2015, ഒക്‌ടോബർ 21, ബുധനാഴ്‌ച

3.31 കപിലോപദേശം (ജീവഭൂതോല്പത്തിയും അവയുടെ ജീവിതഗതിയും)

ഓം
ശ്രീമദ്ഭാഗവതം ത്രിതീയസ്കന്ധം  - അദ്ധ്യായം 31
(കപിലോപദേശം - ജീവഭൂതോല്പത്തിയും അവയുടെ ജീവിതഗതിയും)

കപിലഭഗവാൻ പറഞ്ഞു: "മാതേ!, അങ്ങനെ ഭഗവതാജ്ഞയാ ഒരു ജീവൻ തന്റെ കർമ്മഫലാനുബന്ധമായി ഒരു പുരുഷന്റെ രേതഃകണത്തിലൂടെ സ്ത്രീയുടെ ഉദരത്തിൽ പ്രവേശിച്ച് തന്റെ പ്രാരബ്ദകർമ്മാചരണത്തിനുതകുംവിധം ഒരു പുതുശരീരത്തെ സ്വീകരിക്കുന്നു. ഒരു രാത്രികൊണ്ട് അത് സങ്കലിതമാകുന്നു. അഞ്ചുരാത്രികൾകൊണ്ട് ഒരു കുമിളയുടെ ആകൃതിയുണ്ടാകുന്നു. പത്ത് രാത്രികഴിഞ്ഞാലത് വളർന്നൊരു ജംബുവിന് തുല്യമായ ആകൃതിയെ പ്രാപിക്കുന്നു. അനന്തരം പടിപടിയായിവളർന്ന് ഒരുതുണ്ട് മാംസശകലത്തിന്  തത്തുല്യമോ ഒരു മുട്ടയുടെ വലിപ്പമോ യഥോചിതം അതിനുണ്ടാകുന്നു. തുടർന്ന്, ഒരുമാസക്കാലംകൊണ്ട് ശിരസ്സ് രൂപാന്തരപ്പെടുകയും, രണ്ടുമാസം കഴിയുന്നതോടെ കാലുകൾ, പാദങ്ങൾ തുടങ്ങിയ ശരീരഭാഗങ്ങളുണ്ടാകുകയും ചെയ്യുന്നു. മൂന്നാംമാസം അവസാനിക്കുന്നതോടെ അതിന് നഖങ്ങളും, വിരലുകളും, രോമങ്ങളും, അസ്ഥികളും, ത്വക്കും ഉണ്ടാകുന്നു. അനന്തരം, ജനനേന്ദ്രിയവും, കണ്ണുകളും, മൂക്കും, ചെവിയും, വായും, ഗുദവും വ്യക്തമാകുന്നു. നാലുമാസം പൂർത്തിയാകുമ്പോൾ സപ്തധാതുക്കൾ കൂടിച്ചേരുന്നു. അഞ്ചാംമാസം ജീവന് വിശപ്പും ദാഹവുമനുഭവവേദ്യമാകുന്നു. ഷട്മാസകാലാന്തരത്തിൽ അവൻ മാതൃജഠരത്തിൽ കിടന്നുകൊണ്ട് വലത്തേക്കുതിരിയുവാൻ ഭാവിക്കുന്നു. 

