2013, ഒക്‌ടോബർ 30, ബുധനാഴ്‌ച

2.1 മോക്ഷത്തിലേക്കുള്ള ആദ്യപടി

ഓം

ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  അദ്ധ്യായം - 1

ഓം നമോ ഭഗവതേ വാസുദേവായഃ

ശ്രീശുകന്‍ പറഞു: "ഹേ രാജന്‍!, സകലലോകത്തിനും ഹിതമായ ചോദ്യങളാണ് അങ് ചോദിച്ചിരിക്കുന്നത്. സര്‍‌വ്വരും കേള്‍ക്കേണ്ടതായുള്ള പരമമായ ഈ വിഷയം ആത്മജ്ഞാനികളാല്‍ സമ്മതവുമാണ്. അറിയേണ്ടതൊന്നുമറിയാതെ ലൗകികസമുദ്രത്തില്‍ മുങിക്കിടക്കുന്നവര്‍ ചെയ്യേണ്ടതായ ഒരുപാട് കാര്യങള്‍ ഇവിടെയുണ്ടു. അതൊന്നും വകവയ്ക്കാതെ രാത്രികാലങളില്‍ മൈഥുനത്തിലോ ഉറക്കത്തിലോ അവര്‍ സുഖം തേടുന്നു. അതുപോലെ പകല്‍ സമയങളില്‍ ധനസമ്പാദത്തിലും കുടുംബകാര്യങളിലും വ്യാപൃതരായി ജീവിതം പോക്കുന്നു. ശരീരം, കുട്ടികള്‍, ഭാര്യ മുതലായവയെ സംബന്ധിച്ച വിഷയങളില്‍ പ്രമത്തരായി ജീവിക്കുന്നതിനിടയില്‍ യാഥാര്‍ത്ഥ്യത്തെ നേരില്‍ കണ്ടിട്ടും, ഒന്നും കണ്ടിട്ടില്ലാത്തവരെപ്പോലെ അവര്‍ വര്‍ത്തിക്കുന്നു. 

ഹേ ഭരതവംശജാ!, അതിനാല്‍ മോക്ഷേച്ഛുക്കള്‍ ഹരിയുടെ മഹിമകള്‍ കേള്‍ക്കുകയും, പാടുകയും, സ്മരിക്കുകയും വേണം. ജാതരായവരുടെ പരമമായ ലക്‌ഷ്യം, ജ്ഞാനം കൊണ്ടായാലും, കര്‍മ്മം കൊണ്ടായാലും, ജീവിതാവസാനവേളയില്‍ ഭഗവാന്‍ ഹരിയെ ഓര്‍ക്കുക എന്നതാണ്. ഹേ രാജന്‍!, വിധികള്‍ക്കും അനുശാസനങള്‍ക്കും അപ്പുറത്തെത്തിയ നൈര്‍ഗുണ്യസ്ഥരായ മുനികള്‍ പോലും സദാ അവനെ സ്മരിച്ചുകൊണ്ടിരിക്കുന്നു. ദ്വാപരാന്തത്തില്‍ എന്റെ പിതാവായ കൃഷ്ണദ്വൈപായനനില്‍ നിന്നാണ് ബ്രഹ്മസംഹിതയായ ഈ ഭാഗവതപുരാണത്തെ ഞാന്‍ പഠിച്ചത്. 

ഹേ രാജന്‍!, പ്രകൃതിയുടെ ത്രൈഗുണ്യചക്രം ഭേദിച്ച് പുറത്തുകടന്നിട്ടും ഉത്തമശ്ലോകന്റെ പുണ്യചരിതങള്‍ ഇന്നും എന്നെ വല്ലാതാകര്‍ഷിക്കുന്നു. മഹാപുരുഷനായ അങയോട് ഞാന്‍ ആ മഹിമകളെക്കുറിച്ച് പറയാം. അത് ശ്രദ്ധയോടെ കേള്‍ക്കുന്ന ഏതൊരുവനിലും മുകുന്ദനിലേക്കുള്ള അചഞ്ചലമായ ഭക്തി നിറയുന്നു. 

രാജന്‍!, വിഷയാസക്തി അകന്നവര്‍ക്കും, അതില്‍ മഗ്നരായവര്‍ക്കും, അതുപോലെതന്നെ സംശയവും, ഭയവുമകന്ന അദ്ധ്യാത്മജ്ഞാനികള്‍ക്കും ഒരുപോലെ ഫലപ്രദമാണ് ഭഗവാന്‍ ഹരിയുടെ തിരുനാമകീര്‍ത്തനം. കുറെയേറെ ജന്‍‌മമെടുത്ത് ജീവനെ സംസാരചക്രത്തില്‍ തളച്ചിട്ടതുകൊണ്ടെന്തു ഫലം!. ബോധപൂര്‍ണ്ണമായ ഒരുനിമിഷം മതി ആ പരമഗതിക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിക്കാന്‍. നോക്കൂ!, തന്റെ ജീവിതത്തില്‍ ഇനി കേവലം ഒരുനിമിഷം മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന് മനസ്സിലാക്കിയ ഖഡ്വാംഗനെന്ന രാജഋഷി, ബാക്കിവന്ന ആ ഒരു മൂഹൂര്‍ത്തത്തില്‍ തന്നെ വിഷയാസക്തിയകന്ന് ആ പരമപദം പ്രാപിച്ചു. 

ഹേ രാജന്‍!, അങേയ്ക്കിനി ഏഴു നാള്‍ കൂടി ജീവിതത്തിലവശേഷിക്കുന്നുണ്ട്. ഇതിനിടയില്‍ പരമാത്മപ്രാപ്തിക്കുള്ള സകല കര്‍മ്മങളും അങേയ്ക്ക് അനുഷ്ഠിക്കാവുന്നതാണ്. മരണാഗമസമയത്ത് ഒരുവന്‍ മൃത്യുവിനെ ഭയപ്പെടാതെ അസംഗശസ്ത്രം കൊണ്ട് വിഷയങളോടുള്ള ആസക്തിയും, തത്ജന്യമായ ആഗ്രഹങളും കൊയ്തുവീഴ്ത്തണം. അന്ത്യകാലത്ത് വീടും കൂടുമുപേക്ഷിച്ച് ധീരനായി ഏതെങ്കിലും പുണ്യതീര്‍ത്ഥത്തില്‍ മുങി ശുദ്ധനായി ആളൊഴിഞ ഒരിടം നോക്കി യോഗാഭ്യാസത്തിനായി ഉപവിഷ്ടനാകണം. ആ ഇരിപ്പില്‍, മനസ്സുകൊണ്ട് പരമമായ "ഓം" എന്ന പ്രണവമന്ത്ര ത്യക്ഷരിയെ സ്മരിക്കണം. തുടര്‍ന്ന്, ജീവശ്വാസത്തെ നിയന്ത്രിച്ച് ബ്രഹ്മബീജത്തെ അനുസ്മരണം ചെയ്യാനായി മനസ്സിനെ സം‌യമനം ചെയ്യണം. വീണ്ടും പതുക്കെ പതുക്കെ, മനസ്സിനെ ഇന്ദ്രിയവിഷങളില്‍നിന്ന് വീണ്ടെടുക്കണം. അങനെ ബുദ്ധിയാല്‍ ഇന്ദ്രിയങളില്‍ നിന്ന് പിന്‍‌വലിക്കപ്പെട്ട മനസ്സിനെ പരമാത്മതത്വത്തില്‍ ഉറപ്പിക്കണം. അതിനുശേഷം, ഭഗവദ്രൂപത്തില്‍ നിന്ന് അണുവിട ചലിക്കാതെ അവന്റെ അംഗങളോരോന്നിനേയും ധ്യാനിക്കണം. മനസ്സില്‍ അന്യമായൊന്നും വന്നുചേരാതെ ധ്യാനപഥത്തില്‍ ഭഗവാന്‍ വിഷ്ണുമാത്രം നിറഞുനില്‍ക്കണം. രജോഗുണത്താലും തമോഗുണത്താലും മലിനമായ മനസ്സില്‍ വിഷ്ണുത്വം നിറയുന്നതോടെ അത് പവിത്രമാകുന്നു. ഇങനെ യോഗാഭ്യാസത്തിലൂടെ ഭഗവാനെ ആശ്രയിക്കുന്നവര്‍ക്ക് അനന്യമായ ഭക്തി ലഭിക്കുന്നു."

പരീക്ഷിത്ത് വീണ്ടും ചോദിച്ചു: "അല്ലയോ ബ്രാഹ്മണശ്രേഷ്ഠാ!, ഏത് സ്ഥലത്ത്, എങനെയാണ് മനസ്സിനെ സം‌യമനം ചെയ്ത് ഭഗവത് ധാരണയോടുകൂടി മനോമാലിന്യമകറ്റുന്നത്?"

ശ്രീശുകന്‍ പറഞു: "ജിതാസനനായി പ്രാണായാമം ചെയ്ത് ഇന്ദ്രിയങളേയും അവയുടെ വിഷങളേയും അടക്കി, ബുദ്ധിയുടെ സഹായത്താല്‍ ഇന്ദ്രിയങളും മനസ്സും ഭഗവാന്റെ സ്ഥൂലരൂപമായ വിരാട് പുരുഷനില്‍ രമിപ്പിക്കണം. ഭഗവാന്റെ മൂര്‍ത്തരൂപമായ ഈ മഹാപ്രപഞ്ചത്തിലാണ് പ്രാപഞ്ചികമായ ഭൂതവും, ഭാവിയും ഭവത്തുമെല്ലാം പ്രത്യക്ഷമാകുന്നത്. അണ്ഡകോശത്തില്‍ സപ്തധാതുക്കളാല്‍ സമാവൃതമായി നിലകൊള്ളുന്ന പ്രപഞ്ചസര്‍‌വ്വസ്വമാണ് ധ്യാനപഥത്തില്‍ വിരാട് രൂപമായി കാണപ്പെടേണ്ടത്. 

ദൃശ്യപ്രപഞ്ചത്തിലെ പാതാളം വിരാട്പുമാന്റെ പാദതലവും, രസാതലം അവന്റെ ഉപ്പൂറ്റിയും കാല്‍‌വിരലുകളും ചേര്‍ന്ന ഭാഗവും, മഹാതലം നെരിയാണിയും, തലാതലം കണങ്കാലുമാണെന്നാണ് ജ്ഞാനികള്‍ ഉദ്ഘോഷിക്കുന്നത്. അവന്റെ കാല്‍മുട്ടുകള്‍ സുതലവും, തുടകള്‍ ഓരോന്നും യഥാവിധം വിതലവും അതലവുമാണ്. അരക്കെട്ട് മഹീതലവും, നഭഃസഥലം അവന്റെ നാഭീപ്രദേശവുമായി പരിശോഭിക്കുന്നു. വിരാട് പുമാന്റെ വക്ഷസ്സ് ജ്യോതിര്‍ലോകവും, കഴുത്ത് മഹര്‍ലോകവും, മുഖം ജനലോകവും, നെറ്റിത്തടം തപോലോകവും, ആയിരം തലകളുള്ള അവന്റെ മുഖം സത്യലോകവുമായി അവര്‍ കണക്കാക്കുന്നു. ഇന്ദ്രാദിദേവതകളെല്ലാം ചേര്‍ന്ന് ആ മഹാപുരുഷന്റെ കൈകളായി ഭവിച്ചിരിക്കുന്നു. പത്തുദിശകള്‍ അവന്റെ ചെവികളും, ശബ്ദം ശ്രോത്രരസവും, നാസാരന്ധ്രം അശ്വിനിദേവതകളും, ഗന്ധം ഘ്രാണരസവും, മുഖം ജ്വലിക്കുന അഗ്നിയുമാണ്. ആകാശം കണ്‍‌ത്തടങളും, സൂര്യന്‍ കൃഷ്ണമണിയും, കണ്‍‌പ്പോളകള്‍ രാത്രിപകലുകളും, താലു വരുണനും, പ്രപഞ്ചരസങളെല്ലാം ചേര്‍ന്ന് അവന്റെ നാക്കുമായി ഭവിച്ചിരിക്കുന്നു. അവന്റെ പുരികങളുടെ ചലനത്തില്‍ ബ്രഹ്മാദിദേവതകള്‍ വസിക്കുന്നു.

ചന്ദസ്സുകള്‍ ആ പരമാത്മാവിന്റെ സ്ഥൂലശിരസ്സും, താടി യമരാജനും, ദന്തനികരങള്‍ അവന്റെ സ്നേഹകലകളും, മായ അവന്റെ മൃദുഹാസവും, സര്‍ഗ്ഗം മോക്ഷമാകുന്ന അവിടുത്തെ കരുണയുമാണ്. ആ നാരായണന്റെ മേല്‍ചുണ്ട് വ്രീഢയും, അധരം ലോഭവും, ധര്‍മ്മം സ്തനങളും, അധര്‍മ്മം പൃഷ്ഠഭാഗവും, ബ്രഹ്മാവ് ജനനേന്ദ്രിയവും, വൃഷണം വരുണമിത്രന്‍‌മാരും, വയര്‍ സമുദ്രവും, പര്‍‌വ്വതവൃന്ദങള്‍ ആ മഹാപുരുഷന്റെ എല്ലുകളായും നിലകൊള്ളുന്നു.

ഹേ രാജന്‍!, നദികള്‍ അവന്റെ നാഡീവ്യൂഹങളും, തരുക്കള്‍ രോമങളും, അനന്തവീര്യവാനായ അനിലന്‍ അവന്റെ ശ്വാസവും, കാലം അവന്റെ ഗതിയും, കര്‍മ്മം ആ കാരുണ്യവാന്റെ ഗുണപ്രവാഹവുമാണ്.

ഹേ കുരുശ്രേഷ്ഠാ!, മേഘങള്‍ ആ ജഗദീശ്വരന്റെ തലമുടിയും, സന്ധ്യകളെല്ലാം അവന്റെ വസ്ത്രങളുമാണ്. സൃഷ്ടിയുടെ അവ്യക്തമായ കാരണം അവന്റെ ഹൃദയവും, ചന്ദ്രന്‍ സര്‍‌വ്വവികാരകോശമായ മനസ്സുമാണ്. ഭൂമിയെ അവന്റെ വിജ്ഞാനശക്തിയായി ജ്ഞാനികള്‍ കണക്കാക്കുന്നു. രുദ്രന്‍ അവനിലെ അഹങ്കാരമാണ്. കുതിരയും, കോവര്‍കഴുതയും, ആനയും, ഒട്ടകവുമൊക്കെ അവന്റെ നഖങളാണ്. അന്യമൃഗങളും നാല്‍ക്കാലികളുമൊക്കെ ചേര്‍ന്ന് അവന്റെ ശ്രേണീദേശവുമായി പ്രതിഭാസിക്കുന്നു. കിളികളുടെ പാട്ട് അവന്റെ കലാബോധത്തെ പ്രതിനിധീകരിക്കുന്നു. മനുഷ്യപിതാവായ മനു അവന്റെ ചിന്തയെക്കുറിക്കുന്നു. മനുഷ്യത്വം വാസസ്ഥലവും, അപ്സര-ഗന്ധര്‍‌വ്വ-വിദ്യാധര-ചാരണവൃന്ദങള്‍ അവന്റെ സ്വരങളുമാണ്. രക്ഷോഗണം അവന്റെ അതിരറ്റശക്തിയെ പ്രതിനിധാനം ചെയ്യുന്നു.

വിരാട്പുരുഷന്റെ വദനം ബ്രാഹ്മണരും, കരങള്‍ ക്ഷത്രിയരും, തുടകള്‍ വൈശ്യരും, പാദം അംഘ്രിശ്രിതരായ ശൂദ്രരുമാകുന്നു. വിവിധദേവതകളിലൂടെ യജ്ഞവിഹിതം സ്വീകരിക്കുന്നതും ആ നാരായണനാണ്. 

ഹേ ബ്രാഹ്മണരേ!, ഇങനെ ആ നാരായണസ്വാമിയുടെ സ്ഥൂലശരീരമായ വിരാട് രൂപത്തെ ഞാന്‍ അങയെ വര്‍ണ്ണിച്ച് കേള്‍പ്പിച്ചുകഴിഞു. മോക്ഷം കാംക്ഷിക്കുന്ന ഏവരും ഈ മഹദ്രൂപത്തെ ധ്യാനിക്കേണ്ടതാണ്. കാരണം ഇതിനപ്പുറത്ത് ഇവിടെ ഒന്നും തന്നെയില്ല. മനുഷ്യന്‍ സ്വപ്നസൃഷ്ടി നടത്തുന്നതുപോലെ ആ പരമാത്മാവ് മാത്രമാണ് സകലഭൂതങളിലും ആത്മരൂപേണ സംസ്ഥിതനായിരിക്കുന്നത്. അങനെയുള്ള ആനന്ദനിധിയായ അവനില്‍ മനസ്സിനെ ചേര്‍ക്കാത്തപക്ഷം ഒരുവന്‍ തന്റെ സര്‍‌വ്വനാശത്തിലേക്ക് വഴുതിവീഴുന്നു.

ഇങനെ, ശ്രീമദ് ഭാഗവതം ദ്വിതീയസ്കന്ധം  ഒന്നാമധ്യായം സമാപിച്ചു.

ഓം തത് സത്




2013, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

1.19 ശ്രീശുകബ്രഹ്മ മഹര്‍ഷിയുടെ ആഗമനം.

ഓം

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  അദ്ധ്യായം - 19

സൂതന്‍ പറഞു: മുനിമാരേ!, ഉണ്ടായ സംഭവത്തില്‍ പരീക്ഷിത്ത് രാജാവ് മനസ്സുകൊണ്ട് അസ്വസ്ഥനായി. ഗൂഢതേജസ്സ്വിയായ ഒരു സാധുബ്രാഹ്മണനോട് താന്‍ ചെയ്ത പ്രവൃത്തി തികച്ചും അനാര്യവും നീചവുമായി രാജാവിന് തോന്നി. അദ്ദേഹം ചിന്തിച്ചു. ഭഗവാന്റെ നിയമങളെ താന്‍ അവഗണിച്ചിരിക്കുന്നു. ശിക്ഷ ഉറപ്പാണ്. അത് എത്രയും വേഗം ലഭിക്കുന്നതാണുത്തമം. അത്രവേഗം താന്‍ ആ പാപത്തില്‍ നിന്നു മുക്തനാകുമെന്ന് അദ്ദേഹം ആശിച്ചു. മത്രമല്ലാ, ഇനിയൊരിക്കലും ഇങനെയൊരു മഹാപരാധം തന്റെ ഭാഗത്തുനിന്നുണ്ടാകാന്‍ പാടുള്ളതുമല്ലെന്ന് അദ്ദേഹം നിശ്ചയിച്ചുറപ്പിച്ചു. അഭദ്രമായ ഇങനെയൊരുകാര്യം തന്നില്‍ നിന്ന് സംഭവിക്കാതിരിക്കാനായി ഇന്നുതന്നെ തന്റെ രാജ്യവും, ധനവും, ബലവുമൊക്കെ ബ്രാഹ്മണരാല്‍ ജ്വലിപ്പിച്ച തീയില്‍ തന്നെ ഹോമിക്കണമെന്നും, ഇതിനെല്ലാം കാരണം ഒരുനിമിഷത്തേക്ക് താന്‍ ഗോപാലനെ മറന്ന് ഒരു അവിവേകിയായി പ്രവര്‍ത്തിച്ചാതെണെന്നും അദ്ദേഹം ചിന്തിച്ചുറപ്പിച്ചു. 

