്കുന്നതു. അത്രയും സുദുർല്ലഭമാണു് ഭഗവദ്ഭക്തന്മാരുടെ കൂട്ടം. എന്നാൽ മൂലോകങ്ങൾക്കും ദുഃഖം വിതച്ചവനും, പാപിയുമായിരുന്ന ആ വൃത്രൻ എങ്ങനെയായിരുന്നു യുദ്ധമധ്യത്തിൽവച്ചു് തന്തിരുവടിയിൽ ഇത്രയും ഭക്തിയുള്ളവനായി ഭവിച്ചതു?. അവൻ യുദ്ധത്തിനിടയിൽ തന്റെ ശത്രുവായ ഇന്ദ്രനെപ്പോലും സന്തോഷവാനാക്കുകയുണ്ടായി. ഹേ മഹാത്മൻ!, ഇക്കാര്യത്തിൽ ഞങ്ങൾക്കു് അത്യധികം സംശയങ്ങളുണ്ടു. അതിനെക്കുറിച്ചു് കേൾക്കുവാൻ എത്രയും കൌതുകവും.

സൂതൻ പറഞ്ഞു: അല്ലയോ മുനിമാരേ!, ശ്രദ്ധാലുവായ പരീക്ഷിത്തിന്റെ ഇങ്ങനെയുള്ള ചോദ്യം കേട്ടു് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ടു് സർവ്വജ്ഞനായ ശ്രീശുകബ്രഹ്മമഹർഷി അദ്ദേഹത്തോടു് ഇപ്രകാരം മറുപടി പറഞ്ഞു: രാജൻ!,                                ഇനി ഞാൻ പറയാൻ പോകുന്ന ഈ ഇതിഹാസത്തെ ശ്രദ്ധയോടെ കേട്ടുകൊണ്ടാലും.!. ഇതു് വേദവ്യസനാലും നാരദരാലും ദേവലമുനിയാലും പറയപ്പെട്ടതാകുന്നു. ഹേ രാജാവേ!, ശൂരസേനം എന്ന ഒരു രാജ്യത്തിലെ അധിപതിയായി ചിത്രകേതു എന്നു് വിഖ്യാതനായ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുന്നിൽ ഭൂമീദേവി എന്നും ആശിച്ചതെല്ലാം ചുരന്നുകൊടുക്കുന്ന ഒരു കാമധേനുവായിരുന്നു. എന്നാൽ, ഒരു കോടിയിലധികം വരുന്ന ഭാര്യമാരുണ്ടായിരുന്നിട്ടും അദ്ദേഹത്തിനു് സന്താഭാഗ്യമുണ്ടായിരുന്നില്ല. സൌന്ദര്യം, ദാനശീലം, യുവത്വം, വംശമഹിമ, വിദ്യ, പ്രഭുത്വം, സമ്പത്തു് തുടങ്ങിയ സകല സൌഭാഗ്യങ്ങളുമുണ്ടായിരുന്ന അദ്ദേഹം വന്ധ്യകളുടെ പതിയായതിനാലും പുത്രനില്ലാത്തതിനാലും അത്യധികം ചിന്താധീനനായി മാറി. ഇത്തരത്തിലുള്ള ഐശ്വര്യങ്ങളോ സുന്ദരികളായ ഭാര്യമാരോ കാമധേനുവായി നിൽക്കുന്ന ഈ ഭൂമിതന്നെയോ അദ്ദേഹത്തിന്റെ മനസ്സിനു് സംതൃപ്തി നൽകിയില്ല.