മാതാവ് ഭക്ഷിക്കുന്ന അന്നപാനാദികളുടെ അംശംപറ്റി തന്റെ ഭൂണവും വഹിച്ചുകൊണ്ട് ഈ ജീവൻ അന്യജീവജാലങ്ങളെപ്പോലെ മലമൂത്രരക്തങ്ങൾനിറഞ്ഞ, അസഹനീയമായ തന്റെ പാർപ്പിടത്തിൽ,  ജഠരത്തിൽ കഴിഞ്ഞുകൂടുന്നു. വിശന്നുവിവശരായ കൃമികീടങ്ങൾ തന്റെ മൃദുലമേനിയിലേൽപ്പിക്കുന്ന ക്ഷതങ്ങളുംസഹിച്ചുകൊണ്ട് അവൻ അവിടെ പലേ ദുരിതങ്ങളുമനുഭവിക്കുന്നു. തൽക്കാരണാൽ ഇടയ്ക്കിടെ മൂർച്ഛിച്ച് അബോധാവസ്ഥയെ പ്രാപിക്കുന്നു. അമ്മ കഴിക്കുന്ന എരിവും, പുളിയും, അമ്ലവും, ഉപ്പും, ചൂടുമുള്ളതും, അതിതീക്ഷ്ണവും രൂക്ഷവുമായ ഭക്ഷണപദാർത്ഥങ്ങളുടെ ആഘാതം ആ ശരീരത്തിന് സഹിക്കാവുന്നതിനപ്പുറമാണെന്നറിയുക. കുടൽമാലകളാൽ ചുറ്റപ്പെട്ട്, ശിരസ്സ് വളച്ച് നാഭിയോടുചേർത്ത്, ആ ഗർഭപാത്രത്തിൽ ഇവൻ വില്ലുപോലെ ചുരുണ്ടുകിടിക്കുന്നു. അസ്വതന്ത്രയായ ഒരുപക്ഷി തന്റെ കൂട്ടിലെന്നപോലെ, അവൻ അവിടെ തളയ്ക്കപ്പെടുന്നു. ആ സമയം, ഭാഗ്യമുണ്ടെങ്കിൽ, പൊയ്പോയ ബഹുജന്മങ്ങളിൽ താനനുഭവിച്ച നരകയാതനകളെ ഓർക്കുവാൻ അവന് സാധിക്കുന്നു. അങ്ങനെ പീഢിതനായ അവൻ പശ്ചാത്തപിക്കുന്നു. എന്താണ് അവന് ആ അവസരത്തിൽ മനഃശ്ശാന്തി നൽകുന്നത്?.

ഏഴാംമാസമാകുന്നതോടെ ബോധംലഭിക്കുന്നു. ഗർഭാശയത്തിലെ വാതസമ്മർദ്ദത്താൽ അവൻ ചലിക്കാൻ തുടങ്ങുന്നു. മാതാവിന്റെ ഉദരത്തിനുള്ളിലെ കൃമികീടങ്ങളാകുന്ന തന്റെ സഹോദരങ്ങൾക്കൊത്ത് ഗർഭസ്ഥശിശു ഒരിടത്തടങ്ങാതെ സദാ ചലിച്ചുകൊണ്ടിരിക്കുന്നു. ദുസ്തരമായ ഈ ജീവിതാവസ്ഥയിൽ, നിസ്സഹായനായി, സപ്തധാതുക്കളാൽ നിർമ്മിതമായ ഒരു ഗർഭപാത്രാവരണത്താൽ ബന്ധിതനായി, കൃതാഞ്ജലിയോടുകൂടി, തന്നെ ഈ അവസ്ഥയിലാക്കിത്തിർത്ത ജഗദീശ്വരനെക്കണ്ടുകൊണ്ട് ഇങ്ങനെ പ്രകീർത്തിക്കുന്നു."

