2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

1.2 ഭഗവത് ഭക്തിയും ഭഗവത് സേവനവും

ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധം അദ്ധ്യായം 2

വ്യാസന്‍ പറഞ്ഞു: ഇങ്ങനെ, മുനികളുടെ അത്യന്തം ശ്രേഷ്ഠമായ ചോദ്യങ്ങള്‍ കേട്ട് സന്തുഷ്ടനായ രൌമഹര്‍ഷണി (രോമഹര്‍ഷണന്റെ പുത്രന്‍ - സൂതന്‍) നന്ദിപൂര്‍വ്വം അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ശ്രമിച്ചു.

അനുശാസിതമായ കര്‍മ്മങ്ങളും, ഉപനയനം തുടങ്ങിയ ആചാരവിധികളും അനുഷ്ഠിക്കാതെ സര്‍വ്വവും ഉപേക്ഷിച്ച് സന്ന്യാസജീവിതത്തിനായി വീട് വിട്ടിറങ്ങിപ്പോയ തന്റെ മകന്‍ ശുകന്റെ വിരഹത്തില്‍ വ്യാകുലനായ വേദവ്യാസന്‍, "പുത്രാ..." എന്നാര്‍ത്തുവിളിച്ചപ്പോള്‍ തന്മയത്ത്വത്തോടെ അവിടെയുണ്ടായിരുന്ന എല്ലാ വൃക്ഷങ്ങളും അദ്ദേഹത്തോട് പ്രതികരിച്ചു. സകല ജീവികളും ഹൃദയം കൊണ്ട് വ്യാസമഹര്‍ഷിയെ നമസ്ക്കരിച്ചു.

ആരാണോ സ്വന്തം അനുഭവത്താല്‍, സംസാരമാകുന്ന ഇരുട്ട് നിറഞ്ഞ അഗാധഗര്‍ത്തത്തില്‍ നിന്നും രക്ഷനേടാന്‍ ഇച്ഛിക്കുന്നവര്‍ക്ക് ഒരേയൊരു അദ്ധ്യാത്മദീപമാകുന്ന സകലവേദങ്ങളുടേയും സാരത്തെ ഉള്‍ക്കൊണ്ട്, സംസാരികള്‍ക്ക് തന്റെ കരുണായയി അത്യന്തരഹസ്യമായ വേദങ്ങള്‍ക്ക് അനുപൂരകങ്ങളായ പുരാണങ്ങളെ പറഞ്ഞുകൊടുത്തത്, അഖില  ഋഷികള്‍ക്കും ഗുരുവും, വ്യാസപുത്രനുമായ, ആ ശുകദേവനെ ഞാന്‍ നമസ്ക്കരിക്കുന്നു.

ഭഗവാന്‍ ശ്രീമന്നാരായണനെ നമസ്ക്കരിച്ച്, നരനേയും, ഉത്തമനരനേയും, സരസ്വതിദേവിയേയും, വ്യാസഭഗവാനേയും നമിച്ചതിനുശേഷം വേണം മുക്തിസിദ്ധ്യര്‍ത്ഥസാധകമായ ഭാഗവതപാരായണം ആരംഭിക്കാന്‍.

