2019, ഫെബ്രുവരി 26, ചൊവ്വാഴ്ച

4.24 രുദ്രഗീതം


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ദം ദ്ധ്യായം 24
(രുദ്രഗീതം)


prachetas and lord shiva എന്നതിനുള്ള ചിത്രം  മൈത്രേയൻ പറഞ്ഞു: വിദുരരേ! പൃഥുമഹാരാജൻ തപസ്സിനായി വനത്തിലേക്ക് പോകുന്നതിനുമുമ്പ് തന്റെ ആദ്യപുത്രൻ വിജിതാശ്വനെ രാജ്യഭാരമേൽപ്പിച്ചിരുന്നു. വിജിതാശ്വൻ അനുജന്മാരെ രാജ്യപാലനവുമായി ബന്ധപ്പെട്ട വിവിധ ചുമതലകളേൽപ്പിച്ചു. കിഴക്കൻ മേഖലയിൽ ഹര്യാക്ഷനും, തെക്ക് ധൂമ്രകേശനും, പടിഞ്ഞാറ് വൃകനും, വടക്കേ മേഖലയിൽ ദ്രവിണനും അധികാരം ഏറ്റെടുത്തു. വിജിതാശ്വൻ ഇന്ദ്രന്റെ പ്രീതിക്ക് പാത്രമായി അദ്ദേഹത്തിൽനിന്നും അന്തർധാനമെന്ന കഴിവും പട്ടവും കരസ്ഥമാക്കിയിരുന്നു. അദ്ദേഹത്തിന് തന്റെ പത്നി ശിഖണ്ഡിനിയിൽ മൂന്ന് സത്പുത്രന്മാർ ജനിച്ചു. അവർ പാവകൻ, പവമാനൻ, ശുചി എന്നീ നാമധേയങ്ങളിൽ അറിയപ്പെട്ടു. ഇവർ പണ്ട് അഗ്നിദേവതകളായിരുന്നു. എന്നാൽ വസിഷ്ഠമഹർഷിയുടെ ശാപപ്രകാരം അന്തർധാനനെന്ന വിജിതാശ്വന്റെ മക്കളായി പുനർജ്ജനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അവർ വീണ്ടും അഗ്നിദേവതകളായിത്തന്നെ തുടരുകയും ചെയ്തു.

വിജിതാശ്വന് തന്റെ മറ്റൊരു ഭാര്യയിൽ ഹവിർധാനൻ എന്ന വേറൊരു പുത്രൻകൂടിയുണ്ടായിരുന്നു. വിജിതാശ്വൻ പണ്ടുമുതലേ കാരുണ്യവാനായ ഒരു വ്യക്തിത്വത്തിനുടമയായിരുന്നു. ദേവേന്ദ്രൻ തന്റെ പിതാവിന്റെ യാഗാശ്വത്തെ കട്ടുകൊണ്ടുപോയിട്ടും വിജിതാശ്വൻ ഇന്ദ്രനെ വധിച്ചിരുന്നില്ല എന്നത് ഇതിനുദാഹരണമാണു. ഇവിടെയും അദ്ദേഹം തന്റെ പ്രജകളിൽനിന്ന് അമിതമായ കരങ്ങൾ ഈടാക്കുകയോ, നിയമങ്ങൾ കൃത്യമായി പാലിക്കാത്തവരെ ക്രൂരമായി ശിക്ഷിക്കുകയോ ചെയ്തിരിരുന്നില്ല. മാത്രമല്ല, രാജ്യകാര്യങ്ങളിലുപരി അദ്ദേഹം പലേതരം യജ്ഞങ്ങൾ അനുഷ്ഠിക്കുന്നതിൽ തല്പരനായി. പിതാവിനെപ്പോലെ അദ്ദേഹവും സകല യജ്ഞങ്ങളും ഭഗവദ്പ്രീതിക്കുവേണ്ടിമാത്രമായിരുന്നു അനുഷ്ഠിച്ചിരുന്നതു. അതിലൂടെ സദാസമയവും ഭഗവദ്സ്മരണയിൽ നിമഗ്നമായി അദ്ദേഹം തന്റെ ജീവിതലക്ഷ്യത്തെ സാക്ഷാത്കരിച്ചു.

അന്തർധാനപുത്രനായ ഹവിർധാനന് പത്നി ഹവിർധാനിയിൽ ബർഹിശത്, ഗയൻ, ശുക്ലൻ, കൃഷ്ണൻ, സത്യൻ, ജിതവ്രതൻ എന്നിങ്ങനെ ആറ് പുത്രന്മാരുണ്ടായി. അതിൽ ബർഹിശത് യോഗത്തിലും വിവിധതരം സകാമയജ്ഞാനുഷ്ഠാനങ്ങളിലും നിപുണനായിരുന്നു. ആ ഗുണങ്ങളിലൂടെ ഉയർന്നുവന്ന് അദ്ദേഹം പ്രജാപതികളിലൊന്നായിത്തീരുകയും ചെയ്തു. ധാരാളം ദേവയജ്ഞങ്ങൾ ചെയ്ത് അദ്ദേഹ ഈ ഭൂമണ്ഢലത്തിൽ പ്രസിദ്ധനായി. ബ്രഹ്മദേവന്റെ ആദേശാനുസരണം പ്രാചീനബർഹിസ്സ് എന്ന ബർഹിശത് സമുദ്രപുത്രിയായ ശതദ്രുതിയെ വിവാഹം കഴിച്ചു. സുന്ദരിയും യൌവ്വനയുക്തയുമായ ശതദ്രുതി വിവാഹമണ്ഢപത്തിന് ചുറ്റും വലം വയ്ക്കുന്നത് കണ്ട അഗ്നിദേവൻ, പണ്ട് സുകിയുടെ ആകാരഭംഗിയിൽ ആകർഷിതനായതുപോലെതന്നെ, അവളിൽ അത്യാകൃഷ്ടനായി. അഗ്നിദേവൻ മാത്രമായിരുന്നില്ല, മറിച്ച്, ആ വിവാഹത്തിലൂടെ അവളുടെ സൌന്ദര്യത്തെകണ്ടറിഞ്ഞ അസുരന്മാരും ഗന്ധർവ്വന്മാരും മുനികളും സിദ്ധന്മാരും മർത്ത്യലോകരും, ഉരകങ്ങളുമുല്ലാംതന്നെ ആ നൂപുരക്കിലുക്കത്തിൽ വശീകൃതരായിത്തീർന്നിരുന്നു.