"ഞാൻ ഹരിയുടെ ചരണാരവിന്ദത്തിലിതാ അഭയം തേടുന്നു. അവൻ എണ്ണമറ്റ അവതാരങ്ങളോടെ സകലലോകങ്ങളിലും കാണപ്പെടുന്നു. ഞാനിതാ അവനിൽമാത്രം ആശ്രയം തേടുകയാണ്. കാരണം അവന്റെ മഹാമായയാണ് എന്റെ കർമ്മഫലാനുസൃതമായി എനിക്കീഗതിവരുത്തിയതെന്നും, ആയതിനാൽ അവനുമാത്രമേ ഇനി എന്നെ ഇതിൽനിന്നും മുക്തനാക്കാൻ കഴിയുകയുള്ളൂവെന്നും ഞാനിപ്പോളറിയുന്നു. പരിശുദ്ധനായ ഞാൻ എന്റെ പൂർവ്വജന്മകർമ്മഫലങ്ങൾ കാരണമായി ഇന്ന് ആ പരമപുരുഷന്റെ മായയാൽ മൂടപ്പെട്ട് എന്റെ അമ്മയുടെ ജഠരത്തിൽ ശയിക്കുകയാണ്. ഞാനിതാ ആ കരുണാമയനെ നമിക്കുന്നു. അവൻ എന്നോടൊപ്പമിതാ ഇവിടെ കുടികൊള്ളുന്നു. പക്ഷേ, അവൻ എന്നെപ്പോലെയല്ല. മായാതീതനും നിർവ്വികാരനുമാണ്. അവൻ പശ്ചാത്താപികളുടെ ഹൃദയത്തിൽ കാണപ്പെടുന്നവനാണ്. അങ്ങനെയുള്ള ആ പരമാത്മാവിന് നമസ്ക്കാരം!. ആ പരംപൊരുളിന്റെയംശമാണെന്നിരിക്കിലും, പഞ്ചഭൂതാത്മകമായ ഈ ശരീരം സ്വീകരിച്ചതോടെ ഞാൻ ഇന്ദ്രിയങ്ങൾക്കും, തിഗുണങ്ങൾക്കും, അഹങ്കാരത്തിനും അധീനനായി അവനിൽനിന്ന് ഭിന്നനായി കഷ്ടതകളനുഭവിക്കുന്നു. എന്നാലവനോ, അദ്ധ്യാത്മസ്വരൂപനും, തിഗുണാതീതനും, സർവ്വത്തിനും പരനുമായി നിലകൊള്ളുന്നു. ആയതിനാൽ അവനെ ഞാനിതാ ശിരസ്സാനമിക്കുന്നു. ഞങ്ങൾ ജീവഭൂതങ്ങൾ അവന്റെ പ്രകൃതിക്ക് അധീനരാകുകയും, ജനനമരണസംസാരചക്രത്തിൽനിന്ന് കരകയറാതെയുഴറുകയും ചെയ്യുന്നു. ആ പരമപുരുഷനുമായി തനിക്കുള്ള ബന്ധം വിസ്മരിക്കപ്പെട്ടതിനെത്തുടർന്നാണ് ഒരു ജീവന് ദുസ്തരമായ ഈ അവസ്ഥയിലെത്തേണ്ടിവരുന്നതും. അങ്ങനെയെങ്കിൽ, ആ ജീവന് അവന്റെ കാരുണ്യംകൂടാതെ എങ്ങനെ ഭക്തിയും മുക്തിയുമുണ്ടാകാൻ?. അതുകൊണ്ടുതന്നെ ആ കരുണാമയൻ മാത്രമാണിവിടെ സകലചരാചരങ്ങൾക്കും നായകൻ. അവൻ ഭൂതഭവ്യഭവത്പ്രഭുവാണ്. അവന്റെ ആജ്ഞയാൽതന്നെ ജീവന്മാർ ഇവിടെ പലേകർമ്മങ്ങളിലേർപ്പെട്ട് കാലംപോക്കുന്നു. ആയതിനാൽ താപത്രയങ്ങളിൽനിന്ന് മുക്തനാകുവാൻ അവനെ ശരണം പ്രാപിക്കേണ്ടതുണ്ട്."

"അമ്മേ!, ഈവിധം തന്റെ മാതാവിന്റെ ജഠരമായ മലമൂത്രരക്തസമ്മിശ്രാന്തഃകൂപത്തിൽ കിടന്നുകൊണ്ട്, ഔദരാഗ്നിയാൽ തപിക്കപ്പെട്ട്, ഗർഭസ്ഥജീവൻ ആ പരംപൊരുളിനെ കണ്ടുകൊണ്ട് മാസങ്ങളെണ്ണി വീണ്ടും ഇങ്ങനെ പ്രാർത്ഥിക്കുന്നു. 