സൂതന്‍ തുടര്‍ന്നു: ഇങനെ ചിന്തിച്ചിരിക്കുമ്പോള്‍, മുനികുമാരന്റെ ശാപത്താല്‍ തക്ഷകദംശനമേറ്റ് ഇന്നേക്കേഴാം നാള്‍ താന്‍ മൃത്യുവിനിരയാകുമെന്ന വാര്‍ത്ത രാജാവ് കേട്ടു. പരീക്ഷിത്ത് സന്തോഷപൂര്‍‌വ്വം അതിനെ സ്വീകരിച്ചു. ലൗകികവിഷയങളോട് എന്നെന്നേക്കുമായി തനിക്ക് വിരക്തിയുണ്ടാകുവാനുള്ള കാരണമായി ഈ ശാപത്തെ രാജന്‍ കാണുകയും ചെയ്തു. ലോകത്തിലുള്ള സകല വസ്തുക്കളുടേയും നിസ്സാരതയെ മനസ്സിലാക്കി അവയെയെല്ലാം ത്യജിച്ച്, ഗംഗയുടെ തീരത്തെത്തി പരീക്ഷിച്ച് അവിടെയിരുന്ന് ഭഗവാന്റെ പാദസേവ ചെയ്യാല്‍ തുടങി. മോക്ഷപ്രാപ്തിക്ക് പലവഴികളുണ്ടെങ്കിലും, ശീഘ്രം ആ പരമപദത്തെ പ്രാപിക്കാന്‍ ഭക്തിമാത്രമാണ് അത്യുത്തമമെന്ന് രാജാവ് മനസ്സിലാക്കി. 

മുനിമാരേ!, ഈ സത്ക്കര്‍മ്മത്തിനായി പരീക്ഷിത്ത് ഗംഗയുടെ തീരത്ത് വന്നതില്‍ ഒരു മുഖ്യകാരണമുണ്ടായിരുന്നു. ഈ നദി ഭഗവാന്റെ പാദരേണുക്കളും, അതുപോലെ തുളസിക്കതിരുകളേയും വഹിച്ചുകൊണ്ടാണൊഴുകുന്നത്. ആയതിനാല്‍ ഈ ജലം മൂന്ന് ലോകങളേയും ശുദ്ധമാക്കുന്നു. എന്തിന് കൂടുതല്‍ പറയുന്നു!... ഭഗവാന്‍ ശ്രീപരമേശ്വരനെപ്പോലും ഈ തീര്‍ത്ഥം പവിത്രമാക്കുന്നു. അതുകൊണ്ട്, മരണവേളയില്‍ ഏവരും ഗംഗയുടെ തീരത്തുവന്ന് ശരീരമുപേക്ഷിക്കേണ്ടത് അതിയുക്തമാണ്.

അങനെ പണ്ഡവശ്രേഷ്ഠനായ പരീക്ഷിത്ത് രാജന്‍ അവിടെ മുനിവ്രതനായിയിരുന്നുകൊണ്ട് പ്രായോപവേശം ചെയ്യാനൊരുങി. അദ്ദേഹം ലൗകികവിഷയങള്‍ സകലതുമുപേക്ഷിച്ച് ഭഗവാന്റെ പദകമലത്തില്‍ മനസ്സുറപ്പിച്ചു. ആ സമയം ലോകം മുഴുവന്‍ തീര്‍ത്ഥീകരിക്കുന്ന മഹാനുഭാവന്‍‌മാരായ കുറെ മുനികള്‍, ഓരോ പുണ്യസ്ഥലങളെയും പവിത്രമാക്കിക്കൊണ്ട് തങളുടെ ശിഷ്യഗണങള്‍ക്കൊപ്പം ഗംഗാതീരത്തിലെത്തി. അവര്‍ ലോകത്തിന്റെ പലേ ഭാഗങളില്‍ നിന്നും വന്നവരായിരുന്നു. അത്രി, ച്യവനന്‍, ശരദ്വാന്‍, അരിഷ്ടനേമി, ഭൃഗു, വസിഷ്ഠന്‍, പരാശരന്‍, വിശ്വാമിത്രന്‍, അംഗിരന്‍, പരശുരാമന്‍, ഉതത്ത്യന്‍, ഇന്ദ്രപ്രമഥന്‍, ഇധമവാഹു, മേധാതിതി, ദേവലന്‍, ആര്‍ഷ്ടിഷേണന്‍, ഭരദ്വാജന്‍, ഗൗതമന്‍, പിപ്പലാദന്‍, മൈത്രേയന്‍, ഔര്‍‌വ്വന്‍, കവഷന്‍, കുംഭയോനി, ദ്വൈപായനന്‍, നാരദന്‍, തുടങിയ മഹാത്മാക്കളായ പണ്ഡിതന്‍‌മാരായിരുന്നു ആ മഹാനുഭാവന്‍‌മാര്‍. ഇവരെക്കൂടാതെ മറ്റുചില ദേവഋഷികളും, ബ്രഹ്മഋഷികളും, അരുണാദ്യയന്‍മാരെപ്പോലുള്ള വ്യത്യസ്ഥവംശജരായ കുറെ രാജഋഷികളും അവിടെയെത്തിയിരുന്നു. വന്നവരെല്ലാം രാജാവിനെ ശിരസ്സാ നമിച്ചതിനുശേഷം യഥാസുഖം ഉപവിഷ്ടരായി. പരീക്ഷിത്തും പ്രത്യുത്ഥാനം ചെയ്ത് ഹസ്താഞ്ജലിയോടെ, താന്‍ സര്‍‌വ്വസംഗപരിത്യാഗിയായി പ്രായോപവേശം ചെയ്യാനൊരുങുന്ന തീരുമാനത്തെ അവരെയറിയിച്ചു. 

രാജാവ് പറഞു: "ഹേ ദിവ്യാത്മാക്കളെ!, ഞങള്‍ പാണ്ഡവന്‍‌മാര്‍ അന്ന്യരാജാക്കന്‍‌മാരില്‍ വച്ച് ഭാഗ്യശാലികളാണ്. നിങളെപ്പോലുള്ള ധന്യാത്മാക്കളുടെ സ്നേഹവും വാത്സല്യവും ഞങള്‍ക്കെന്നെന്നും സുലഭമായിരുന്നു. ഇനി നിങള്‍ രാജകീയതകളെ ദൂരത്ത് നിറുത്തുന്ന പ്രകൃതമുള്ളവരാണെങ്കില്‍ കൂടി ഇത് സത്യമാണ്. ഹേ ഋഷീശ്വരന്‍‌മാരേ!, സകലലോകങളുടേയും നിയന്താവായ ഭഗവാന്‍ ഹരി ഇന്നിതാ എന്നെ തിരിച്ചുവിളിക്കാന്‍ പോകുന്നു. മുനികുമാരന്റെ ശാപവചസ്സുകള്‍ അതിനൊരു ഹേതുമാത്രം. ഞാന്‍ കുടുംബത്തില്‍ ആസക്തനായ സത്യത്തെ ആ പ്രഭു അറിഞിരിക്കുന്നു. ആ ബന്ധനത്തില്‍ നിന്ന് ഇന്നെന്നെ മുക്തനാക്കിയത് കാരണം ഇനി ഭയലേശമില്ലാതെ എനിക്കവിടേക്ക് പോകാന്‍ കഴിയും. 

ഹേ ഋഷിവര്യരേ!, ഹേ ഗംഗാദേവീ!, ഞാന്‍ ഭഗവാന്‍ ഹരിയില്‍ അഭയം പ്രാപിച്ചുകഴിഞവനാണ്. തക്ഷകനോ, അതോ ആ ബ്രാഹ്മണരാല്‍ നിര്‍മ്മിതമായ എന്ത് കുഹകവും വന്നെന്നെ ദംശിച്ചുപൊയ്ക്കോട്ടെ!. എനിക്ക് ലേശവും ഭയമില്ല. എന്റെ ഒരേയൊരാഗ്രഹം... നിങള്‍ ഭഗവാന്‍ ഹരിയുടെ മഹിമകള്‍ വാഴ്ത്തിക്കൊണ്ടിരിക്കുക. ഹേ ബ്രാഹ്മണശ്രേഷ്ഠന്‍‌മാരേ!, ഇനി എനിക്കൊരു ജന്മമുണ്ടെങ്കില്‍ അതെവിടെയായിരുന്നാലും ഞാന്‍ ഭഗവാനില്‍ രതിയുള്ളവനായിരിക്കും. സര്‍‌വ്വഭൂതങളുടേയും സുഹൃത്തായിരുന്നുകൊണ്ട്, അവന്റെ ഭക്തന്‍‌മാരോട് സംഗം ചേര്‍ന്ന് ഞാന്‍ ഇനിയുള്ള ജന്മം ജീവിച്ചുതീര്‍ക്കും. മഹാനുഭാവന്‍‌മാരായ നിങള്‍ക്കേവര്‍ക്കും ഒരിക്കല്‍ കൂടി എന്റെ പ്രണാമം."

സൂതന്‍ പറഞു: പരീക്ഷിത്ത് രാജാവ് രാജ്യഭാരം തന്റെ മകനെയേല്പ്പിച്ചതിനുശേഷമാണ് പ്രായോപവേശത്തിനായി തീരുമാനമെടുത്തത്. ഗംഗയുടെ ദക്ഷിണദിശയില്‍ ദര്‍ഭപുല്ലിന്റെ മൂലഭാഗം കിഴക്കോട്ട് തിരിച്ച് വിരിച്ചിട്ട് അതില്‍ രാജാവ് സ്വയം വടക്കോട്ട് നോക്കി ഇരിപ്പുറപ്പിച്ചു. മരണം വരെ നിരാഹാരവ്രതം അനുഷ്ഠിക്കാനിരിക്കുന്ന രാജാവിനെ പ്രകീര്‍ത്തിച്ച് ദേവതകള്‍ പാടി. സ്വര്‍ഗ്ഗത്തില്‍ നിന്നും നിരന്തരം പുഷ്പവൃഷ്ടിചെയ്തും, ദുന്ദുഭിവാദ്യം മുഴക്കിയും അവരുടെ അതിരറ്റ സന്തോഷത്തെ അവര്‍ ഉച്ഛത്തില്‍ വിളിച്ചറിയിച്ചു. സമാഗതരായ ഋഷിവൃന്ദം പരീക്ഷിത്തിന്റെ തീരുമാനത്തെ ശരിവച്ചുകൊണ്ട് പ്രശംസിച്ചുതുടങി. ഭഗവത് ഗുണങള്‍ ഏറെയുള്ള മുനിമാര്‍ രാജാവിനെ അനുമോദിച്ചുകൊണ്ട് ഇങനെ പറഞു.

"ഹേ പാണ്ഡവരാജര്‍ഷേ!, ഭഗവത് സമാനുവര്‍ത്തിയായ അങ് ഭഗവത്പ്രാപ്തിക്കായി കിരീടവും സിംഹാസനവുമൊക്കെ ഉപേക്ഷിച്ചിരിക്കുനത് മഹാത്ഭുതം തന്നെ. ഭാഗവതപ്രധാനനായ അങ് ഇഹലോകത്തില്‍ ഈ ശരീരമുപേക്ഷിച്ച് പരലോകത്തെ പ്രാപിക്കുന്നതുവരെ ഞങള്‍ ഇവിടെതന്നെ വസിക്കുന്നതാണ്."

സൂതന്‍ തുടര്‍ന്നു: മധുരവും അര്‍ത്ഥവത്തായതുമായ ഈ വാക്കുകള്‍ കേട്ടപ്പോള്‍ പരീക്ഷിത്ത് അവരെ അനുമോദിച്ചുകൊണ്ട് ഭഗവത് മഹിമകളെ കേള്‍ക്കാനുള്ള തന്റെ തീവ്രമായ ആഗ്രഹത്തെ അവരോടറിയിച്ചു. 

രാജാവ് പറഞു: "ഹേ ഋഷീശ്വരന്‍‌മാരേ!, ലോകത്തിന്റെ നാനാഭാഗത്തുനിന്നും വന്നുചേര്‍ന്നിട്ടുള്ള ജ്ഞാനികളായ നിങള്‍ സത്യലോകത്തില്‍ വര്‍ത്തിക്കുന്നവരാണ്. ഇഹത്തിലോ പരത്തിലോ തല്പ്പരരല്ലാത്ത നിങള്‍ സാധുക്കളില്‍ കരുണയുള്ളവരുമാണ്. ഇനി നിങളോട് ഞാന്‍ ചോദിക്കുന്നു, മരണസമയം സമാഗതമായ ഈ അവസരത്തില്‍ ഞാന്‍ എന്താണ് ആദ്യമായി ചെയ്യേണ്ടത്?. യുക്തമായതിനെ പറഞുതരാന്‍ കനിവുണ്ടാകണം."

സൂതന്‍ പറഞു: ഹേ ശൗനകാ!, ആ സമയം വ്യാസപുത്രനായ ശുകദേവന്‍ യാദൃശ്ചികമായി അവിടെയെത്തി. അദ്ദേഹം നിത്യാനന്ദനായും ഉദാസീനനായും ലോകമെമ്പാടും സഞ്ചരിക്കുന്നവനുമാണ്. കണ്ടാല്‍ യാതൊരു വര്‍ണ്ണാശ്രമങളിലും ഉള്‍പ്പെട്ടവനാണെന്ന് തോന്നുകയില്ല. കുട്ടികളോടും സ്ത്രീകളോടുമൊപ്പം ഒരു അവധൂതനെപ്പോലെ ആ മഹാത്മാവ് അവിടേയ്ക്ക് കയറിവന്നു. പതിനാറ് വയസ്സുള്ള ശ്രീശുകന്റെ അംഗങളോരോന്നും അതിമനോഹരങളായിരുന്നു. ശംഖു കടഞ കഴുത്തും, ഉയര്‍ന്ന് നീണ്ട മൂക്കും, വിടര്‍ന്ന കണ്ണുകളും, വിസ്തൃതമായ നെറ്റിത്തടവുമൊക്കെ ചേര്‍ന്ന് ചിത്തം മയക്കുന്ന തരത്തിലുള്ള സൗകുമാര്യമായിരുന്നു. ശ്രീശുകന്റേത്. മാംസളമായ തോളെല്ലുകളും, വിരിഞ വക്ഷസ്സും, ചുഴിഞ പൊക്കില്‍ത്തടവും, അഴകാര്‍ന്ന വയറും, ദീര്‍ഘമായ കരങളും, വദനത്തിലൂടെ പാറിക്കളിക്കുന്ന ചുരുളന്‍ കുറുനിരകളും, എല്ലാം ശുകന്റെ പ്രത്യേകതകളായിരുന്നു. 

ഭഗവാന്‍ ശ്രീകൃഷ്ണന്റേതുപോലെ തോന്നിക്കുന്ന അദ്ദേഹത്തിന്റെ കറുത്ത ശരീരം യുവത്വം തുളുമ്പുന്നതും, പൂര്‍ണ്ണനഗ്നവുമായിരുന്നു. മനോഹാരിതമായ ഈ അഴകും, വശ്യമാര്‍ന്ന പുഞ്ചിരിയും സ്ത്രീകളെ കൂടുതല്‍ ആകര്‍ഷിച്ചു. ശ്രീശുകന്‍ തന്റെ ഐശ്വര്യത്തെ ഗൂഢമാക്കി വച്ചിരുന്നുവെങ്കിലും, ലക്ഷണശാസ്ത്രവിദുക്കളായ ആ പണ്ഡിതബ്രാഹ്മണര്‍ എഴുന്നേറ്റുനിന്ന് അദ്ദേഹത്തെ നമസ്ക്കരിച്ചു. വിഷ്ണുരാതനായ പരീക്ഷിത്ത് പ്രത്യുത്ഥാനം ചെയ്ത് ശിരസ്സാ പ്രണമിച്ചുകൊണ്ട് തന്റെ പ്രമുഖാതിഥിയായ ശ്രീശുകബ്രഹ്മമഹര്‍ഷിയെ സ്വീകരിച്ചു. ശ്രീശുകനെ കണ്ട മാത്രയില്‍ അബലകളായ സ്ത്രീകളും കുട്ടികളും നിശബ്ദരായി. ശ്രീശുകന്‍ എല്ലാവരുടേയും ആരാധനാപാത്രമായി തന്റെ മഹാസനത്തിലുപവിഷ്ടനായി. ചന്ദ്രനെ നക്ഷത്രങളും മറ്റുപഗ്രഗങളും ചേര്‍ന്ന് വലയം ചെയ്യുന്നതുപോലെ, ശ്രീശുകന്‍ ഋഷികളാലും ദേവഗണങളാലും ആവൃതനായി. തന്റെ ഏത് ചോദ്യത്തിനും ഉത്തരം നല്‍കാന്‍ സന്നദ്ധനായിരിക്കുന്ന ശ്രീശുകനോട് ബദ്ധഹസ്ഥാഞ്ജലിയോടുകൂടി പരീക്ഷിത്ത് രാജാവ് ചോദിച്ചു. 

"അല്ലയോ ബ്രാഹ്മണശ്രേഷ്ഠാ!, ഇവിടെ ഒരതിഥിയായി വന്ന്, അവിടുത്തെ കരുണകൊണ്ട് തന്നെ അങ് ഞങളെ പവിത്രമാക്കിയിരിക്കുന്നു. അപക്വമതികളായ ഞങള്‍ രാജവംശജര്‍, ഏതോ തീര്‍ത്ഥാടനത്തിലെന്നപോലെ, ഇന്ന് ഭഗവത് ഭജനത്തിന് യോഗ്യമായി വന്നത് അവിടുത്തെ ദര്‍ശനകാരുണ്യംകൊണ്ട് മാത്രമാണ്. ഹേ ഭഗവന്‍!, അങയെപ്പോലുള്ളവരെ സംസ്മരണം ചെയ്യുന്ന മാത്രയില്‍ തന്നെ ഞങളുടെ ഗൃഹം ശുദ്ധമാകുന്നു. എങ്കില്‍ പിന്നെ അങയുടെ ദര്‍ശനത്തിലും, അങയോട് സംസാരിക്കുന്നതിലും, അവിടുത്തെ ഒന്നു തൊടുന്നതിലും, ആ പാദങള്‍ കഴുകുന്നതിലുമൊക്കെയുള്ള ഭാഗ്യത്തെക്കുറിച്ച് എന്ത് പറയാനാണ്!... ഭഗവത് ദ്വേഷികള്‍ ഭഗവാനെ കാണുന്ന മാത്രയില്‍ തന്നെ ഓടിയകലുന്നതുപോലെ, അല്ലയോ മഹായോഗിന്‍!., അവിടുത്തെ സാന്നിധ്യം കൊണ്ട് സര്‍‌വ്വമഹാപാപങളും, അപ്രത്യക്ഷമാകുന്നു. പാണ്ഡുപുത്രന്‍‌മാര്‍ക്ക് പ്രിയനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അവരില്‍ സമ്പ്രീതനായി എന്നെയും ആ കുലത്തോട് ചേര്‍ത്ത് അനുഗ്രഹിച്ചു. സാധാരണക്കാര്‍ക്ക് അഗോചരമായും, നീഗൂഢമായും സഞ്ചരിക്കുന്ന അങ് യാഥൃശ്ചികമായി എന്നെ കാണാന്‍ ഈ അന്ത്യനിമിഷത്തില്‍ ഇവിടെയെത്തിയിരിക്കുന്നത് അതുകൊണ്ടുമാത്രമാണ്.

സകലയോഗികള്‍ക്കും ഗുരുവായ അങയോട് ഞാന്‍ ചോദിക്കുന്നു. മരിക്കാന്‍ പോകുന്ന ഒരുവന്‍ തന്റെ സംസിദ്ധിക്കായി എന്തൊക്കെ കാര്യങളാണ് അനുഷ്ഠിക്കേണ്ടത്?. എന്തോക്കെയാണവര്‍ കേള്‍ക്കേണ്ടതും, ജപിക്കേണ്ടതും, സ്മരിക്കേണ്ടതും, പൂജിക്കേണ്ടതും?. യാതൊന്നാണോ അന്യമായി ചേയ്യേണ്ടതും, യാതൊന്നാണോ ഇനി ചെയ്യാതിരിക്കേണ്ടതും, അതൊക്കെ പറഞുതരാന്‍ അവിടുന്ന് കാരുണ്യവാനകണം. ഒരു പശു പാല്‍ചുരത്തുന്നത്ര സമയം പോലും അങ് ഒരു ഗൃഹസ്ഥാശ്രമിയുടെ ഭവനത്തില്‍ താമസ്സിക്കുന്നതായി ആരും കണ്ടിട്ടില്ല."