അല്ലയോ മുനിമാരേ, ലോകത്തിന്റെ നന്മയ്ക്കായ്കൊണ്ട് ഉചിതമായ ചോദ്യങ്ങളാണ് നിങ്ങളാല്‍ എന്നോട് ചോദിക്കപ്പെട്ടത്. ഭഗവാന്‍ ശ്രീകൃഷ്ണനെ സംബന്ധിച്ചുള്ള ഈ ചോദ്യങ്ങളെല്ലാം തന്നെ തീര്‍ത്തും ആത്മപ്രീതിയുളവാക്കുന്നതാണ്. മനുഷ്യന്റെ പരമമായ ധര്‍മ്മം എന്നത് തീര്‍ച്ചയായും ഭൌതിക ഇന്ദ്രിയങ്ങള്‍ക്കഗോചരനായ ഹരിയെ ഭക്തി ചെയ്യുക എന്നാതാണ്. അഖണ്ഡവും അഹൈതുകവുമായ (നിഷ്കളങ്കമായ) ആ ഭക്തിയാല്‍ ആത്മാവ് തീര്‍ത്തും പ്രസാദിക്കുന്നു. ഭഗവാന്‍ വാസുദേവനില്‍ ഭക്തിയുണ്ടായി, ഭക്തിയോഗമാര്‍ഗ്ഗം തെളിഞ്ഞുകിട്ടുമ്പോള്‍, വളരെ പെട്ടെന്ന് അവിടെ കാരണരഹിതമായ പരമാര്‍ത്ഥജ്ഞാനവും വിഷയവൈരാഗ്യവും ജനിക്കുന്നു. മനുഷ്യന്‍ സ്വന്തമായി അനുഷ്ഠിക്കുന്ന ഏതൊരു കര്‍മ്മവും അത് സര്‍വ്വശക്തനായ ഭാഗവാന്റെ കഥകളില്‍ രതിയുണ്ടാക്കിയില്ലെങ്കില്‍, അവയെല്ലാം കേവലം വിഫലമായ ശ്രമം മാത്രമാണ്. ധര്‍മ്മാചരണം പരമമായ മോക്ഷപ്രാപ്തിക്കുവേണ്ടിയുള്ളതാണ്.  അത് അര്‍ത്ഥലാഭത്തിനുവേണ്ടിയുള്ളതാണെന്ന് എങ്ങും സിദ്ധാന്തിച്ചിട്ടില്ല. ഇനി ഒരു ധര്‍മ്മാചാരിക്ക് കിട്ടുന്ന അര്‍ത്ഥലാഭങ്ങള്‍ പോലും തന്റെ ആഗ്രഹനിവൃത്തിക്കും സംതൃപ്തിക്കും വേണ്ടിയുമല്ലെന്നാണ് പ്രമാണം. മനുഷ്യന്റെ ആഗ്രഹങ്ങള്‍ കഴിയുന്നത്ര ഇന്ദ്രിയപ്രീത്യര്‍ത്ഥവും സ്വാര്‍ത്ഥലാഭങ്ങള്‍ക്കും വേണ്ടി ആയിരിക്കരുത്.  പകരം അത് പരമാത്മതത്വത്തെ അറിയുവാന്‍ വേണ്ടിയായിരിക്കണം. ഒരുവന്റെ കര്‍മ്മാചരണത്തിന് ഭൂമിയില്‍ മറ്റൊരു അര്‍ത്ഥമില്ല. അദ്വയമായ ആ ജ്ഞാനതത്വം ബ്രഹ്മാ, പരമാത്മാ, ഭഗവാന്‍ എന്നൊക്കെ അറിയപ്പെടുന്നുവെന്ന് ജ്ഞാനികള്‍ ഘോഷിക്കുന്നു.

ജ്ഞാനവൈരാഗ്യയുക്തരായ (അറിവും വിരക്തിയും ആര്‍ജ്ജിച്ചിട്ടുള്ള) ജിജ്ഞാസ്സുക്കളായുള്ള മുനികള്‍, ഭക്തിയോടെ ശ്രുതികളില്‍ നിന്നറിഞ്ഞിട്ടുള്ളവിധം ആ പരമാത്മാവിനെ തങ്ങളുടെയുള്ളില്‍ തന്നെ കണ്ടറിയുന്നു. അതുകൊണ്ട്, ബ്രാഹ്മണശ്രേഷ്ഠന്മാരേ, വര്‍ണ്ണാശ്രമവിഭാഗങ്ങള്‍ക്കനുസരിച്ച് ഒരുവനാല്‍ സ്വന്തമായി ചെയ്യപ്പെടുന്ന ഏതൊരു കര്‍മ്മത്തിന്റേയും പരിപ്പൂര്‍ണ്ണതയെന്നത്, ഭഗവാന്‍ ശ്രീഹരിയെ പ്രസാധിപ്പിക്കുക എന്നതാണ്. അതുകൊണ്ട്, ഭക്തരക്ഷകനായ ഭഗവാന്‍ നാരായണന്‍ നിത്യവും ഒരുവനാല്‍ മനസ്സുകൊണ്ട് കേള്‍ക്കപ്പെടേണ്ടവനും, കീര്‍ത്തിക്കപ്പെടേണ്ടവനും, പൂജിക്കപ്പെടേണ്ടവനും ധ്യാനിക്കപ്പെടേണ്ടവനുമാണ്. ഭഗവത് സ്മരണയാകുന്ന വാള്‍ കൈവശമുള്ള ജ്ഞാനികള്‍ കെട്ടുപിണഞ്ഞുകിടക്കുന്ന തങ്ങളുടെ കര്‍മ്മബന്ധത്തെ ഛേദിക്കുന്നു. അങ്ങനെയിരിക്കെ ആരാണ് ആ ഭഗവാന്റെ കഥകളില്‍ രതി വയ്ക്കാത്തത്.