"ഭഗവാനേ!, കൃപണനായ എന്നെ ഈ തടവിൽനിന്നും എന്നാണങ്ങ് മോചിതനാക്കുന്നത്?. ഈശ്വരാ!, പത്തുമാസം പ്രായമേ എനിക്കുള്ളുവെങ്കിലും അങ്ങയുടെ അപാരകരുണയാലെനിക്കിന്ന് ബോധം തിരിച്ചുകിട്ടിയിരിക്കുന്നു. ഹേ! ദീനവത്സലാ!, ഈ ഉപകാരത്തിനുപകരം, തൊഴുകൈയ്യോടെ അവിടുത്തെ തിരുമുമ്പിൽ നിന്ന് പ്രാർത്ഥിക്കുകയല്ലാതെ അടിയനെന്തുചെയ്യാനാണ്?. ഭഗവാനേ!, ഉള്ളതിലും മെച്ചമായ ഒരു ശരീരം നീയെനിക്കിന്ന് തന്നുകഴിഞ്ഞു. ഇതിലൂടെ എനിക്കെന്റെ ചിത്തേന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ കഴിയും. എന്റെ പരംധാമത്തെക്കുറിച്ച് എനിക്കറിയാൻ കഴിയും. ഈ കാരുണ്യമെന്നിൽ ചൊരിഞ്ഞതിനിതാ അവിടുത്തെ തൃപ്പാദങ്ങളിൽ ഞാൻ നമസ്ക്കരിക്കുന്നു. പുരാണപുരുഷനായ അവിടുത്തെ എനിക്കിനി ഉള്ളിലും പുറത്തും ഒരുപോലെ കാണ്മാൻ സാധിക്കും. അതുകൊണ്ട് ഭഗവാനേ!, ഇവിടെ, ഈ ഗർഭപാത്രത്തിൽ തീർത്തും അസഹനീയമായ അവസ്ഥയിലാണ് ഞാനെങ്കിലും, വെളിയിൽ ഭൗതികമായ ആ മഹാന്തഃകൂപത്തിലേക്ക് വീഴുവാൻ ഞാനാഗ്രഹിക്കുന്നില്ല. കാരണം, അങ്ങയുടെ മഹാമായ ഉടൻ പിടികൂടി എന്നിൽ ദേഹാത്മബോധം ജനിപ്പിക്കുമെന്നുള്ളത് തീർച്ചയാണ്. അവിടെനിന്നാണല്ലോ ജനിമൃതികളാകുന്ന ഈ സംസാരം തുടങ്ങിയതും. അതുകൊണ്ട്, ഭഗവാനേ!, ഞാൻ നിശ്ചയിച്ചുകഴിഞ്ഞു, ഇനിയും ആ സമുദ്രത്തിൽ മുങ്ങിപൊങ്ങാതെ, എന്റെ ശുദ്ധബോധത്തെ കൂട്ടുപിടിച്ച്, ഞാൻ ഈ സംസാരത്തിൽനിന്ന് മുക്തനാകും. ഭഗവാൻ ഹരിയുടെ പാദപത്മം ഹൃദയത്തിൽവച്ചുകൊണ്ട് ഞാൻ വീണ്ടുമൊരു യോനിയിൽ ചെന്നുപെടാതെ ഭവാബ്ധിയിൽനിന്നും രക്ഷനേടാനാഗ്രഹിക്കുന്നു."

കപിലഭഗവാൻ തുടർന്നു: "അമ്മേ!, പത്തുമാസം പ്രായമായ അവൻ മാതൃഗർഭസ്ഥനായി ഈവിധം ആഗ്രഹിച്ചുകേഴുന്നസമയം, സൂതിവാതൻ അവനെ തലകീഴാക്കിക്കൊണ്ട് അവന്റെ പിറവിക്ക് പ്രചോദനം നൽകുന്നു. തത്ഫലമായി വളരെ കഷ്ടപ്പെട്ട്, തലകീഴായ്മറിഞ്ഞ്, ശ്വാസംകിട്ടാതെ, ആ പ്രാണസങ്കടത്തിൽ തനിക്ക് ലബ്ദമായിരുന്ന ആത്മബോധം നിമിഷാർദ്ധംകൊണ്ട് നഷ്ടപ്പെട്ട്, അവൻ ഝടുതിയിൽ പുറത്തേക്ക് വിസർജ്ജിക്കപ്പെടുന്നു. മലമൂത്രരക്തമലിനാനുലിപ്ത്നായി അവൻ ക്ഷണത്തിൽ ഭൂജാതനാകുന്നു. മലത്തിൽനിന്നുതിർന്ന കൃമിയെപ്പോലെ അവൻ അതിനുമധ്യത്തിൽ ക്കിടന്നുപുളയുന്നു. ജ്ഞാനംമറന്ന് മായയ്ക്കുവശംഗതനായി "ക്വാ, ക്വാ" യെന്നുറക്കെ നിലവിളിക്കുന്നു. പൊക്കിൾക്കൊടി ഛിദ്രിച്ച് മാതാവിൽനിന്നും വേർപ്പെടുത്തപ്പെട്ട അവൻ തന്റെ മനോഗതമറിയാത്ത ചില ബന്ധുജനങ്ങളുടെ കൈകളിൽ പരിചരണാർത്ഥം എത്തപ്പെടുന്നു. അവർ നൽകുന്നതൊന്നും അവന് ഹിതമല്ലെങ്കിൽകൂടി അത് നിഷേധിക്കാനാകാതെ അവൻ അവിടേയും യാതാനാപൂർണ്ണമായ പരിതഃസ്ഥിതിയിലാണ്ടുപോകുന്നു. അവിടെ സ്വേദജങ്ങളാൽ അശുദ്ധമായ കിടക്കയിൽകിടന്ന് ശരീരമാസകലം ഊരൽകൊണ്ടുപുളയുന്നു. ഒന്ന് ചൊറിയുവാനോ, എഴുന്നേറ്റിരിക്കുവാനോ, നിൽക്കുവാനോ, അനങ്ങുവാനോ കഴിയാതെ നിരവധി കഷ്ടതകൾ അവനെ സദാസമയവും പിന്തുടർന്നുകൊണ്ടേയിരിക്കുന്നു. വലിയകൃമികീടങ്ങളെ ചെറിയവകൾചേർന്ന് ആക്രമിക്കുന്നതുപോലെ, മശകമാദിയായുള്ള ചെറുപ്രാണികൾ അവന്റെ മൃദുലമേനിയിൽ കുത്തിനോവിക്കുന്നു. അങ്ങനെ തനിക്കുവന്നുഭവിച്ച നിസ്സഹായാവസ്ഥയിൽ, ജഠരത്തിൽവച്ച് പ്രാപ്തമായിരുന്ന ആത്മജ്ഞാനം മറന്ന് മായയ്ക്കുവശംഗതനായി അവൻ പരിതപിക്കുന്നു. ഈവിധം ദുരിതങ്ങളിലൂടെ കടന്ന് അവൻ കൗമാരദശപ്രാപിക്കുന്നു. അവിടേയും അലബ്ദമായ ആഗ്രഹൗഘങ്ങൽക്കുനടുവിൽ അവൻ ശോചിക്കുകയും, അജ്ഞാനത്താൽ ദ്വേഷിക്കുകയും ദുഃഖിക്കുകയുംചെയ്യുന്നു. 