സൂതന്‍ പറഞു: അങനെ മധുരസ്വരത്തില്‍ പരീക്ഷിത്ത് ചോദിച്ച ചോദ്യങള്‍ക്ക് ധര്‍മ്മജ്ഞനായ ഭഗവാന്‍ ബാദരായണന്‍ മറുപടി പറയാന്‍ തുടങി.

ഇങനെ, ശ്രീമദ് ഭാഗവതം പ്രഥമസ്കന്ദം പത്തൊമ്പതാമധ്യായം സമാപിച്ചു.

ഇതോടെ ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  സാമാപിച്ചു.

ഓം തത് സത്




1.18 പരീക്ഷിത്ത് രാജാവിന് ശമീകപുത്രന്റെ ശാപമേല്‍ക്കുന്നു.

ഓം

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  അദ്ധ്യായം - 18

സൂതന്‍ പറഞു: അല്ലയോ മുനിമാരേ!, ശ്രീകൃഷ്ണഭഗവാന്റെ കൃപാകടാക്ഷം കൊണ്ട് പരീക്ഷിത്ത് മാതൃഗര്‍ഭത്തില്‍ വച്ചുണ്ടായ അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രതേജസ്സില്‍ ജ്വലിച്ചുപോകാതെ രക്ഷപ്പെട്ടു. മാത്രമല്ല, ഭഗവാനില്‍ അകമഴിഞ ഭക്തിയുണ്ടായിരുന്നതിനാല്‍ ബ്രഹ്മണശാപം കൊണ്ട് തക്ഷകനാല്‍ ദംശിക്കപ്പെട്ട് മൃതിയടയുമെന്ന് കേട്ടിട്ടും പരീക്ഷിത്തിന് തന്റെ ജീവനെക്കുറിച്ചുള്ള ഭയമോ ഭീതിയോ ഉണ്ടായില്ല. രാജകീയമായ സകല ഭൗതികവിഷയങളേയും വിട്ട്, വ്യാസപുത്രനായ ശ്രീശുകബ്രഹ്മമഹര്‍ഷിയുടെ ശിശ്യത്വവും സ്വീകരിച്ച് ഭഗവാന്റെ യാഥാര്‍ത്ഥ്യത്തെ ആ മഹാനുഭാവനില്‍ നിന്നും മനസ്സിലാക്കി, ഗംഗയുടെ തീരത്ത് വച്ച് പരീക്ഷിത്ത് തന്റെ ശരീരമുപേക്ഷിച്ചു. ഇതുപോലെ ഉത്തമശ്ലോകനായ ഭഗവാന്റെ കഥാമൃതത്തില്‍ മുഴുകി ആ പദമലരില്‍ അഭയം പ്രാപിച്ച യാതൊരുവനും ജീവിതത്തിന്റെ അവസാനനിമിഷങളില്‍ പോലും സംഭ്രമിക്കുന്നില്ല.

അഭിമന്യുവിന്റെ പുത്രന്‍ മഹാനായ പരീക്ഷിത്ത് രാജാവായിരിക്കുന്ന കാലത്തോളം അദ്ദേഹത്തിന്റെ രാജ്യത്ത് കലിക്ക് പ്രവേശനമില്ലെന്നവസ്ഥയായി. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഭൂലോകത്തില്‍ നിന്ന് അപ്രത്യക്ഷനായ അതേ നിമിഷം തന്നെ കലി ഇവിടെ പ്രവേശിച്ച് അധര്‍മ്മങളെ വാരി വിതറാന്‍ തുടങി. പക്ഷേ, ഭ്രമരം പൂവില്‍നിന്ന് മധു മാത്രം നുകര്‍ന്നുകൊണ്ട് പറന്നകലുന്നതുപോലെ, പരീക്ഷിത്ത് നന്‍‌മകളെ മാത്രം സ്വീകരിച്ചുകൊണ്ട് തന്റെ ജീവിതം തുടര്‍ന്നു. നന്‍‌മകള്‍ എപ്പോഴും ശുഭത്തില്‍ പര്യവസാനിക്കുമ്പോള്‍, തിന്‍‌മകള്‍ ചെയ്തുജീവിക്കുന്നവര്‍ എങെങും എത്തപ്പെടാതെപോകുന്നു. ഈ കാര്യം അറിഞുകൊണ്ട് രാജാവ് കലിയോട് യാതൊരുവിധത്തിലും ശത്രുത വച്ചുപുലര്‍ത്തിയിരുന്നില്ല. മുനിമാരേ!,  അല്പബുദ്ധികളാണ് കലിയെ ശക്തിമത്തായി കാണുന്നത്. എന്നാല്‍ ജ്ഞാനസ്ഥരായ മനുഷ്യരാകട്ടെ കലിയെ ഒട്ടുംതന്നെ ഭയപ്പെടാറില്ല. അതുകൊണ്ട് രാജാവ് വിക്രമനായ ഒരു കടുവയെപ്പോലെ വര്‍ത്തിച്ചുകൊണ്ട് അജ്ഞാനിജനങളുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധപതിപ്പിച്ചു.

ഹേ ശൗനകാദിഋഷികളേ!, മഹാരാജാവ് പരീക്ഷിത്ത് രാജാവുമായി ബന്ധപ്പെട്ട, ഭഗവാന്റെ സകല കാര്യങളും നിങള്‍ ആവശ്യപ്പെട്ടതുപോലെ തന്നെ ജ്ഞാന്‍ പറഞുകഴിഞു. ജീവിതത്തില്‍ നന്‍‌മകളെ ആഗ്രഹിക്കുന്നവര്‍ ഉരുകര്‍മ്മണനായ ഭഗവാന്റെ ഈ ലീലകളെല്ലാം തന്നെ കേട്ടിരിക്കണം. 

ശൗനകാദി ഋഷികള്‍ പറഞു: ഹേ ധന്യനായ സൂതമഹര്‍ഷേ!, അങയുടെ യശസ്സ് ഇഹത്തിലും പരത്തിലും അങേയറ്റം കീര്‍ത്തിക്കപ്പെടും. കാരണം, അങയുടെ നാവിന്‍ തുമ്പത്തുനിന്ന് ഒഴുകുന്നത് ഞങളെപ്പോലുള്ള മനുഷ്യരെ മൃത്യുവില്‍ നിന്ന് അമൃതത്വത്തിലേക്ക് നയിക്കുന്ന ശ്രീകൃഷ്ണകഥാമൃതമാണ്. ഫലത്തെക്കുറിച്ച് ഒരു നിശ്ചയവുമില്ലാതെ ചെയ്യുന്ന ഈ യാഗത്തിന്റെ പുകയില്‍ ഞങളുടെ ശരീരമാകെ കറുത്തിരിണ്ടു. പക്ഷേ, അതേസമയം അങിങനെ കോരിച്ചൊരിയുന്ന ഭഗവത് കഥാമൃതപാനത്തില്‍ ഞങള്‍ സന്തുഷ്ടരാണ്. ഭഗവത് ഭക്തന്‍‌മാരുമായുള്ള ഒരു നിമിഷത്തെ സംഗം എന്നത്, സ്വര്‍ഗ്ഗപ്രാപ്തിയെക്കളും ഭൗതികവിഷയവിനിര്‍മ്മുക്തിയെക്കാളുമൊക്കെ ശ്രേഷ്ഠമാണ്. അങനെയിരിക്കെ മനുഷ്യരുടെ ലൗകികമായ നേട്ടങളെക്കുറിച്ചെന്തുപറയാന്‍? 

ഒരുവട്ടം ആ കഥാമൃതപാനം ചെയ്ത ഒരുവന്‍ പിന്നീടെത്രകൊണ്ടും തൃപ്തരാകുന്നില്ല. ഭഗവാന്റെ മായാലീലകള്‍ ബ്രഹ്മാവ്, ശിവന്‍ മുതലായ യോഗേശ്വരന്‍‌മാരാല്‍ പോലും അവര്‍ണ്ണനീയമത്രേ!. ഹേ സൂതമുനേ, അങ് ഭക്തപരായണനായ ആ ഭഗവാന്റെ ഉത്തമദാസനാണ്. ആയതിനാല്‍ അവന്റെ ഉദാരവും വിശുദ്ധവുമായ ആ ലീലകളൊക്കെ അങയില്‍ നിന്നുകേള്‍ക്കാന്‍ ഞങളാഗ്രഹിക്കുന്നു. ഭക്തോത്തമനായ പരീക്ഷിത്ത് ഭഗവത് പാദത്തില്‍ ലീനമായ ആ കഥയെ കേള്‍ക്കാന്‍ ഞങള്‍ക്കതിയായ താത്പര്യമുണ്ട്. വ്യാസപുത്രന്‍, ശ്രീശുകന്‍ പറഞ ആ അദ്ധ്യാത്മലീലകള്‍ ഞങളെ പറഞുകേള്‍പ്പിച്ചാലും. യോഗനിഷ്ഠനായി ഭഗവാനില്‍ പൂര്‍ണ്ണമായും രമിച്ച പരീക്ഷിത്തിനുപദേശിച്ച, പരമവും, പുണ്യവുമായ ആ അത്ഭുതചരിതങള്‍ ഞങളെ കേള്‍പ്പിച്ചരുളിയാലും.

സൂതന്‍ പറഞു: ഹേ ഋഷിവര്യരേ!, പലകുലങളില്‍ പിറന്നവരാണെങ്കില്‍ കൂടി ജ്ഞാനികളുടെ പാതയെ പിന്‍‌തുടര്‍ന്നതുകൊണ്ട് ഇന്നു നമ്മള്‍ ഒരുയര്‍ന്ന അദ്ധ്യാത്മികതലത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നതുനോക്കൂ! ഇങനെ അറിവുള്ളവരുടെ സംഗം കൊണ്ട് മനുഷ്യര്‍ ജ്ഞാനം നേടി പാഴ്ജന്‍‌മങളില്‍നിന്ന് മുക്തരാകുന്നു. അങനെയിരിക്കെ, അതുലഗുണാലയനായ ഭഗവാന്റെ നാമങള്‍ ജപിക്കുന്നവരോടുള്ള സംഗത്തിന്റെ കാര്യം പറയാനുണ്ടോ?... അന്തമില്ലാത്ത ശക്തിയുടേയും ഗുണങളുടേയും ഉറവിടമായ അവനെ അനന്തന്‍ എന്നുവിളിക്കുന്നു. അവന്റെ അനന്തതയെക്കുറിച്ചും ഗുണഗണങളെക്കുറിച്ചും ആര്‍ക്ക് വര്‍ണ്ണിക്കാനാകും?... ഐശ്വര്യത്തിനുവേണ്ടി കൊതിച്ചുള്ള ദേവതകളുടെ തപസ്സിനേയും പ്രാര്‍ത്ഥനകളേയും അവഗണിച്ച്, ലക്ഷ്മീദേവി ആ നാരായണന്റെ പാദധൂളികളെ സേവിക്കുന്നു.

ഭഗവാന്‍ ശ്രീകൃഷ്ണന്‍ മാത്രമാണ് ആ ജഗദീശ്വരന്റെ പൂര്‍ണ്ണമായ അവതാരം. അവന്റെ കാല്‍നഖത്തിലൂടെ ഊറുന്ന തീര്‍ത്ഥജലമാണ് ബ്രഹ്മാവ് ശേഖരിച്ച് ശ്രീപരമേശ്വരന് ഭക്തിപൂര്‍‌വ്വം അര്‍പ്പിച്ചത്. കാരണം, ആ തീര്‍ത്ഥം പ്രപഞ്ചത്തെ മുഴുവന്‍ തീര്‍ത്ഥീകരിക്കാന്‍ പാകത്തില്‍ പവിത്രമാണ്.

ശ്രീകൃഷ്ണഭഗവാനില്‍ അനുരക്തരായവര്‍ക്ക് അവരുടെ ശരീരം, മനസ്സ് എന്നുവേണ്ടാ സകലതുമുപേക്ഷിച്ച് പരമഹംസ ഭഗവത് തത്വത്തിലേക്കുയരാന്‍ ഞൊടിയിട തന്നെ അധികമാകുന്നു. അഹിംസയും ഉപശമവും അവരുടെ സ്വധര്‍മ്മങളായി മാറുന്നു.

ഹേ സൂര്യതേജസ്സ്വികളായ ഋഷിവര്യന്‍‌മാരേ!, നിങള്‍ ചോദിച്ചതനുസരിച്ച്, വിഷ്ണുഭഗവാന്റെ മായാലീലകള്‍ എനിക്കവഗാഹമുള്ളതരത്തില്‍ ഞാന്‍ പറഞുതരാം. പക്ഷികള്‍ തങള്‍തങള്‍ക്കുള്ള കഴിവിനനുസരിച്ച് ആകാശത്തില്‍ വ്യത്യസ്ഥ ഉയരങളില്‍ പറക്കുന്നതുപോലെ പണ്ഡിതന്‍‌മാര്‍ അവരവര്‍ക്കുള്ള അറിവിനനുസരിച്ച് ഭഗവന്‍‌മഹിമകള്‍ വര്‍ണ്ണിക്കുന്നു.

സൂതന്‍ തുടര്‍ന്നു: ഒരുദിവസം പരീക്ഷിത്ത് നായാട്ടിനായി കാട്ടിലേക്ക് പോയി. വിഷപ്പും, ദാഹവും, തളര്‍ച്ചയും സഹിക്കാന്‍ വയ്യാതെ അല്പ്പം ജലം കുടിക്കാനായി സ്രോതസ്സ് നോക്കി നടന്നു. കുറെ നടന്നപ്പോള്‍ അവിടെ അടുത്ത് ശമീകമഹര്‍ഷിയുടെ ആശ്രമം അദ്ദേഹം കണ്ടു.പരീക്ഷിത്ത് അവിടേയ്ക്ക് കയറിച്ചെന്നു. മുനി ധ്യാനനിമഗ്നനായി ആശ്രമത്തിലിരിക്കുകയായിരുന്നു. മഹര്‍ഷി ഇന്ദ്രിയങളേയും, മനസ്സിനേയും, പ്രാണനേയുമടക്കി അവസ്ഥാത്രയങളേയും ഭേദിച്ച്, ബ്രഹ്മഭൂതനായി ആ പരമാത്മാവില്‍ രമിച്ചിരിക്കുകയായിരുന്നു.  മാന്‍‌തോലുടുത്തും, ജഢപൂണ്ട കേശത്തോടും ധ്യാനനിരതനായിരിക്കുന്ന മുനിയോട്, ദാഹം പൊറുക്കവയ്യാതെ തൊണ്ടവരണ്ട് പരീക്ഷിത്ത് രാജാവ് അല്പം ദാഹജലം ചോദിച്ചു. മുനിയില്‍ നിന്നും യാതൊരു പ്രതികരണവുമുണ്ടായില്ല. അര്‍ഘ്യമോ, ഇരിക്കാന്‍ പുല്പ്പായോ മറ്റിരിപ്പിടമോ, മധുരസ്വരത്തില്‍ ഒരുവാക്കുപോലുമോ ലഭിക്കാതെയായപ്പോള്‍, മഹര്‍ഷി തന്നെ അവഗണിച്ചപമാനിച്ചതായി പരിഗണിച്ച പരീക്ഷിത്തിനെ കലി കടന്നുപിടിച്ചു. വിഷപ്പും, ദാഹവും തന്നെ ആവശ്യത്തിലധികം തളര്‍ത്തിയ ആ സാഹചര്യത്തില്‍, രാജാവ് മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്ത തരത്തില്‍ കുപിതനായി. മുനി ധ്യാനത്തില്‍ നിന്നുണര്‍ന്ന് തന്നെ സ്വീകരിക്കാതിരുന്നതിലുള്ള അപമാനഭാരത്തോടെ മടങിപോകാന്‍ തുടങിയ രാജാവ്, അവിടെ അടുത്തുകിടന്ന ഒരു ചത്തപാമ്പിനെ വില്ലിന്‍‌തുമ്പുകൊണ്ട് തോണ്ടിയെടുത്ത് മുനിയുടെ കഴുത്തിനുചുറ്റും മാലപോലെയിട്ട് നടന്നകന്നു.

കൊട്ടാരത്തില്‍ തിരിച്ചെത്തിയ രാജാവ് ഒരു നിമിഷം ചിന്താധീനനായി. മനസ്സും ബുദ്ധിയും പരസ്പരം മല്ലിടാന്‍ തുടങി. അദ്ദേഹം ചിന്തിച്ചു. ശമീകന്‍ ശരിക്കും കണ്ണുകളടച്ച് അത്മസം‌യമനം ചെയ്തു ധ്യാനിക്കുകയായിരുന്നോ അതോ വര്‍ണ്ണാശ്രമത്തില്‍ ബ്രാഹ്മണനു താഴെയുള്ള ക്ഷത്രിയനായ തന്നെ സത്ക്കരിക്കുന്നതിലുള്ള വൈമനസ്യം കൊണ്ട് ധ്യാനം നടിച്ചിരിക്കുകയായിരുന്നോ.

സൂതന്‍ വീണ്ടും ആ കഥ തുടര്‍ന്നു: മുനിമരേ!, ശമീകന് ശൃംഗി എന്നൊരു മകനുണ്ടായിരുന്നു. അര്‍ഭകബാലന്‍‌മാരുമായി കളിക്കുന്നതിനിടയില്‍ കൂട്ടുകാരില്‍ നിന്ന് തന്റെ പിതാവിനുണ്ടായ ദുഃഖത്തെ ശമീകന്റെ പുത്രന്‍ അറിഞു. മഹാതേജസ്സ്വിയായ ആ ബ്രാഹ്മണബാലന്‍ പെട്ടെന്നതിനോട് പ്രതികരിച്ചു. അവന്‍ പറഞു: "അഹോ കഷ്ടം!,അധര്‍മ്മികളായ രാജാക്കന്‍‌മാരുടെ ചെയ്തികള്‍ നോക്കൂ!. ബലിക്കാക്കകളെപ്പോലെയും, നടയ്ക്കലുള്ള നായ്ക്കളേപ്പോലെയും അധഃപതിച്ചുകൊണ്ട്, വിദ്യ കനിഞുനല്‍കി വലുതാക്കിയ ഗുരുക്കന്‍‌മാരോട് കാട്ടുന്ന ദ്രോഹങള്‍ കണ്ടില്ലേ?. ഈ ക്ഷത്രബന്ധുക്കള്‍ ഗൃഹപാലരായ നായ്ക്കളോളം തരം താഴ്ന്നിരിക്കുന്നു. ഒരു വീട്ടുനായയ്ക്ക് എങനെ തന്റെ മുതലാളിയോടൊപ്പമിരുന്ന് ഒരുമിച്ച് ഒരുപാത്രത്തില്‍ ഭുജിക്കാന്‍ കഴിയും?.

ലോകരക്ഷകനായ ഭഗവാന്‍ ഹരി പോയതില്‍ പിന്നെ ഈ പുതുരാജാക്കന്‍‌മാര്‍ അഹങ്കാരികളായിരിക്കുന്നു. ഞാന്‍ തന്നെ ഇന്നിതിനു പരിഹാരം കാണാന്‍ പോകുന്നു. എന്റെ ബലം നിങള്‍ കണ്ടുകൊള്ളുക."

സൂതന്‍ പറഞു: മുനിമാരേ!, ആ ബ്രാഹ്മണകുമാരന്റെ കണ്ണുകള്‍ കോപം കൊണ്ട് ചുവന്ന് തുടുത്തു. അവന്‍ കൗശികനദിയിലെ ജലം കൈകുമ്പിളിലെടുത്ത് വജ്രസമാനശബ്ദത്തില്‍ പറഞു: "ധ്യാനനിരതനായ എന്റെ പിതാവിനെ, സകലമര്യാദകളും ലംഘിച്ച്, അപമാനിച്ച കുരുവംശത്തിലെ പാപിയായ ഇവന്‍ ഇന്നേയ്ക്കേഴാം നാള്‍ തക്ഷകനാന്‍ ദംശിക്കപ്പെട്ട് യമപുരം പൂകാനിടയാകട്ടെ!."