പ്രാചീനബർഹിസ്സ് ശതദ്രുതിയിലൂടെ പത്ത് പുത്രന്മാർക്ക് ജന്മം നൽകി. ധർമ്മാധിഷ്ഠിതജീവിതചര്യകളിലൂടെ അവർ പത്തുപേരും പ്രചേതസ്സുകൾ എന്ന നാമധേയത്തിൽ ലോകങ്ങളിൽ അറിയപ്പെട്ടു. പിതാവിന്റെ ഉപദേശപ്രകാരം അവർ സമുദ്രത്തിന്റെ അഗാധതയിൽ പ്രജാവർദ്ധനാർത്ഥം പതിനായിരം വർഷക്കാലത്തെ തപസ്സും ബ്രഹ്മചര്യവും അനുഷ്ഠിച്ചുകൊണ്ട് ഭഗവദാരധനം ചെയ്തു. വിദുരരേ!, അവർ വീടുപേക്ഷിച്ച് തപസ്സിനായി പുറപ്പെടുമ്പോൾ, വഴിയിൽ മഹാദേവൻ പ്രത്യക്ഷനാകുകയും, ഭഗവാൻ ഹരിയെക്കുറിച്ച് അവരെ ബോധവാന്മാരാക്കുകയും ചെയ്തു. പിന്നീട് മഹാദേവന്റെ ഉപദേശപ്രകാരം പ്രചേതസ്സുകൾ ആ പരമപുരുഷനെ ആരാധിച്ച് പ്രീതിപ്പെടുത്തി.

ഇത്രയും കേട്ടപ്പോൾ വിദുരൻ മൈത്രേയമഹാമുനിയോട് ചോദിച്ചു: ഹേ ബ്രാഹ്മണശ്രേഷ്ഠാ!, എങ്ങനെയായിരുന്നു മഹാദേവൻ പ്രചേതസ്സുകളെ വഴിയിൽവച്ച് കാണാനിടയാതു? എന്തായിരുന്നു ആ പരമപുരുഷനെക്കുറിച്ച് മഹാദേവൻ അവരോട് അരുളിച്ചെയ്തതു?.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, ശിവദർശനം മനുഷ്യരെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പത്തിൽ സാധ്യമാകുന്ന കാര്യമല്ല. എപ്പോഴും ആ തൃപ്പാദങ്ങളും ധ്യാനിച്ചുകൊണ്ടിരിക്കുന്ന യോഗീശ്വരന്മാർക്കുപോലും വളരെ ദുഃഷ്കരമായിമാത്രം സിദ്ധിക്കുന്നതാണ് ആ ദർശനം. സർവ്വദാ ആത്മാരാമനായി വർത്തിക്കുന്ന മഹേശ്വരൻ ഭൂമിയിൽ ജീവഭൂതങ്ങൾക്ക് തുണയായി എന്നും തന്റെ ശക്തിയോടൊപ്പം വർത്തിക്കുന്നു.

പിതാവിന്റെ വാക്കുകളെ ഹൃദയത്തിലേറ്റി ധന്യാത്മാക്കളായ പ്രചേതസ്സുകൾ തപാനുഷ്ഠാനങ്ങൾക്കായി പശ്ചിമദിക്കിലേക്ക് യാത്രയായി. വഴിയിൽ സമുദ്രത്തോളം വ്യാപ്തിയുള്ള ഒരു ബൃഹത്തായ തടാകത്തെ അവർ കണ്ടു. അതിലെ ജലം മഹത്തുക്കളുടെ മനസ്സുപോലെ ശാന്തമായിരുന്നു. അതിലെ നിവാസികളും അതുപോലെ തന്നെ ശാന്തസ്വഭാവികളായി കാണപ്പെട്ടു. അതിൽനിറയെ കൽഹാരം, ഇന്ദീവരം മുതലായ പലതരം പുഷ്പങ്ങൾ വിടർന്നുനിന്നു. ഹംസം, അരയന്നം, ചക്രവാഗം, മുതലായ പക്ഷിക്കൂട്ടങ്ങൾ തങ്ങളുടെ പ്രത്യേകതരം കൂജനങ്ങളോടെ ആ സരസ്സിൽ നീന്തിത്തുടിച്ചു. കരയിൽ എല്ലാവശങ്ങളിലും വിവിധതരം വൃക്ഷലാതാദികൾ പടർന്നുപന്തലിച്ചുനിൽക്കുന്നുണ്ടായിരുന്നു. അവയ്ക്ക് ചുറ്റും ഭ്രമരങ്ങൾ മൂളിപ്പറന്നു. പത്മകർണ്ണികകളിൽനിന്നും പൂമ്പൊടികൾ കാറ്റിൽ നാനാദിക്കുകളിലേക്കും പറന്നുയർന്നു. ഇതെല്ലാംകൂടിച്ചേർന്ന് അവിടമാകെ ഒരുത്സവലഹിരിയുടെ പ്രതീതി ജനിപ്പിച്ചു. ദുന്ദുഭ്യാദികളുടെ താളക്കൊഴുപ്പിലും ദിവ്യസംഗീതത്തിന്റെ മാസ്മരികതയിലും പ്രചേതസ്സുകൾ വിസ്മയഭരിതരായിനിൽക്കുന്ന സമയം, ആ ജലാശയത്തിന്റെ നടുവിൽനിന്നും തപ്തഹേമശരീയായി ഭഗവാൻ നീലകണ്ഠൻ അവരുടെ മുന്നിൽ പ്രത്യക്ഷനായി.