അങ്ങനെയിരിക്കെ ഒരു ദിവസം സർവ്വജ്ഞനായ അംഗിരസ്സുമഹാമുനി ലോകപര്യടനത്തിനിടയിൽ യാദൃശ്ചികമായി ചിത്രകേതുവിന്റെ കൊട്ടാരത്തിലെത്തി. ചിത്രകേതു മുനിയെ സർവ്വസത്കാരബഹുമതികളൊടെ ആദരിച്ചിരുത്തി. ശേഷം, സന്തുഷ്ടനായ മുനിയെ സമീപിച്ചു് അദ്ദേഹത്തിന്റെ അരികിലിരുന്നു. ഹേ രാജൻ!, വിനയാന്വിതനായി തന്റെയടുക്കൽ വെറുംനിലത്തിരിക്കുന്ന ചിത്രകേതുമഹാരാജാവിനെ പ്രത്യാദരിച്ചിട്ടൂ് അദ്ദേഹത്തെ അഭിസംബോധനം ചെയ്തുകൊണ്ടു് അംഗിരസ്സുമഹാമുനി ഇങ്ങനെ പറഞ്ഞു: ഹേ രാജാവേ!, അങ്ങേയ്ക്കും പ്രജകൾക്കും മറ്റു് രാജ്യാംഗങ്ങൾക്കുമെല്ലാം ക്ഷേമം തന്നെയല്ലേ?. എന്തായാലും സർവ്വമംഗളങ്ങളും ഭവിക്കട്ടെ!. ജീവാത്മാക്കളെല്ലാം എവ്വിധം പഞ്ചഭൂതങ്ങൾ, മഹത്തത്വം, അഹങ്കാരം മുതലായവയാൽ ഗോപനം ചെയ്യപ്പെട്ടിരിക്കുന്നുവോ, രാജാക്കന്മാരും, അതേവിധംതന്നെ, പുരോഹിതൻ, മന്ത്രിമാർ, സുഹൃത്തുക്കൾ, ഖജനാവു്, പ്രജകൾ, കോട്ടകൾ, സൈന്യങ്ങൾ എന്ന സപ്തപ്രകൃതികളാൽ ഗോപനം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു രാജാവു് എപ്പോഴും പ്രജകളുടെ ക്ഷേമത്തിനായി വർത്തിച്ചുകൊണ്ടു് രാജ്യസുഖത്തെ അനുഭവിക്കുന്നു. അതുപോലെതന്നെ, പ്രജകളും രാജാവിനാൽ ഉറപ്പുവരുത്തപ്പെട്ടിട്ടുള്ള ക്ഷേമത്താൽ ശ്രേയസ്സിനെ അനുഭവിക്കുന്നു. ഹേ രാജൻ!, പത്നിമാർ, പ്രജകൾ, അമാത്യന്മാർ, ഭൃത്യന്മാർ, വ്യവസായിജനങ്ങൾ, മന്ത്രിമാർ, പൌരന്മാർ, നാട്ടിൻ‌കൂട്ടങ്ങൾ, നാട്ടുരാജാക്കന്മാർ, കൂടാതെ സ്വന്തം മക്കൾ എന്നിവരെല്ലാം അങ്ങയുടെ സ്വാധീനത്തിൽ വർത്തിക്കുന്നുവെന്നു് വിശ്വസിക്കട്ടെ!. ഒരു രാജാവിന്റെ മനസ്സു് സ്വയം നിയന്ത്രിതമാണെങ്കിൽ, ഇപ്പറഞ്ഞവരെല്ലാംതന്നെ അദ്ദേഹത്തിന്റെ സ്വാധീനവലയത്തിൽത്തന്നെയായിരിക്കുകയും, നാടുവാഴികളുൾപ്പടെയുള്ള സകലരും തങ്ങളുടെ ധർമ്മത്തെ വേണ്ടവിധിത്തിൽ ആചരിക്കുകയും ചെയ്യും. അങ്ങിൽ സന്തോഷം അല്പം പോലും ഞാൻ കാണുന്നില്ല. ഉള്ളിൽനിന്നോ വെളിയിൽനിന്നോ സാധിക്കാത്തതായ എന്തോ ആഗ്രഹം അങ്ങയെ അലട്ടുന്നതായി തോന്നുന്നു. അങ്ങയുടെ മുഖം വിചാരത്താൽ വിവർണ്ണമായിരിക്കുന്നു.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, സർവ്വജ്ഞനായ മുനിയാൽ ആശങ്കയോടെ ഈവിധം ചോദിക്കപ്പെട്ട പുത്രകാമിയായ ചിത്രകേതു അദ്ദേഹത്തോടു് ഇപ്രകാരം മറുപടി പറഞ്ഞു: ഹേ എല്ലാമറിയുന്ന മുനേ!, തപസ്സും ജ്ഞാനവും സമാധിയും കൊണ്ടു് പാപമകന്നവരായ അങ്ങയെപ്പോലുള്ള സന്യാസിശ്രേഷ്ഠന്മാർക്കു് ഞങ്ങൾ മനുഷ്യരുടെ അകത്തും പുറത്തുമുള്ള വിഷയങ്ങളെക്കുറിച്ചു് എന്താണറിയാത്തതായിട്ടുള്ളതു?. സർവ്വജ്ഞനായ അങ്ങു് ചോദിച്ചതു് പ്രകാരം, അങ്ങയുടെ ആജ്ഞായാൽത്തന്നെ ഉള്ളിലെ വിചാരത്തെ ഞാൻ പറയാം. ഹേ മുനേ!, ആഹാ‍രം കിട്ടാതെ വലയുന്നവനു് അവന്റെ മറ്റു് സൌഭാഗ്യങ്ങളൊന്നുംതന്നെ സന്തോഷം കൊടുക്കാത്തതുപോലെ, ലോകപാലകന്മാർ പോലും ആഗ്രഹിക്കുന്ന വിധത്തിലുള്ള സാമ്രാജ്യത്തിനും ഐശ്വര്യത്തിനും സമ്പത്തിനും നാഥനായ എന്നെ, പുത്രനില്ലാത്ത ദുഃഖം സദാ അലട്ടിക്കൊണ്ടിരിക്കുന്നു. ഞാനും എന്റെ പൂർവ്വപിതാക്കന്മാരും ദുസ്തരമായ നരകത്തിലേക്കു് പതിച്ചുകൊണ്ടിരിക്കുകയാണു. പുത്രലാഭത്തിലൂടെ അതിൽനിന്നും രക്ഷപെടുവാനായി ഞങ്ങളെ അനുഗ്രഹിക്കണം.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, രാജാവിന്റെ ദുഃഖത്തെക്കേട്ടു് മനസ്സലിഞ്ഞ ബ്രഹ്മാവിന്റെ മാനസപുത്രനായ അംഗിരസ്സ് ഹവിസ്സിനെ പാകം ചെയ്തു് ഹോമിച്ചുകൊണ്ടു് ത്വഷ്ടാവിനെ ആരാധിച്ചു. ഹേ ഭരതകുലോത്തമാ!, ചിത്രകേതുവിന്റെ പത്നിമാരിൽ മൂത്തവളും തമ്മിൽ ശ്രേഷ്ഠയായിരുന്നവളുമായ കൃതദ്യുതി എന്നു് പേരുള്ളവൾക്കു് അംഗിരസ്സ് യജ്ഞോച്ഛിഷ്ടത്തെ കൊടുത്തു. തുടർന്നു്, ചിത്രകേതുവിനു് ഒരു പുത്രൻ ജനിക്കുമെന്നും, അവൻ അദ്ദേഹത്തിനു് സന്തോഷവും സന്താപവും പ്രദാനം ചെയ്യുമെന്നും പറഞ്ഞുകൊണ്ടു് അംഗിരസ്സുമുനി അവിടെനിന്നും യാത്രയായി. യജ്ഞശിഷ്ടം സേവിച്ചതിനുശേഷം, അഗ്നിദേവനിൽനിന്നും കൃത്തികാദേവി എന്നതുപോലെ, ചിത്രകേതുവിൽനിന്നും കൃതദ്യുതി ഗർഭം ധരിച്ചു. ഹേ രാജൻ!, ശൂരസേനാധിപതിയായ ചിത്രകേതുവിന്റെ തേജസ്സിൽനിന്നുമുണ്ടായ ആ ഗർഭം വെളുത്തപക്ഷത്തിലെ ചന്ദ്രനെന്നതുപോലെ ദിനംപ്രതി വളർന്നുവന്നു. പിന്നീടു് സമയമായപ്പോൾ, കേട്ടവർക്കെല്ലാം ആഹ്ലാദത്തെ ജനിപ്പിച്ചുകൊണ്ടു് കൊട്ടാരത്തിൽ ഒരു കുമാരൻ പിറന്നു. സന്തുഷ്ടനായ രാജാവു് കുളിച്ചുശുദ്ധനായി സർവ്വാഭരണവിഭൂഷിതനായി വന്നു്, ബ്രാഹ്മണരെക്കൊണ്ടു് കുട്ടിക്കു് ജാതകർമ്മങ്ങൾ ചെയ്യിപ്പിച്ചു. തുടർന്നു്, രാജാവു് അവർക്കു് സ്വർണ്ണവും വെള്ളിയും വസ്ത്രങ്ങളും ആഭരണങ്ങളും ഗ്രാമങ്ങളും കുതിരകളും ആനകളും ആറു് കോടി പശുക്കളേയും ദാനം ചെയ്തു. ബാലന്റെ ആയുസ്സിനും യശസ്സിനും വേണ്ടി രാജാവു് സർവ്വർക്കും അവർ ആഗ്രഹിച്ചതിനൊയൊക്കെ, കാർമേഘം മഴ ചൊരിയുന്നതുപോലെ, ദാനം ചെയ്തു. വളരെ ആശിച്ചും പ്രയാസപ്പെട്ടും ലഭ്യമായ പുത്രനിൽ, നിർദ്ധനനു് കഷ്ടപ്പാടിലൂടെ ധനം കിട്ടുമ്പോൾ ആനന്ദം വളരുന്നതുപോലെ, രാജാവിനു് അനുദിനം സ്നേഹം വളർന്നുവന്നു. പുത്രലാഭത്താൽ കൃതദ്യുതിക്കു് അതിരറ്റ ആനന്ദവും, അതേസമയം, ചിത്രകേതുവിന്റെ ഇതര ഭാര്യമാർക്കു് അത്രകണ്ടു് ദുഃഖവും ദിനംതോറും പെരുകിവന്നു.

