2019, ജൂലൈ 3, ബുധനാഴ്‌ച

5.20 വിശ്വഘടനാവർണ്ണനം


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  അദ്ധ്യായം 20
(വിശ്വഘടനാവർണ്ണനം)


ബാൻ‌കേ ബിഹാരി ലാൽ
ശ്രീശുകബ്രഹ്മമഹർഷി പറഞ്ഞു: ഹേ രാജൻ!, ഇനി ഞാൻ പറയാൻ പോകുന്നത് പ്ലക്ഷം ആദിയായുള്ള ദ്വീപുകളുടെ പ്രമാണങ്ങളും ലക്ഷണങ്ങളും അതുപോലെ അവയുടെ രൂപങ്ങളുമാണു. സുമേരുപർവ്വതം ജംബുദ്വീപിനാൽ ചുറ്റപ്പെട്ടിരിക്കുന്നതുപോലെ, ജംബുദ്വീപും ഒരു ക്ഷാരസമുദ്രത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. ജംബുദ്വീപിന്റേയും ഈ സമുദ്രത്തിന്റേയും വിസ്തൃതി ഒരു ലക്ഷം യോജനവീതമാണു. ഒരു കോട്ടയ്ക്ക് ചുറ്റുമുള്ള കിടങ്ങിനെപ്പോലെ ഈ ലവണസമുദ്രം പ്ലക്ഷം എന്ന ഒരു ദ്വീപിനാൽ സമാവൃതമായിരിക്കുന്നു. ഈ ദ്വീപിന് മേൽ പറഞ്ഞ സമുദ്രത്തിന്റെ ഇരട്ടി വിസ്തൃതിയുണ്ടെന്നറിയുക. ജംബുദ്വീപിലെ ജംബുമരത്തെപ്പോലെ ഇവിടെയും സ്വർണ്ണനിറമുള്ള ഒരു മരം ഉയർന്നുനിൽക്കുന്നു. ഈ വൃക്ഷത്തിന്റെ മൂലത്തിൽ ഏഴ് നാളങ്ങളുള്ള ഒരഗ്നിജ്വാല എരിഞ്ഞുകൊണ്ടിരിക്കുന്നു. പ്ലക്ഷം എന്ന ഈ മഹാവൃക്ഷത്തിന്റെ സാന്നിധ്യത്താൽ ഈ ദ്വീപിനെ പ്ലക്ഷദ്വീപെന്ന് വിശേഷിപ്പിക്കുന്നു. പ്രിയവ്രതമഹാരാജാവിന്റെ പുത്രനായ ഇധ്മജിഹ്വനാണ് ഈ ദ്വീപിനെ ഭരിക്കുന്നതു. പ്രിയവ്രതൻ സന്യാസം സ്വീകരിക്കുന്നതിനു മുൻപ് ഈ ഏഴ് ദ്വീപുകളെ തന്റെ ഏഴ് പുത്രന്മാർക്കായി നൽകിക്കൊണ്ട് അവയ്ക് അവരുടെ നാമങ്ങളും വിധിച്ചിരുന്നു. ആ നാമങ്ങൾ ശിവം, യവസം, സുഭദ്രം, ശാന്തം, ക്ഷേമം, അമൃതം, അഭയം എന്നിങ്ങനെയാകുന്നു. ഈ ഏഴ് വർഷങ്ങളിലും ഏഴ് പർവ്വതങ്ങളും ഏഴ് നദികളുമുണ്ടു. പർവ്വതങ്ങളെ മണികൂടം, വജ്രകൂടം, ഇന്ദ്രസേനം, ജ്യോതിഷ്മാനം, സുപർണ്ണം, ഹിരണ്യഷ്ഠീവം, മേഘമാലം എന്നും, നദികളെ അരുണ, നൃംനാ, ആംഗിരസി, സാവിത്രി, സുപ്തഭാത, ഋതംഭര, സത്യംഭര എന്നും വിളിക്കുന്നു. ഈ നദികളിലെ സ്നാനം അവിടുത്തെ നിവാസികളെ താപത്രയങ്ങളിൽനിന്നും