മഹാദേവനോടൊപ്പം മഹത്തുക്കളായ മറ്റുപലരുമുണ്ടായിരുന്നു. കണ്ടമാത്രയിൽ പ്രചേതസ്സുകൾ ആ തൃപാദങ്ങളിൽ വീണ് നമസ്ക്കാരമർപ്പിച്ചു. അവരിൽ സമ്പ്രീതനായ മഹേശ്വരൻ പറഞ്ഞു: പ്രാചീനബർഹിസ്സിന്റെ പുത്രന്മാരായ നിങ്ങൾക്ക് സർവ്വകല്യാണങ്ങളും ഭവിക്കട്ടെ!. നിങ്ങളുടെ ഈ യാത്രയുടെ ഉദ്ദേശം നാമറിയുന്നു. അതിലേക്ക് നിങ്ങളെ അനുഗ്രഹിക്കുവാൻ വേണ്ടിയാണ് നാം നിങ്ങൾക്കുമുന്നിൽ ഇപ്പോൾ പ്രത്യക്ഷനായിരിക്കുന്നതു. ഭഗവദ്ഭക്തന്മാരെല്ലാം എനിക്ക് അത്യന്തം പ്രീയപ്പെട്ടവരാണു.

ഹേ കുമാരന്മാരേ!, നൂറ് ജന്മങ്ങളിലെ സ്വധർമ്മാനുഷ്ഠാനത്തിലൂടെ ഒരുവൻ വിരിഞ്ചന്റെ പദം പ്രാപിക്കുന്നു. അതിലേറെ പുണ്യം ചെയ്തവർ എന്റേതും. എന്നാൽ ആ പരമപുരുഷന്റെ ഭക്തിയിൽ രമിക്കുന്നവർ സദാ അവനെത്തന്നെ പ്രാപിക്കുന്നു. ഞങ്ങളെല്ലാവരും കല്പാന്തത്തിൽ അവനിൽത്തന്നെ ലയിക്കേണ്ടവരാണു. അവനെ ആരാധിക്കുന്ന നിങ്ങൾ അവനെപ്പോലെതന്നെ പൂജിക്കപ്പെടേണ്ടവർ തന്നെ. അവന്റെ ഭക്തന്മാരെല്ലാംതന്നെ എനിക്ക് അത്യന്തം പ്രീയപ്പെട്ടവരാണു. ഇനി ഞാൻ ചൊല്ലാൻ പോകുന്ന ഈ മന്ത്രത്തെ ശ്രാദ്ധായുക്തം നിങ്ങൾ കേട്ടുകൊള്ളുക. ജീവിതത്തിൽ മോക്ഷം ആഗ്രഹിക്കുന്ന ആരും കേൾക്കേണ്ടതും ജപിക്കേണ്ടതുമായ മന്ത്രമാണിതു.