ഹേ രാജൻ!, തനിക്കു് ഒരു പുത്രനെ സമ്മാനിച്ച കൃതദ്യുതിയിൽൽ രാജാവിനു് സ്നേഹം കൂടുകയും, മറ്റുള്ളവരിൽ അതു് കുറയുകയും ചെയ്തു. അസൂയ വളർന്നും, മക്കളില്ലാത്ത സങ്കടത്താലും, രാജാവിന്റെ അവഗണകൊണ്ടും അദ്ദേഹത്തിന്റെ മറ്റുള്ള പത്നിമാർ തങ്ങളെത്തന്നെ പഴിച്ചുകൊണ്ടു് സ്വയം ദുഃഖിതരായി. കുട്ടികളില്ലാത്ത പാപിയും, തന്മൂലം ഭർത്താവിന്റെ വെറുപ്പിനു് പാത്രമായിത്തീർന്നവളും, അതുപോലെ, സന്താനഭാഗ്യമുള്ള പത്നിമാരാൽ വേലക്കാരിയെപ്പോലെ തിരസ്കരിക്കപ്പെട്ടവളുമായ സ്ത്രീ നീചയാണെന്നു് അവർ സ്വയം വിധിയെഴുതി. ദാസിമാർക്കുപോലും തങ്ങളുടെ സ്വാമിമാരാൽ വേണ്ടത്ര പരിചരണം ലഭിച്ചു് ദുഃഖമൊഴിയുന്നു. എന്നാൽ, നമ്മളാകട്ടെ, ദാസിമാർക്കും ദാസിമാരെപ്പോലെ ഭാഗ്യം കെട്ടവരായി ഭവിച്ചിരിക്കുന്നു. കൃതദ്യുതിയുടെ സന്താനഭാഗ്യത്താൽ മനസ്സെരിയുന്നവരും രാജാവിന്റെ അനാദരവിനു് പാത്രീഭവിച്ചവരുമായ ആ പത്നിമാരുടെ വിദ്വേഷമാകട്ടെ, ദിവസംതോറും വർദ്ധിച്ചുവന്നു. അങ്ങനെ, ബുദ്ധി ഭ്രമിച്ച ക്രൂരമനസ്കരായ ആ സ്ത്രീകൾ രാജാവിനോടുള്ള ദേഷ്യത്താൽ ഒരു ദിവസം ആ ബാലനു് വിഷം കൊടുത്തു.

ആ സ്ത്രീകളുടെ കൊടും പാതകത്തെപറ്റിയറിയാതിരുന്ന കൃതദ്യുതി കുഞ്ഞു് ഉറങ്ങുകയാണെന്നു് വിചാരിച്ചു് വീടിനുള്ളിൽ തന്റെ വേലയിൽ മുഴുകി. കുറെ സമയത്തിനുശേഷം, ബുദ്ധിമതിയായ അവൾ ഏറെ നേരമായി ഉറങ്ങിക്കൊണ്ടിരിക്കുന്ന തന്റെ മകനെ കൊണ്ടുവരുവാനായി ആയയോടു് ഉത്തരവിട്ടു. ആയയാകട്ടെ, കുട്ടി കിടന്നിരുന്നിടത്തെത്തിയപ്പോൾ, കണ്ണുകളുന്തി, ശ്വാസഗതിയും ഇന്ദ്രിയങ്ങളും ജീവചൈതന്യവും നിലച്ച കുഞ്ഞിനെ കണ്ടു്, അയ്യോ! ഞാൻ നശിച്ചേ! എന്നു് നിലവിളിച്ചുകൊണ്ടു് നിലത്തുവീണു. ഇരുകരങ്ങൾ കൊണ്ടും നെഞ്ചത്തടിച്ചു് നിലവിളിക്കുന്ന അവളുടെ ഒച്ച കേട്ടു് രാജ്ഞി അതിവേഗത്തിൽ മകന്റെയടുത്തേക്കു് ഓടിയടുത്തു. മരിച്ചുകിടക്കുന്ന മകനെക്കണ്ടുണ്ടായ ദുഃഖത്താൽ അവൾ ഭൂമിയിൽ കുഴഞ്ഞുവീണു. കരച്ചിൽ കേട്ടു് അന്തഃപുരനിവാസികളായ സകലരും അവിടെ ഓടിയെത്തി. മരിച്ചുകിടക്കുന്ന കുഞ്ഞിനെ നോക്കി അവരും തീരാദുഃഖത്താൽ നിലവിളിച്ചു. സർവ്വതിനും കാരണക്കാരായ രാജാവിന്റെ മറ്റു് പത്നിമാരും ദുഃഖം അഭിനയിച്ചുകൊണ്ടു് മുതലക്കണ്ണീരൊഴുക്കി.

ഹേ രാജൻ!, മരണകാരണം പോലുമറിയാതെ ചിത്രകേതുവിന്റെ ബോധം നഷ്ടപ്പെട്ടു. വേച്ചുനടന്നുകൊണ്ടും, പുത്രസ്നേഹത്തിൽനിന്നും വർദ്ധിച്ചുവരുന്ന ദുഃഖത്താൽ അടിയ്ക്കടി മോഹാലസ്യപ്പെട്ടുവീണുകൊണ്ടും, മന്ത്രിമാരും ഋഷികളുമായി താങ്ങപ്പെട്ടു് അദ്ദേഹം മരിച്ചുകിടക്കുന്ന തന്റെ മകന്റെ ശരീരത്തിനടുത്തെത്തി ആ പിഞ്ചുപാദത്തിൽ തളർന്നുവീണു. കണ്ണീർ കെട്ടിനിന്നു് കണ്ഠമിടറിയ അദ്ദേഹത്തിനു് ദീർഘമായി നിശ്വസ്സിക്കുവാനല്ലാതെ യാ‍തൊന്നും സംസാരിക്കുവാൻ കഴിഞ്ഞില്ല. ദുഃഖത്താൽ തളർന്നുവീണ ഭർത്താവിനേയും, നിശ്ചലനായി കിടക്കുന്ന പുത്രനേയും കണ്ടു് പതിവ്രതയായ കൃതദ്യുതി നോക്കിനിൽക്കുന്നവർക്കും മനോവേദനയുണ്ടാകുന്ന വിധത്തിൽ വിലപിച്ചു. കുങ്കുമച്ചാറിന്റെ നറുമണത്താൽ അലംകൃതമായ അവളുടെ സ്തനങ്ങൾ കണ്മഷി കലർന്ന കണ്ണുനീരിനാൽ നനഞ്ഞു. കൊഴിഞ്ഞുവീഴുന്ന പൂമാലകളാൽ അലങ്കരിക്കപ്പെട്ടിരുന്ന കേശഭാരത്തെ ചിന്നിചിതറിച്ചുകൊണ്ടു് അവൾ തലതല്ലി അലമുറയിട്ടു് കരഞ്ഞു.                                                    ഹേ വിധാതാവേ!, അങ്ങു് സൃഷ്ടികാര്യത്തിൽ എത്രയും അജ്ഞനായിരിക്കുന്നു. അങ്ങയുടെ സൃഷ്ടിയ്ക്കുതന്നെ പ്രതികൂലമായി അങ്ങു് പ്രവർത്തിക്കുന്നു. മുൻപു് ജനിച്ചവൻ ജീവിച്ചിരിക്കവേ, പിന്നീടു് ജനിച്ചവനു് മരണം സംഭവിക്കുന്നതു് വളരെ കഷ്ടമാണു. അങ്ങു് സത്യത്തിൽ ഈ ജീവഭൂതങ്ങളുടെ ശത്രുവാണു. ഈ ലോകത്തിൽ ജനനമരണങ്ങൾക്കു് നിശ്ചിതമായ ക്രമമില്ലെങ്കിലും, അവ ഓരോരുത്തരുടേയും കർമ്മങ്ങൾക്കനുസരിച്ചാണു് സംഭവിക്കുന്നതെങ്കിലും, അങ്ങയുടെ സൃഷ്ടിയുടെ വളർച്ചയ്ക്കുവേണ്ടിത്തന്നെ ജീവഭൂതങ്ങളെ തമ്മിൽ ബന്ധിച്ചിട്ടുള്ള സന്താനവാത്സല്യമാകുന്ന പാശത്തെപ്പോലും അങ്ങു് സ്വയം അറുത്തുകളഞ്ഞിരിക്കുന്നു.