മുക്തമാക്കുന്നു. അവർ ഹംസം, പതംഗം, ഊർദ്ദ്വായനം, സത്യാംഗം എന്നിങ്ങനെ നാലു ജാതികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. പ്ലക്ഷദ്വീപിലെ ജനങ്ങൾ ആയിരം സംവത്സരത്തോളം ജീവിച്ചിരിക്കുന്നു. അവർ ദേവന്മാരെപ്പോലെ ചൈതന്യമാർന്നവരാണു. അവർക്ക് ജനിക്കുന്ന കുട്ടികൾ ദേവതുല്യരാണു. വേദോക്തങ്ങളായ യജ്ഞങ്ങളെ ആചരിക്കുന്നതിലൂടെയും സൂര്യദേവനിൽ ഭഗവാൻ ഹരിയെ കണ്ടാരാധിക്കുന്നതിലൂടെയും അവർക്ക് സൂര്യനെ പ്രാപിക്കുവാൻ സാധിക്കുന്നു. അവർ സൂര്യദേവനെ ഇങ്ങനെ പ്രകീർത്തിക്കുന്നു: ഭഗവാൻ വിഷ്ണുവിന്റെ അംശകലയായ സൂര്യദേവനിൽ ഞങ്ങൾ ശരണം പ്രാപിക്കുന്നു. പുരാണനായ അവൻ മാത്രമാണിവിടെ ആരാധ്യനായി ഉള്ളതു. അവൻ വേദമാണു. അവൻ ധർമ്മമാണു. സർവ്വപുണ്യപാപങ്ങളുടെയും ഫലം അവനിൽനിന്നും സംഭവിക്കുന്നു.

ശ്രീശുകബ്രഹ്മർഷി തുടർന്നു: ഹേ രാജൻ!, പ്ലക്ഷദ്വീപടക്കമുള്ള ഈ ദ്വീപുകളിലെ നിവാസികളിൽ ആയുസ്സും, മാനസേന്ദ്രിയശക്തികളും ഓജസ്സും ബലവും ഒരുപോലെ തുല്യമായിരിക്കുന്നു. പ്ലക്ഷദ്വീപിനെ കരിമ്പുരസത്തോടുകൂടിയ ഒരു സമുദ്രം വലയം ചെയ്തിരിക്കുന്നു. അതുപോലെതന്നെ, നാലുലക്ഷം യോജന വിസ്തീർണ്ണമുള്ള സാൽമലിദ്വീപും അവിടെയുണ്ടെന്നറിയുക. സോമരസം രുചിക്കുന്ന ബൃഹത്തായ സുരസാഗരസമുദ്രം അതിനെ ചുറ്റിക്കിടക്കുന്നു. അവിടെയാണ് സാൽമലിവൃക്ഷം നിലകൊള്ളുന്നുന്നതു. അതിന്റെ ഉയരം പ്ലക്ഷമരത്തിന്റേതിന് തുല്യമാണു. ജ്ഞാനികൾ പറയുന്നു, ഈ മരത്തിലത്രേ വിഷ്ണുവിന്റെ വാഹനമായ ഗരുഡൻ താമസിക്കുന്നതു. അതിലിരുന്നുകൊണ്ട് പക്ഷിരാജൻ ഭഗവാനെ വാഴ്ത്തുന്നു. പ്രിയവ്രതമഹാരാജാവിന്റെ പുത്രനായ യജ്ഞബാഹു പിതാവിൽനിന്നും സ്വീകരിച്ച സാൽമലിദ്വീപിനെ ഏഴായി വിഭജിച്ച് തന്റെ ഏഴു പുത്രന്മാർക്കായി നൽകി. ഈ വർഷങ്ങളെ അദ്ദേഹം തന്റെ പുത്രന്മാരുടെ പേരിൽ നാമകരണം ചെയ്തു. അവയുടെ നാമങ്ങൾ സുരോചനം, സുമനസ്യം, രമണകം, ദേവവർഷം, പാരിഭദ്രം, ആപ്യായനം, അവിജ്ഞാതം