മൈത്രേയൻ തുടർന്നു: വിദുരരേ!, ഭഗവാൻ മഹാദേവൻ പ്രചേതസ്സുകളോട് ആ പ്രാർത്ഥനാമന്ത്രത്തെ പറഞ്ഞുകേൾപ്പിച്ചു: ഹേ പരമാത്മൻ! അങ്ങ് സർവ്വദാ വിജയിക്കട്ടെ!. അവിടുത്തെ ഭക്തന്മാർക്ക് സദാ സർവ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന അങ്ങ് ഇന്ന് ഈയുള്ളവനേയും അനുഗ്രഹിക്കുമാറകണം. സർവ്വോത്തമങ്ങളായ അവിടുത്തെ അനുശാസനങ്ങൾകൊണ്ടുമാത്രം ആരാധിക്കപ്പെടേണ്ടവനാണു അങ്ങ്. അങ്ങ് പരമാത്മാവാണു. അതുകൊണ്ട് അവിടുത്തേക്കെന്റെ നമസ്ക്കാരം. അങ്ങയുടെ നാഭീപങ്കജത്തിലൂടെ വിരിഞ്ചനാൽ ഈ പ്രപഞ്ചത്തെ രചിച്ച് അങ്ങതിന്റെ ആദികാരണനായി വർത്തിക്കുന്നു. സകല ഇന്ദ്രിയങ്ങളും അവയുടെ വിഷയങ്ങൾക്കും നിയന്താവായി അവിടുന്ന് നിലകൊള്ളുന്നു. അങ്ങ് സർവ്വദാ ശാന്തനും കൂടസ്ഥനുമായി ഈ പ്രപഞ്ചത്തിലാകമാനം വാസുദേവനായി കുടികൊള്ളുന്നു. ഹേ നാഥാ! അങ്ങിവിടെ സകല സൂക്ഷ്മതത്വങ്ങൾക്കും പരമകാരണമാണു. പ്രദ്യുംനസങ്കർഷണാദിസ്വരൂപനായ അങ്ങേയ്ക്കെന്റെ നമസ്ക്കാരം. ഹേ മാനസേന്ദ്രിയങ്ങൾക്ക് നാഥനായ അനിരുദ്ധമൂർത്തേ! അനന്തനായും സങ്കർഷണമൂർത്തിയായും കുടികൊള്ളുന്ന അവിടുത്തേക്ക് നമോവാകം. അനിരുദ്ധമൂർത്തിയായ അങ്ങയുടെ അനുഗ്രഹംകൊണ്ട് ഊർദ്ദ്വലോകങ്ങളുടെ വാതിലുകൾ ലോകത്തിന് തുറന്നുകിട്ടുന്നു. അങ്ങ് സർവ്വദാ ഭക്തന്മാരുടെ ശുദ്ധഹൃദയങ്ങളിൽ വസിക്കുന്നവനാണു. സകലവീര്യങ്ങൾക്കും ശക്തിയായി അവിടുന്ന് വർത്തിക്കുന്നു. അഗ്നിയായിക്കൊണ്ട് അങ്ങ് സകല യജ്ഞങ്ങൾക്കും ശക്തി പകരുന്നു. അങ്ങ് പിതൃലോകത്തിനും ദേവലോകത്തിനും സർവ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യുന്നു. അങ്ങ് ചന്ദ്രന്റെ അധിദേവനായും സകലവേദങ്ങൾക്കും നാഥനായും വർത്തിക്കുന്നു. അങ്ങിവിടെ സകലഭൂതങ്ങൾക്കും ആത്മശാന്തി പ്രദാനം ചെയ്തുകൊണ്ട് അവരുടെ ഹൃദ്പങ്കജങ്ങളിൽ കുടികൊള്ളുന്നു. ഭഗവാനേ!, അങ്ങ് സർവ്വചരാചങ്ങളുമടങ്ങുന്ന പ്രപഞ്ചത്തിൽ പരമാത്മരൂപത്തിൽ കുടികൊണ്ട് സകലതിനും നാഥനും സാക്ഷിയുമായി നിലകൊള്ളുന്നു. സകലഭൂതങ്ങളിലും അവിടുത്തെ സാന്നിധ്യമരുളിക്കൊണ്ട് അങ്ങീ പ്രപഞ്ചത്തെ അന്വർത്ഥമാക്കുന്നു. ആകാശം പോലെ സകലതിനും അകത്തും പുറത്തും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന ശക്തിവിശേഷമാണങ്ങ്. സകലപുണ്യകർമ്മങ്ങളിലൂടെയും അവിടുത്തെ സാക്ഷാത്കാരം മാത്രമാണു ഏതൊരു ജീവനും നോക്കിക്കാണുന്നതു. അതുകൊണ്ട് അങ്ങയുടെ പാദാരവിന്ദങ്ങളിൽ ഞാനിതാ നമസ്കരിക്കുന്നു.

ഹേ നാഥാ! അങ്ങിവിടെ സകലകർമ്മങ്ങൾക്കും സാക്ഷിയായി വർത്തിക്കുന്നവനാണു. അങ്ങുതന്നെ ഇവിടെ പ്രവൃത്തിയായും നിവൃത്തിയായും വർത്തിക്കുന്നു. അധാർമ്മികവൃത്തികളിലൂടെ സിദ്ധമാകുന്ന ദുരിതപൂർണ്ണമായ അവസ്ഥകൾ തികച്ചും നിന്റെ ദണ്ഢനമായി ഞാൻ മനസ്സിലാക്കുന്നു. അങ്ങനെ നോക്കുമ്പോൾ കാലവും നീതന്നെയാകുന്നു. സർവ്വവരങ്ങളും പ്രദാനം ചെയ്യുന്നത് നീതന്നെ. ഹേ കൃഷ്ണാ!, സകല കാരണങ്ങൾക്കും പരമകാരണൻ അങ്ങുതന്നെ. അങ്ങ് സർവ്വലോകങ്ങൾക്കും നാഥനാണു. ധർമ്മവും മനസ്സും ബുദ്ധിയുമെല്ലാം നീ തന്നെ. സകലകർത്താക്കൾക്കും കർമ്മങ്ങൾക്കും അങ്ങുതന്നെയാണിവിടെ ഈശ്വരൻ. അതുകൊണ്ടുതന്നെ അങ്ങ് ശരീരത്തിനും മനസ്സിനും ഇന്ദ്രിയങ്ങൾക്കും നാഥനായി നിലകൊള്ളുന്നു. അഹങ്കാരാത്മനും അങ്ങുതന്നെ.

ഭഗവാനേ!, അങ്ങയെ അവിടുത്തെ ഭക്തന്മാർ ആരാധിക്കുന്ന ആ രൂപം കാണാൻ അടിയൻ ആഗ്രഹിക്കുകയാണു. അവിടുത്തേക്ക് അനേകം തിരുരൂപങ്ങളുണ്ടെങ്കിലും അവരിഷ്ടപ്പെടുന്ന രൂപം മാത്രമാണടിയനും കാണാൻ കൊതിക്കുന്നതു. അവിടുത്തെ കരുണയിൽ നിന്തിരുവടിയുടെ ആ രൂപം കാണാൻ അടിയനെ അനുഗ്രഹിക്കുക.