ശ്രീശുകൻ തുടർന്നു: രാജാവേ!, ഇങ്ങനെ ബ്രഹ്മദേവനെ പഴിച്ചതിനുശേഷം, തന്റെ മകനോടായി പറഞ്ഞു: കുഞ്ഞേ!, ദീനയും അനാഥയുമായ എന്നെ നീ കൈവിട്ടുപോകരുതു. നിന്നെയോർത്തു് ഹൃദയമുരുകുന്ന നിന്റെ അച്ഛനെ ഒന്നുനോക്കൂ!. സന്താനസൌഭാഗ്യമില്ലാത്തവർക്കു് തരണം ചെയ്യേണ്ടതായ ആ കൂരിരുളിൽനിന്നും നിന്നിലൂടെ ഞങ്ങൾ രക്ഷ പ്രാപിക്കട്ടെ!. അരുതു് മകനേ!, അല്പം പോലും കാരുണ്യമില്ലാത്ത ആ കാലന്റെ കൂടെ നീ ഞങ്ങളെവിട്ടു് ദൂരെ പോകരുതു. എഴുന്നേൽക്കൂ കുഞ്ഞേ!, ഹേ രാജകുമാരാ!, നിന്റെ കൂട്ടുകാർ നിന്നെ കളിയ്ക്കാൻ വിളിക്കുന്നു. ഒരുപാടുനേരം ഉറങ്ങിയില്ലേ?. നിനക്കു് വിശക്കുന്നുണ്ടാകും, എഴുന്നേറ്റു് ഭക്ഷണം കഴിക്കൂ!. പാലു് കുടിക്കൂ ഉണ്ണീ!, ഉറ്റവരായ ഞങ്ങളെ ദുഃഖിപ്പിക്കാതിരിക്കൂ!. മകനേ!, ഭാഗ്യംകെട്ട എനിക്കു് നിന്റെ പുഞ്ചിരിച്ച മുഖവും അതിലെ സന്തുഷ്ടമായ കണ്ണുകളേയും കാണാൻ കഴിയുന്നില്ല. നിന്റെ മധുവൂറുന്ന വാണികൾ എനിക്കിപ്പോൽ കേൾക്കാൻ കഴിയുന്നില്ല. നിർദ്ദയനായ കാലനോടൊപ്പം ഇനി ഒരിക്കലും തിരിച്ചുവരാത്തിടത്തേയ്ക്കു് നീ എത്തപ്പെട്ടു അല്ലേ?.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, ഇങ്ങനെ പുത്രദുഃഖത്താൽ പലവിധം ദീനമായി വിലപിക്കുന്ന ഭാര്യയെ കണ്ടു് ദുഃഖം ഇരച്ചുകയറിയ ഹൃദയത്തോടെ ചിത്രകേതുവും ഉറക്കെ നിലവിളിച്ചു. തീരാദുഃഖത്താൽ വിലപിക്കുന്ന ആ ദമ്പതികളെ കണ്ടു് ചുറ്റും നിന്നവരും കരഞ്ഞുതുടങ്ങി. ഇങ്ങനെ കടുത്ത ദുഃഖത്താൽ ബോധം നഷ്ടപ്പെട്ടു് നാഥരില്ലാതായ ശൂരസേനരാജ്യത്തെക്കുറിച്ചറിഞ്ഞ അംഗിരസ്സ് ആ സമയം നാരദരോടൊപ്പം അവിടേയ്ക്കു് വന്നു.


ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം പതിനാലാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next





King Citraketu’s Lamentation

6.13 ഇന്ദ്രന്റെ പാപനിവൃത്തി.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 13
(ഇന്ദ്രന്റെ പാപനിവൃത്തി.)

ശ്രീശുകൻ പറഞ്ഞു: ഹേ രാജാവേ!, വൃത്രൻ വധിക്കപ്പെട്ടതിൽ പിന്നെ, ദേവേന്ദ്രനൊഴികെ സകലത്രിലോകവാസികളുടേയും ദുഃഖവും ഭയമകന്നു് അവരുടെ മനസ്സിൽ സന്തോഷം നിറഞ്ഞു. അനന്തരം, ദേവന്മാർ, ഋഷികൾ, പിതൃക്കൾ, ഭൂതഗണങ്ങൾ, അസുരന്മാർ, ദേവാനുചരന്മാർ, ബ്രഹ്മദേവൻ, മഹാദേവൻ, ഇന്ദ്രൻ മുതലായവർ സ്വസ്ഥാനങ്ങളിലേക്കു് സ്വയം തിരിച്ചുപോയി.

പരീക്ഷിത്തു് രാജാവു് ചോദിച്ചു: ഹേ ഋഷിവര്യാ!, ദേവേന്ദ്രൻ കാരണമാണല്ലോ മൂലോകവാസികളും സന്തോഷവാന്മാരായതു. എങ്കിൽ പിന്നെ എന്തുകൊണ്ടാണു് ഇന്ദ്രനു് മാത്രം സന്തോഷിക്കാൻ കഴിയാഞ്ഞതു?. എന്തായിരുന്നു് അദ്ദേഹത്തിനുണ്ടായ സങ്കടം?.

ശ്രീശുകൻ പറഞ്ഞു: രാജൻ!, വൃത്രന്റെ ശല്യം സഹിക്കവയ്യാതെ ദേവന്മാരും ഋഷികളും ഇന്ദ്രന്റെ കണ്ടു് അവനെ വധിക്കണമെന്നഭ്യർത്ഥിച്ചപ്പോൾ, ബ്രാഹ്മണവധത്തെ ഭയപ്പെട്ടിരുന്ന ഇന്ദ്രനാകട്ടെ, അതിനെ ആഗ്രഹിക്കുന്നില്ലായിരുന്നു. ആ സമയം, ഇന്ദ്രൻ അവരോടു് പറഞ്ഞു: ഹേ മഹാത്മാക്കളേ!, വിശ്വരൂപഗുരുവിനെ വധിച്ചതിലുള്ള ബ്രഹ്മഹത്യാമഹാപാപത്തെ അനുഗ്രഹമനോഭാവമുള്ള സ്ത്രീകൾ, ഭൂമി, ജലം, വൃക്ഷങ്ങൾ എന്നിവർ പങ്കിട്ടെടുക്കുകയുണ്ടായി. എന്നാൽ, വൃത്രനെ എനിക്കു് വധിക്കേണ്ടിവന്നാൽ ആ പാപം ഞാനെങ്ങനെയാണു് ഒടുക്കുക?.