സൂതന്‍ പറഞു: പിന്നീടവിടെനിന്ന് മുനികുമാരന്‍ ആശ്രമത്തിലെത്തി. തന്റെ പിതാവിന്റെ കഴുത്തില്‍ കിടക്കുന്ന മൃതസര്‍പ്പത്തെ കണ്ട് കുമാരന്‍ ആര്‍ത്തനായി മുക്തകണ്ഠം വിലപിച്ചു. മകന്റെ രോധനം കേട്ട് ശമീകന്‍ പതുക്കെപതുക്കെ കണ്ണുകള്‍ തുറന്നു. തന്റെ കഴുത്തില്‍ ചുറ്റിക്കിടന്ന ചത്തപാമ്പിനെയെടുത്ത് ദൂരേയ്ക്ക് വലിച്ചെറിഞുകൊണ്ട് അദ്ദേഹം മകനോട് ചോദിച്ചു. "കുഞേ നീ എന്തിനാണിങനെ കരയുന്നത്?... നിന്നോടാരെങ്കിലും അപമര്യാദയോടെ പെരുമാറുകയോ മറ്റോ ചെയ്തോ?..."

സൂതന്‍ തുടര്‍ന്നു: ശൃംഗി പിതാവിനോട് ഉണ്ടായ അവസ്ഥകളെല്ലാം പറഞറിയിച്ചു. വിവരങള്‍ ഗ്രഹിച്ചുകഴിഞ് ശമീകമഹര്‍ഷി പുത്രന്റെ പ്രവൃത്തിയെ പ്രശംസിക്കാതെ പകരം ഇങനെ പറഞു.

"മകനേ!, മഹാകഷ്ടമായിരിക്കുന്നു. രാജാവിങനെയൊരപരാധം ചെയ്തുവെന്നുകരുതി ഇത്രചെറിയ ഒരു കുറ്റത്തിന് ഇങനെയൊരു കടുത്ത ശിക്ഷ വിധിക്കേണ്ടിയിരുന്നില്ല. പക്വതയില്ലായ്മകൊണ്ടാണ് നീ രാജാവിന്റെ മഹത്വത്തെ അറിയാതെപോയത്. രാജാവ് ദൈവതുല്യനാണ്. സാധാരണ മനുഷ്യരെപ്പോലെ നമ്മള്‍ രാജാക്കന്‍‌മാരെ കാണാന്‍ പാടുള്ളതല്ല. അവരുടെ സാമര്‍ത്ഥ്യത്താലാണ് ഒരു നാട്ടിലെ പ്രജകള്‍ നിര്‍ഭയരായും ഭദ്രമായും സുരക്ഷിതരായി ജീവിക്കുന്നത്. രാജാക്കന്‍‌മാര്‍ ഈശ്വരന്റെ പ്രതിനിധികളാണ്. അവര്‍ക്കെന്തെങ്കിലും സംഭവിക്കുന്ന മാത്രയില്‍ ആ രാജ്യത്തെ കള്ളന്‍‌മാര്‍ കൈയ്യേറുന്നു. അവര്‍ നിസ്സഹായരായ മനുഷ്യരെ, കൂട്ടം തെറ്റിയ കുഞാടുകളെപ്പോലെ തകര്‍ത്തുകളയുന്നു. പ്രജകളുടെ മുതലുകള്‍ ഈ കള്ളന്‍‌മാരും കൊള്ളക്കാരും ചേര്‍ന്ന് അപഹരിക്കുകയും, അവരെ ദ്രോഹിക്കുകയോ കൊല്ലുകയോ തന്നെ ചെയ്യുന്നു. മൃഗങളേയും സ്ത്രീകളേയും അവര്‍ കട്ടുകൊണ്ടുപോകുന്നു. ഇതിനെല്ലാം നാം ഉത്തരവാദികളാകും. ഗ്രന്ഥോക്തങളായ വര്‍ണ്ണാശ്രമങള്‍ക്കെതിരായി മനുഷ്യര്‍ അധര്‍മ്മങളെ ചെയ്ത് ധര്‍മ്മപാതയില്‍നിന്ന് നിലം പൊത്തുന്നു. അവര്‍ വിഷയാനുഭങങളില്‍ അതീവതല്പ്പരരായി പണസമ്പാദനം മാത്രം ലക്‌ഷ്യമാക്കി കര്‍മ്മം ചെയ്യുകയും ചെയ്യുന്നു. തുടര്‍ന്ന് നായ്ക്കള്‍ക്കും കുരങന്‍‌മാര്‍ക്കും സമാനമായ ഒരു മനുഷ്യസമൂഹം ഉടലെടുക്കുന്നു. ധര്‍മ്മപാലകനായ പരീക്ഷിത്ത് രാജാവ് ഭാഗവതോത്തമനായ ഒരു രാജഋഷിയായിരുന്നു. അനേകം അശ്വമേധയാഗങളനുഷ്ഠിച്ച ഒരു പുണ്യപുരുഷനും. വിഷപ്പും ദാഹവും സഹിക്കവയ്യാതെ ക്ഷീണിച്ചുതളര്‍ന്ന അദ്ദേഹത്തെ ശപിക്കാന്‍ പാടില്ലായിരുന്നു."

സൂതന്‍ തുടര്‍ന്നു.: പിന്നീട് ശമീകമുനി മകന്റെ തെറ്റില്‍ പശ്ചാത്തപിച്ചുകൊണ്ട് സര്‍‌വാത്മാവായ ഭഗവാനോട് ക്ഷമാപണം നടത്തി. പാപം തെട്ടുതീണ്ടാത്തവനും പരമഭാഗവതനുമായ ഒരു ജീവനെ ശപിച്ച മഹാപാപത്തെ പൊറുത്തരുളാന്‍ അദ്ദേഹം ആ പരം‌പൊരുളിനോട് പ്രാര്‍ത്ഥിച്ചു. അതാണ് ഭാഗവതോത്തമന്‍‌മാരുടെ ലക്ഷണം. അവര്‍ അപമാനിതരായാലും, കബളിപ്പിക്കപ്പെട്ടാലും, ശപിക്കപെട്ടാലും, ദ്രോഹിക്കപ്പെട്ടാലും, അവഗണിക്കപ്പെട്ടാലും, ഇനി വധിക്കപ്പെടേണ്ടിവന്നാല്‍ പോലും അജ്ഞാനികളോട് പ്രതികരിക്കാറില്ല. മഹാനായ ശമീകമുനി തനിക്കുണ്ടായ അപമാനം കണക്കിലെടുക്കാതെ രാജാവിനോട് തന്റെ മകന്‍ കാട്ടിയ ഘോരമായ അപരാധത്തെയോര്‍ത്ത് അത്യന്തം ദുഃഖിച്ചു. പിന്നീടദ്ദേഹം പൂര്‍‌വ്വസ്ഥിതിയിലെത്തി.

 സ്വാഭാവികമായും ജ്ഞാനികള്‍ മറ്റുള്ളവരാല്‍ വിഷയാനുഭവങളില്‍ വര്‍ത്തിക്കേണ്ടിവന്നാലും അവര്‍ അതില്‍ സന്തോഷിക്കുകയോ ദുഃഖിക്കുകയോ ചെയ്യുന്നില്ല, കാരണം, അവര്‍ രാഗദ്വേഷമാകുന്ന ഈ ദ്വന്ദമായയെ അദ്ധ്യാത്മജ്ഞാനത്താല്‍ മറികടന്നവരാണ്.

ഇങനെ, ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  പതിനെട്ടാം അധ്യായം സമാപിച്ചു. 

ഓം തത് സത്




2013, ഒക്‌ടോബർ 22, ചൊവ്വാഴ്ച

1.17 കലിക്ക് പരീക്ഷിത്ത് രജാവ് ശിക്ഷ വിധിക്കുന്നു

ഓം

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  അദ്ധ്യായം - 17

കലിക്ക് പരീക്ഷിത്ത് രജാവ് ശിക്ഷ വിധിക്കുന്നു
പരീക്ഷിത്ത് രാജാവ് തന്റെ യാത്രയ്ക്കിടയില്‍ ദയനീയമായ ആ കാഴ്ച കണ്ടു. ശൂദ്രനിലും താഴ്ന്ന ഒരുവന്‍ ഒരു രാജാവിന്റെ വേഷഭൂഷാദികളണിഞ് ഗോമിഥുനങളെ തന്റെ കൈയ്യിലിരിക്കുന്ന ദണ്ഡത്താൽ തലങും വിലങും തല്ലുന്നു. ആ കാഴ്ച കണ്ടാല്‍ ആ ജീവികള്‍ക്ക് ഉടമസ്ഥരായി ആരും തന്നെയില്ലെന്ന് തോന്നും. വെണ്‍താമരയുടെ നിറമുള്ള ആ ഋഷഭം തന്നെ ക്രൂരമായി ഉപദ്രവിക്കുന്ന ശൂദ്രനായ ആ ഭീകരെനെ കണ്ട് പേടിച്ച് വിറച്ച് ഒറ്റക്കാലില്‍ നിന്നുകൊണ്ട് മൂത്രവിസര്‍ജ്ജനം ചെയ്തു. ധര്‍മ്മം പ്രദാനം ചെയ്യുന്നവളാണെങ്കിലും, അവിടെയുണ്ടായിരുന്ന പശുവും വളരെ ദീനയായിരുന്നു. തന്റെ കിടാവും അവളോടൊപ്പമില്ല. ആ ശൂദ്രനില്‍ നിന്നും തെരുതെരെ പ്രഹരമേല്‍ക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞൊഴുകി. ശാരീരികമായി പൂര്‍ണ്ണമായും തളര്‍ന്ന അവള്‍ ഒരുതരി പുല്ലിനുവേണ്ടി പരതി.

അമ്പും വില്ലുമേന്തി സ്വര്‍ണ്ണരഥത്തിലിരിക്കുന്ന പരീക്ഷിത്ത് രാജാവ് ഇടിമിന്നലിന്റെ മുഴക്കത്തില്‍ ഗര്‍ജ്ജിച്ചുകൊണ്ട് കലിയോട് ചോദിച്ചു. "ഹേ ദുഷ്ടബുദ്ധേ!, നീ ആരാണ്?... എന്റെ സം‌രക്ഷണത്തില്‍ കഴിയുന്ന ഈ സാധുക്കളെ ഉപദ്രവിക്കാന്‍ നിനക്കെങനെ ധൈര്യം വന്നു?... രൂപം കണ്ടിട്ട് നീ ഒരു രാജാവിനെപ്പോലെയുണ്ട്... പക്ഷേ നിന്റെ കര്‍മ്മം കണ്ടിട്ട് നീ ഒരു ശൂദ്രനെക്കാളും നീചനാണെന്ന് തോന്നുന്നു. ഭഗവാന്‍ ശ്രീകൃഷ്ണനും ധനുര്‍ദ്ധരനായ അര്‍ജ്ജുനനും കണ്‍‌വെട്ടത്തില്ലെന്നുകരുതി നിരപരാധികളായ ഈ പാവങളെ രഹസ്യമായി നിഷ്കരുണം കൊല്ലാം തുനിഞ നീ ഒരു മഹാപാപിയാണ്. ആയതിനാല്‍ വധിക്കപ്പെടേണ്ടവനും."

തുടര്‍ന്ന് രാജാവ് ഋഷഭത്തോട് ചോദിച്ചു: "ഹേ ഋഷഭമേ!, മൂന്ന് കാലുകളും നഷ്ടപ്പെട്ട് ഒറ്റക്കാലിലിഴയുന്ന അങാരാണ്?... വെളുത്ത താമരയുടെ ചേലില്‍ ഒരു ഋഷഭമായി എന്റെ മുന്നില്‍ നില്‍ക്കുന്ന അങ് ഞങള്‍ക്ക് ദുഃഖം പ്രദാനം ചെയ്യാനായി ദേവലോകത്തുനിന്നും വന്ന ദേവനോ മറ്റോ ആണോ?... കുരുവംശജനായ ഒരു രാജാവ് ഭരണം ചെയ്യുന്ന ഈ രാജ്യത്ത് ഇന്നുവരെ ആര്‍ക്കും കണ്ണീരൊഴുക്കേണ്ടതായിവന്നിട്ടില്ല. അങേയ്ക്കാണ് ഇന്നാദ്യമായി ഇങനെയൊരു ഗതി വന്നുപെട്ടിരിക്കുന്നത്. ഹേ സൗരഭേയാ!, ഈ ശൂദ്രനെ പ്പേടിച്ച് നീ ദുഃഖിക്കാതിരിക്കുക. ഹേ ഗോമാതേ!, ഞാന്‍ ഇവിടെയുള്ളിടത്തോളം അവിടുന്ന് കരയരുത്. എല്ലാം മംഗളകരമായി ഭവിക്കും.

അല്ലയോ സാധ്വീ!, ഒരു ഭരണാദികാരിയുടെ ശ്രേഷ്ഠത എന്നത് അദ്ദേഹത്തിന്റെ പ്രജാപരിപാനശേഷിയാണ്. തന്റെ പ്രജകള്‍ അക്രമികളാല്‍ ദുരിതമനുഭവിക്കുന്ന അവസ്ഥയില്‍ ആ രാജാവിന്റെ കീര്‍ത്തിയും, യശ്ശസ്സും, ആയുസ്സും, നല്ലപുനര്‍ജന്‍‌മവുമെല്ലാം അദ്ദേഹത്തിനു നഷ്ടമായി ഭവിക്കുന്നു. കഷ്ടതകള്‍ അനുഭവിക്കുന്ന പ്രജകളുടെ ക്ഷേമമാണ് ഒരു നൃപന്റെ ആദ്യത്തെ കടമയെന്നത്. അതുകൊണ്ട് ഈ ദ്രോഹിയെ ഞാന്‍ വധിക്കാന്‍ പോകുന്നു. ഹേ സൗരഭേയാ!, നാലുകാലുകളുണ്ടായിരുന്ന നിന്റെ മൂന്ന് കാലുകള്‍ ആരാണ് വെട്ടിമാറ്റിയത്?... ശ്രീകൃഷ്ണന്റെ പാതയെ പിന്‍‌തുടരുന്ന ഒരു രാജാവ് ഭരിക്കുന്ന രാജ്യത്ത് നിന്നെപ്പോലെ ദുഃഖമനുഭവിക്കുന്നവരുണ്ടാകുന്നത് അചിന്തനീയമാണ്.

ഹേ ഋഷഭശ്രേഷ്ഠാ!, സത്യസന്ധനും നിരപരാധിയുമായ നിന്റെ രക്ഷ ഞാന്‍ ഏറ്റെടുക്കുന്നു. പറഞാലും... ആരാണ് നിന്നെ ഈവിധം വിരൂപനാക്കിയത്?... ആരാണിവിടെ പാര്‍ത്ഥന്‍‌മാരുടെ ദൂഷണത്തിനായി ഇറങിത്തിരിച്ചിരിക്കുന്നത്?... സാധുക്കളെ ഹിംസിക്കുന്നവര്‍ക്ക് എന്നില്‍ നിന്നും രക്ഷപെടാന്‍ കഴിയുകയില്ല. അക്രമികള്‍ നശിക്കുമ്പോള്‍ മാത്രമാണ് നിരപരാധികളുടെ ജീവിതം ഭദ്രമാകുന്നത്. നിരപരാധികളെ ദ്വംസിക്കുന്ന അക്രമിമളെ ഞാന്‍ വേരോടെ വകവരുത്തുന്നു. അവര്‍ ഇനി സര്‍‌വ്വാലങ്കാരവിഭൂഷിതരായ ദേവന്‍‌മാരാണെങ്കില്‍ പോലും ആക്കാര്യത്തില്‍ ഉപേക്ഷയില്ല. സത്ജനങളെ സകലവിധത്തിലും രക്ഷിക്കുകയും, ദുര്‍ജ്ജനങളെ അങേയറ്റം ശിക്ഷിക്കുകയും ചെയ്യുകയാണ് ശാസ്ത്രവിധിപ്രകാരം ഉത്തമനായ ഭരണാധികാരിയുടെ പരമമായ ധര്‍മ്മം."

ധര്‍മ്മം പറഞു: "ഹേ രാജന്‍!, അങയുടെ സംസാരം തികച്ചും പാണ്ഡവന്‍‌മാര്‍ക്ക് ചേര്‍ന്നവിധം തന്നെയാണ്. ഭവാന്‍‌മാരുടെ ഭഗവത്പ്രേമത്തില്‍ സന്തുഷ്ടനായി ശ്രീകൃഷ്ണഭഗവാന്‍ പോലും അവിടുത്തെ ദൂതനായി വര്‍ത്തിച്ചിട്ടുണ്ട്. അല്ലയോ പുരുഷര്‍ഷഭാ!, ഞങള്‍ക്ക് വന്നുഭവിച്ചിരിക്കുന്ന ഈ ദുരിതങളുടെ മൂലകാരണമെന്തെന്ന് കൃത്യമായി പറയാല്‍ ഞങള്‍ അശക്തരാണ്. കാരണം, പലരും ഇക്കാര്യത്തില്‍ വ്യത്യസ്ത്ഥാഭിപ്രായങളാണ് ഉന്നയിക്കുന്നത്. ചില പണ്ഡിതന്‍‌മാര്‍ പറയുന്നു, നാം തന്നെയാണ് നമ്മുടെ സകല സുഖദുഃഖങള്‍ക്കും കാരണമെന്ന്... ദൈവകോപമോ ദൈവാനുഗ്രഹമോ ആണ് ഇതിനെല്ലാം കാരണമെന്ന് മറ്റുചിലര്‍... ചിലരാകട്ടെ, കര്‍മ്മത്തെകൂട്ടുപിടിക്കുന്നു. എന്നാല്‍ മറ്റ് ചിലര്‍ പറയുന്നു, പ്രകൃതിയുടെ സ്വഭാവമാണ് ഇതിനൊക്കെ ആധാരമെന്നു. എന്നാല്‍ ഇതിനെക്കുറിച്ച് മറ്റുചില വിദുഷികള്‍ പറയുന്നു, ഈവക കാര്യങള്‍ നമ്മുടെ ചിന്തകള്‍ക്കും അനുമാനങള്‍ക്കുമൊക്കെ അപ്പുറത്താണെന്നാണ്. അതുകൊണ്ട്, ഹേ രാജന്‍!, ഞങള്‍ക്ക് വന്നുചേര്‍ന്ന ഈ വിപത്തിന്റെ മൂലകാരണത്തെ അങുതന്നെ യുക്തമായി ആലോചിച്ചറിഞുകൊള്ളുക."

സൂതന്‍ പറഞു: ഹേ ബ്രാഹ്മണോത്തമന്‍‌മാരേ!, അങനെ, ധര്‍മ്മമായ ഋഷഭത്തില്‍ നിന്ന് ഇത്തരം കേട്ട് പരീക്ഷിത്തിന്റെ സംശയം തികച്ചും അന്യമായി. പരീക്ഷിത്ത് ദൃഢനിശ്ചയത്തോടെ പറഞു.