കാർമുകിൽ വർണ്ണനെ കാണുമാറാകണം
കാരുണ്യരൂപനെ കാണുമാറാകണം.
മാരി തൂകുമ്പോൾ തിളങ്ങുന്ന പോലെ നിൻ
ചാരു കളേബരം മിന്നുന്ന കാണണം.
സർവ്വൈശ്വരങ്ങളും ഒത്തിണങ്ങീടുന്ന
സർവ്വേശരാ! നിന്നെ കാണുമാറാകണം.
നാലു കരങ്ങളാൽ ശോഭിതമായ നിൻ
ചേലുള്ള രൂപത്തെ കാണുമാറാകണം.
നീലദളായതലോചന! നിന്നുടെ
നീലത്തിരുമുഖം കാണുമാറാകണം.
നല്ലോരു നാസികയു,മാ മനോഹര
ഫുല്ലാരവിന്ദം കണക്കേ വിരിഞ്ഞൊരു
നല്ല ചേലുള്ള നറുപുഞ്ചിരിവിടർ-
ന്നുള്ളോരധരവും കാണുമാറാകണം.
സുന്ദരമായ ലലാടവും, പിന്നെ നൽ-
കുണ്ഡലങ്ങൾ ഇളകുന്ന ചെവികളും,
മന്ദസ്മിതവും, കടമിഴിക്കോണുകൊ-
ണ്ടുള്ളോരു നോട്ടവും, കൂന്തലിൻ ശോഭയും,
മഞ്ഞത്തളിർപട്ടുടുത്തതിൻ തുമ്പുകൾ
തഞ്ചത്തിലാടിയുലയുന്ന കാഴ്ചയും,
പങ്കജപുഷ്പരജസ്സുകൾ കാറ്റിലായ്
മെല്ലെ തരംഗിതമാകുന്ന ശോഭയും,
മിന്നിത്തിളങ്ങുന്ന കുണ്ഢലകാന്തിയും,
ചിന്നിത്തെളിയും കീരീടസൌന്ദര്യവും,
സ്വർണ്ണത്തളയും, വളയും, വനമാല,
പൊന്നരഞ്ഞാണവും, പിന്നെ കൊലുസ്സതും,
സൂര്യകോടിപ്രഭാമേനിയും കാണണം.
ശംഖചക്രങ്ങളും, ചാരുഗദയു,മാ-
പങ്കജത്താരും കരങ്ങളിൽ കൊണ്ട,തിൻ
ശോഭയിൽ മോടിയേറിക്കൊണ്ട് മാറതിൽ
ചേരുന്ന കൌസ്തുഭം കാണുമാറാകണം.
നാളീകനേത്രാ! മൃഗേന്ദ്രനെപ്പോലുള്ള
തോളും, അതിൽ വിളങ്ങും വനമാലയും,
ഹാരനികരങ്ങളും, തിരുവക്ഷസ്സിൽ
ചേരുന്ന ശ്രീവത്സതേജസ്സും കാണണം.
ആലിലശോഭയിൽ മൂന്നായ് മടങ്ങിയ
നീലത്തിരുവയർ കാണുമാറകണം.
ശ്വാസഗതിയവയ്ക്കൊത്താ മടക്കുകൾ
താളത്തിലായങ്ങിളകുന്ന ചേലതും,
ഈരേഴുലോകങ്ങളുണ്ടായി പിന്നതിൽ
ചേരുന്ന നാഭിയും കാണുമാറാകണം.
മഞ്ഞയാം പൂമ്പട്ടുടുത്ത കടീതടം-
ചുറ്റിയുലഞ്ഞുചാഞ്ചാടുന്നരഞ്ഞാണം,
ലോകത്തിനൊക്കെയും ഏകാശ്രയമായ
പാദപത്മങ്ങളും കാല്വണ്ണ, തൃത്തുട,
എല്ലാമഴകിൽ തിളങ്ങുന്ന വിഗ്രഹം
കണ്ണുകൾക്കെന്നും കണിയാകണം വിഭോ!.