ഇങ്ങനെ സംസാരിയായി വളർന്നുവരുന്ന മനുഷ്യനിൽ ശരീരാഭിമാനമുടലെടുക്കുകയും, വിഷയങ്ങളിൽ ലോഭമുണ്ടാകുകയും, അതുനേടിയെടുക്കുന്നതിനിടയിൽ തടസ്സമായിവരുന്ന അന്യകാമികളിൽ ശത്രുതയുണ്ടാകുകയും, തദ്വാരാ അവന്റെ നാശം തുടങ്ങുകയുംചെയ്യുന്നു. അജ്ഞാനത്താൽ താൻ ശരീരമാണെന്നുകരുതുന്നതോടെ അനിത്യമായ വസ്തുവകകളെ തന്റേതെന്ന് തെറ്റിദ്ധരിക്കുന്നു. അതിലൂടെ അവൻ അജ്ഞാനത്തിന്റെ കൂരിരുൾചുഴിയിലേക്കാണ്ടുപതിക്കുന്നു. അജ്ഞാനവും സകാമകർമ്മാസക്തിയും മൂലം ജന്മജന്മാന്തരങ്ങളായി തന്നെ പിന്തുടരുന്നതും തന്റെ സകലദുഃഖങ്ങളുടേയും പരമകാരണവുമായ ഈ ശരീരം നിലനിർത്തുന്നതിനുവേണ്ടി അവൻ പലേകർമ്മങ്ങളിലേർപ്പെടുകയും തത്ക്കാരണാൽ ജനിമൃതിയാകുന്ന സംസാരത്തിൽ കാലാകാലങ്ങളായി ഉഴറുകയും ചെയ്യുന്നു. 

മാതേ!, ഒരുവൻ വിഷയാസക്തരായ ജനങ്ങളുടെകൂടെച്ചേർന്ന് തന്റെ ഇച്ഛാപൂർത്തിക്കായി അധർമ്മത്തിന്റെ വഴിയിലൂടെ ചരിക്കുന്നപക്ഷം, അവൻ വീണ്ടും പൂർവ്വൈവ നരകത്തിൽതന്നെ പതിക്കുവാനിടയാകുന്നു. അവൻ അതിലൂടെ സത്യം, ശൗചം, ദയ, മൗനം, ബുദ്ധി, ശ്രീ, ശാലീനത, യശ്ശസ്സ്, ക്ഷമ, ശമം, ദമം, ഭാഗ്യം, ഇത്യാദിസത്ഗുണങ്ങളിൽനിന്നകന്നുപോകുന്നു. അതുകൊണ്ട് ആത്മജ്ഞാനഹീനരും സ്ത്രീകൾക്കുമുന്നിൽ അടിയറവയ്ക്കപ്പെട്ട ശുനകന്മാരെപ്പോലുള്ളവരുമായുള്ള സംഗം സജ്ജനം വർജ്ജിക്കേണ്ടതുണ്ട്. സ്ത്രീസംഗംകൊണ്ടും, സ്ത്രീസംഗികളായുള്ളവരുടെ ചങ്ങാത്തംകൊണ്ടും മനുഷ്യൻ സ്ത്രീകൾക്കടിമപ്പെടുകയും അവരിൽ ഭ്രമിച്ചുപോകുകയുംചെയ്യുന്നതുപോലെ മറ്റൊരുബന്ധംകൊണ്ടും അത് ഇത്രവേഗം സാധ്യമായിവരുന്നില്ല. ബ്രഹ്മദേവൻപോലും, ഒരു പേടമാനായി തന്റെ മുന്നിൽവന്ന സ്വപുത്രിയുടെ സൗന്ദര്യംകണ്ടുഭ്രമിച്ച്, അവളുടെപിറകേ ഒരു കലമാനായി വേഷംപൂണ്ട് നാണംകെട്ടോടിപ്പോയതായി കേട്ടിരിക്കുന്നു. 

അമ്മേ!, ഭഗവാൻ നാരായണനല്ലാതെ, ബ്രഹ്മാവ് മുതൽ അദ്ദേഹത്തിന്റെ സൃഷ്ടികളായ നരദേവതിര്യക്കുകൾതുടങ്ങി ഈച്ചയെറുമ്പുകൃമികീടാണുക്കൾവരെയുള്ള ജീവഭൂതങ്ങളിലാരുംതന്നെ സ്ത്രീരൂപമായ മായയുടെ വലയിൽകുടുങ്ങാത്തവരായില്ല. എന്തിനുപറയാൻ, ലോകങ്ങളെമുഴുവൻ ജയിച്ചവനെപ്പോലും സ്ത്രീരൂപേണ കേവലം തന്റെ പുരികങ്ങളുടെ ചലനമാത്രത്താൽ,  എന്റെ മാഹാമായ  അവളുടെ ചൊൽപ്പടിക്കുകൊണ്ടുവരുന്നു. അതുകൊണ്ട്, ഈശ്വരസാക്ഷാത്ക്കാരത്തിന്റെ പരമകാഷ്ഠയെ തീവ്രമായി ആഗ്രഹിക്കുന്ന ഏതൊരുയോഗിയും സ്ത്രീസംഗം പൂർണ്ണമായും ഉപേക്ഷിക്കേണ്ടതുണ്ട്. സ്ത്രീസംഗം നരകത്തിന്റെ വാതിലായി ശാസ്ത്രം പ്രമാണീകരിക്കുന്നു. ഭഗവത്സൃഷ്ടമായ ഈ സ്ത്രീരൂപം മായയുടെ മൂർത്തിമദ്ഭാവമാണെന്ന് ധരിച്ചുകൊള്ളുക. അവളുടെ സേവനങ്ങളേറ്റുവാങ്ങി, അവളോടൊപ്പം സംഗംചേരുകയെന്നുള്ളത്, തൃണാവൃതമായ അന്തഃകൂപത്തിലേക്കെന്നതുപോലെ മൃത്യുവിലേക്കുള്ള വഴിയാണെന്നറിഞ്ഞുകൊള്ളുക. 