എന്നിങ്ങനെയാണു. ഈ ഏഴ് വർഷങ്ങളിൽ ഓരോന്നിലും ഓരോ പർവ്വതങ്ങസ്ഥിതിചെയ്യുന്നു. അവയെ സ്വരസം, ശതശൃംഗം, വാമദേവം, കുന്ദം, മുകുന്ദം, പുഷ്പവർഷം, സഹസ്രശ്രുതി എന്നിങ്ങനെ വിശേഷിപ്പിക്കുന്നു. അതിലൂടെ ഏഴ് നദികളും ഒഴുകിക്കൊണ്ടിരിക്കുന്നു. അവയെയാകട്ടെ, അനുമതി, സിനീവാലി, സരസ്വതി, കുഹു, രജനി, നന്ദ, രാക എന്നിങ്ങനെ അറിയപ്പെടുന്നു. വർണ്ണാശ്രമധർമ്മങ്ങളെ മുറുകെ പിടിച്ചുകൊണ്ട് അതിലെ നിവാസികളായ ശ്രുതിധരർ, വീര്യധരർ, വസുന്ധരർ, ഇഷന്ധരർ എന്നിങ്ങനെ വിഭജിക്കപ്പെട്ട നിവാസികൾ ഭഗവാൻ ഹരിയെ ചന്ദ്രനിലൂടെ ആരാധിക്കുന്നു. അവരുടെ പ്രാർത്ഥന ഇങ്ങനെയാണു: സ്വപ്രഭയാൽ ചന്ദ്രദേവൻ ഓരോ മാസത്തേയും ശുക്ലമെന്നും കൃഷ്ണമെന്നും രണ്ടായി തരം തിരിച്ചുകൊണ്ട് പിതൃഗണങ്ങൾക്കും ദേവന്മാർക്കുമായി അന്നം പ്രദാനം ചെയ്യുന്നു. സമയത്തെ വിഭജിച്ചിരിക്കുന്നതും അവിടുത്തെ നിവാസികളുടെ നാഥനും ചന്ദ്രദേവനാണു. ആയതിനാൽ ഞങ്ങൾ അവിടുത്തോട് പ്രാർത്ഥിക്കുകയാണു, ഹേ ചന്ദ്രദേവാ!, അങ്ങ് സദാ ഞങ്ങളുടെ രാജാവായിരുന്നുകൊണ്ട് ഞങ്ങൾക്ക് ദർശനമരുളുക. ഞങ്ങൾ അങ്ങയെ നമിക്കുന്നു.

ശുകദേവൻ തുടർന്നു: സുരസമുദ്രത്തിനു വെളിയിലായി കുശദ്വീപ് സ്ഥിതിചെയ്യുന്നു. അതിന് സുരസാഗരത്തിന്റെ ഇരട്ടിവിസ്തീർണ്ണമായ എട്ടുലക്ഷം യോജനായാണുള്ളതു. ഈ ദ്വീപിനെ നെയ് നിറഞ്ഞ ഒരു സമുദ്രം ചുറ്റിക്കിടക്കുന്നു. കുശങ്ങൾ ധാരാളമായി കാണപ്പെടുന്നതുകൊണ്ടത്രേ ആ ദ്വീപിനെ കുശദ്വീപെന്നു വിളിക്കുന്നതു. ഈ കുശങ്ങൾ ചെറുനാളങ്ങളുള്ള അഗ്നിദീപം പോലെ തോന്നിക്കുന്നു. അതിന്റെ വെളിച്ചത്തിൽ അവിടം സദാ പ്രകാശമാനമായിരിക്കുന്നു. പ്രിയവ്രതപുത്രനായ ഹിരണ്യനേത്രനാണ് ഈ ദ്വീപിന്റെ അധിപൻ. ഇതിനെ അദ്ദേഹം ഏഴായി വിഭജിച്ച് തന്റെ പുത്രന്മാർക്ക് നല്കിയിരിക്കുന്നു. ഈ ദ്വീപുകളെ വസു, വസുദാന, ദൃഢരുചി, സ്തുത്യവ്രത, നാഭിഗുപ്ത, വിവിക്ത, വാമദേവ എന്നിങ്ങനെ നാമങ്ങൾ നൽകിയിരിക്കുന്നു. ഈ ഏഴ് ദ്വീപുകളെ ഏഴ് പർവ്വതങ്ങൾ വേർതിരിച്ചിരിക്കുന്നു. അവയെ ചക്രം, ചതുർശൃംഗം, കപിലം, ചിത്രകൂടം, ദേവാനീകം, ഊർദ്ദ്വരോമം, ദ്രവിണം എന്നിങ്ങനെ പേർ വിളിക്കുന്നു. അവിടെയുള്ള ഏഴ് നദികളാണ് രമകുല്യം, മധുകുല്യം, മിത്രവിന്ദം, ശ്രുതവിന്ദം, ദേവഗർഭം, ഘൃതച്യുതം, മന്ത്രമാലം എന്നിവ. അവിടുത്തെ നിവാസികളെ കുശലർ, കോവിദർ, അഭിയുക്തർ, കുലകർ എന്നീ നാമങ്ങളിൽ അറിയപ്പെടുന്നു. അവർ ഭൂമിയിലെ ബ്രാഹ്മണാദി നാലു വർണ്ണങ്ങൾക്കു തുല്യമാണെന്നറിയുക. ഇവിടുത്തെ നദികളിൽ മുങ്ങിനിവരുന്നതിലൂടെ അവർ ശുദ്ധരാകുന്നു. യാജ്ഞികരായ അവർ അഗ്നിദേവനെയാണാരാധിക്കുന്നതു. അവരുടെ പ്രാർത്ഥന ഇപ്രകാരമാകുന്നു: ഹേ അഗ്നിദേവാ!, അങ്ങ് ഭഗവാൻ ഹരിയുടെ അംശകലയാണു. സകലയജ്ഞങ്ങളും അങ്ങാണ് അവനിലെത്തിക്കുന്നതു. അതുകൊണ്ട് ഞങ്ങൾ അങ്ങയോട് പ്രാർത്ഥിക്കുന്നു, ഞങ്ങളുടെ യജ്ഞളേയും സകലയജ്ഞഭോക്താവായ ആ പരമപുരുഷനിലെത്തിക്കുക.

ശ്രീശുകബ്രഹ്മർഷി വീണ്ടും പറഞ്ഞു: വീണ്ടും വെളിയിൽ ക്രൌഞ്ചദ്വീപാണു. ഇതിന്റെ വിസ്തൃതി പതിനാറുലക്ഷം യോജനയാണു. ഇത് ഒരു പാലാഴിയാൽ ചുറ്റപ്പെട്ടുകിടക്കുന്നു. അവിടെയുള്ള ക്രൌഞ്ചപർവ്വതത്തിന്റെ സാന്നിധ്യത്താലത്രേ ഈ ദ്വീപിനെ ക്രൌഞ്ചദ്വീപെന്ന് വിശേഷിപ്പിക്കുന്നതു. കാർത്തികേയന്റെ ആയുധങ്ങളാൽ അവിടുത്തെ വൃക്ഷങ്ങളെല്ലാം നശിപ്പിക്കപെട്ടുവെങ്കിലും, ദുഗ്ദ്ധസമുദ്രത്താൽ കുളിച്ചുനിൽക്കുന്നതിനാലും വരുണനാൽ സംരക്ഷിക്കപ്പെടുന്നതിനാലും ക്രൌഞ്ചപർവ്വതം നിർഭയനായി അവിടെ തലയുയർത്തിനിൽക്കുന്നു. ഈ ദ്വീപിന്റെ അധിപൻ പ്രിയവ്രതന്റെ മറ്റൊരു പുത്രനായ ഘൃതപൃഷ്ഠനാണു. അദ്ദേഹം ഒരു മഹാപണ്ഡിതനായിരുന്നു. അദ്ദേഹവും ജ്യേഷ്ഠനെപ്പോലെ തന്റെ സ്വത്തിനെ എഴായി വിഭജിച്ച് ഏഴ് പുത്രന്മാർക്കായി നൽകിയതിനുശേഷം സന്യാസം സ്വീകരിച്ചു ഭഗവാനിൽ ആശ്രയം കൊണ്ടിരുന്നു. ഈ എഴ് ദ്വീപുകഅദ്ദേഹത്തിന്റെ പുത്രന്മാരുടെ പേരുകളായ ആമൻ, മധുരുഹൻ, മേഘപൃഷ്ഠൻ, സുധാമാവ്, ഭ്രാജിഷ്ഠൻ, ലോഹിതാർണ്ണൻ, വനസ്പതി