ഭഗവാനേ!, അവിടുത്തെ തൃപ്പാദങ്ങൾ കണ്ടാൽ ശരത്ക്കാലത്തിൽ വിരിഞ്ഞുണരുന്ന രണ്ട് താമരപ്പൂക്കൾപോലെ തോന്നിക്കുന്നു. അതിലെ നഖരങ്ങളിൽനിന്ന് നാല് ദിക്കുകളിലേക്കും ചിന്നിച്ചിതറുന്ന പ്രകാശരശ്മികൾ ക്ഷണത്തിൽതന്നെ സംസാരിയായ ഒരുവന്റെ ഹൃദയത്തിലെ അന്തകാരം നീക്കുന്നു. ഭഗവാനേ!, അവിടുത്തെ ഭക്തന്മാരുടെ മനസ്സിനെ പ്രകാശിപ്പിക്കുന്ന തേജോകാരമായ ആ ദിവ്യരൂപത്താൽ എനിക്ക് ദർശനമരുളിയാലും. അങ്ങ് സകലജഗത്തിനും ഗുരുവാണു. അതുകൊണ്ട് സംസാരത്തിലെ അജ്ഞാനാന്തകാരമായ ഇരുട്ടിനെ ഇല്ലാതാക്കാൻ അങ്ങേയ്ക്കുമാത്രമേ കഴിയുകയുള്ളൂ. യാതൊരുവനാണോ, തന്റെ ജീവിതത്തിന്റെ സാഫല്യമാഗ്രഹിക്കുന്നത്, അവൻ അവിടുത്തെ തൃപ്പാദങ്ങളെ ധ്യാനിക്കേണ്ടതാണു. ആരാണോ, യാതൊരു ഭയവും കൂടാതെ തന്റെ സ്വധർമ്മമനുഷ്ഠിക്കാനാഗ്രഹിക്കുന്നത് അവൻ അവിടുത്തെ പാദാരവിന്ദങ്ങളിൽ അഭയം പ്രാപിക്കേണ്ടത് അനിവാര്യമത്രേ. ഇന്ദ്രനും അവിടുത്തെ പാദസേവയെ ചെയ്തുകഴിയുന്നു. അഹം ബ്രഹ്മാസ്മി എന്ന് ബോധിച്ചവന് അങ്ങുതന്നെയാണ് എത്തപ്പെടേണ്ട ധാമം. എന്നാൽ അവർക്ക് അതിനുവേണ്ടി വളരെയേറെ യത്നിക്കേണ്ടിയിരിക്കുന്നു. പക്ഷേ, അവിടുത്തെ പാദാരവിന്ദങ്ങളിൽ ഭക്തിയുള്ളവർക്ക് അത് തികച്ചും നിഷ്പ്രയാസം സാധ്യമാകുന്നു. കറയറ്റ ഭക്തി നേടുകയെന്നത് യോഗികളാൽ പോലും അതീവ ദുഃഷ്കരമായ കാര്യമാണു. എന്നാൽ ഭക്തി മാത്രമാണ് അവിടുത്തെ പ്രീതിക്കായുള്ള ഏകമാർഗ്ഗവും. അങ്ങനെയിരിക്കെ ഭക്തിയൊഴിഞ്ഞ് മറ്റുമാർഗ്ഗങ്ങളെ തിരഞ്ഞെടുക്കുവാൻ ആരാണാഗ്രഹിക്കുക?. അവിടുത്തെ പുരികത്തിന്റെ ചലനമാത്രത്താൽ കാലം ഈ പ്രപഞ്ചത്തെ പൂർണ്ണമായി ഇല്ലാതാക്കുന്നു. എന്നാൽ പ്രബലമായ കാലത്തിന് അങ്ങയിൽ സർവ്വാത്മനാ അഭയം പ്രാപിച്ചവരെ തൊടാൻപോലും കഴിയുകയില്ല. അവിടുത്തെ ഭക്തരോട് ക്ഷണാർദ്ധത്തേക്കുപോലും സംഗം ചേരുന്ന ഒരു മർത്ത്യന്റെയുള്ളിൽനിന്നും അങ്ങ് ഭൌതികകർമ്മാസക്തിയെ ഇല്ലാതാക്കുന്നു. അങ്ങനെയിരിക്കെ, അങ്ങയുടെ ഭക്തൻ എന്ത് വരമാണ് അന്യദേവതകളിൽനിന്ന് ആവശ്യപ്പെടുക?. അവിടുത്തെ താമരപ്പാദങ്ങൾ സർവ്വമംഗളപ്രദായകവും സർവ്വപാപാപഹവുമാണു. അതുകൊണ്ട് കാരുണ്യാത്മാക്കളായ അങ്ങയുടെ ഭക്തോത്തമന്മാരോട് സംഗമുണ്ടാക്കിത്തീർക്കുവാൻ ഞാൻ അവിടുത്തോട് പ്രാർത്ഥിക്കുന്നു. അതാണ് അങ്ങയിൽനിന്നും ഞാൻ നേടുവാനാഗ്രഹിക്കുന്ന ഏക വരദാനം.

