2019, മാർച്ച് 30, ശനിയാഴ്‌ച

5.06 ഋഷഭചരിതം


ഓം

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ദ്ധ്യായം 6
(ഋഷഭചരിതം)


ബന്ധപ്പെട്ട ചിത്രംപരീക്ഷിത്ത് രാജൻ ശ്രീശുകബ്രഹ്മമഹർഷിയോട് ചോദിച്ചു: ഹേ മഹർഷേ!, ഭക്തിയോഗം കൊണ്ട് ശുദ്ധമായ ഹൃദയത്തിൽ ജ്ഞാനം താനേ ഉദിക്കുന്നു. മാത്രമല്ല, ഭക്തിയിലൂടെ കർമ്മത്തിലുള്ള ആസക്തിയും ക്രമേണ ജീവനിൽ ഇല്ലാതാകുന്നു. അങ്ങനെയുള്ള ഭക്തന്മാരിൽ അത്ഭുതസിദ്ധികൾ താനേ കൈവരുന്നതായും, ആ സിദ്ധികളെ പ്രയോഗിക്കുന്നതിലൂടെ അവർക്ക് യാതൊരു ദോഷവും സംഭവിക്കുന്നില്ലെന്നും അടിയൻ കേട്ടിരിക്കുന്നു. അങ്ങനെയെങ്കിൽ, ഋഷഭദേവൻ തന്റെ മായാസിദ്ധികളെ എന്തുകൊണ്ടാണ് ഉപയോഗിക്കാതിരുന്നതു?

ശ്രീശുകൻ മറുപടി പറഞ്ഞു: ഹേ രാജൻ!, അങ്ങ് ചോദിച്ചത് വളരെ ഉചിതമായ ചോദ്യമാണു. അതിനുത്തരം കേട്ടുകൊള്ളുക. മൃഗത്തെ വേട്ടയാടി അതിനെ തന്റെ അധീനതയിലാക്കിയ ഒരു വേട്ടക്കാരൻ, ബുദ്ധിയുള്ളവനാണെങ്കിൽ, ആ മൃഗത്തെ വിശ്വസിച്ചുകൊണ്ട് അതിനെ സ്വതന്ത്രമായി വിടുകയില്ല. കാരണം, തരം കിട്ടിയാൽ ആ മൃഗം ഓടി രക്ഷപ്പെടുമെന്ന് വേട്ടക്കാരന് നന്നായി അറിയാം. അതുപോലെ, ഒരു സാധകൻ ഒരിക്കലും തന്റെ മനസ്സിനെ വിശ്വസിക്കുകയില്ല. മാത്രമല്ല, അദ്ദേഹം എപ്പോഴും അതിനെ തന്റെ ചൊൽപ്പടിക്ക് നിർത്തിക്കൊണ്ടേയിരിക്കും. ഹേ രാജാവേ!, മനസ്സെന്ന വസ്തു സദാ ചഞ്ചലിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട് ആരും അതിനോട് സഖ്യം ചേർന്ന് അതിന്റെ പ്രലോഭനങ്ങളിൽ വീഴാൻ പാടില്ല. കാരണം, ഏത് നിമിഷവും അത് നമ്മളെ ചതിക്കുവാനായി തക്കം പാർത്തിരിക്കുകയാണു. മഹത്തുക്കൾ പോലും അതിന്റെ പിടിയിൽ വീണിട്ടുള്ളവരാണെന്നറിയുക. പുംശ്ചലിയായ ഒരു സ്ത്രീയെ അവളുടെ ചാരൻ നിഷ്പ്രയാസം തന്റെ പാട്ടിലാക്കുന്നതുപോലെയാണ് മനസ്സ് ജീവനെ തന്റെ അടിമയാക്കുന്നതു.

സാധകൻ തന്റെ മനസ്സിനെ അണുവിട നേരത്തേക്കുപോലും സ്വതന്ത്രമായി വിട്ടയച്ചാൽ അത് തീർച്ചയായും അയാളെ കാമം, ക്രോധം, ലോഭം, മോഹം മുതലായ ശത്രുക്കൾക്ക് അടിപ്പെടുത്തുകയും, അതുവഴി പൂർണ്ണമായും ഇല്ലാതാക്കുകയും ചെയ്യും. കാമക്രോധാദി സകല കളങ്കങ്ങൾക്കും മൂലകാരണം മനസ്സാണു. അത് ജീവനെ സംസാരത്തിൽ കർമ്മാസക്തനാക്കി മാറ്റുന്നു. അങ്ങനെയിരിക്കെ, അറിവുള്ള ആരാണ് മനസ്സിനെ വിശ്വസ്സിക്കുക?