"ഓ!, അങ് ഒരു ഋഷഭരൂപനാണല്ലോ!, പക്ഷേ അങ് ശാസ്ത്രോക്തമായ സത്യമാണ് സംസാരിക്കുന്നത്. അധര്‍മ്മം ചെയ്യുന്നവന്റേയും, അവന്റെ പേരെടുത്തു പറയുന്നവന്റേയും സ്ഥാനം ഒന്നുതന്നെയാണെന്ന് അങ് മനസ്സിലാക്കുന്നു. അങ് ധര്‍മ്മം തന്നെയാണ്. ഒരു കാര്യം നിശ്ചയമാണ്. ഭഗവാന്റെ ലീലകള്‍ അവര്‍ണ്ണനീയം തന്നെ. ഒരു ഭൂതങള്‍ക്കും അതിനെ മനസ്സുകൊണ്ടോ, വചസ്സുകൊണ്ടൊ നിരൂപണം ചെയ്യാന്‍ സാധ്യമല്ല. ഹേ ധര്‍മ്മമേ!, കൃതയുഗത്തില്‍ അങേയ്ക്ക് തപസ്സ്, സത്യം, ശൗചം, ദയ എന്നിങനെ നാല്‍ പാദങളുണ്ടായിരുന്നു. പക്ഷേ അധര്‍മ്മത്തിലൂടെ മനുഷ്യരുടെ അഹങ്കാരവും, മദവും, കാമവും മൂലം ഇന്ന് നിന്റെ മൂന്നുകാലുകള്‍ നിനക്ക് നഷ്ടമായിരിക്കുന്നു. ഇപ്പോള്‍ സത്യം എന്ന അവശേഷിച്ച ഒറ്റക്കാലിലാണ് നീ നിലകൊള്ളുന്നത്. ഈ ഒറ്റക്കാലില്‍ വല്ലവിധേനയും മുന്നോട്ട് നീങുന്ന നിന്റെ നാലാം കാലും കൂടി ഇല്ലാതാക്കാന്‍ കലി മനുഷ്യരിലൂടെ ഇന്നും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഒരുകാലത്ത് ഭഗവതവതാരങളും മറ്റ് ഉപദേവതകളും ചേര്‍ന്ന് ഭൂഭാരം തീര്‍ത്ത് ഭൂമിയെ രക്ഷിച്ചിരുന്നു. ആ പദന്യാസത്താല്‍ ഭൂമീദേവി സകലവിധ നന്‍‌മകളാലും സൗഭാഗ്യവതിയുമായിരുന്നു. പക്ഷേ സാധ്വിയായ അവള്‍ ഇന്ന് തന്റെ ഭാവിയെയോര്‍ത്ത് വിലപിക്കുകയാണ്. കാരണം, ഇന്നവളെ ഭരിക്കുന്നതും അനുഭവിക്കുന്നതും അബ്രാഹ്മണ്യം കലര്‍ന്ന കുറെ ദുഷ്ടരാജാക്കന്‍‌മാരാണ്."

സൂതന്‍ പറഞു: തുടര്‍ന്ന് മഹാരഥനായ പരീക്ഷിത്ത് രാജാവ് ധര്‍മ്മത്തേയും ഭൂമിയേയും സമാധാനിപ്പിച്ചുകൊണ്ട് തന്റെ മൂര്‍ച്ഛയേറിയ ഖഢ്ഗവുമെടുത്ത് സര്‍‌വ്വാധര്‍മ്മങളുടേയും കാരണക്കാരനായ കലിയെ കൊല്ലുവാനൊരുങി. രാജാവ് തന്നെ കൊല്ലുമെന്ന് മനസ്സിലാക്കിയ കലി തന്റെ വ്യാജമായ രാജകീയപ്രൗഢികളെല്ലാം ഉപേക്ഷിച്ച് ഭഗവിഹ്വലനായി പരീക്ഷിത്തിന്റെ പാദമൂലത്തില്‍ ശരണം പ്രാപിച്ചു. തന്റെ ചരണത്തില്‍ അഭയം തേടിയ കലിയെ വധിക്കാന്‍ ദീനവത്സലനും ശരണ്യനുമായ പരീക്ഷിത്തിനു കഴിഞില്ല. അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് ഇപ്രകാരം പറഞു:

"മഹാനായ അര്‍ജ്ജുനന്‍ വഴി ഞങള്‍ക്കൊരു പാരമ്പര്യമുണ്ട്. ബദ്ധാജ്ഞലിയോടെ അഭയം പ്രാപിക്കുന്നവരെ ഞങള്‍ വധിക്കാറില്ല. പക്ഷേ, അധര്‍മ്മബന്ധുവായ നിനക്ക് ഇനി എന്റെ രാജ്യത്തില്‍ സ്ഥാനമില്ല. ഇന്നെ ഇനി ഈ രാജ്യത്ത് വര്‍ത്തിക്കാന്‍ അനുവദിച്ചാല്‍, നീ ഓരോരോ മനസ്സുകളില്‍ കുടിയേറിക്കൊണ്ട് അതില്‍ ലോഭം, ചതി, പിടിച്ചുപറിക്കല്‍, കലഹം തുടങിയ ഒട്ടേറെ അധര്‍മ്മങളുടെ വിത്തുകള്‍ വിതയ്ക്കും.

ഹേ അധര്‍മ്മബന്ധോ!, യോഗേശ്വരനായ ഭഗവാന്റെ പ്രസാദത്തിനായി പണ്ഡിതന്‍‌മാരാല്‍ യഥാവിധി സത്യാധിഷ്ഠിതമായി യജ്ഞകര്‍മ്മങള്‍ അനുഷ്ഠിക്കപ്പെടുന്ന ഈ ഭാരതവര്‍ഷത്തില്‍ ജീവിക്കാന്‍ നിനക്ക് യാതൊരര്‍ഹതയുമില്ല. ഇങനെയുള്ള മഹായജ്ഞങളില്‍ സം‌പ്രീതനായി, സകല സ്ഥിരജംഗമങളുടേയും അകവും പുറവും നിറഞു വായുവിനെപ്പോലെ കുടികൊള്ളുന്ന ആ ഈശ്വരന്‍ ഞങള്‍ക്ക് സര്‍‌വ്വാഭീഷ്ടങളേയും പ്രദാനം ചെയ്യുന്നു." 

സൂതന്‍ പറഞു: അല്ലയോ ഭൃഗുവര്യാ!, ദണ്ഡവുമുയര്‍ത്തിപ്പിടിച്ച് തന്നെ വധിക്കുവാന്‍ തയ്യാറായി നില്‍ക്കുന്ന പരീക്ഷിത്തിനെ കണ്ട് ഭയത്താല്‍ വിറച്ചുകൊണ്ട് കലി രാജാവിനോട് പറഞു. 

"ഹേ സാര്‍‌വ്വഭൗമാ!, അങയുടെ ആജ്ഞയാല്‍ ഞാന്‍ എവിടെവിടെ വര്‍ത്തിച്ചാലും, അവിടെയൊക്കെ അമ്പും വില്ലും ധരിച്ച അങയെമാത്രമാണ് ഞാന്‍ കാണുന്നത്. അതുകൊണ്ട് അല്ലയോ ധര്‍മ്മരാജന്‍! അങയുടെ അനുശാസനപ്രകാരം എനിക്ക് എന്നെന്നും വര്‍ത്തിക്കാനുള്ള ഇടങള്‍ അവിടുന്നുതന്നെ നിര്‍ദ്ദേശിച്ചരുളിയാലും."

സൂതന്‍ തുടര്‍ന്നു: ഇത്ഥം അഭ്യര്‍ത്ഥിച്ച് നില്‍ക്കുന്ന കലിക്ക് വര്‍ത്തിക്കാന്‍ പരീക്ഷിത്ത് രാജന്‍, ചൂതുകളിസ്ഥലം, മദ്യപാനം ചെയ്യുന്നിടം, വേശ്യാവൃത്തി നടക്കുന്നിടം, അറുവുശാല എന്നിങനെ നാല് അധര്‍മ്മസ്ഥലങള്‍ അനുവദിച്ചുകൊടുത്തു. ഈ നാലിടവും പോരാഞ് കലി വീണ്ടും പരീക്ഷിത്തിനോട് യാചിച്ചതിനെ തുടര്‍ന്ന് രാജാവ് അഞ്ചാമതായി കലിക്ക് വസിക്കാന്‍ സ്വര്‍ണ്ണം കൂടി അനുവദിച്ചുകൊടുത്തു. എന്തെന്നാല്‍ സ്വര്‍ണ്ണമെന്ന വസ്തുവും, അസത്യം, മദം, കാമം, വൈരം, തുടങിയവയുമായി ബന്ധപ്പെട്ടുകിടക്കുന്നു. അങനെ ഉത്തരാപുത്രനായ പരീക്ഷിത്തിന്റെ നിര്‍ദ്ദേശപ്രകാരം കലി തന്റെ പ്രഭാവം ഈ പറഞ അഞ്ചു അധര്‍മ്മഘടകങളില്‍ ഒതുക്കി. ആയതിനാല്‍ ക്ഷേമേച്ഛുക്കളായ മനുഷ്യര്‍, പ്രത്യേകിച്ച് ധര്‍മ്മശീലന്‍‌മാര്‍, രാജാക്കന്‍‌മാര്‍, ലോകത്തെ നയിക്കുന്ന മറ്റുള്ള മഹാത്മാക്കള്‍, ഗുരുക്കന്‍‌മാര്‍ എന്നിങനെയുള്ളവര്‍, ഈ അഞ്ചു ഘടകങളുടേയും സ്വാധീനവലയത്തില്‍ നിന്ന് അകന്ന് കഴിയണം.  അതിനുശേഷം, രാജാവ് ധര്‍മ്മത്തിന് നഷ്ടമായ, തപസ്സ്, ശൗചം, ദയ എന്നീ മൂന്ന് പാദങള്‍ പ്രതിസന്ധിപ്പിക്കുകയും, ഭൂമിദേവിയെ സമാശ്വസിപ്പിച്ച് പുനഃരുദ്ധരിപ്പിക്കുകയും ചെയ്തു. 

അങനെ അതിനുശേഷം, കൗരവേന്ദ്രനും മഹാഭാഗ്യശാലിയുമായ പരീക്ഷിത്ത്, വാനപ്രസ്ഥസമയത്ത് തന്റെ പിതാമഹന്‍ യുധിഷ്ഠിരനാല്‍ ഉപന്യസ്തമായ ഹസ്തിനപുരത്തെ, സിംഹാസനത്തിലിരുന്ന് സകലവിധ ഐശ്വര്യത്തോടും വിജയത്തോടും കൂടി പരിപാലനം ചെയ്ത് കീര്‍ത്തിയാര്‍ജ്ജിച്ചു. ഹേ മുനിമാരേ!, മഹാനുഭാവനായ അഭിമന്യുപുത്രന്‍, പരീക്ഷിത്ത് കാരണം നിങള്‍ക്കും ഇവിടെ ഇങനെയൊരു സത്രം നടത്താന്‍ അവസരം ലഭിച്ചു.

ഇങനെ, ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  പതിനേഴാം അധ്യായം സമാപിച്ചു.

ഓം തത് സത്




2013, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

1.16 പരീക്ഷിത്തിന്റെ രാജ്യത്തില്‍ കലിയുടെ ആഗമനം

ഓം
ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  അദ്ധ്യായം - 16

സൂതന്‍ പറഞു: ഹേ മുനിമാരേ!, പാണ്ഡവന്‍‌മാരുടെ മോക്ഷപ്രാപ്തിക്കുശേഷം, യുവരാജാവ് പരീക്ഷിത്ത് രാജഭരണം ഏറ്റെടുത്തു. ബ്രാഹ്മണോത്തമന്‍‌മാരയ പണ്ഡിതന്‍‌മാര്‍ അദ്ദേഹത്തിന് വേണ്ടവിധം ശിക്ഷണങള്‍ നല്‍കിയനുഗ്രഹിച്ചു. പരീക്ഷിത്തിന്റെ ജനനസമയത്ത് ജ്യോതിഷികള്‍ പ്രവചിച്ച ഗുണഗണങളൊക്കെ അദ്ദേഹത്തിന്റെ രൂപത്തിലും, ഭാവത്തിലും, കര്‍മ്മരംഗത്തും അതേപടികണ്ടു. പരീക്ഷിത്ത് രാജന്‍ കൃപാചാര്യരെ തന്റെ ഗുരുവായി സ്വീകരിച്ചുകൊണ്ട്, ഗംഗയുടെ തീരത്തുവച്ച് മൂന്ന് അശ്വമേധയാഗങള്‍ നടത്തി. ദാനതല്പ്പരനായ അദ്ദേഹം യഥാവിധി ഗുരുക്കന്മാര്‍ക്ക് ദക്ഷിണ നല്‍കി അനുഗ്രഹം തേടി. യജ്ഞവിഹിതത്തില്‍ സന്തുഷ്ടരായ ദേവതകള്‍ ദര്‍ശനം നല്‍കി പരീക്ഷിത്തിനെ അനുഗ്രഹിച്ചു.

ഒരിക്കല്‍, പരീക്ഷിത്ത് ദിഗ്വിജയം ചെയ്തുപോകുന്ന സമയം വഴിയില്‍ കലിയെ കണ്ടു. ശൂദ്രനായ കലി ഒരു രാജാവിന്റെ വേഷത്തില്‍ വന്ന് ഗോമിഥുനങളുടെ കാലുകള്‍ വെട്ടുന്നത് രാജാവ് കണ്ടു. കോപാകുലനായ പരീക്ഷിത്ത് കലിയെ ശിക്ഷിക്കാനൊരുങി.

ശൗനകന്‍ ഇടക്ക് കയറി ചോദിച്ചു: അല്ലയോ സൂതമഹര്‍ഷേ!, ശൂദ്രനായ കലി ഒരു രാജാവിന്റെ വേഷത്തില്‍ തന്റെ രാജ്യത്തില്‍ വന്ന് നിരപരാധികളായ ഗോമിഥുനങളെ ഹിംസിച്ചു. എന്നിട്ടും പരീക്ഷിത്ത് എന്തുകൊണ്ടാണ് തുച്ഛമായ ശിക്ഷ നല്‍കി കലിയെ പോകാനനുവദിച്ചത്? ഭഗവാനുമായി എന്തെങ്കിലും ബന്ധമുള്ളതാണീ സംഭവമെങ്കില്‍ അത് കേള്‍ക്കാന്‍ ഞങള്‍ക്ക് അതിയായ താല്പ്പര്യമുണ്ട്. കാരണം, ഭഗവാന്റെ ഭക്തന്‍‌മാര്‍ എപ്പോഴും ആ പാദമലരിലെ മകരന്ദം നുകരുന്നതില്‍ വ്യാപൃതരാണ്. മാത്രമല്ല, അങനെയിരിക്കെ അസത്തായ മറ്റുവിഷയങള്‍ പറഞ് ഒരുവന്‍ തന്റെ ആയുസ്സ് വ്യര്‍ത്ഥമാക്കുന്നതെന്തിന്?

ഹേ സൂതാ!, മൃത്യുവിനെ ജയിച്ച് അമരത്വം നേടാന്‍ ആഗ്രഹിക്കുന്ന ഏറെ ജീവികള്‍ ഇവിടെയുണ്ട്. അവരാകട്ടെ ഈ കുറഞ ആയുസ്സില്‍ തന്നെ മരണനിയന്താവായ മൃത്യുനാഥാനെ ഇവിടെ ആവാഹിച്ച് വരുത്തി തങളുടെ നരകയാതനകളില്‍ നിന്ന് രക്ഷനേടാന്‍ പ്രാര്‍ത്ഥിക്കുന്നു. ആ അന്തകന്‍ ഹൃദയത്തിലുള്ളിടത്തോളം ഒരുവന്‍ മരണത്തില്‍ നിന്നകന്നു കഴിയുന്നു. അതിനായി മൃത്യുവിനെ ജയിക്കാന്‍ ഇച്ഛിച്ച്, ആ ഭഗവാന്റെ അടിമയായിരിക്കുന്നവര്‍ അവന്റെ ലീലകളാകുന്ന അമൃതത്തെ നുകര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ അല്പ്പബുദ്ധികളും അലസന്‍‌മാരുമായ മനുഷ്യരാകട്ടെ, രാത്രിമുഴുവന്‍ ഉറങിയും, പകല്‍ മുഴുവന്‍ വ്യര്‍ത്ഥമായ കര്‍മ്മങളില്‍ മുഴുകിയും തങളുടെ അല്പ്പമായ ആയുസ്സിനെ പാഴാക്കുന്നു.

സൂതന്‍ തുടര്‍ന്നു: പരീക്ഷിത്തിന്റെ ഭരണകാലത്ത്, തന്റെ രാജ്യത്തില്‍ കലി വ്യാപൃതമായ വാര്‍ത്തയറിഞ്, രോഷാകുലനായ രാജാവ് അമ്പും വില്ലുമായി കലിയെ നേരിടാനായി പുറപ്പെട്ടു. കുതിരകളും, ആനകളും, കലാളുമൊക്കെയടങുന്ന സൈന്യവുമായി പരീക്ഷിത്ത്, കറുത്ത കുതിരകളെ പൂട്ടിയതും, സിംഹത്തിന്റെ ചിത്രമെഴുതിയ കൊടികെട്ടിയതുമായ മനോഹരമായ തന്റെ രഥത്തില്‍, കലിയെ വകവരുത്തുവാന്‍ രാജ്യത്താകമാനം യാത്രയാരംഭിച്ചു. അദ്ദേഹം ഭദ്രാശ്വം, കേതുമാല, ഭാരതവര്‍ഷം, ഉത്തകുരു, കിം‌പുരുഷം എന്നീ രാജ്യങള്‍ ജയിച്ച്, ജനങളുടെ ശ്രദ്ധയാകര്‍ഷിച്ചു. കലിയെ നശിപ്പികാനായി പോയ എല്ലായിടങളിലും, ഭക്തോത്തമന്‍‌മാരായ പാണ്ഡവരുടെ കീര്‍ത്തിയെക്കുറിച്ചും, ഭഗവാന്റെ എണ്ണമറ്റ ലീലകളെക്കുറിച്ചും പരീക്ഷിത്ത് യഥേഷ്ടം കേട്ടു. താന്‍ മാതൃഗര്‍ഭത്തില്‍ വച്ച് അശ്വത്ഥാമാവിന്റെ ബ്രഹ്മാസ്ത്രതേജസ്സില്‍ നിന്നു ഭഗവാനാല്‍ രക്ഷിക്കപെട്ട ചരിത്രമൊക്കെ അവിടെയെല്ലാം ആള്‍ക്കാര്‍ പാടിനടന്നു. പാണ്ഡവന്‍‌മാരോടുള്ള വൃഷ്ണികുലത്തിന്റെ ഭക്തവാത്സല്യവും അവര്‍ തെരുതെരെ കൊട്ടിപ്പാടിനടന്നു. ആ വര്‍ണ്ണനങള്‍ കേട്ട് സന്തുഷ്ടനായ പരീക്ഷിത്ത് അവര്‍ക്കെല്ലാം വസ്ത്രങളും, സ്വര്‍ണ്ണമാലകളും കൊടുത്ത് അവരെ സംതൃപ്തരാക്കി.

പ്രപഞ്ചത്തെ മുഴുവന്‍ അനുസരിപ്പിക്കുന്ന ഭഗവാന്‍ വിഷ്ണു, കൃഷ്ണാവതാരം പൂണ്ട്, പാണ്ഡവന്‍‌‌മാരുടെ സേവകനായി, അര്‍ജ്ജുനന്റെ സാരഥിയായി, അവരുടെ കാര്യസ്ഥനായി, സുഹൃത്തായി, ദൂതനായി, കാവല്‍ക്കാരനായി, അവരുടെ ആജ്ഞയ്ക്കൊത്തനുസരിച്ചു. ആ ഭഗവാനെക്കുറിച്ച് അവിടുത്തെ ജനങളില്‍ നിന്നുകേട്ടപ്പോള്‍ പരീക്ഷിത്തിന്റെ ഹൃദയം ഭഗവത് ഭക്തിരസത്തില്‍ മുങിത്താണു നൃത്തം കുതിച്ചു. ഹേ മുനിമാരേ!, തന്റെ പൂര്‍‌വികര്‍ ചെയ്ത സത്ക്കര്‍മ്മങളെപറ്റി നിരന്തരം കേട്ട് പരീക്ഷിത്ത് രാജന്‍ ആശ്ചര്യം കൊണ്ടു നടക്കമ്പോഴുണ്ടായ സംഭവങളെക്കുറിച്ചിനി ഞാന്‍ നിങളോട് സംസാരിക്കാം.