ശ്രീശുകൻ തുടർന്നു: രാജൻ!, ഇതുകേട്ടപ്പോൾ, ഋഷികൾ അദ്ദേഹത്തോടു് പറഞ്ഞു: ഹേ ഇന്ദ്രാ!, അങ്ങു് ഭയക്കരുതു്. അതിനു് പോംവഴിയുണ്ടു്. അങ്ങയെ അശ്വമേധമഹായാഗത്താൽ ഞങ്ങൾ യജിപ്പിക്കാം. അതിലൂടെ സർവ്വപാപങ്ങളുമകന്നു് അങ്ങേയ്ക്കു് ശുഭം ഭവിക്കുന്നതാണു. അശ്വമേധയാഗത്താൽ പരമാത്മാവായ ശ്രീമന്നാരായണനാകുന്ന പരമപുരുഷനെ യജിക്കുന്നതുവഴി, ഈ ലോകസർവ്വത്തെത്തന്നെ കൊന്നൊടുക്കിയാലും അങ്ങയുടെ പാപം തീരുന്നതാണു. ബ്രാഹ്മണനെ കൊന്നവനാകട്ടെ, പിതാവിനെ കൊന്നവനാകട്ടെ, ഗുരുവിനെ കൊന്നവനാകട്ടെ, ഗോവിനെ കൊന്നവനാകട്ടെ, നീചചണ്ഡാളനായിരുന്നാൽകൂടിയും ഭഗവാൻ ഹരിയുടെ നാമസങ്കീർത്തനത്താൽ അവൻ സകലപാപങ്ങളിൽനിന്നും സംശുദ്ധനാകുന്നുവെങ്കിൽ, ശ്രദ്ധയോടും ഭക്തിയോടും കൂടി ഞങ്ങളാൽ നിർവ്വഹിക്കപ്പെടുന്ന അശ്വമേധയാഗത്തെ അങ്ങു് യജിക്കുന്ന പക്ഷം ബ്രാഹ്മണരുൾപ്പെടെയുള്ള സകല ചരാചരത്തെ കൊന്നൊടുക്കിയാലും അങ്ങേയ്ക്കു് പാപസ്പർശനമുണ്ടാകുകയില്ല. അങ്ങനെയിരിക്കെ, ഈ ദുഷ്ടനെ കൊല്ലുന്നതുകൊണ്ടു് അങ്ങേയ്ക്കെന്തു് അംഭവിക്കാൻ?.

ശ്രീശുകൻ തുടർന്നു: ഹേ രാജൻ!, ഇങ്ങനെ ഋഷികളാൽ പ്രേരിതനായി ഇന്ദ്രൻ തന്റെ ശത്രുവായ വൃത്രനെ വധിക്കുകയും, തത്ഫലമായ ബ്രഹ്മഹത്യാമഹാപാപം അദ്ദേഹത്തെ ബാധിക്കുകയും ചെയ്തു. അതിൽനിന്നുണ്ടായ സകല ദുഃഖത്തേയും ഇന്ദ്രനു് നേരിടേണ്ടിവന്നു. ലജ്ജിതനായ അദ്ദേഹത്തിനു് തന്റെ മറ്റു് ഗുണങ്ങൾ പോലും ആശ്വാസകരമായി ഭവിച്ചില്ല. ഹേ രാജൻ!, ബ്രഹ്മഹത്യാപാപമാകട്ടെ, ജര ബാധിച്ചു് വിറയ്ക്കുന്ന ശരീരത്തോടുകൂടിയ ഒരു ചണ്ഡാലസ്ത്രീയുടെ ഉടലെത്തു് ഇന്ദ്രനെ പിന്തുടർന്നു. ക്ഷയം പിടിച്ച അവളുടെ വസ്ത്രങ്ങളിലാകമാനം ചോര പുരണ്ടിരുന്നു. അഴിഞ്ഞുലഞ്ഞുകിടക്കുന്ന നരച്ച മുടിയിഴകൾ. ശ്വസ്സിക്കുമ്പോൾ മത്സ്യത്തിന്റെ ഗന്ധം. മാർഗ്ഗധൂഷണം നടത്തിക്കൊണ്ടും, നിൽക്കെടാ!, നിൽക്കു് എന്നാക്രോശിച്ചുകൊണ്ടും അവൾ അദ്ദേഹത്തിന്റെ പിന്നാലെ പാഞ്ഞുകൊണ്ടിരുന്നു. രാജാവേ!, ആകാശത്തിലുടനീളം ചുറ്റിക്കറങ്ങി ഒടുവിൽ ഇന്ദ്രൻ കിഴക്കുവടക്കുദിശയിലുള്ള മാനസസരസ്സിലേക്കു് എത്രയും വേഗം പ്രവേശിച്ചു. തനിക്കു് വന്ന ഈ ബ്രഹ്മഹത്യാപാപത്തിന്റെ നാശത്തെക്കുറിച്ചു് നിരന്തരം ചിന്തിച്ചുകൊണ്ടു് അദ്ദേഹം ആരുമറിയാതെ ഒരു താമരത്തണ്ടിന്റെ നൂലിലൂടെ ആ സരസ്സിൽ ആയിരത്താണ്ടോളം കാലം കഴിഞ്ഞുകൂടി. തന്റെ ദൂതനായ അഗ്നിയ്ക്കു് ജലത്തിൽ പ്രവേശിക്കുവാൻ കഴിയാത്തതിനാൽ അദ്ദേഹത്തിനു് ഇക്കാലമത്രയും ആഹാരം പോലും ലഭിച്ചിരുന്നില്ല.