സർവ്വോത്തമനായ ഒരു ഭരണാധികാരിയായിരുന്നു ഋഷഭദേവൻ. എന്നാൽ ഒരവധൂതന്റെ വേഷഭൂഷാദികളിലൂടെ അദ്ദേഹം മൂഢനായ വെറുമൊരു സാധാരണ മനുഷ്യനെപ്പോലെ കാണപ്പെട്ടു. അതുകൊണ്ടുതന്നെ ആർക്കും അദ്ദേഹത്തിന്റെ മഹിമകളെ അളക്കാൻ സാധിച്ചിരുന്നില്ല. ശരീരത്തിന്റെ നിസ്സാരയെ തിരിച്ചറിഞ്ഞ് അതിനെ എങ്ങനെ ഉപേക്ഷിക്കണമെന്ന് വരുംതലമുറകളിലെ യോഗികൾക്ക് കാട്ടിക്കൊടുക്കുവാനായിരുന്നു അദ്ദേഹം നാടകീയമായ ജീവിതശൈലിയെ സ്വീകരിച്ചതു. എങ്കിലും ഉള്ളിൽ തന്റെ സ്വരൂപത്തെക്കുറിച്ച് അദ്ദേഹം സദാ ബോധവാനായിരുന്നു. എന്നാൽ തന്റെ മഹികളെ ലോകത്തിനുമുന്നിൽ മറച്ചുവച്ചുകൊണ്ട് അദ്ദേഹം വെറുമൊരു ലൌകികനെപ്പോലെ ജീവിച്ചു. അദ്ദേഹത്തിന്റെ രീതിയെ അവലംബിക്കുന്നവർ സ്തൂലശരീരത്തിലിരിക്കുമ്പോൾതന്നെ തങ്ങളുടെ സൂക്ഷ്മശരീരത്തെ ഇല്ലാതാക്കുന്നു. അതിലൂടെ ജനിമരണങ്ങളില്ലാത്ത നിത്യമുക്തമായ അവസ്ഥയെ പ്രാപിക്കുമെന്നുള്ളതിൽ യാതൊന്നും സംശയിക്കുവാനില്ല.

ഹേ പരീക്ഷിത്തേ!, ഋഷഭദേവന്റെ ശരീരം സത്ചിതാനന്ദമയമായിരുന്നുവെങ്കിലും യോഗമായയാൽ ലോകത്തിനുമുന്നിൽ അത് ഒരു ഭൌതികശരീരമായിക്കാണപ്പെട്ടു. എന്നാൽ, ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിച്ചിരുന്ന അദ്ദേഹം, തന്നെയും തന്റെ ശരീരത്തേയും വേറിട്ടറിഞ്ഞിരുന്നു. ആ അറിവോടെയായിരുന്നു അദ്ദേഹം ഈ ലോകം മുഴുവൻ ചുറ്റിസഞ്ചരിച്ചതു.

ഹേ രാജൻ!, ഋഷഭദേവൻ, അങ്ങനെ, കർണ്ണാടകത്തിലുള്ള കൊങ്ക, വെങ്ക, കുടക് മുതലായ ദേശങ്ങളിലൂടെ ഏകാകിയായി നടന്നു. കുടകാചലത്തിലെത്തി അദ്ദേഹം അവിടെയുണ്ടായിരുന്ന ഒരു കാട്ടിനുള്ളിലേക്ക് പ്രവേശിച്ചു. വായിൽ കല്ലിൻ‌കഷണങ്ങൾ നിറച്ച്, നഗ്നനായി, അഴിഞ്ഞുലഞ്ഞ കേശത്തോടുകൂടി ഒരു ഭ്രാന്തനെപ്പോലെ ആ കാട്ടിൽ എങ്ങോട്ടെന്നില്ലാതെ സഞ്ചരിച്ചുകൊണ്ടേയിരുന്നു. പെട്ടന്നാണ് അവിടെ ഒരു കാട്ടുതീ ആളിപടർന്നതു. മുളകളുടെ ഉരസ്സലിലൂടെയുണ്ടായ ആ കാട്ടുതീ കാറ്റിൽ അങ്ങോളമിങ്ങോളം പടർന്നുപിടിച്ചു. ആ അഗ്നിയിൽ കാടിനൊപ്പം ഋഷഭദേവന്റെ ശരീരവും വെന്ത് വെണ്ണീറായി.