അവശേഷിച്ച ഒറ്റക്കാലില്‍ ഒരു ഋഷഭരൂപത്തില്‍ ചുറ്റിത്തിരിയുന്ന ധര്‍മ്മം, പുത്രരെ നഷ്ടപ്പെട്ട ദുഃഖത്തില്‍ കരുയുന്ന ഭൂമിയെ കാണാനിടയായി. ഗോരൂപിണിയായ ഭൂമിയുടെ കണ്ണുകള്‍ നിറഞൊഴുകി. ധര്‍മ്മം അവളോട് ചോദിച്ചു. "ഹേ ഭദ്രേ!, നീ എന്താണിങനെ ദുഃഖത്തിന്റെ ഛായയില്‍ നിലകൊള്ളുന്നത്?... നിന്റെ മുഖം കറുത്തിരുണ്ടിരിക്കുന്നല്ലോ!... നിനക്കെന്തെങ്കിലും മഹാവ്യാധി പിടിപ്പെട്ടിട്ടുണ്ടോ?... അതോ, ദൂരെയെങോ പോയ പ്രീയസുഹൃത്തിനെ ഓര്‍ത്തുകരയുകയാണോ?... ഇനി ഒറ്റക്കാലില്‍ നില്‍ക്കുന്ന എന്നെയോര്‍ത്താണോ നീ ഇങനെ വിലപിക്കുന്നത്?... അതോ മാംസഭോജികളാല്‍ നാളെ നിനക്കുണ്ടാകാന്‍ പോകുന്ന ദുരവസ്ഥയെ ഓര്‍ത്തിട്ടാണോ?... അല്ലെങ്കില്‍, ദേവന്‍‌മാര്‍ക്കുള്ള യജ്ഞവിഹിതം നഷ്ടപ്പെട്ടതോര്‍ത്തായിരിക്കും ഒരുപക്ഷേ നീ ദുഃഖിക്കുന്നത്!... അതുമല്ലെങ്കില്‍ പിന്നെ ഇവിടെ ജീവികള്‍ക്ക് നേരിടേണ്ടിവരുന്ന വരള്‍ച്ചയും സര്‍‌വ്വനാശവുമോര്‍ത്തായിരിക്കും!... ഹേ ഭവതീ, ഇവിടെ ഈ ഭൂമിയില്‍, കുട്ടികളും സ്ത്രീകളുമനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ ഓര്‍ത്താണോ നീയിങനെ തേങുന്നത്?... അതോ, പണ്ഡിതരായ ബ്രാഹ്മണന്‍‌മാര്‍, ഏത് വാക്ദേവതയുടെ അനുഗ്രഹത്താലാണോ അറിവ് നേടി വിദുഷികളായത്, ആ പരാശക്തിക്ക് തന്നെ വിപരീതമായി കര്‍മ്മങള്‍ ചെയ്യുന്നതുകൊണ്ടാണോ നീയിങനെ വേദനിക്കുന്നത്?... അല്ലെങ്കില്‍, ബ്രഹ്മണ്യത്തെ ചില അധര്‍മ്മികളായ രാജാക്കന്‍‌മാര്‍ക്കുമുന്നില്‍ അടിയറവച്ചുകൊണ്ട് അവരെ ആശ്രയിച്ചുകഴിയുന്ന മൂഢരായ കുറെ ബ്രാഹ്മണകുലജാതരെയോര്‍ത്തോ?... കലിയുടെ അധീനതയിലാണ്ട ഈ രാജാക്കന്‍‌മാരുടെ ഇപ്പോഴത്തെ രാജ്യഭരണം തികച്ചും അനീതിയും അക്രമവും നിറഞതാണ്. ഇന്നാട്ടിലെ ജനങള്‍ ധര്‍മ്മം മറന്നുപോയിരിക്കുന്നു. സ്ഥലകാലബോധമില്ലാതെ അവര്‍ ഉണ്ണുന്നു, കുടിക്കുന്നു, മൈഥുനം ചെയ്യുന്നു. അല്ലയോ ദേവീ, ഇതൊക്കെയാണോ നിന്റെ വിഷമത്തിനു കാരണം?...

ദേവീ, നിന്റെ ഭാരം കുറയ്ക്കാന്‍ ഭഗവാന്‍ ഹരി ശ്രീകൃഷ്ണനാമത്തില്‍ ഇവിടെ അവതരിച്ചിരുന്നു. പക്ഷേ, ജനങളെ അദ്ധ്യാത്മികതയുടെ പാതയിലേക്ക് തിരിച്ചുവിടുന്ന അവന്റെ ലീലകള്‍ ഇന്ന് അവന്റെ തിരിച്ചുപോക്കിലൂടെ, നിനക്ക് നഷ്ടമായിരിക്കുന്നു. ആ നഷ്ടത്തെക്കുറിച്ചോര്‍ത്താകും നീ ഈവിധം സങ്കടപ്പെടുന്നതു. ഹേ വസുന്ധരേ!, ഇതൊന്നുമല്ലെങ്കില്‍ പിന്നെ നീ ഇങനെ തളര്‍ന്നിരിക്കുന്നതിലുള്ള മൂലകാരണം എന്നെ അറിയിച്ചാലും. ദേവന്‍‌മാര്‍ പോലും പുകഴ്ത്തുന്ന നിന്റെ ഈ സൗഭാഗ്യത്തെ, സകലതിന്റേയും അന്തകനായ കാലം, യാതൊരു ദയയുമില്ലാതെ കവര്‍ന്നെടുത്തിട്ടുണ്ടാകുമെന്നു ഞാന്‍ സംശയിക്കുന്നു."

ഭൂമിദേവി പറഞു: "ഹേ ധര്‍മ്മമേ!, അവിടുന്ന് ചോദിച്ച സകല ചോദ്യങളുടേയും ഉത്തരം അങേയ്ക്കുതന്നെ അറിയാവുന്നതാണ്. അങും ഒരുകാലത്ത് നാലുകാലില്‍ വര്‍ത്തിച്ചുകൊണ്ട് ഈ ലോകത്തിനു മുഴുവനും ആനന്ദത്തെ പ്രദാനം ചെയ്തവനായിരുന്നുവല്ലോ!... സര്‍‌വ്വലോകത്തിനുമധിപനായ ആ ആദിനാരായണന്‍, സത്യം, ശൗചം, ദയ, ക്ഷാന്തി, ത്യാഗം, സന്തോഷം, ആര്‍ജ്ജവം, ശമം, ദമം, തപസ്സ്, സമത്വം, തിതിക്ഷ, ഉപരതി, വേദാധ്യായനം, ജ്ഞാനം, വിരക്തി, ഐശ്വര്യം, ശൗര്യം, ശക്തി, തേജസ്സ്, സ്മൃതി, സ്വാതന്ത്ര്യം, കൗശലം, കാന്തി, ധൈര്യം, മാര്‍ദ്ധവം, പ്രാഗല്ഭ്യം, കുലീനത, ശീലം, നിശ്ചയദാര്‍ഢ്യം, ഓജസ്സ്, ബലം, ഭാഗം, ഗാംഭീര്യം, സ്തൈര്യം, ആസ്തിക്യം, കീര്‍ത്തി, മാനം, അനഹംകൃതി,  അദ്ധ്യാത്മികം ഇത്യാദി ഗുണങളാല്‍ സമ്പന്നനാണ്. ആ നാരായണന്റെ ലീലകള്‍ ഇന്ന് ഈ എന്നില്‍ ഇല്ലാതായിരിക്കുന്നു. അവന്റെ അസാന്നിധ്യം കലി തീര്‍ത്തും മുതലെടുത്തിരിക്കുന്നു. ഇതാണ് ഇന്ന് എന്റെ ഹൃദയത്തെ കാര്‍ന്നുതിന്നുന്ന ദുഃഖം. ഞാന്‍ എന്നെക്കുറിച്ചുമാത്രമല്ല വേവലാതിപ്പെടുന്നത്. അങയെക്കുറിച്ചും, ദേവദേവോത്തമന്‍‌മാരെക്കുറിച്ചും, പിതൃക്കളെക്കുറിച്ചും, ഋഷികളെക്കുറിച്ചും, സാധുക്കളായ ഭക്തന്‍‌മാരെക്കുറിച്ചും, മറ്റു വര്‍ണ്ണാശ്രമങളിലുള്ള സകലമാന ജനങളെക്കുറിച്ചും എനിക്ക് അതിയായ സങ്കടമുണ്ട്. 

ഐശ്വര്യദേവതയായ ശ്രീമഹാലക്ഷ്മിയുടെ അനുഗ്രഹവര്‍ഷത്തിനായി ബ്രഹ്മാദിദേവതകള്‍ പോലും എന്നെന്നും തപംചെയ്ത് അവളെ ആരാധിക്കുന്നു. എന്നാല്‍ ആ ദേവിയാകട്ടെ തന്റെ വാസസ്ഥലമായ അരവിന്ദവനം വിട്ട് ഭഗവാന്റെ സവിധത്തില്‍, ആ കാല്‍ക്കല്‍ പാദസേവ ചെയ്യുന്നു. ആ ഭഗവാന്‍ ഇവിടെയുണ്ടായിരുന്നസമയം തന്റെ താമരപ്പൂക്കളും, കേതുവും, കുലിശവും, അങ്കുശവും ഒക്കെക്കൊണ്ട് എന്നെ അലങ്കരിച്ചനുഗ്രഹിച്ചിരുന്നു. പക്ഷേ, ഇന്ന് ആ നാരായണന്‍ എന്നെവിട്ട് സ്വധാമഗമനം ചെയ്തിരിക്കുന്നു. രാക്ഷസവംശജരായ അനേഹം അധാര്‍മ്മിക രാജാക്കന്‍‌മാരുടെ അക്ഷൗഹിണിപ്പടകളെ ചുമക്കാന്‍ ത്രാണിയില്ലാതായ എന്റെ ചുമലില്‍ നിന്ന് ആ ഭാരമൊഴിച്ച്, ആ നാരായണന്‍ എന്നെ അനുഗ്രഹിച്ചിട്ടുണ്ട്. എന്നെ മാത്രമല്ല, ഒരുനാള്‍ ശക്തി ക്ഷയിച്ച അങയേയും ആ ഭഗവാന്‍ യഥുകുലത്തില്‍ അവതാരമെടുത്തുകൊണ്ട് കാത്തരുളി. സുന്ദരിയായ സത്യഭാമയെ വശ്യമായ പുഞ്ചിരികൊണ്ടും, കടക്കണ്‍ ചലനങള്‍ കൊണ്ടും വശത്താക്കാന്‍ കഴിഞ ആ ഭഗവാനെ പിരിഞിരിക്കാന്‍ ആര്‍ക്കാണിവിടെ കഴിയുക?... ഭൂമിയായ എന്നിലൂടെ ആ ഭഗവാന്‍ നടക്കുമ്പോള്‍ അവന്റെ പാദധൂളികളാല്‍ ഞാന്‍ പവിത്രമായി. ആ പാദസ്പര്‍ശത്തിന്റെ ശീതളിമയില്‍ എന്നിലുതിര്‍ന്ന രോമാഞ്ചത്തില്‍ എഴുന്നുനിന്ന നിബിഢതനുരുഹങളാണ് ഈ വൃക്ഷവൃന്ദങള്‍." 

സൂതന്‍ പറഞു: ഹേ മുനിമാരേ!, കിഴക്കോട്ടൊഴുകുന്ന സരസ്വതീനദിയുടെ തീരത്ത് ഭൂമിയും, ധര്‍മ്മവും കൂടി ഇങനെ ഭഗവാന്റെ മഹിമകള്‍ വാഴ്ത്തിനില്‍ക്കുന്നതിനിടയില്‍ രാജര്‍ഷിയായ പരീക്ഷിത്ത് അവിടെയെത്തി.

ഇങനെ, ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  പതിനാറാമധ്യായം സമാപിച്ചു.

ഓം തത് സത്



2013, ഒക്‌ടോബർ 16, ബുധനാഴ്‌ച

1.15 പാണ്ഡവരുടെ ഭഗവത്പ്രാപ്തി

ഓം

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  അദ്ധ്യായം - 15

.
സൂതന്‍ പറഞു" അല്ലയോ മുനിമാരേ!, ഭഗവാന്‍ ശ്രീകൃഷ്ണന്റെ വിയോഗത്താല്‍ ആകെ വ്യാകുലനായ അര്‍ജ്ജുനന്‍ ജ്യേഷ്ഠന്‍ യുധിഷ്ഠരന്റെ പലതരത്തിലുള്ള സംശയങളും കൂടി കേട്ടുകഴിഞപ്പോള്‍ തീര്‍ത്തും തളര്‍ന്നുപോയി. ആര്‍ത്തനായ അര്‍ജ്ജുനന്റെ വായും ഹൃദയവും വറ്റിവരണ്ടു. തേജസ്സറ്റ ശരീരവുമായി ഭഗവാനെ ഓര്‍ത്തുണ്ടായ സങ്കടത്തില്‍ ജ്യേഷ്ഠനോടൊരുവാക്കുപോലും ഉരിയാടാന്‍ അര്‍ജ്ജുനനു കഴിഞില്ല. വിരഹദുഃഖത്താലുതിര്‍ന്ന കണ്ണുനീര്‍ തുടയ്ക്കുന്തോറും, ഭഗവാനെ ഓര്‍ത്തുള്ളസങ്കട വീണ്ടും വീണ്ടും അര്‍ജ്ജുനന്റെ ഹൃദയത്തില്‍ ആര്‍ത്തിരമ്പി.

മിത്രമായും, സഖാവായും, കൂട്ടുകാരനായും, തേരാളിയായുമൊക്കെ തന്നോടൊപ്പമുണ്ടായിരുന്ന ഭഗവാനെ ഓര്‍ത്തുകൊണ്ട്, കണ്ണീരൊഴുക്കി, ദീഘമായി നിശ്വസിച്ചുകൊണ്ട്, അര്‍ജ്ജുനന്‍ യുധിഷ്ഠിരരോട് പറഞു: "ഹേ മഹാരാജന്‍!, എന്റെ ആത്മമിത്രമായി എന്നോടൊപ്പമുണ്ടായിരുന്ന ഭഗവാന്‍ ഹരി ഇന്ന് എന്നെ വിട്ട് പിരിഞിരിക്കുന്നു. ദേവന്മാരെപോല്ലും അമ്പരിപ്പിച്ചിരുന്ന ആ ശക്തി ഇന്നെനിക്ക് നഷ്ടമായിരിക്കുന്നു. ആരെ കൂടാതെ പ്രപഞ്ചത്തിലെ സകലമാനവസ്തുക്കളും ജഢങളാകുന്നുവോ, ആ ഭഗവാന്‍ എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ആ ഭഗവാന്റെ കാരുണ്യം കൊണ്ടാണ്, ധനത്തെ മോഹിച്ച് ദ്രുപദരാജ്യത്തെ സ്വയവരപന്തലില്‍ വന്ന ദുഷ്ടരാജാക്കന്മാരെ തോല്പ്പിച്ച്, മത്സ്യത്തെ അമ്പെയ്തിവീഴ്ത്തി, ദ്രൗപതിയെ പാണിഗ്രഹണം ചെയ്യാന്‍ എനിക്ക് സാധിച്ചത്. ആ ഭഗവാന്റെ കൃപയാല്‍ എനിക്ക് ഇന്ദ്രനെപ്പോലും സുരൗഘത്തോടെ തോല്പ്പിക്കാന്‍ കഴിഞു. തുടര്‍ന്ന് ഞാന്‍ അഗ്നിദേവനെ ഖാണ്ഡവവനം നശിപ്പിക്കാന്‍ സഹായിച്ചു. അവിടെ നിന്നും ഞാന്‍ രക്ഷിച്ചെടുത്ത മയന്‍ പ്രത്യുപകാരമായി നമുക്ക് സുന്ദരമായൊരു സഭയുണ്ടാക്കി തന്നു. അവിടെ രാജസൂയയാഗസമയത്ത് സകലരാജാക്ക്ന്മാരും ഒത്തുകൂടി യാഗം മംഗളകരമാക്കി.

കൃഷ്ണന്റെ അനുഗ്രഹത്താലാണ്, രാജസൂയവേളയില്‍, നമ്മുടെ അനുജന്‍, ആയിരം ആനകളുടെ കരുത്തുള്ള ഭീമസേനന്‍, അനേകം രാജാക്കന്മാരുടെ ആരാധനാപാത്രമായ ജരാസന്ധനെ കൊന്നത്. മഹാഭൈരവന് കുരുതികൊടുക്കാനായി ജരാസന്ധന്‍ കൊണ്ടുവന്ന ആ രാജാക്കന്മാരെ നമുക്കു രക്ഷിക്കാനായതും കാരുണ്യവാനായ ആ ഭഗവാന്റെ അനുഗ്രഹം ഒന്നുകൊണ്ടുമാത്രം. അന്ന് അവര്‍ അങയെ ആദരപൂര്‍‌വ്വം വന്ദിച്ചിരുന്നു.

അധര്‍മ്മിയായ ദുശ്ശാസനന്‍ കാരണം, രാജസൂയവേളയില്‍ ഭംഗിയായി കെട്ടിവച്ചിരുന്ന മുടി ദ്രൗപതിക്ക് അഴിച്ചിടേണ്ടി വന്ന്. അന്ന് അവള്‍ ആ ഭഗവാന്റെ കാല്‍ക്കല്‍ വീണ് കണ്ണീരൊഴുക്കി വിലപിച്ചു. അതിന്റെ ഫലമായി കൗരവരുടെ സകല പത്നിമര്‍ക്കും തങളുടെ മുടിക്കെട്ടുകള്‍ അഴിച്ചിടേണ്ടിവന്നു.

അന്ന് നമ്മുടെ വനവാസകാലത്ത്, ദുര്‍‌വാസാവ് മഹര്‍ഷി തന്റെ പതിനായിരം ശിഷ്യഗണങള്‍ക്കൊപ്പം ദുര്യോധനന്റെ പക്ഷം ചേര്‍ന്ന് നമ്മളെ പരീക്ഷിക്കാനെത്തിയ സമയത്ത്, ഈ ഭഗവാനാണ് നമ്മുടെ ഉച്ചിഷ്ടം ഉണ്ടുകൊണ്ട്, കുളിച്ചുകൊണ്ട്നിന്ന മുനിവൃന്ദങളെ തന്റെ യോഗമായയാല്‍ ഊട്ടി, നമ്മെ അത്യപകടത്തില്‍ നിന്നു രക്ഷിച്ചുകൊണ്ട്, സകലലോകങളേയും സംതൃപ്തമാക്കിയത്. എന്റെ യുദ്ധകൗശലം കണ്ട് വിസ്മയപ്പെട്ട്, മഹാദേവനും പാര്‍‌വ്വതീദേവിയും എന്നില്‍ സം‌പ്രീതരായി അവര്‍ തങളുടെ ആയുധങള്‍ എനിക്ക് തന്നനുഗ്രഹിച്ചു. കൂടാതെ അങ് സ്വര്‍ഗ്ഗലോകത്ത് ദേവേന്ദ്രന്റെ സന്നിധിയില്‍ ഞാന്‍ ഈ ഉടലോടുകൂടി പോകുകയും അവിടെ എനിക്ക് അര്‍ത്ഥാസനം ലഭിക്കുകയും ചെയ്തു. അതും ആ ഭഗവാന്റെ കാരുണ്യമല്ലാതെ എന്താണ്. അന്ന്, ഞാന്‍ സ്വര്‍ഗ്ഗലോകത്ത് അദിതിയായിരുന്ന കാലം, ദേവന്മാരെ ആക്രമിക്കാനെത്തിയ നിവാതകവചന്‍ എന്ന അസുരരാജനെ നിഗ്രഹിക്കാന്‍, ആ ഭഗവാന്റെ കൃപയാല്‍, എന്റെ ഖാണ്ഡീവം കൊണ്ട് എനിക്ക് ദേവഗണങളെ സഹായിക്കാന്‍ കഴിഞു. പക്ഷേ, ഇന്ന് ആ ഭഗവാന്‍ എന്നോടൊപ്പമില്ല.