രാജാവേ!, ഇന്ദ്രനു് ഒളിവിൽ കഴിയേണ്ടിവന്ന അത്രയും കാലം സ്വർഗ്ഗത്തെ ഭരിച്ചിരുന്നതു്, ജ്ഞാനം, തപസ്സ്, യോഗശക്തി, ബലം മുതലായവയാൽ ശ്രേഷ്ഠനായിരുന്ന നഹുഷൻ എന്ന രാജാവായിരുന്നു. സമ്പത്തു്, പ്രഭുത്വം എന്നിവയാൽ അഹങ്കാരിയായി മാറിയ നഹുഷൻ ഇന്ദ്രണിയെ ആഗ്രഹിക്കുകയും, അവളുടെ ബുദ്ധിശക്തിയാൽ ഒരു പെരുമ്പാമ്പായി ഭവിച്ചു് ഭൂമിയിൽ പതിക്കുകയും ചെയ്തു. ഭഗവദ്കാരുണ്യത്താൽ പാപനിവാരണം ചെയ്യപ്പെട്ടവനായി ഭവിച്ച ദേവേന്ദ്രനെ ബ്രഹ്മദേവൻ വിളിക്കുകയും, അദ്ദേഹം സ്വർഗ്ഗത്തിൽ വീണ്ടും എത്തപ്പെടുകയും ചെയ്തു. ദിഗ്ദേവതകളാൽ ശക്തി ക്ഷയിക്കപ്പെട്ട ബ്രഹ്മഹത്യാപാപത്തിനു് മാനസസരസ്സിലെ താമരയിൽ വസിച്ചിരുന്ന ശ്രീമഹാലക്ഷ്മിയാൽ സുരക്ഷിതനായ ഇന്ദ്രനെ സ്പർശിക്കുവാനേ കഴിഞ്ഞില്ല. രാജൻ!, പിന്നീടു്, ബ്രഹ്മർഷിമാർ അശ്വമേധയജ്ഞത്തിലൂടെ ഭഗവാൻ ശ്രീഹരിയെ പ്രസാദിപ്പിച്ചു് വേണ്ടവിധത്തിൽ ഇന്ദ്രനെ ദീക്ഷിപ്പിച്ചു. അശ്വമേധത്താൽ ബ്രഹ്മവാദികളാൽ യജിക്കപ്പെട്ട ഭഗവാൻ ശ്രീഹരിയാകട്ടെ, സൂര്യൻ മഞ്ഞിനെ എന്നതുപോലെ, വൃത്രനെ വധിച്ചതിലുണ്ടായ ഇന്ദ്രന്റെ അതിബൃഹത്തായ ബ്രഹ്മഹത്യാപാപത്തെ നിശ്ശേഷം ഇല്ലാതെയാക്കി. അങ്ങനെ, മരീചി മുതലായ മഹാഋഷികളാൽ ശാസ്ത്രോക്തവിധിപ്രകാരം യജിക്കപ്പെട്ട വാജിമേധത്താൽ അധിയജ്ഞനും പുരാണപുരുഷനുമായ തന്തിരുവടിയെ ആരാധിച്ചു് പാപമകന്ന ഇന്ദ്രൻ വീണ്ടും മഹത്വമുള്ളവനായി മാറുകയും ചെയ്തു.

ഹേ പരീക്ഷിത്തു് മഹാരാജാവേ!, ഞാനീപ്പറഞ്ഞ മഹാഖ്യാനം സമസ്തദുരിതങ്ങൾക്കുമുള്ള നിവാരണമാർഗ്ഗമാണു. കാരണം, ഇതിൽ തീർത്ഥപാദനായ ഭഗവാന്റെ അനുകീർത്തനം അടങ്ങപ്പെട്ടിരിക്കുന്നു. മാത്രമല്ല, ഇതു് ഭക്തിയുടെ ഔന്നിത്യത്താൽ ശ്രേഷ്ഠവും, ഇതിൽ ഭഗവദ്ഭക്തന്മാരെക്കുറിച്ചുള്ള പ്രതിപാദനങ്ങളുമടങ്ങിയിരിക്കുന്നു. കൂടാതെ ഇതു് ഇന്ദ്രന്റെ ജയത്തേയും പാപമോചനത്തേയും ആസ്പദമാക്കിയുള്ള ഒരു പുരാവൃത്തമാകുന്നു. മനഃശക്തിയേയും സമ്പത്തിനേയും യശസ്സിനേയും വർദ്ധിപ്പിക്കുന്നതും, സർവ്വപാപങ്ങളിൽനിന്നും ജീവനെ മുക്തമാക്കുന്നതും, ശത്രുക്കളിൽനിന്നും ജയമുണ്ടാക്കിത്തരുന്നതും, ദീർഘായുസ്സു് നൽകുന്നതുമായ ഈ ആഖ്യാനത്തെ വിബുധന്മാർ സദാ പഠിക്കുകയും അഥവാ, ഏറ്റവും കുറഞ്ഞതു് വിശേഷദിവസങ്ങളിലെങ്കിലും കേൾക്കുകയും ചെയ്യണം.

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം പതിമൂന്നാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next






Indra being delivered of Brahmahatya

2019, ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച

6.12 വൃത്രാസുരവധം.


ഓം

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം അദ്ധ്യായം‌ 12
(വൃത്രാസുരവധം.)


ശ്രീശുകൻ പറഞ്ഞു: ഹേ പരീക്ഷിത്തേ!, ഇപ്രകാരം, യുദ്ധത്തിൽ വച്ചു് ഇന്ദ്രനാൽ വധിക്കപ്പെടുവാൻ ആഗ്രഹിക്കുന്നവനും, വിജയത്തേക്കാൾ ശ്രേഷ്ഠമായി മരണത്തെ കാണുന്നവനുമായ വൃത്രൻ, പണ്ടു് പ്രളയസമയത്തു് കൈടഭൻ മഹാവിഷ്ണുവിനുനേരേയെന്നതുപോലെ, തന്റെ ത്രിശൂലവുമായി ദേവേന്ദ്രനുനേരേ പാഞ്ഞടുത്തു. തുടർന്നു്, കല്പാന്തത്തിലെ അഗ്നിക്കുതുല്യം തീഷ്ണമായ തന്റെ ശൂലത്തെ ശക്തിയോടെ ചുഴറ്റിയതിനുശേഷം, വൃത്രൻ കോപത്താൽ, എടാ പാപി!, നീ വധിക്കപ്പെട്ടു എന്നുപറഞ്ഞുകൊണ്ടു് അട്ടഹത്തോടെ അതു് ഇന്ദ്രനുനേരേ വലിച്ചെറിഞ്ഞു. ആകാശത്തിൽ വട്ടംചുറ്റി അത്യുജ്ജ്വലമായി പ്രകാശിച്ചുകൊണ്ടു് തനിക്കുനേരേ പാഞ്ഞടുക്കുന്ന കൊള്ളിനക്ഷത്രം പോലുള്ള ആ ശൂലത്തെ കണ്ടു് കണ്ണുചിമ്മിയെങ്കിലും ഭയപ്പെടാതെ ദേവേന്ദ്രൻ തന്റെ വജ്രായുധം കൊണ്ടു് അതിനെ ക്ഷണത്തിൽ ഛിന്നഭിന്നമാക്കിക്കളഞ്ഞു. ഒപ്പം, വാസുകിയെപ്പോലെ തടിച്ചുകൊഴുത്ത വൃത്രന്റെ വലതുകരവും അറത്തുമുറിച്ചു. കയ്യറ്റുപോയ ക്രുദ്ധനായ വൃത്രൻ മറുകരംകൊണ്ടു് ഒരു പരിഘത്താൽ ആദ്യം വജ്രായുധമേന്തിനിൽക്കുന്ന ഇന്ദ്രന്റെ കവിൾത്തടത്തിലും, പിന്നീടു് ഐരാവതത്തേയും ശക്തിയായി പ്രഹരിച്ചു. പെട്ടെന്നുണ്ടായ ആഘാതത്തിൽ ഇന്ദ്രന്റെ കൈയ്യിൽനിന്നും വജ്രായുധം നിലത്തുവീണു. വൃത്രന്റെ ആശ്ചര്യജനകമായ ആ മുന്നേത്തത്തെ ദേവന്മാരും അസുരന്മാരും സിദ്ധചാരണസംഘങ്ങളും അഭിനന്ദിച്ചു. അതുപോലെതന്നെ ഇന്ദ്രന്റെ ദയനീയമായ അവസ്ഥയെ കണ്ടിട്ടു് അവർ ഹാ! ഹാ! എന്നു് മുറവിളിക്കുകയും ചെയ്തു.