എന്നിങ്ങനെ നാമകരണം ചെയ്യപ്പെട്ടിരുന്നു. അവിടെയും ഏഴ് പർവ്വതങ്ങളും എഴ് നദികളും ചേർന്ന് ഈ ദ്വീപുകളെ വേർതിരിക്കുന്നു. പർവ്വതങ്ങളെ ശുക്ലം, വർദ്ധമാനം, ഭോജനം, ഉപബർഹിനം, നന്ദം, നന്ദനം, സർവ്വതോഭദ്രം എന്നും, നദികളെ അഭയ, അമൃതൌഘ, ആര്യക, തീർത്ഥവതി, രൂപവതി, പവിത്രവതി, ശുക്ല എന്നും വിളിക്കുന്നു. ക്രൌഞ്ചദ്വീപിലെ നിവാസികളും നാലായി തരം തിരിക്കപ്പെട്ടിരിക്കുന്നു. അവർ പുരുഷർ, ഋഷഭർ, ദ്രവിണർ, ദേവകർ എന്നിങ്ങനെ അറിയപ്പെടുന്നു. ജലരൂപനായ വരുണനെ ആ നദികളിൽനിന്നും കൈകുമ്പിളിൽ ജലം കോരിയെടുത്ത് അവർ ഇങ്ങനെ സ്തുതിക്കുന്നു: ഹേ വരുണദേവാ!, നിന്നിലെ ശക്തിയും ഓജസ്സും ഭഗവാൻ ഹരിയിൽനിന്നുമുണ്ടായതാകുന്നു. ആ ശക്തിയാൽ നീ ഭൂലോകത്തേയും ഭുവർലോകത്തേയും സ്വർല്ലോകത്തേയും ശുദ്ധമാക്കുന്നു. നിന്നിൽ സ്നാനം ചെയ്യുന്നവരുടെ പാപങ്ങൾ നീ കഴുകിക്കളയുന്നു.

ശ്രീശുകൻ തുടർന്നു: ഹേ പരീക്ഷിത്ത് രാജൻ!, മേൽ പറഞ്ഞ ആ ദുഗ്ദ്ധസമുദ്രത്തിനുവെളിയിലാണ് ശാകദ്വീപുള്ളതു. ഇതിന് ക്രൌഞ്ചദ്വീപിന്റെ ഇരട്ടിയായ മുപ്പത്തിരണ്ടുലക്ഷം യോജന വിസ്തീർണ്ണമുണ്ടു. ഈ ദ്വീപിനെ തൈരു നിറഞ്ഞ ഒരു മഹാസമുദ്രം വലം വയ്ക്കുന്നു. ഇവിടുത്തെ വൃക്ഷം ശാകമരമാണു. അതിന്റെ സുഗന്ധം ആ ദ്വീപാകമാനം പരക്കുന്നു. ഇതിന്റെ നാഥൻ പ്രിയവ്രതപുത്രന്മാരിലെ മേധാതിഥിയാണു. അദ്ദേഹവും തന്റെ ശാകദ്വീപിനെ ഏഴായി വിഭജിച്ച് ഏഴ് മക്കളെ ഏൽപ്പിച്ച് ഭഗവാനിൽ രമിക്കുകയുണ്ടായി. ആ പുത്രന്മാരുടെ പേരിൽ ഈ ഏഴ് ദ്വീപുകൾ പുരോജവം, മനോജവം, പവമാനം, ധൂമ്രനീകം, ചിത്രരേഫം, ബഹുരൂപം, വിശ്വധാരം എന്നിങ്ങനെ അറിയപ്പെടുന്നു. ഇതിനെയും ഏഴ് പർവ്വതങ്ങളും ഏഴു നദികളും ചേർന്ന് വിഭജിക്കുന്നു. പർവ്വതങ്ങളെ ഈശാനം, ഉരുശൃംഗം, ബലഭദ്രം, ശക്തകേസരം, സഹസ്രരോതം,         ദേവപാലം, മഹാനസം എന്നും, അതുപോലെ നദികളെ അനഘ, ആയുർദ, ഉഭയസ്പൃഷ്ഠി, അപരാജിത, പഞ്ചപടി, സഹസ്രശ്രുതി, നിജധൃതി