ഹേ രാജൻ!, കൊങ്ക, വെങ്ക, കുടക് , എന്നീ ദേശങ്ങളുടെ അന്നത്തെ രാജാവായിരുന്ന അർഹത് എന്ന ചക്രവർത്തി ഋഷഭദേവനെക്കുറിച്ചറിയുകയും, അദ്ദേഹത്തിന്റെ ചെയ്തികളെ കണ്ട് തെറ്റിദ്ധരിച്ചുകൊണ്ട്, അർഹത് നാമധേയത്തിൽ ഒരു പുതിയ മതം രൂപീകരിക്കുകയും ചെയ്തു. വേദങ്ങളെ അപ്പാടെ അവഗണിച്ചുകൊണ്ടുള്ള നിരീശ്വരവാദച്ചുവയുള്ള ആ മതം പിന്നീട് പലരും പിന്തുടരുകയുമുണ്ടായി.

അജ്ഞാനികൾ വർണ്ണാശ്രമധർമ്മങ്ങളും അവയുടെ ആചാരങ്ങളും അവഗണിക്കുന്നു. അവർ സ്നാനാദിശൌചങ്ങളെ ഉപേക്ഷിച്ച്, ഭഗവാനെ മറന്ന്, മറ്റുള്ള മാർഗ്ഗങ്ങളെ അവലംബിക്കുന്നു. കലിയുഗത്തിൽ അവർ ധർമ്മത്തെ ഉപേക്ഷിച്ച്, ആഢംബരകാമികളായിമാറുന്നു. അതുവഴി, വേദങ്ങളേയും ബ്രാഹ്മബന്ധുക്കളേയും ബ്രഹ്മത്തേയുംതന്നെ നിന്ദിക്കുന്നവരായി അവർ ഭവിക്കുന്നു. അവർ വേദങ്ങൾക്ക് വിരുദ്ധമായി പുതിയ പുതിയ മതങ്ങൾ സൃഷ്ടിക്കുന്നു. സത്യത്തെ മറന്ന്, സ്വനിരൂപണങ്ങളിൽ മുഴുകി അവർ നരകങ്ങളിലേക്ക് പതിക്കുന്നു. കലിയുഗത്തിൽ മനുഷ്യൻ രജോഗുണത്താലും തമോഗുണത്താലും ഭ്രമിക്കപെട്ടവനാണു. ഭഗവാൻ ഋഷഭദേവൻ മനുഷ്യനെ മായയുടെ പിടിയിൽനിന്നും രക്ഷപ്പെടുത്തുവാനായവതരിച്ചവനായിരുന്നു. ഹേ രാജൻ!, പണ്ഡിതന്മാർ ഋഷഭദേവന്റെ മഹിമകളെ ഇങ്ങനെ പുകഴ്ത്തുന്നു. അഹോ ഭാഗ്യം! ഏഴ് സമുദ്രങ്ങളും അനേകം ദ്വീപുകളും സമതലങ്ങളുമുള്ള ഈ ഭൂമണ്ഡലത്തിലെ ഭാരതവർഷം എന്നറിയപ്പെടുന്ന ഈ ദേശം എത്രകണ്ട് ധന്യമാണു!. അതിലെ ജനങ്ങൾ തന്റെ ദൈവവും ഗുരുവുമായ ഋഷഭദേവന്റെ കഥകൾ പാടിപുകഴ്ത്തുന്നു. പ്രിയവ്രതമഹാരാജാവിന്റെ പരമ്പരയെക്കുറിച്ച് എങ്ങനെ വർണ്ണിക്കാനാകും! ആ പരമ്പരയിലിതാ ഭഗവാൻ ഹരിതന്നെ അവതരിച്ച്, ജനങ്ങളെ വർണ്ണാശ്രമധർമ്മങ്ങൾ പഠിപ്പിച്ചിരിക്കുന്നു. ഏത് മഹായോഗിക്കാണ് മനസ്സുകൊണ്ടുപോലും ആ പരമഗുരുവിനെപ്പോലെയാകാൻ കഴിയുക? മറ്റുള്ള യോഗികൾ നേടുവാൻ കൊതിക്കുന്ന മായബലങ്ങളെ തൃണവത്ക്കരിച്ചവനാണദ്ദേഹം.