ഭക്തീദേവിയുടെ അനുഗ്രഹാത്താൽ അവിടുത്തെ ഭക്തിയാൽ നിർമ്മലമായ മനസ്സോടുകൂടിയ ഭക്തന്മാർ ഗഹനാന്ധകൂപമായ മായയുടെ പിടിയിൽ പെടാതെ രക്ഷപ്പെടുന്നു. ഇങ്ങനെ ഭക്തിയാൽ നിർമ്മലമായ മനസ്സിൽ അവിടുത്തെ നാമവും രൂപവും മഹിമകളും ഒന്നൊന്നായി തെളിഞ്ഞുവരുന്നു. ആകാശം പോലെ ബ്രഹ്മം സർവ്വയിടവും വ്യാപിച്ചിരിക്കുന്നു. ആ ബ്രഹ്മത്തിൽ ഈ വിശ്വം മുഴുവൻ നിലകൊള്ളുകയും ചെയ്യുന്നു. ആ ബ്രഹ്മം അങ്ങുതന്നെ. ഭഗവാനേ!, അങ്ങയുടെ ശക്തിവിശേഷങ്ങൾ പല രൂപത്തിലും ഭാവത്തിലും ഈ പ്രപഞ്ചത്തിൽ വ്യക്തമാണു. ആ ശക്തിയാൽ അങ്ങ് ഈ പ്രപഞ്ചത്തെ സൃഷ്ടിക്കുകയും പാലിക്കുകയും അതുപോലെ സംഹരിക്കുകയും ചെയ്യുന്നു. അങ്ങിൽ ഈ മാറ്റങ്ങളൊന്നുംതന്നെ യാതൊരു പ്രതിഫലനങ്ങളുമുണ്ടാക്കുന്നില്ല. എന്നാൽ ജീവഭൂതങ്ങൾ അവിടുത്തെ ഈ കർമ്മങ്ങളാൽ സദാ ഭ്രമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ടുതന്നെ അവർ അങ്ങയേയും ഈ വിശ്വത്തേയും വേവ്വേറെ കണ്ടറിയുകയും ചെയ്യുന്നു. എന്നാൽ അങ്ങ് സർവ്വസ്വതന്ത്രനായി നിലകൊള്ളുന്ന സത്യം ഞാൻ മനസ്സിലാക്കുന്നു. ഹേ നാഥാ!, അങ്ങയുടെ ഈ വിരാട്രൂപം അഞ്ച് തത്വങ്ങളിൽ അധിഷ്ഠിതമായിരിക്കുന്നു. ഇന്ദ്രിയങ്ങൾ, മനസ്സ്, ബുദ്ധി, അഹങ്കാരം, കൂടാതെ അവിടുത്തെ കലയുടെ അംശമായ പരമ്പൊരുളും. ഭക്തന്മാരൊഴികെ അന്യയോഗികളെല്ലാം ജ്ഞാനം, കർമ്മം മുതലായ ഉപാധികളാൽ അങ്ങയെ ഉപാസിക്കുന്നു. എന്നാൽ നാനാതരത്തിലുള്ള സാധനകളിലൂടെ ഉപാസിക്കപ്പെടുന്നത് അങ്ങുതന്നെയാണെന്ന് സകല ശാസ്ത്രങ്ങളും പ്രമാണങ്ങളും വേദങ്ങളും പ്രതിപാതിക്കുന്നു. അങ്ങാണിവിടെ പരമകാരണനായ ബ്രഹ്മം. സൃഷ്ടിക്കുമുൻപ് അവിടുത്തെ ശക്തി സുപ്തഭാവത്തിൽ നിലകൊള്ളുന്നു. പിന്നീട് അവിടുത്തെ ഇച്ഛയാൽ സത്വാദി ത്രിഗുണങ്ങൾ പരിണമിക്കുകയും അതിൽനിന്ന് മഹത്തത്വം വ്യക്തമാകുകയും അതിൽനിന്നും ക്രമേണ അഹങ്കാരം, ആകാശം, വായു, അഗ്നി, ജലം, ഭൂമി, മുതലായ തത്വങ്ങളും, അതുപോലെ, സുരന്മാർ ഋഷികൾ മുതലായവരും ഉണ്ടാകുന്നു. അങ്ങനെ ഈ ദൃശ്യപ്രപഞ്ചം സൃഷ്ടമാകുന്നു. സൃഷ്ടിക്കുശേഷം അങ്ങ് ചരാചരങ്ങളിൽ പരമാത്മഭാവത്തിൽ കുടികൊള്ളുന്നു. വിഷയാനുഭവങ്ങൾക്കായി അവർ ചെയ്യുന്ന സ്ഥൂലവും സൂക്ഷ്മവുമായ സകലകർമ്മങ്ങൾക്കും അവരുടെ ഹൃദയത്തിലിരുന്നുകൊണ്ടുതന്നെ അങ്ങ് സാക്ഷിത്വം വഹിക്കുന്നു. ഈ സുഖാനുഭവങ്ങളെല്ലാം, കൂട്ടിലിരുന്നുകൊണ്ട് മധുപൻ തേൻ നുകരുന്നതുപോലെ, അല്പകാലത്തേക്ക് മാത്രമുള്ളതാകുന്നു. ഭഗവാനേ! അവിടുത്തെ ഉള്ളവണ്ണം ഗ്രഹിക്കുവാൻ ആരാലും സാധ്യമല്ല. എന്നാൽ കാലത്തിന്റെ അപാരശക്തിയിൽ ലോകത്തിൽ സകല ചരാചരങ്ങൾക്കും നാശം സംഭവിക്കുന്നത് കണ്ടറിയാൻ സാധ്യമാണു. ഇവിടെ കാലത്തിനതീതമായി ഒന്നുംതന്നെ ഞാൻ കാണുന്നില്ല. മൃഗയോനിയിൽ ഒന്ന് മറ്റൊന്നിനെ ഭക്ഷിക്കുന്നതുപോലെ, ഇവിടെ സർവ്വം മറ്റൊരു ശക്തിയാൽ നശിച്ചുകൊണ്ടേയിരിക്കുന്നു. മേഘത്തെ കാറ്റ് ഛിന്നഭിന്നമാക്കുന്നതുപോലെ സർവ്വശക്തമായ കാലത്താൽ എല്ലാം ചിന്നിത്തെറിച്ചുകൊണ്ടിരിക്കുന്നു.

ഇവിടെ എല്ലാവരും വിഷയങ്ങൾക്ക് പുറമേയാണു. എന്തെങ്കിലുമൊക്കെ നേടുന്നതിലും അതനുഭവിക്കുന്നതിലുമാണ് സർവ്വരും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നതു. ജീവഭൂതങ്ങളിൽ കാമം അതിശക്തമായി നിലകൊള്ളുന്നു. എന്നാൽ കുറെ അനുഭവിച്ചുകഴിയുമ്പോൾ, പാമ്പ് എലികളെ വീക്ഷിച്ചുകൊണ്ടിരുന്നതിനുശേഷം പെട്ടെന്ന് അവയെ ചാടിപ്പിടിക്കുന്നതുപോലെ, അങ്ങ് അവരെ ഒരിക്കലും മതിവരാത്ത ഈ വിഷയാനുഭവത്തിന്റെ ത്വരയിൽനിന്നും തടയുന്നു. പക്ഷേ ജ്ഞാനസ്ഥരായ ആർക്കുമറിയാം അങ്ങയെ ഭജിക്കാത്ത ജീവിതം നിഷ്ഫലമാണെന്ന്. അതറിയുന്നവൻ എങ്ങനെയാണ് അങ്ങയെ ഭജിക്കാതിരിക്കുക?. ബ്രഹ്മദേവൻ പോലും അങ്ങയെ ആരാധിക്കുന്നു. ആ പിതാവിന്റെ പാതയെ പതിനാല് മനുക്കളും പിന്തുടർന്നു. അങ്ങ് പരബ്രഹ്മമാണു. ഈ ലോകം മുഴുവൻ സംഹാരകർത്താവായ രുദ്രനെ ഭയക്കുമ്പോൾ, അറിവുള്ള മഹത്തുക്കളാകട്ടെ യാതൊരു ഭയവും കൂടാതെ അങ്ങയെ അവരുടെ ലക്ഷ്യസ്ഥാനമായി അറിയുന്നു.