തന്റെ കയ്യിൽനിന്നും തെറിച്ചുപോയ വജ്രായുധത്തെ നാണക്കേടു് ഭയന്നു് ഇന്ദ്രൻ തിരിച്ചെടുക്കുവാൻ ശ്രമിച്ചില്ല. അതുകണ്ടു് വൃത്രൻ ഇന്ദ്രനോടു് പറഞ്ഞു: ഹേ ഇന്ദ്രാ!, ഇതു് വിഷമിക്കുവാനുള്ള സമയമല്ല; വജ്രായുധം എടുത്തു് നിന്റെ എതിരാളിയെ വധിക്കുക. സൃഷ്ടിസ്ഥിലയങ്ങളുടെ നിയന്താവും, സർവ്വജ്ഞനും, ആദ്യപുരുഷനും, സനാതനനുമായ ഒരുവനല്ലാതെ, സ്വാർത്ഥത്തിനായി യുദ്ധത്തിനുമുതിരുന്ന ആതതായികൾക്കു് വിജയം വല്ലപ്പോഴുമല്ലാതെ, എപ്പോഴും സാധ്യമാകുകയില്ല. വലയിൽ പെട്ട കിളികളെപ്പോലെ, കാലസ്വരൂപനായ ഈശ്വരനാൽ ഇവിടെ സർവ്വരും അവശരാണു. സകലയുദ്ധങ്ങളിലും അവൻ മാത്രമാണു് ജയപരാജയങ്ങൾക്കു് ഹേതുവായി നിലകൊള്ളുന്നതു. അജ്ഞാനിജനമാകട്ടെ, ഓജസ്സും മനഃശക്തിയും, ബലവും, ജീവിതവും മരണവുമെല്ലാം അവൻ മാത്രമാണെന്നു് മനസ്സിലാക്കാതെ, ജഡസ്വരൂപമായ ഈ ദേഹത്തെ തങ്ങളുടെ കർമ്മഹേതുക്കളായി അറിയുന്നു. ഹേ മഹേന്ദ്രാ!, തടികൊണ്ടുണ്ടാക്കിയ ഒരു സ്ത്രീപ്രതിമയോ, യന്ത്രമയമായ ഒരു മൃഗപ്രതിമയോ ഏതുവിധം താനേ ചലിക്കുന്നില്ലയോ, അതുപോലെ സകലഭൂതങ്ങളും ഈശ്വരൻ ഹേതുവായിമാത്രമാണു് ഇവിടെ പ്രവർത്തിക്കുന്നതെന്നു് ധരിക്കുക. പുരുഷനും പ്രകൃതിയും മഹതത്ത്വവും അഹങ്കാരവും പഞ്ചഭൂതങ്ങളും ഇന്ദ്രിയങ്ങളും ബുദ്ധിയും മറ്റു സകല തത്വങ്ങളും ആ സർവ്വേശ്വരന്റെ അനുഗ്രഹം കൂടാതെ ഈ ലോകത്തിന്റെ സൃഷ്ടി മുതലായവയിൽ യാതൊന്നിനും താനേ ശക്തമല്ലെന്നറിയുക. അജ്ഞാനികൾ അസ്വതന്ത്രനായ ജീവനെ ഈശ്വരനായി കാണുന്നു. എന്നാൽ, സർവ്വസ്വതന്ത്രനായ സാക്ഷാത് ഈശ്വരനാകട്ടെ, പ്രാണികളെക്കൊണ്ടു് പ്രാണികളെ സൃഷ്ടിക്കുകയും, അവയെക്കൊണ്ടുതന്നെ അവയെ ഗ്രസിപ്പിക്കുകയും ചെയ്യുന്നു. മരണം ആഗ്രഹിക്കാത്ത ഒരുവനു് അതാഗതമാകുന്ന സമയത്തു് തന്റെ ആയുസ്സും സമ്പത്തും യശ്ശസ്സും, ഐശ്വര്യവുമെല്ലാം ഉപേക്ഷിക്കേണ്ടിവരുന്നതുപോലെ, ഈശ്വരാനുഗ്രഹമുള്ള സമയത്തു് അവയെല്ലം ഒരുവനു് താനേ വന്നുചേരുകയും ചെയ്യുന്നു. അതുകൊണ്ടു്, കീർത്തിയിലും അകീർത്തിയിലും, വിജയത്തിലും പരാജയത്തിലും, സുഖത്തിലും ദുഃഖത്തിലും, അതുപോലെതന്നെ മരണത്തിലും ജീവിതത്തിലും ഒരുവൻ സമഭാവനയുള്ളവനായിരിക്കണം. സത്വം, രജസ്സ്, തമസ്സ് മുതലായവ പ്രകൃതിയുടെ ഗുണങ്ങളാണെന്നറിയുക. അവ ഒരിക്കലും ആത്മാവിനെ ബാധിക്കുന്നില്ല. ആത്മാവു് സർവ്വതിനും സാക്ഷിയായി നിലകൊള്ളുന്നുവെന്നറിയുന്നവൻ ഈവക ദ്വന്ദ്വങ്ങളാൽ ബദ്ധനാകുകയുമില്ല. ഹേ ഇന്ദ്രാ!, യുദ്ധത്തിൽ ആയുധങ്ങളും ഒരു കയ്യും നഷ്ടപ്പെട്ടവനായിട്ടും, നിന്നാൽ പരാജയപ്പെട്ടവനായിട്ടും, വീണ്ടും നിന്നെ ഇല്ലാതാക്കുവാനുള്ള ആഗ്രഹത്താൽ ആവുംവണ്ണം പരിശ്രമിക്കുന്ന എന്നെ നോക്കൂ!. ഈ യുദ്ധമെന്നതു് പണയപ്പെടുത്തിയ പ്രാണനോടും, ശരങ്ങളാകുന്ന പകിടകളോടും, വാഹനങ്ങളാകുന്ന ചൂതാട്ടപലകയോടും കൂടിയ ഒരു ദ്യൂതമാകുന്നു. ഇവിടെ ആർക്കാണു് ജയമെന്നോ ആർക്കാണു് പരാജയമെന്നോ പറയാനാകില്ല