പോയജന്മത്തിൽ സ്ത്രീസംഗം വച്ചുപുലർത്തിയ ഒരുവൻ, മരണാനന്തരം മായയുടെ വേഷഭൂഷാദികളിണിഞ്ഞുവന്ന്, അതേമായയുടെതന്നെ ഒരു പുരുഷാകാരംകണ്ടുഭ്രമിച്ച്, അവനെ ഭർത്താവായിസ്വീകരിച്ച്, തന്റെ ധനം, കുട്ടികൾ, ഗൃഹം തുടങ്ങിയവയുടെ ധാതാവായി അവനെ കാണുന്നു. അതവളെ സർവ്വനാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ആയതിനാൽ, ഒരുവൾക്ക് തന്റെ ഭർത്താവിനേയും, കുട്ടികളേയും, ഗൃഹത്തേയും, യഥാർത്ഥത്തിൽ കാട്ടാളന്റെ സംഗീതം പോലെ മൃത്യുകാരകമാണെന്നറിയേണ്ടതുണ്ട്. സ്വശരീരാനുസൃതമായി ജീവഭൂതങ്ങൾ പലേലോകങ്ങളിലുമലഞ്ഞുതിരിഞ്ഞ് സകാമകർമ്മങ്ങളാചരിക്കുകയും, തന്മൂലമുണ്ടാകുന്ന വിവിധഫലങ്ങളനുഭവിച്ചുകൊണ്ടുമിരിക്കുന്നു. ഇങ്ങനെ കർമ്മഫലാനുസൃതമായി ജീവന്മാർ നേടിയെടുക്കുന്ന ഭൂതേന്ദ്രിയമനോമയമായ ശരീരം കർമ്മാവസാനത്തിൽ ഉപേക്ഷിക്കുന്ന അവസ്ഥയെ മരണമെന്നും, കർമ്മാരംഭത്തിൽ മറ്റൊന്ന് സ്വീകരിക്കുന്ന അവസ്ഥയെ ജനനമെന്നും പറയുന്നു. 

നേത്രങ്ങൾക്ക് ആലോകനശക്തി നഷ്ടമാകുന്ന വേളയിൽ അവയ്ക്ക് വിഷയങ്ങളുടെ ഗ്രഹണശേഷിയും നഷ്ടമാകുന്നു. അതിലൂടെ നേത്രങ്ങൾക്കും ദൃശ്യങ്ങൾക്കും ദൃക്കായിരിക്കുന്ന ജീവഭൂതങ്ങൾക്ക് തുടർന്നുള്ള വിഷയാനുഭവം ഇല്ലാതെയാകുന്നു. ഇതുപോലെ, വിഷയാവബോധത്തിന് ഉപാധിയായ സ്ഥൂലശരീരത്താൽ വിഷായാനുഭവം സാധ്യമാകാതെവരുന്ന അവസ്ഥയ്ക്ക് മരണം എന്നുപറയുന്നു. തുടർന്ന് ജീവഭൂതങ്ങൾ തങ്ങളുടെ കർമ്മഫലപ്രാപ്തമായ പുതുശരീരം നേടി വീണ്ടും തങ്ങൾ വിഷയാനുഭവത്തിന് പ്രാപ്തനാകുന്ന അവസ്ഥയ്ക്ക് ജനനമെന്നും പറയുന്നു. 

ആയതിനാൽ, മരണത്തെ ഭീകരമായിക്കാണാതെയും, നശ്വരമായ ശരീരത്തെ താനെന്ന് ധരിച്ച് അതിൽ അഭിമാനം കൊള്ളാതെയും, വിഷയങ്ങളുടെ പിറകേപോയി കാലം വൃഥാവിലാക്കാതെയും, ഒരുവൻ തന്റെ സ്വരൂപത്തെ ഉള്ളവണ്ണമറിയാൻ ശ്രമിക്കുകയും, ധീരനായി, മുക്തസംഗനായി ഇവിടെ സ്വധർമ്മമനുഷ്ഠിക്കുകയുംവേണം. മാത്രമല്ലാ, സമ്യക്കായ വീക്ഷണത്തോടുകൂടിയും, ഭഗവാൻ ഹരിയുടെ ഭക്തിയാലുറച്ച മനസ്സോടുകൂടിയും, വിഷയങ്ങളോട് തനിക്കുള്ള ബന്ധം ദോഷകാരകമാണെന്ന് മനസ്സിലാക്കിയും, മനുഷ്യൻ ബുദ്ധിയോടുകൂടി സ്വശരീരത്തെ മായയുടെ അധീനതയിൽനിന്നും ദൂരെ നിർത്തണം. അങ്ങനെയെങ്കിൽ, അമ്മേ!, മനുഷ്യൻ അവളുടെ ബന്ധനത്തിൽനിന്നും മുക്തനായി എന്റെ പരമമായ ധാമംചേർന്ന് ബ്രഹ്മാനന്ദാനുഭവത്തിന് യോഗ്യനായിത്തീരുന്നു. 

ഇങ്ങനെ, ശ്രീമദ്ഭാഗവതം, ത്രിതീയസ്കന്ധം , മുപ്പത്തിയൊന്നാമധ്യായം സമാപിച്ചു.

ഓം തത് സത്