എന്നും വിളിക്കുന്നു. അവിടുത്തെ നിവാസികളെ ഋതവ്രതർ, സത്യവ്രതർ, ദാനവ്രതർ, അനുവ്രതർ എന്നീ വർണ്ണങ്ങളായി തിരിച്ചിരിക്കുന്നു. പ്രാണായാമവും യോഗവും ശീലമാക്കിയ അവർ വായുദേവനെ ഇങ്ങനെ ആരാധിക്കുന്നു: ഹേ പരമാത്മരൂപേണ ജീവികളിൽ കുടികൊള്ളുന്നവനേ!, അങ്ങ് പ്രാണാദി വായുക്കളെ നിയന്ത്രിച്ച് ജീവഭൂതങ്ങളെ നിലനിർത്തുന്നു. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച് നിലനിർത്തി സംഹരിക്കുന്ന ലോകനാഥാ!, ഞങ്ങളെ സർവ്വാപത്തുകളിൽനിന്നും കാത്തുകൊണ്ടാലും!.

ശ്രീശുകമഹർഷി വീണ്ടും പറഞ്ഞുതുടങ്ങി: ഹേ രാജൻ!, ഈ ദ്വീപിനുനടുവിലായി മാനസോത്തര എന്ന ഒരു കൂറ്റൻ പർവ്വതം സ്ഥിതിചെയ്യുന്നു. ഈ പർവ്വതം ദ്വീപിന്റെ അകമ്പുറം തരം തിരിക്കുന്നു. ഇതിന്റെ ഉയരവും വീതിയും പതിനായിരം യോജന വരുന്നു. മാനസോത്തരയുടെ നാലുവശങ്ങളിലായി ഇന്ദ്രാദി ദേവതകളുടെ നഗരങ്ങൾ കിടക്കുന്നു. ഈ പർവ്വതത്തിനുമുകളിലൂടെ സംവത്സരം എന്ന മാർഗ്ഗേണ സൂര്യദേവൻ തന്റെ രഥത്തിൽ മേരുവിനുചുറ്റും പ്രദക്ഷിണം വയ്ക്കുന്നു. സൂര്യന്റെ വടക്കോട്ടുള്ള ഗതിയെ ഉത്തരായനമെന്നും തെക്കോട്ടുള്ളതിനെ ദക്ഷിണായനമെന്നും വിളിക്കുന്നു. അതിന്റെ ഒരുവശം ദേവതകളുടെ അഹവും മറ്റൊന്ന് രാത്രവുമാണെന്നറിയുക. ഈ വർഷത്തെ പ്രിയവ്രതപുത്രനായ വീതിഹോത്രൻ പാലിക്കുന്നു. അദ്ദേഹത്തിന് രമണകൻ, ധാതകി എന്നിങ്ങനെ രണ്ടു പുത്രന്മാരാണുള്ളതു. അദ്ദേഹം തന്റെ ദേശത്തിന്റെ ഇരുവശങ്ങളെ രണ്ടു പുത്രന്മാർക്കായി വീതിച്ചുനൽകിയതിനുശേഷം മോക്ഷാർത്ഥം സന്യാസം സ്വീകരിക്കുകയുണ്ടായി. ഇതിലെ ജനങ്ങൾ ബ്രഹ്മദേവനെ പൂജിക്കുന്നു. അവരുടെ പ്രാർത്ഥന ഇപ്രകാരമാണു: ബ്രഹ്മദേവൻ കർമ്മമയനാണു. കാരണം, വൈദികകർമ്മങ്ങൾക്കാധാരമായ വേദമന്ത്രങ്ങൾ അദ്ദേഹത്തിൽനിന്നുമുണ്ടായിരിക്കുന്നു. ഭഗവാൻ ഹരിയിൽ സദാ നിമഗ്നനായ ബ്രഹ്മദേവൻ അവനിൽനിന്നും വേറല്ലെന്നറിയുക. വേദരൂപനായ വിരിഞ്ചന് അടിയങ്ങളുടെ നമസ്ക്കാരം!.