ആ ഭഗവാനെ തേരാളിയായി എന്റെ രഥത്തിനുമുന്നിലിരുത്തിക്കൊണ്ടാണ് ഞാന്‍ കൗരവസൈന്യമായ കരകാണാത്ത മഹാസമുദ്രത്തെ തകര്‍ത്തുകടന്നതും, ശത്രുക്കളുടെ ശിരസ്സില്‍നിന്നും ഔജ്വല്യവും, മണിമയവുമായ രത്നങള്‍ പതിപ്പിച്ച കിരീടങള്‍ ബലാത്കാരമായി തിരിച്ചു നേടിയെടുത്തതുമൊക്കെ. കൗരവരുടെ സൈന്യം അത്യന്തം ശക്തവും, പര്യാപ്തവുമായിരുന്നു. പക്ഷേ എന്റെ തേര്‍തട്ടിലിരുന്ന് കടക്കണ്ണെയ്ത് ആ ഭഗവാന്‍ ഭീഷ്മര്‍, ദ്രോണര്‍, കര്‍ണ്ണന്‍, ശല്യന്‍ തുടങിയ ശക്തിമാന്മാരായ കൗരവയോദ്ധാക്കളുടെ ആയുസ്സിനേയുയും, മാനസ്സികവികാരങളേയും ഹരിച്ചു. യുദ്ധത്തില്‍ ഭീഷ്മര്‍, ദ്രോണര്‍, കര്‍ണ്ണന്‍, ഭൂരിശ്രവസ്സ്, സുശര്‍മ്മരാജാവ്, ജയദ്രദരാജന്‍, ശല്യര്‍, എന്നുവേണ്ടാ സകലയോദ്ധാക്കളും എന്റെ നേരേ തീവ്രവും, അഗോചരവുമായ അസ്ത്രങള്‍ പ്രയോഗിച്ചു. പക്ഷേ, അസുരന്മാരുടെ നിരവധി വധശ്രമങളിനിന്നും പ്രഹ്ലദമഹാരജന്‍ രക്ഷപെട്ടതുപോലെ, ആ നാരായണന്റെ കാരുണ്യത്താല്‍, ഓരോ ശരങളും എന്നെ സ്പര്‍ശിക്കാതെ കടന്നുപോയി. യുദ്ധത്തിനിടയില്‍ എന്റെ കുതിരകള്‍ക്ക് ദാഹിച്ചപ്പോള്‍, ആ ഭഗവാനെ കണ്ടുണ്ടായ ധൈര്യത്തില്‍, ഞാന്‍ ജലത്തിനായി പോയി. ആ സമയം അവനെന്നെ ശത്രുക്കളുടെ അസ്ത്രങളില്‍നിന്നും കാത്തുരക്ഷിച്ചു. പക്ഷേ അജ്ഞാനിയായ ഞാന്‍, ജ്ഞാനികള്‍ പോലും മോക്ഷത്തിനായി പൂജിക്കുന്ന, ആ ഭഗവാനെ എന്റെ തേരാളിയായി കണ്ടു.

പുഞ്ചിരിയോടെ ആ ഭഗവാന്‍ പറഞിട്ടുള്ള നര്‍മ്മങള്‍ എത്ര ഹൃദ്യമായിരുന്നു!... ഹൃദയം തൊട്ടുണര്‍ത്തുന്ന തരത്തില്‍, പാര്‍ത്ഥാ, അര്‍ജ്ജുനാ, കുരുനന്ദനാ, സഖേ, എന്നൊക്കെ എന്നെ സംബോധന ചെയ്ത എന്റെ മാധവന്റെ വാക്കുകള്‍ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. ഊണിലും, ഉറക്കത്തിലും, പ്രവൃത്തിയിലും, ഒരുക്കത്തിലും, ഇരിപ്പിലും, കിടപ്പിലുമൊക്കെ ഞങള്‍ ഒരുമിച്ചായിരുന്നു. - "ഹേ സുഹൃത്തേ, നീ പാരമാര്‍ത്ഥികനാണ്" - എന്നൊക്കെ പറഞ് ആ പരമാത്മാവിനെ ഞാന്‍ ഒരു മനുഷ്യനെയെന്നപോലെ പലതരത്തില്‍ തരം താഴ്ത്തിയിട്ടുണ്ട്. അപ്പോഴെല്ലാം എന്റെ അറിവില്ലായ്മയെ ആ ഭഗവാന്‍ ഒരു നല്ല കൂട്ടുകാരനോടെന്നപോലെ, ഒരു നല്ല അച്ഛന്‍ മകനോടെന്നപോലെ, പൊറുത്ത് മാപ്പാക്കിയുട്ടുണ്ട്.

ഹേ മഹാരാജന്‍!, ഇന്നിതാ എന്റെ സുഹൃത്തും വഴികാട്ടിയുമായിരുന്ന ഭഗവാന്‍ ശ്രീകൃഷ്ണനെ എനിക്ക് നഷ്ടമായിരിക്കുന്നു. ആ നഷ്ടം എന്റെ ഹൃദയത്തെ ശൂന്യമാക്കിയിരിക്കുന്നു. കൃഷ്ണന്‍ എന്നില്‍ നിന്നകന്നതോടെ ഞാന്‍ തോല്‍ക്കാന്‍ തുടങിയിരിക്കുന്നു. കൃഷ്ണന്റെ ഭാര്യമാരുടെ ശരീരത്തെ സം‌രക്ഷിച്ചുകൊണ്ട് വരുന്ന വഴിയില്‍, കുറെ ഗോപന്‍‌മാര്‍ എന്നെ തോല്പ്പിച്ചു. ആ പഴയ ഖാണ്ഡീവവും, ശരങളും, രഥവും, കുതിരകളുമൊക്കെയാണ് ഇപ്പോഴും എന്നോടൊപ്പമുള്ളത്. അന്ന് അതിസമര്‍ത്ഥമായി യുദ്ധം ചെയ്ത അര്‍ജ്ജുനനാണിത്. അന്ന് സകലരും വാനോളം പുകഴ്ത്തിയ പാര്‍ത്ഥന്‍ തന്നെയാണീ ഞാന്‍. പക്ഷേ എന്തിനുപറയാന്‍, സര്‍‌വ്വം ശൂന്യമായിരിക്കുന്നു. ആ ഭഗവാന്‍ എന്നെ വിട്ടുപിരിഞ ക്ഷണത്തില്‍ തന്നെ എല്ലാം, ചാരത്തിലേക്കൊഴിക്കപ്പെടുന്ന നെയ് പോലെ, ഇന്ദ്രജാലത്തില്‍ നിന്നുണ്ടാകുന്ന ധനം പോലെ, അഥവാ പാഴ്നിലത്തില്‍ പാകുന്ന വിത്തുകള്‍ പോലെ അര്‍ത്ഥശൂന്യമായിരിക്കുന്നു. 

ഹേ മഹാരാജന്‍!, അങ് ചോദിച്ചതുകൊണ്ട് ഞാന്‍ പറയാം. ദ്വാരകയിലുണ്ടായിരുന്ന നമ്മുടെ ബന്ധുമിത്രാദികളെല്ലാം ഒരു വിപ്രശാപത്താല്‍ നശിക്കാന്‍ വിധിക്കപ്പെട്ടുകഴിഞിരുന്നു. തത്ഫലമായി അവര്‍ മദ്യത്തിനടിമപ്പെട്ട് മൂഢന്‍‌മാരായി പരസ്പരം കലഹിച്ചും തല്ലിയും, നാലോ അഞ്ചോ പേര്‍ അവശേഷിക്കെ, സകലരും യമപുരം പ്രാപിച്ചിരിക്കുന്നു. ഇതെല്ലാം ആ നാരായണന്റെ ചേഷ്ടിതങളാണ്. ചിലപ്പോള്‍ മനുഷ്യര്‍ പരസ്പരം കൊല്ലുകയും ചാകുകയും ചെയ്യുന്നു. മറ്റുചിലപ്പോള്‍ അവര്‍ അന്യോന്യം രക്ഷിതാക്കളാകുന്നു. ഹേ രാജന്‍!, ജലാശയങളില്‍ വലിയ ജലജീവികള്‍ ചെറിയവയെ വിഴുങുന്നതുപോലെ, ഭഗവത് പ്രേരണയാല്‍ തന്നെ, വലിയവയും, കരുത്തുറ്റവയുമായ യഥുക്കള്‍, ചെറിയവും, ശക്തിയറ്റതുമായ യഥുക്കളെ നശിപ്പിക്കുന്നു. 

ഏത് സ്ഥലത്തിനും കാലത്തിനും അനുയോജ്യമായി, ഹൃദയത്തിലുണ്ടാകുന്ന സകല താപങളും ഇല്ലാതാക്കാന്‍ പാകത്തില്‍ ആ ഗോവിന്ദന്‍ എനിക്കു നല്കിയ ഉപദേശങളില്‍ ഇന്നിതാ ഞാന്‍ അഭയം പ്രാപിക്കുന്നു. 

സൂതന്‍ തുടര്‍ന്നു: അങനെ ഭഗവത് പാദപങ്കജത്തേയും, അത്യന്തം സൗഹൃദഭാവത്തില്‍ ഭഗവാന്‍ അര്‍ജ്ജുനന് ഉപദേശിച്ചിരുന്ന അദ്ധ്യാത്മജ്ഞാനത്തേയും ധ്യാനിച്ചുകൊണ്ട് അര്‍ജ്ജുനന്‍ ഭൗതികനഷ്ടങളെയെല്ലാം മറന്നു ഹൃദയത്തില്‍ ശാന്തിനേടി. നിരന്തരധ്യാനത്തിലൂടെ വാസുദേവനിലുള്ള അര്‍ജ്ജുനന്റെ രതി കൂടി കൂടി വന്നു. അങനെ ആ ജീവന്റെ സകലവ്യഥകളും തീര്‍ന്നു. ഭഗവാനോടൊപ്പമുള്ള കാലത്തെക്കുറിച്ചും, അവന്റെ ലീലകളെക്കുറിച്ചും, അന്ന് യുദ്ധമധ്യത്തില്‍ വച്ച് തനിക്കുപദേശിച്ച അദ്ധ്യാത്മികജ്ഞാനത്തേയും പുനര്‍‌വിചിന്തനം ചെയ്ത് അര്‍ജ്ജുനന്‍ തന്റെ ഹൃദയത്തെ മൂടിമറച്ചിരുന്ന അജ്ഞാനാന്ധകാരത്തെ നീക്കി ചിത്തത്തെ പ്രകാശമാനമാക്കി. ആ അദ്ധ്യാത്മികജ്ഞാനസമ്പത്ത് കൈവശമുണ്ടായിരുന്നതുകൊണ്ട് അര്‍ജ്ജുനന്‍ ദ്വൈതചിന്തയകന്ന് സകലസംശയങളേയും ചീന്തിയെറിഞു. പ്രകൃതിയുടെ സത്വം, രജസ്സ്, തമസ്സ് എന്നിത്യാദി മൂന്ന് ഗുണങള്‍ക്കുമതീതനായി ആ പുണ്യാത്മാവ് ജനനമരണാദികളാകുന്ന ഭൗതികചക്രത്തില്‍ നിന്നും എന്നെന്നേക്കുമായി മുക്തനായി. 

അര്‍ജ്ജുനനില്‍ നിന്നും യഥുവംശത്തിന്റെ പര്യന്തവും, ഭഗവാന്‍ അവതാരലക്‌ഷ്യം പൂര്‍ത്തിയാക്കി സ്വധാമഗമനം ചെയ്ത സത്യവും കേട്ടറിഞ് യുധിഷ്ഠിരന്‍ ഭഗവാനില്‍ ചേരാനുള്ള വഴിയെക്കുറിച്ച് ആലോചിച്ചുതുടങി. അര്‍ജ്ജുനന്റെ സംസാരം കുന്തീദേവിയും മറഞുനിന്നുകേട്ടു. തുടര്‍ന്ന് ഭഗവാനില്‍ അനുസ്യൂതം ഭക്തിചെയ്ത് അവരും സംസൃതിയില്‍ നിന്നു മുക്തിനേടി. 

സര്‍‌വത്രസമഭാവത്തോടുകൂടി, മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന ലാഘവത്തില്‍, അജനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ സ്വേച്ഛയാല്‍ യഥുകുലം മുച്ചൂടും തകര്‍ത്ത് ഭൂമീദേവിയുടെ ഭാരം തീര്‍ത്ത് അവളെ അനുഗ്രഹിച്ചു. എപ്രകാരമാണോ ഒരു ഇന്ദ്രജാലനടന്‍ ഒരു ജീവിയെ മാറ്റി മറ്റൊന്നിനെ സൃഷ്ടിക്കുന്നത്, അപ്രകാരം ഭഗവാന്‍, മത്സ്യം തുടങിയ തന്റെ അവതാരങളെപ്പോലെതന്നെ കൃഷ്ണാവതാരശരീരത്തെയും ത്യജിച്ച് ഭൂഭാരം തീര്‍ത്തു. 

മുനിമാരേ!, ഭഗവാന്‍ മുകുന്ദന്‍ എന്ന് ഈ ഭൂലോകത്തുനിന്നും ഭൗതികമായി അപ്രത്യക്ഷമായോ, അന്നുമുതല്‍ കലി ഇവിടെ സ്ഥാനമേറ്റുകൊണ്ട് അജ്ഞാനികള്‍ക്ക് അമംഗളങളുളവാക്കി തുടങി. പുരത്തിലും, രാഷ്ട്രത്തിലും, എന്തിനുപറയാന്‍ വീടുകള്‍ തോറും, ലോഭം, കള്ളത്തരം, ഉപദ്രവം, ദുര്‍മ്മന്ത്രണം തുടങിയ അധര്‍മ്മങള്‍ പെരുകുന്നത് യുധിഷ്ഠിരന്‍ കണ്ടറിഞു. അദ്ദേഹം തന്റെ ഉത്ഭവസ്ഥാനത്തേക്ക് ചേക്കേറാനുള്ള ഒരുക്കങള്‍ കൂട്ടിത്തുടങി. അദ്ദേഹം തന്നോളം വളര്‍ന്ന്, അതിസമര്‍ത്ഥനായ തന്റെ കൊചുമകന്‍ പരീക്ഷിത്തിനെ രാജ്യഭാരമേല്പ്പിച്ച് പട്ടാഭിഷേഹം നടത്തി. പിന്നീട് അനിരുദ്ധന്റെ പുത്രനായ വജ്രനെ മധുരയില്‍ ശൂരസേനരാജാവായി വാഴിച്ചു. തുടര്‍ന്ന്, യുധിഷ്ഠിരന്‍ സന്ന്യാസജീവിതത്തിനു തുടക്കം കുറിച്ചു. അദ്ദേഹം പട്ടുവസ്ത്രങളും, ആഭരണങളുമൊക്കെ പൂര്‍ണ്ണവിരക്തിയോടുകൂടി  ഉപേക്ഷിച്ചു. തന്റെ വാക്കുകളും, മറ്റിന്ദ്രിയങളും മനസ്സിലേക്ക് അടക്കി. മനസ്സ് പ്രാണലേക്കും, പ്രാണന്‍ ശ്വാസത്തിലേക്കും, ശ്വാസത്തെ ഒടുവില്‍ മരണാവസ്ഥയിലേക്കും എത്തിച്ചു. അങനെ യോഗമാര്‍ഗ്ഗത്തിലൂടെ പഞ്ചഭൂതാത്മകമായ ആ ശരീരം പ്രകൃതിയുടെ ത്രൈഗുണ്യങളിലേക്ക് അര്‍പ്പിക്കപ്പെട്ടതോടെ, ബോധത്തെ അദ്വൈതമായ പരമാത്മതത്വത്തില്‍ ചേര്‍ത്ത് ജീവന്‍‌മുക്തനാക്കാന്‍ യുധിഷ്ഠിരന് കഴിഞു.

അതോടെ യുധിഷ്ഠിരന്റെ രൂപത്തിലും, ഭാവത്തിലും അതിയായ മാറ്റം സംഭവിച്ചു. അദ്ദേഹം കീറിയ തുണിയുടുത്ത്, മുടി അഴിച്ചിട്ട്, നിരാഹാരനായി, സംസാരം നിറുത്തി, ഒരു മൂകനെപ്പോലെയും, ബധിരനെപ്പോലെയും, ആരോടും ഒന്നും മിണ്ടാതെയും, ആരില്‍നിന്നും ഒന്നും കേള്‍ക്കാതെയും അനാഥനായ ഒരു ഭ്രാന്തനെപ്പോലെ ജീവിച്ചു. അദ്ദേഹം, തന്റെ പൂര്‍‌വ്വികന്മാര്‍ ചെയ്തതുപോലെ, വടക്കേദിക്കിലേക്ക് യാത്രയായി. എവിടെയായലും യുധിഷ്ഠിരന്‍ ഹൃദയത്തില്‍ പരമാത്മാവിനെ മാത്രം ധ്യാനിച്ച് ദിനം കഴിച്ചു. 

രാജ്യമെമ്പാടും കലി വന്ന് പരന്നതോടെ പ്രജകളെല്ലാം അധര്‍മ്മികളായി മാറി. ഇതെല്ലാം കണ്ടും കേട്ടും പാണ്ഡവസഹോദരന്മാരെല്ലാം ജ്യേഷ്ഠനായ യുധിഷ്ഠിരന്റെ പാതയെ പിന്തുടര്‍ന്നു. ധര്‍മ്മത്തെ സാക്ഷിയാക്കി ജീവിതം നയിച്ച അവര്‍ക്ക്, വൈകുണ്ഡപാദപത്മമമാണ് പരമമായ ഗതിയെന്നു മനസ്സിലാക്കന്‍ ഒട്ടും തന്നെ അമാന്തിക്കേണ്ടിവന്നില്ല. അതിനാല്‍ അവര്‍ നിരന്തരം ഭഗവത് ധ്യാനനിരതരായി. അങനെ വിഷയവാസനയകന്ന്, നിരന്തരമായ ധ്യാനത്തിലൂടെ അവര്‍ പരമഗതിയെ പ്രാപിച്ചു. ഭൗതികവിഷയങളില്‍ മുങിക്കഴിയുന്നവര്‍ക്ക് അപ്രാപ്യമായ ഈ സ്ഥാനത്തിന്നധിപന്‍ ആ നാരായണനാണ്. 

വിദുരരും ഭഗവാനെ അനുസ്യൂതം ചിന്തിച്ചുകൊണ്ട് തീര്‍ത്ഥാടനത്തിനിടയില്‍ പ്രഭാസതീര്‍ത്ഥത്തിലെത്തി ശരീരമുപേക്ഷിച്ചു വിദേഹമുക്തനായി പിതൃലോകത്തിലെത്തി തന്റെ സ്ഥാനമേറ്റു. തന്റെ പതികള്‍ തന്നെ ഉപേക്ഷിച്ച് പോകുന്നത് ദ്രൗപതി മനസ്സിലാക്കി. അവര്‍ സുഭദ്രയോടൊപ്പം ഏകാന്തഭക്തിയോടെ ഭഗവത്ധ്യാനത്തില്‍ മുഴുകി ആ പരമപദത്തെപ്രാപിച്ചു. 

ഭാഗവതോത്തമന്‍‌മാരായ പാണ്ഡുപുത്രന്മാരുടെ, പവിത്രവും മംഗളകരവുമായ, ഈ പരമാത്മപ്രാപ്തിയെ ഭക്തിയോടെ കേള്‍ക്കുന്നവര്‍ക്ക് ആ ഭഗവാന്‍ സകലസൗഭാഗ്യങളും ഭക്തിയും നല്കിയനുഗ്രഹിക്കുന്നു.

ഇങനെ, ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  പതിനഞ്ചാമധ്യായം സമാപിച്ചു.