രാജൻ!, വേദസ്വരൂപനായ ഋഷഭദേവൻ നരദേവതിര്യക്കുകൾക്കും നാഥനായിരുന്നു. സർവ്വഭൂതങ്ങളുടേയും സകലപാപങ്ങളും തീർക്കുന്ന ഋഷഭദേവന്റെ ആ പുണ്യചരിതത്തെ ഞാൻ അങ്ങയോട് പറഞ്ഞുകഴിഞ്ഞു. അത് സർവ്വമംഗളങ്ങളും പ്രദാനം ചെയ്യുന്നു. ആരാണോ, ഒരു ഗുരുവിൽ ആശ്രിതനായി ഈ ചരിതത്തെ കേൾക്കുകയോ പഠിക്കുകയോ ചെയ്യുന്നത്, അവനിൽ ഭഗവദ്പാദങ്ങളോടുള്ള ഭക്തിയുദിക്കുന്നു. താപത്രയങ്ങളിൽനിന്ന് രക്ഷ പ്രാപിക്കുവാൻ ഭഗവദ്ഭക്തി ഒന്നുകൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. അതിൽ നിമഗ്നരായവർ സദാ ആത്മാനന്ദമനുഭവിക്കുന്നു. മോക്ഷം അവർക്ക് ചുറ്റും സദാ വലം വയ്ക്കുന്നു. എന്നാൽ, ഭക്തന്മാരാകട്ടെ, മോക്ഷംപോലും അവർ സ്വീകരിക്കുന്നില്ല. കാരണം, ഭഗവദ്ഭക്തിയിൽ പൂർണ്ണമായും മുഴുകിയവർക്ക് പിന്നീട് മോക്ഷമുൾപ്പെടെ യാതൊന്നുംതന്നെ ഇഹത്തിലോ പരത്തിലോ സാധിക്കുവാനില്ല.  

ഹേ മഹാരാജൻ!, മുകുന്ദൻ യഥാർത്ഥത്തിൽ പാണ്ഡവന്മാരുടേയും യാദവന്മാരുടേയും പരിപാലകനായിരുന്നു. അവൻ അങ്ങയുടെ ഗുരുവും ദൈവവും സുഹൃത്തും കർമ്മാധീശനുമായിരുന്നു. എന്തിനുപറയാൻ! നിങ്ങൾക്കുവേണ്ടി അവൻ ദൂതന്റേയും ദാസന്റേയും വേഷങ്ങൾപോലും കെട്ടിയിരുന്നു. തന്നെ പ്രസാദിപ്പിക്കുന്നവർക്ക് അവൻ വളരെ എളുപ്പത്തിൽ മോക്ഷത്തെ പ്രദാനം ചെയ്യുന്നു. എന്നാൽ, അവന്റെ ഭക്തിക്ക് പാത്രമാകുക എന്നത് അത്യന്തം പ്രയാസകരമായ ഉദ്യമമാണെന്നറിയുക.

ഋഷഭദേവൻ തന്റെ സ്വരൂപത്തെക്കുറിച്ച് പൂർണ്ണമായും ബോധവാനായിരുന്നു. ആയതിനാൽത്തന്നെ അദ്ദേഹം വിഷയങ്ങളെ അധികരിച്ചവനായിരുന്നു. സദാ ആത്മാനന്ദിയായ അദ്ദേഹം മോക്ഷം പോലും ആഗ്രഹിച്ചിരുന്നില്ല. ദേഹാത്മബോധത്തിൽ കഴിയുന്നവർ ഒരിക്കലും തങ്ങളുടെ ജന്മോദ്ദേശത്തെക്കുറിച്ച് അറിയുന്നില്ല. കാരുണ്യവാനായ ഋഷഭദേവൻ മനുഷ്യന് തന്റെ സ്വരൂപത്തെ കാട്ടിക്കൊടുക്കുകയും, മഹത്തായ മനുഷ്യജന്മത്തിന്റെ ലക്ഷ്യത്തെ പറഞ്ഞറിയിക്കുകയും ചെയ്തു. അങ്ങനെയുള്ള ആ പരമപുരുഷനുമുന്നിൽ അടിയന്റെ ആത്മപ്രണാമം!.

ശ്രീമദ്ഭാഗവതം പഞ്ചമസ്കന്ധം  ആറാമധ്യായം സമാപിച്ചു.
ഓം തത് സത്.


Previous         Next








Story of Lord Rshabhadeva