ശ്രീശുകൻ മൊഴിഞ്ഞു: ഹേ രാജൻ!, മേൽ പറഞ്ഞ സമുദ്രത്തിനുവെളിയിലായി ലോകാലോകം എന്ന പർവ്വതം സ്ഥിതിചെയ്യുന്നു. അത് ആ ദേശത്തെ സൂര്യപ്രകാശമുള്ളതും ഇല്ലാത്തതുമായി വിഭജിക്കുന്നു. അവിടെ അതിവിസ്തൃതമായ ഒരു പ്രദേശംകൂടിയുണ്ടു. അതിൽ ധാരാളം ജീവജാലങ്ങൾ വസിക്കുന്നു. അതിനുവെളിയിലായി സ്വർണ്ണനിർമ്മിതമായ മറ്റൊരു പ്രദേശം കിടക്കുന്നു. കണ്ണാടിപോലെ പ്രതിഫലിക്കുന്ന ഈ ഭൂമിയിൽ പതിക്കുന്ന യാതൊരു വസ്തുവും പിന്നീട് വീണ്ടുകിട്ടുന്നില്ല. അതുകൊണ്ട്, അവിടം ആരും ഉപയോഗിക്കാതെ ഒഴിഞ്ഞുകിടക്കുന്നു. ഈ രണ്ടു പ്രദേശങ്ങളെ വിഭജിക്കുന്ന ഈ പർവ്വതത്തെ ലോകാലോകം എന്ന് വിളിക്കുന്നു. ഈ പർവ്വതം മൂലോകങ്ങളുടേയും ബാഹിക അതിർത്തിയായി നിലകൊള്ളുന്നു. തല്ഫലമായി സൂര്യപ്രകാശം ഭൂലോകം, ഭുവർലോകം, സ്വർല്ലോകം എന്നിവിടങ്ങളിൽ കൃത്യമായി എത്തപ്പെടുന്നു. സൂര്യനിൽ തുടങ്ങി ധ്രുവലോകഗ്രഹത്തിൽനിന്നുമുള്ള സകല പ്രകാശരശ്മികളും അത്യുന്നതമായ ഈ ലോകാലോകപർവ്വതം തീർത്തിരിക്കുന്ന അതിർത്തിക്ക് വെളിയിൽ കടക്കുന്നില്ല. ഹേ പരീക്ഷിത്തേ!, ഇങ്ങനെ, പണ്ഡിതന്മാർ ഭൂലോകത്തിന്റെ വിവിധ ഭാഗങ്ങളുടെ അളവും ലക്ഷണങ്ങളും പ്രത്യേകതകളും വളരെ പ്രാമാണികമായിത്തന്നെ രേഖപ്പെടുത്തുകയുണ്ടായി. അവരുടെ പ്രമാണമനുസരിച്ച് സുമേരുപർവ്വതത്തിൽനിന്നും ലോകാലോക അചലം വരെയുള്ള ദൂരം പഞ്ചശതകോടി യോജന വരുന്ന ഈ ലോകത്തിന്റെ വിസ്തൃതിയുടെ നാലിലൊന്നാണെന്നറിയുക. ലോകാലോകപർവ്വതത്തിനു മുകളിൽ ബ്രഹ്മദേവനാൽ നിയോഗിതരായി നാലു ഗജപതിമാർ നിലകൊള്ളുന്നു. അവയെ ഋഷഭൻ, പുഷ്കരചൂഢൻ, വാമനൻ, അപരാജിതൻ എന്നീ നാമങ്ങളിൽ വിളിക്കുന്നു. അവർ സർവ്വലോകങ്ങളുടേയും സ്ഥിതിഹേതുക്കളായി നിലകൊള്ളുന്നു. സർവൈശ്വര്യങ്ങളുടേയും നാഥനായ ഭഗവാൻ സകലജീവഭൂതങ്ങളുടേയും