ഓം തത് സത്


2013, ഒക്‌ടോബർ 15, ചൊവ്വാഴ്ച

1.14 ഭഗവാന്‍ ശ്രീകൃഷ്ണന്റെ തിരോധാനം

ഓം

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  അദ്ധ്യായം - 14

സൂതന്‍ പറഞു: ഹേ മുനിമാരേ!, അര്‍ജ്ജുനന്‍ കൃഷ്ണനെ കാണാനും, ഭഗവാന്റെ വിചേഷ്ടിതങളെന്തൊക്കെയെന്നറിയാന്‍ വേണ്ടിയും ദ്വാരകയിലേക്ക് പോയി. മാസങള്‍ കഴിഞിട്ടും മടങിയെത്തിയില്ല. മാത്രമല്ല, ഘോരമായ ദുര്‍നിമിത്തങളും ധര്‍മ്മപുത്രന്‍ കണ്ടുതുടങി. കാലത്തിന്റെ ഗതി വളരെ രൗദ്രമായിരിക്കുന്നു. കാലാവസ്ഥകളില്‍ വിവരീതമായ മാറ്റങളും സംഭവിച്ചിരിക്കുന്നു. പ്രജകള്‍ അത്യാഗ്രഹികളും രോഷാകുലരുമായി ഉപജീവനാര്‍ത്ഥം അവര്‍ അധര്‍മ്മത്തിന്റെ പാതകളില്‍ കൂടി സഞ്ചരിക്കാന്‍ തുടങിയിരിക്കുന്നു. കൂട്ടുകാര്‍ തമ്മിലുള്ള വ്യവഹാരങളില്‍ പോലും സ്വാര്‍ത്ഥതയും കളങ്കവും കണ്ടുതുടങി. കുടുംബകാര്യങളില്‍ അച്ചനും അമ്മയും മക്കളും തമ്മില്‍ പരസ്പരം മനസ്സിലാക്കാതെ വ്യത്യസ്ഥ അഭിപ്രായങള്‍ ഉണ്ടാകുന്നു. സുഹൃത്തുക്കള്‍ തമ്മിലും, എന്തിനുപറയാന്‍ വീടുകളില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ പോലും വഴക്കുകള്‍ സംഭവിക്കുന്നു. വന്നുവന്ന് ജനങള്‍ അഹങ്കാരികളും അത്യാഗ്രഹികളും കോപാകുലരുമായി മാറിയിരിക്കുന്നു.

എന്തോ അത്യാപത്തിന്റെ മുന്നോടിയാണീ അരിഷ്ടലക്ഷണങളെന്നു മനസ്സിലാക്കിയ ധര്‍മ്മപുത്രര്‍ ഭീമസേനനോടു പറഞു: "അനുജാ!, ബന്ധുക്കളെ കാണാനും ഭഗവാന്റെ വിശേഷങളെക്കുറിച്ചറിയാനും വേണ്ടി ഞാന്‍ പാര്‍ത്ഥനെ ദ്വാരകയിലേക്കയച്ചിരുന്നു. അനുജന്‍ പോയതില്‍ പിന്നെ ഇപ്പോള്‍ മാസം ഏഴ് തികഞിരിക്കുന്നു. ഇതുവരെ തിരികെയെത്തിയിട്ടുമില്ല. അവര്‍ക്കെന്തു സംഭവിച്ചുവെന്ന് ഊഹിക്കാനും എനിക്ക് കഴിയുന്നില്ല. തന്റെ അവതാരലക്‌ഷ്യം തീര്‍ത്ത്, ദേവര്‍ഷി നാരദര്‍ പറഞതുപോലെ, ഭഗവാന്റെ സ്വധാമഗമനത്തിനുള്ള സമയമായോ എന്നുപോലും ഞാന്‍ സംശയിക്കുന്നു.

ആ ഭഗവാന്റെ അനുഗ്രഹത്താലാണ് നമുക്ക് ഇക്കണ്ട സകല ഐശ്വര്യങളും വന്നുചേര്‍ന്നിരിക്കുന്നത്. രാജ്യം, ഉത്തമരായ ജീവിതപങ്കാളികള്‍, കുലത്തിന്റെ ശ്രേയസ്സ്, നല്ലവരായ പ്രജകള്‍, നന്മ നിറഞ ജീവിതം, ശത്രുക്കള്‍ക്ക് മേല്‍ വിജയം, എന്തൊക്കെ കാരുണ്യവര്‍ഷമാണ് ആ കരുണാമയന്‍ നമുക്കുമേല്‍ ചൊരിഞിരിക്കുന്നത്!... നിങള്‍ നോക്കൂ, സ്വര്‍ഗ്ഗത്തില്‍ നിന്നും, ഭൂമിയില്‍ നിന്നും, ശാരീരികമായും എന്തെല്ലാം അനര്‍ത്ഥങളാണ്, ബുദ്ധിയെപ്പോലും തകിടം മറിച്ചുകൊണ്ട്, നമുക്കുചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത്!... കണ്ണുകളും, തുടകളും, കൈകളും എന്നുവേണ്ടാ, എന്റെ ശരീരത്തിന്റെ ഇടതുവശം മുഴുവനും പിടയ്ക്കുകയാണ്. ഭയത്താല്‍ എന്റെ ഹൃദയം ത്രസിക്കുന്നു. ശരിക്കും ഇത് എന്തോ അശുഭം നമുക്ക് വന്ന് ഭവിക്കാന്‍ പോകുന്നതിന്റെ ലക്ഷണമാണ്.

ഭീമാ!, നോക്കൂ!, നരി തീതുപ്പുന്ന വായുമായി സൂര്യഭഗവാനുനേരെ ഓരിയിടുന്നു. നായ്ക്കള്‍ ഭയമില്ലാതെ എനിക്കുനേരേ കുരച്ചുകൊണ്ടുവരുന്നു.  പശുക്കള്‍ എന്നെ പരിഹസിച്ചുകൊണ്ട് ഇടതുവശത്തുകൂടി കടന്നുപോകുന്നു. കഴുതകളെപ്പോലെയുള്ള താഴ്ന്ന ജാതി ജന്തുക്കള്‍ എനിക്കുചുറ്റും വലം ചെയ്ത് എന്നെ അപമാനിക്കുന്നു. എന്റെ കുതിരകളെ നോക്കൂ, എത്രമാത്രം തളര്‍ന്നിരിക്കുന്നൂ അവ!... നോക്കൂ, ഈ കപോതം ഏതോ മരണവാര്‍ത്തയുമായി വന്നതുപോലെ തോന്നുന്നു. മൂങകളുടേയും കാക്കകളുടേയും കൂക്കിവിളികള്‍ എന്റെ ഹൃദയത്തെ വിറപ്പിക്കുന്നു. ഇവയെല്ലാം കൂടി ഈ പ്രപഞ്ചത്തെ തന്നെ ശൂന്യമാക്കാന്‍ പോകുന്നതുപോലെ എനിക്കനുഭവപ്പെടുനു. ഹേ സഹോദരാ!, അതാ ആകാശത്തില്‍ പുകമൂടുന്നത് നീ കാണുന്നില്ലേ?... നോക്കൂ എങനെയീ ഭൂമി മലകളോടും കൊടുമുടികളോടുമൊപ്പം ഇളകിമറിയുന്നുവെന്ന്!... ഹോ! മേഘമില്ലാതെ ആകാശത്തില്‍ ഇങനെ ഇടിമുഴക്കങളുണ്ടാകുമോ?... അത്യുഗ്രമായി കാറ്റുവീശി പൊടിപറത്തി അന്തരീക്ഷം മുഴുവന്‍ ഇരുട്ടാക്കിയിരിക്കുന്നു. മേഘങള്‍ തീമഴപെയ്യിച്ച് ഭൂമിയില്‍ മുഴുവന്‍ ദുരന്തം സൃഷ്ടിക്കുന്നു.

സൂര്യന്റെ പ്രഭ കുറഞുവരുന്നു. നക്ഷത്രങള്‍ തമ്മില്‍ യുദ്ധം ചെയ്യുന്നതുപോലെ കൂട്ടിയിടിക്കുന്നു. ജീവികളെ നോക്കൂ, വൈകാരികമായി ഇളകിമറിഞ് അന്ധാളിച്ചുനിന്നുകൊണ്ട് അവര്‍ കരയുകയാണ്. നദികളും ഉപനദികളും, കായലും അതുപോലെതന്നെ മനസ്സുമൊക്കെ അത്യന്തം ക്ഷുഭിതമായി ഒഴുകുന്നു. വെണ്ണകൊണ്ട് തീ കൂട്ടാന്‍ കഴിയുന്നില്ല. എന്തത്യാഹിതമാണ് നമുക്ക് സംഭവിക്കാന്‍ പോകുന്നത്?...

പശുകിടാങള്‍ പാല്‍ കുടിക്കുന്നില്ല. തള്ളപശുവാകട്ടെ ചുരത്താന്‍ മടിക്കുകയും ചെയ്യുന്നു. അവ കരയുകയാണ്. ഋഷഭങള്‍ പുല്ല് മേയുന്നില്ല. ദൈവങള്‍ ക്ഷേത്രത്തിനുള്ളിലിരുന്ന് വിയര്‍ത്തുകുളിച്ച് കരയുകയാണ്. അവര്‍ കോവിലില്‍ നിന്നിറങിയോടാന്‍ വെമ്പുന്നു. പട്ടണങളും നഗരങളും ഗ്രാമങളും ഉദ്യാനങളും, ഖനികളും, ആശ്രമങളുമൊക്കെ അവയുടെ ഐശ്വര്യം നഷ്ടപ്പെട്ട നശിക്കുന്നു. എന്തു ദുരന്തമാണോ നമ്മളോടോടിയടുക്കുന്നത്!... എന്തോ അത്യാപത്ത് ഈ ലോകത്തെ കാര്‍ന്നു തിന്നാല്‍ പോകുന്നുവെന്ന് എനിക്ക് തോന്നുകയാണ്. ഈ ഭൂമി ആ ഭഗവാന്റെ അടിമലരാല്‍ പവിത്രമായിരുന്നു ഇത്രനാളും. ഇനി ഇവള്‍ക്ക് ആ സൗഭാഗ്യം നഷ്ടപ്പെടാന്‍ പോകുന്നുവെന്നാണ് ഈ ദുഃശ്ശകുനങള്‍ വിളിച്ചറിയിക്കുന്നത്"

സൂതന്‍ പറഞു: അല്ലയോ ശൗനകാ!, ഇങനെ ഇത്തരം ദുഃര്‍നിമിത്തങളെ ചൊല്ലി ധര്‍മ്മപുത്രര്‍ വിലപിക്കുന്ന സമയത്ത് അര്‍ജ്ജുനന്‍ ദ്വാരകയില്‍ നിന്ന് തിരിച്ചെത്തി.  അര്‍ജ്ജുനന്‍ ധര്‍മ്മപുത്രരെ നമസ്ക്കരിച്ചു. മുമ്പെങും കണ്ടിട്ടില്ലാത്ത ദുഃഖം അര്‍ജ്ജുനനില്‍ യുധിഷ്ഠിരന്‍ കണ്ടു. ആര്‍ത്തനായി തലകുനിച്ച് നില്ക്കുന്ന അര്‍ജ്ജുനന്റെ കണ്ണിലൂടെ കണ്ണുനീര്‍ വാര്‍ന്നൊഴുകി. നാരദര്‍ പറഞിട്ടുള്ള സൂചനകള്‍ ധര്‍മ്മപുത്രര്‍ ഓര്‍ത്തു. വിഷാദഭരിതമായ ഹൃദയത്തോട് നില്ക്കുന്ന അര്‍ജ്ജുനനോട് ജനമധ്യത്തില്‍ വച്ചുതന്നെ കാര്യങള്‍ അന്വേഷിച്ചു. 

മഹാരജാവ് യുധിഷ്ഠിരന്‍ ആകാംശയും ഭീതിയും കലര്‍ന്ന ശബ്ദത്തില്‍ അര്‍ജ്ജുനനോട് തിരക്കി: "പ്രീയസോദരാ!, അവിടെ ദ്വാരകയില്‍ നമ്മുടെ ബന്ധുക്കള്‍ക്കൊക്കെ സുഖം തന്നെയല്ലേ?... മധുവും, ഭോജനും, ദശാര്‍ഹനും, ആര്‍ഹനും, സാത്വതനും, അന്ധകനും, മറ്റുള്ള യഥുവംശജരൊക്കെ സുഖമായിരിക്കുന്നുവോ?... നമ്മുടെ മാതാമഹന്‍ ശൂരസേനന്‍ എങനെ കഴിയുന്നു?... അമ്മാവന്മാരായ വസുദേവര്‍ക്കും, അദ്ദേഹത്തിന്റെ അനുജന്മാര്‍ക്കും ക്ഷേമം തന്നെയല്ലേ?... അമ്മാവി ദേവകി തുടങിയ ഏഴുസഹോദരിമാര്‍ക്കും, അവരുടെ പുത്രന്മാര്‍ക്കും, പുത്രവധുക്കള്‍ക്കും സുഖമാണോ?... ദുഷ്ടനായ കംസന്റെ പിതാവ് ഉഗ്രസേനനും, അദ്ദേഹത്തിന്റെ അനുജന്മാരും ഇന്ന് ജീവിച്ചിരിക്കുന്നുവോ?... ഹൃദീകനും, അദ്ദേഹത്തിന്റെ മകന്‍ കൃതവര്‍മ്മനും, ഭക്തനായ അക്രൂരനും, ജലന്തനും, ഗദനും, സാരണനും, ശത്രുജിത്തിനും മറ്റുമൊക്കെ ക്ഷേമം തന്നെയല്ലേ?... ഭക്തരക്ഷകനായ നമ്മുടെ ബലരാമന്‍ എന്തുപറയുന്നു?... വൃഷ്ണികുലത്തിന്റെ മഹാരഥനായ പ്രദ്യുംനനും, ഭഗവതംശമായ അനിരുദ്ധനും ഒക്കെ എങനെയുണ്ട്?... 

പ്രവരന്മാരായ ഭഗവാന്‍ ശ്രീകൃഷ്ണന്റെ മക്കളുണ്ടല്ലോ അവിടെ. സുഷേണന്‍, ചാരുദേഷ്ണന്‍, ജാംബവതീപുത്രന്‍ സാംബന്‍, ഋഷഭന്‍!... ഇവരൊക്കെ പുത്രന്മാരോടൊപ്പം സുഖമായിരിക്കുന്നുവോ?... ഭഗവാന്റെ സന്തതസഹചാരികളായ ശ്രുതദേവനും, ഉദ്ധവരും, നന്ദനും, സുനന്ദനും, മറ്റുള്ളപുണ്യാത്മാക്കളൊക്കെ എന്തുപറയുന്നു?... ഇവര്‍ക്കെല്ലാം തുണയായി ഭഗാവനും, ബലരാമനും എന്നെന്നും ഇവരോടൊപ്പമുണ്ട്. നമ്മുടെ സൗഹൃദവും, ക്ഷേമവുമൊക്കെ ഇവര്‍ എന്നെന്നും ഓര്‍ക്കാറുണ്ടോ?... ഭക്തരക്ഷകനായ ഭഗവാന്‍ ഗോവിന്ദന്‍ അവിടെ, ദ്വാരകാപുരിയില്‍ ബ്രാഹ്മണോത്തമന്മാരായ തന്റെ ഭക്തരോടൊപ്പം സുഖിച്ചുവാഴുകയാണോ?... 

ഹേ അര്‍ജ്ജുനാ!, ആദിനാരായണനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ അനന്തനായ ബലരാമനോടൊപ്പം യാഥവകുലമാകുന്ന സമുദ്രത്തില്‍ സകലലോകത്തിന്റേയും നിത്യമംഗളത്തിനായി കഴിയുകയാണ്. ഈ യാഥവന്മാരെല്ലാം ആ ഭഗവാനോടൊപ്പം ആത്മാനന്ദം നുകര്‍ന്നുകൊണ്ട് മഹാപുരുഷന്മാരെപോലെ കഴിയുന്നു. 

സത്യഭാമയില്‍ തുടങുന്ന പതിനാറായിരം പത്നിമാരുടെ, അത്യുത്തമമായ ഭക്തിപാരവശ്യത്താല്‍, സ്വര്‍ഗ്ഗലോകത്തിന്റെ ഭാരം തീര്‍ത്ത് ഈ നാരിമാരെ വജ്രായുധവല്ലഭനായ ഭഗവാന്‍ രക്ഷിച്ചനുഗ്രഹിച്ചു. അങനെ ആ ഭഗവാന്റെ ഭാര്യാപദമലങ്കരിച്ച് അവര്‍ നിത്യാനന്ദവതികളായി ജീവിക്കുന്നു. യഥുവീരന്മാര്‍ എപ്പോഴും ഭഗവനാല്‍ സംരക്ഷിക്കപ്പെട്ട് നിര്‍ഭയരായി ജീവിക്കുന്നു. അതുകൊണ്ടുതന്നെ, അവര്‍ സ്വര്‍ഗ്ഗത്തില്‍ കൂടി കിട്ടാവുന്നതില്‍ വച്ച് ആത്യുത്തമമായ സുധര്‍മ്മ എന്ന സഭയിലേക്ക് ഭയലേശമില്ലാതെ അതിക്രമിച്ചുകടക്കുന്നു. കാരണം ഭക്തന്മാരായ അവര്‍ക്ക് അത് അര്‍ഹതപെട്ടതത്രേ!...

അല്ലയോ സഹോദരാ!, നിനക്ക് എന്തെങ്കിലും ശാരീരികമായ അസ്വസ്തത വന്നുപെട്ടിട്ടുണ്ടോ?... നീ എന്തേ ഇങനെ തേജസ്സറ്റവനായി കാണപ്പെടുന്നത്?... നിന്നെ ആരെങ്കിലും, അപമാനിക്കുകയോ, അഥവാ ദ്വാരകയിലെ ദീര്‍ഘകാലത്തെ താമസം കൊണ്ട് ആരെങ്കിലും അവജ്ഞയോടെ പെരുമാറുകയോ മറ്റോ ചെയ്തോ?.. അര്‍ജ്ജുനാ, അംഗളകരമായ വാക്കുകളാല്‍ ആരെങ്കിലും നിന്നെ സംബോധനചെയ്തപമാനിക്കുകയോ ചെയ്തിട്ടുണ്ടോ?..., നിന്നോട് സഹായം ചോദിച്ചുവന്നവരാരെങ്കിലും വെറുംകൈയ്യോടെ മടങിയോ?... അതോ നിനക്ക് ആരോടെങ്കിലും സത്യലംഘനം ചെയ്യേണ്ടിവന്നോ?... നീ എപ്പോഴും ബ്രാഹ്മണരുടേയും, കുട്ടികളുടേയും, പശുക്കളുടേയും, സ്ത്രീകളുടേയും, ആതുരരുടേയുമൊക്കെ രക്ഷകനായിരുന്നുവല്ലോ, പിന്നെന്തേ നിനക്കതിനു കഴിഞില്ല. 

ഇനി അസ്വീകാര്യമല്ലാത്ത ഏതെങ്കിലും സ്ത്രീകള്‍ നിന്നെ സമീപിക്കാനിടയായോ?... അതോ, സ്വീകാര്യമായ ഏതെങ്കിലും അബലകളോട് നിനക്ക് അനുചിതമായി ഇടപെടേണ്ടിവന്നോ?.  എന്തേ നിന്റെ ശിരസ്സ് ഈവിധം താഴ്ന്നിരിക്കുന്നു?... മാര്‍ഗ്ഗമധ്യേ നിന്നേക്കാള്‍ ശക്തിമാനോ, സമനോ ആയ ഏതെങ്കിലും എതിരാളികളോട് നിനക്ക് തോല്ക്കേണ്ടിവന്നോ?... വൃദ്ധരോടോ ബാലന്മാരോടോ, ക്ഷമിക്കാന്‍ കഴിയാത്തതരത്തില്‍ എന്തെങ്കിലും തെറ്റ് നിന്റെ ഭാഗത്ത് നിന്നുണ്ടായോ?... അവരെ ഊണിനു കൂടെ കൂട്ടാതെ നീ ഒറ്റയ്ക്ക് ആഹാരം കഴിച്ചോ?...

ഹേ അര്‍ജ്ജുനാ!, ഇതൊന്നുമല്ല കാരണമെങ്കില്‍, പിന്നെ ഞാന്‍ സംശയിക്കുന്നു, നിന്റെ ആത്മബന്ധുവായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ നിനക്ക് എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടിട്ടുണ്ടായിരിക്കണം. അതല്ലെങ്കില്‍ പിന്നെ നീ ഇങനെ ദുഃഖിക്കില്ല കുഞേ!.

ഇങനെ, ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം  പതിനാലാമധ്യായം സമാപിച്ചു.

ഓം തത് സത്