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, വൃത്രാസുരന്റെ വാക്കുകൾ കേട്ടു് അവനെ ബഹുമാനിച്ചുകൊണ്ടു് തന്റെ കൈയ്യിൽനിന്നും തെറിച്ചുപോയ വജ്രായുധത്തെ വീണ്ടെടുത്തു് ചിരിച്ചുകൊണ്ടു് അവനോടു് പറഞ്ഞു: ഹേ ദാനവാ!, ആശ്ചര്യമായിരിക്കുന്നു. ഈവിധം സത്ബുദ്ധിയുള്ള അങ്ങു് പരമജ്ഞാനിയാണു. സർവ്വലോകസുഹൃത്തും സർവ്വേശ്വരനുമായ ഭഗവാനെ, അസുരനായിരുന്നിട്ടുകൂടി, നിനക്കു് സർവ്വാത്മനാ ഭജിക്കാൻ കഴിയുന്നുവല്ലോ!. മനോമോഹിനിയായ ഭഗവദ്മായയെ അങ്ങു് മറികടന്നിരിക്കുന്നു. ആകയാൽ ആസുരഭാവത്തെ കളഞ്ഞു് ഭവാൻ മഹാപുരുഷനിലയിലേക്കുയർന്നിരിക്കുന്നു. പ്രകൃത്യാ രജോഗുണിയായിരിക്കേണ്ട താങ്കൾക്കു് സത്വഗുണാത്മകനായ ഭഗവാൻ വാസുദേവനിൽ ദൃഢമായ ശ്രദ്ധയുണ്ടായിരിക്കുന്നുവെന്നുള്ളതു് വളരെ അത്ഭുതാവഹമായ കാര്യംതന്നെ. മുക്തിപ്രദായകനായ ഭഗവാൻ ശ്രീഹരിയിൽ അടിയുറച്ച ഭക്തിയുള്ള താങ്കൾക്കു് സ്വർഗ്ഗം മുതലായവയിൽ എന്തു് കാര്യം. അമൃതസിന്ധുവിൽ വിഹരിക്കുന്നവനു് ചേറ്റുകുഴിയിലെ വെള്ളംകൊണ്ടു് എന്തു് പ്രയോജനം?.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ!, ഇങ്ങനെ ധർമ്മജിജ്ഞാസയാൽ തമ്മിൽ തമ്മിൽ സംസാരിച്ചുകൊണ്ടു് വീര്യവാന്മാരായ ഇന്ദ്രനും വൃത്രനും തങ്ങളുടെ യുദ്ധം തുടരുകതന്നെ ചെയ്തു. ഹേ മാരിഷ!, വൃത്രൻ വീണ്ടും കാരിരുമ്പുകൊണ്ടുണ്ടാക്കിയ ഒരു പരിഘം തന്റെ വാമഹസ്തത്താലെടുത്തു് ഇന്ദ്രനുനേരേ ചുഴറ്റിയെറിഞ്ഞു. എന്നാൽ, ആനയുടെ തുമ്പിക്കൈപോലുള്ള അവന്റെ ഇടതുകൈയ്ക്കൊപ്പംതന്നെ ആ പരിഘത്തെ ഇന്ദ്രൻ തന്റെ വജ്രായുധത്താൽ ഒരേസമയം ഛേദിച്ചുകളഞ്ഞു. സമൂലം കരങ്ങൾ വെട്ടിയറുക്കപ്പെട്ടവനായി, ശരീരത്തിന്റെ ഇരുഭാഗത്തുനിന്നും ചോരയൊലിപ്പിച്ചുകൊണ്ടു്, ഇന്ദ്രന്റെ പ്രഹരമേറ്റ വൃത്രാസുരൻ ആകാശത്തുനിന്നും ചിറകറ്റുവീഴുന്ന ഒരു പർവ്വതം പോലെ പ്രശോഭിച്ചു. അതികായനായ വൃത്രൻ കീഴ്ത്താടിയെല്ലിനെ ഭൂമിയിലും, മേൽത്താടിയെല്ലിനെ ആകാശത്തും വച്ചു്, സർപ്പാകൃതിയിൽ പുറത്തേക്കുനീളപ്പെട്ട നാക്കിനോടും, കാലന്റേതുപോലെയുള്ള ഭീകരമായ ദ്രംഷ്ട്രകളോടും, ആകാശത്തോളം തുറന്നിരിക്കുന്ന വായകൊണ്ടു് മൂന്നുലോകങ്ങളേയും വിഴുങ്ങുമാറെന്നതുപോലെ, പർവ്വതങ്ങളെ കീഴ്മേൽ മറിച്ചുകൊണ്ടു്, പാദചാരിയായി ഗിരിരാജനെപ്പോലെ നടനുനടന്നു് ഭൂമണ്ഡലത്തെ ഇടിച്ചുപൊടിച്ചുകൊണ്ടു്, വജ്രായുധമേന്തി നിൽക്കുന്ന ദേവേന്ദ്രന്റെയടുക്കലെത്തി അദ്ദേഹത്തെ തന്റെ വാഹനമായ ഐരാവതത്തോടൊപ്പമെടുത്തു് വിഴുങ്ങിക്കളഞ്ഞു. അതിഭീകരമായ സർപ്പം ആനയെ എന്നതുപോലെ, ഇന്ദ്രനെ വൃത്രൻ വിഴുങ്ങുന്നതുകണ്ട പ്രജാപതിമാരും മഹർഷിമാരും ദേവന്മാരും ഹാ! ഹാ! കഷ്ടം! എന്നിങ്ങനെ ദുഃഖത്തോടെ നിലവിളിച്ചു.

വൃത്രന്റെ വയറ്റിനുള്ളിൽ അകപ്പെട്ടുപോയെങ്കിലും, നാരായണകവചം ധരിച്ചിരുന്നതിനാലും, തന്റെ യോഗബലത്താലും മായാബലം കൊണ്ടും ഇന്ദ്രനു് മരണമുണ്ടായില്ല. പെട്ടെന്നു്, വജ്രായുധത്താൽ വൃത്രന്റെ കുക്ഷിയെ കീറിമുറിച്ചുകൊണ്ടു് പുറത്തുവരുകയും, ഒരു മഹാപർവ്വതത്തിന്റെ ശിഖരത്തെയെന്നതുപോലെ, ഇന്ദ്രൻ തന്റെ ശത്രുവിന്റെ ശിരസ്സിനെ ശക്തിയോടെ വെട്ടിയറുത്തു. അതിവേഗത്തിൽ കറങ്ങിക്കൊണ്ടിരുന്ന വജ്രായുധം സൂര്യാദിജ്യോതിർഗ്ഗോളങ്ങളുടെ അയനഗതികൾക്കുവേണ്ടിവരുന്ന ഒരുവർഷത്തോളം കാലംകൊണ്ടു്, വൃത്രവധത്തിനായി നിശ്ചയിക്കപ്പെട്ടിട്ടുള്ള സമയത്തുതന്നെ അവന്റെ കഴുത്തിനെ അറുത്തുതാഴെയിട്ടു. ആ സമയം ആകാശത്തിൽ സിദ്ധഗന്ധർവ്വാദികൾ ദുന്ദുഭിനാദം മുഴക്കി. വേദമന്ത്രങ്ങളാൽ അവർ ഇന്ദ്രനെ സ്തുതിക്കുകയും അവനുമേൽ സന്തോഷത്താൽ പുഷ്പവൃഷ്ടി ചൊരിയുകയും ചെയ്തു. ഹേ രാജൻ!, എല്ലാവരും നോക്കിനിൽക്കെ, വൃത്രാസുരന്റെ ശരീരത്തിൽനിന്നും നിഷ്ക്രമിച്ച ആത്മജ്യോതി ലോകാതീതനായ ഭഗവാൻ ഹരിയിലേക്കെത്തിച്ചേർന്നു.

ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധം പന്ത്രണ്ടാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.


Previous    Next






The death of Vrithrasura