ഹൃദയത്തിൽ വസിക്കുന്ന അന്തര്യാമിയാണു. ഇന്ദ്രാദി സകലദേവതകൾക്കും സർവ്വവിധ അനുഗ്രഹങ്ങളും അരുളിക്കൊണ്ട് ആ പർവ്വതത്തിനുമുകളിൽ വിശ്വക്സേനാദി സേവകന്മാരോടൊപ്പം സർവ്വവിഭൂതിപതിയായി, ആയുധപാണിയായി, അവൻ കുടികൊള്ളുന്നു. ങ്ങനെ ആ പരമപുരുഷൻ പ്രപഞ്ചത്തിനെ പരിപാലിച്ചുകൊണ്ട് അവിടെ വിളങ്ങുന്നു.

ഹേ രാജൻ!, ലോകാലോകപർവ്വതത്തിനുവെളിയിൽ അലോകവർഷം എന്ന ഒരു ഭൂഭാഗംകൂടിയുണ്ടു. ഇതും ഏതാണ്ട് പന്ത്രണ്ടര കോടി യോജ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. അലോകവർഷത്തിനപ്പുറം മുമുക്ഷുക്കളുടെ ഉദ്ദിഷ്ടസ്ഥാനമാണു. അവിടം ത്രിഗുണങ്ങളുടെ സാനിധ്യമില്ലാത്ത പരിശുദ്ധസ്ഥലമാണു. ഭൂർലോകത്തിന്റേയും ഭുവർലോകത്തിന്റേയും അന്തരാളഭാഗത്തിൽ സൂര്യൻ സ്ഥിതിചെയ്യുന്നു. അവിടെ സൂര്യനും ലോകപരിധിയ്ക്കുമിടയിലുള്ള വ്യാസം ഇരുപത്തിയഞ്ചുകോടി യോജനയാണെന്ന് കണക്കാക്കപ്പെടുന്നു. സൃഷ്ടിയുടെ സമയത്ത് പ്രപഞ്ചത്തിന്റെ മൃത അണ്ഡത്തിൽ പ്രവേശിച്ചതുകൊണ്ട് സൂര്യനെ മാർത്താണ്ഡൻ എന്നും, ഹിരണ്യാണ്ഡത്തിൽനിന്നും ജനിച്ചതുകൊണ്ട് അവനെ ഹിരണ്യഗർഭൻ എന്നും വിശേഷിപ്പിക്കുന്നു. ഹേ മഹാരാജൻ!, സൂര്യനാൽ പ്രപഞ്ചത്തിൽ ദിശകൾ വിഭജിക്കപ്പെട്ടിരിക്കുന്നു. സൂര്യനാൽ മാത്രം ഇവിടെ സ്വർഗ്ഗവും നരകവുമുൾപ്പെടെ ഇക്കണ്ട നാനാത്വങ്ങൾ വ്യക്തമായി കണ്ടറിയാൻ സാധിക്കുന്നു. നരദേവതിര്യഗാദിസകലഭൂതങ്ങളുടേയും ജീവനം ഇവിടെ സൂര്യനെ അപേക്ഷിച്ച് നിലകൊള്ളുന്നു. അവൻ കാരണം ഇവിടെ സർവ്വം പ്രകാശമാനമാകുന്നു. അതിനാൽ അവനെ ദൃകീശ്വരൻ എന്നും വിളിക്കുന്നു.
       
ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ഇരുപതാമദ്ധ്യായം സമാപിച്ചു.
ഓം തത് സത്.

Previous    Next





A description of the Universe