തുടർന്ന് മഹാദേവൻ പ്രചേതസ്സുകളോട് പറഞ്ഞു: ഹേ കുമാരന്മാരേ!, ശുദ്ധഹൃദയത്തോടുകൂടി നിങ്ങൾ നിങ്ങളുടെ സ്വധർമ്മത്തെ ചെയ്യുക. അതോടൊപ്പം ഭഗവദ്പാദാരവിന്ദങ്ങളിൽ മനസ്സർപ്പിച്ച് പ്രാർത്ഥിക്കുക. അതിലൂടെ അവൻ നിങ്ങളിൽ പ്രസാദിക്കുകയും നിങ്ങൾക്ക് സർവ്വമംഗളങ്ങളുമുണ്ടാകുകയും ചെയ്യും. ഭഗവാൻ ഹരി സകലഹൃദയങ്ങളിലും വസിക്കുന്നു. നിങ്ങളുടെ ഹൃദയത്തിലും. അതുകൊണ്ട് അവന്റെ മഹിമകളെ കീർത്തിച്ചുകൊണ്ട് നിരന്തരം അവനിൽ മഗ്നരാകുക.

ഹേ രാജകുമാരന്മാരേ!, ഈ പ്രാർത്ഥനയിലൂടെ ഭഗവാൻ ഹരിയെ കീർത്തിക്കേണ്ടവിധം ഞാൻ നിങ്ങൾക്ക് പറഞ്ഞുതന്നു. ഇതിനെ നിങ്ങളുടെ ഹൃദയത്തിലേറ്റി ജ്ഞാനസ്ഥരാകുക. നിരന്തരം ഇതിനെ കീർത്തിച്ചുകൊണ്ട് അവനെ പ്രസാദിപ്പിക്കാൻ ശ്രമിക്കുക. ഈ പ്രാർത്ഥനയെ ആദ്യം ചൊല്ലിയത് ബ്രഹ്മദേവനായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ മക്കളായ ഭൃഗു മുതലായ പ്രജാപതിമാർ സൃഷ്ടിക്കായി ഇതിനെ ജപിക്കുകയുണ്ടായി. വിരിഞ്ചൻ എല്ലാവരോടും പ്രജകളെ സൃഷ്ടിക്കുവാനായി ഉപദേശിച്ചപ്പോൾ ഈ പ്രാർത്ഥനയിലൂടെ ഭഗവദ്കാരുണ്യം നേടി ഞങ്ങൾ ഞങ്ങളിലെ അജ്ഞാനത്തെ ഇല്ലാതാക്കിയിരുന്നു. അങ്ങനെയാണ് ഇക്കണ്ട ജീവഭൂതങ്ങളെല്ലാം ഉടലെടുത്തതു. വാസുദേവപരായണനായ ഒരു ഭക്തൻ ഈ പ്രാർത്ഥനയെ നിത്യവും ശ്രദ്ധയോടും ഭക്തിയോടും കൂടി ചൊല്ലുന്നപക്ഷം അവനിൽ സർവ്വശ്രേയസ്സുകളും നിഷ്പ്രയാസം വന്നുകൂടുന്നു.  ഇവിടെ ഭൂമിയിൽ പലതും നേടുവാൻ കഴിയുമെങ്കിലും ജ്ഞാനമാണ് സർവ്വോപരി പ്രാധാന്യമർഹിക്കുന്നതു. കാരണം, ജ്ഞാനത്തെ മുക്തിനൌകയായി പറയപ്പെടുന്നു. ജ്ഞാനമെന്നത് അവനെ ഉള്ളവണ്ണം അറിയുക എന്നതും. ജ്ഞാനമില്ലാതെ സംസാരത്തെ മറികടക്കുവാൻ സാധ്യമല്ല. ഭഗവാൻ ഹരിയുടെ പ്രീതി സമ്പാദിക്കുന്നത് അതീവ ദുഃഷ്കരമായ കാര്യമാണു. എന്നാൽ എന്റെ ഈ സ്തോത്രത്തിന്റെ ജപത്തിലൂടെ അവനെ നിഷ്പ്രയാസം പ്രീതിപ്പെടുത്തുവാൻ കഴിയുമെന്നതിൽ സന്ദേഹമില്ല. അവൻ സകലവരദാനങ്ങളുടേയും ധാതാവാണു. ഞാൻ പാടിയ ഈ രുദ്രഗീതത്തെ ഭക്തിയോടെ ജപിച്ച് അവനെ സമ്പ്രീതനാക്കിയാൽ അവൻ സകലവരങ്ങളും നൽകി അനുഗ്രഹിക്കുന്നു. ഇത് നിത്യവും പ്രഭാതത്തിൽ ഉണർന്ന് പാടുന്നവൻ സംസാരത്തിലെ സകലബന്ധനങ്ങളിൽനിന്നും അപ്പാടെ മുക്തനാകുന്നു. ഹേ രാജകുമാരന്മാരേ!, ഈ ഗീതം അവനെ പ്രസാദിപ്പിക്കുവാനുള്ളതത്രേ!. ബ്രഹ്മചര്യം പോലെ ശ്രേയസ്ക്കരമായ ഈ ഗീതം നിങ്ങൾ നിരന്തരം ഗാനം ചെയ്യുക. ഭാവിയിൽ നിങ്ങളുടെ സകല അഭീഷ്ടങ്ങളും സഫലീകൃതമാകുമെന്നതിൽ ഒരിക്കലും സന്ദേഹിക്കേണ്ട ആവശ്യമില്ല.

ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ദം ഇരുപത്തിനാലാമധ്യായം സമാപിച്ചു.
ഓം തത് സത്.



Rudrageetham