അല്ലയോ വിപ്രന്മാരേ!,  പാപവിമുക്തരായ മഹാത്മാക്കളെ സേവിക്കുകവഴി, ആ സേവനം കൊണ്ട്, ശ്രദ്ധാഭക്തിസമന്വിതം ശ്രവണതല്‍പ്പരരായിട്ടുള്ള മനുഷ്യര്‍ക്ക് വാസുദേവന്റെ കഥയില്‍ സംഗതമുണ്ടാകുന്നു. സോത്സാഹം, ശ്രവണകീര്‍ത്തനപുണ്ണ്യമായ തന്റെ കഥകള്‍ കേള്‍ക്കാന്‍ താല്‍പ്പര്യമുള്ള ഭക്തന്മാരുടെ ഹൃദയത്തിലിരുന്നുകൊണ്ടുതന്നെ ഒരു സുഹൃത്തായി അവരുടെ അമംഗളങ്ങളെ  ഹരിക്കുന്നു. നിത്യവുമുള്ള ഭാഗവതസേവകൊണ്ട് (ശ്രീമദ് ഭാഗവതത്തേയും ഭാഗവതോത്തമന്മാരേയും സേവിക്കുകവഴി) മനുഷ്യന്റെ സകല അമംഗളങ്ങളും ഒഴിയുന്നു. ഭഗവാനെ കീര്‍ത്തിക്കുക വഴി ഒരുവനില്‍ അചഞ്ചലമായ ഭക്തി ജനിക്കുന്നു. അങ്ങനെ ഒരുവനില്‍ അചഞ്ചലമായ ഭക്തിയുദിക്കുമ്പോള്‍, രജസ്സ്, തമസ്സ് ഇത്യാദി ഭാവങ്ങളായ കാമം, ക്രോധം മുതലായ ദോഷങ്ങള്‍ എന്തൊക്കെയാണെങ്കിലും, മനസ്സ് അതില്‍ നിന്നെല്ലാം വിട്ടകന്ന് സത്വഗുണത്തില്‍ പ്രതിഷ്ഠിതമാകുന്നു, അങ്ങനെ അവനില്‍ ഭഗവത് കൃപയുണ്ടാകുകയും ചെയ്യുന്നു. ഇങ്ങനെ, മനസ്സ് സത്വഗുണത്തില്‍ സ്ഥിതമാകുമ്പോള്‍, ഭഗവാനില്‍ ഭക്തിയുണ്ടായി, പ്രസന്നമാനസനായി, വിഷയസംഗത്തില്‍ നിന്ന് മുക്തനായി മനുഷ്യനില്‍ ഈശ്വരന്റെ തത്വവിജ്ഞാനം ജനിക്കുന്നു. ഈവിധം ഒരുവന്‍ തന്റെയുള്ളില്‍ ഈശ്വരനെ കാണുമ്പോള്‍, അവന്റെ ഹൃദയഗ്രന്ഥികള്‍ അഴിയുന്നു, സര്‍വ്വസംശയങ്ങളും ഛേദിക്കപ്പെടുന്നു, അതുപോലെ, അവന്റെ കര്‍മ്മപാശങ്ങള്‍ ക്ഷയിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെയത്രേ യോഗീന്ദ്രന്മാര്‍ നിത്യവും ഭഗവാന്‍ വാസുദേവനില്‍ അത്യന്തം സന്തോഷത്തോടെ ആത്മപ്രസാദമുളവാക്കുന്ന പരമമായ ഭക്തി ചെയ്യുന്നത്.

സത്വം, രജസ്സ്, തമസ്സ് എന്നീ പ്രകൃതിയുടെ ത്രിഗുണങ്ങളെ സ്വീകരിച്ചുകൊണ്ട് ഭഗവാന്‍ പരം പുരുഷന്‍ തന്നെയാണ്, സൃഷ്ടി, സ്ഥിതി, സംഹാരം ഇത്യാദി വ്യത്യസ്ഥ കര്‍ത്തവ്യനിര്‍വ്വഹണങ്ങള്‍ക്കായി, ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍ എന്നിങ്ങനെ ത്രിമൂര്‍ത്തീഭാവത്തില്‍ വിളങ്ങുന്നതെങ്കിലും, അതില്‍ നിന്നും സത്വഗുണസ്വരൂപനായ വിഷ്ണു തന്നെയാണ് തീര്‍ച്ചയായും മനുഷ്യന് ഇഹത്തില്‍ ഉത്തമമായി ആശ്രയിക്കാവുന്നത്. പ്രകൃതിദത്തമായ വിറകില്‍ നിന്നും പുകയിലൂടെ യജ്ഞത്തിനാവശ്യമായ അഗ്നിയുണ്ടാകുന്നു. അതുപോലെ തമസ്സില്‍ നിന്നും രജസ്സും, അതില്‍ നിന്ന് ബ്രഹ്മസാക്ഷാത്കാരമുളവാക്കുന്ന സത്വഗുണവും ഉണ്ടാകുന്നു. അതുകൊണ്ട്, പണ്ട്, മുനിമാര്‍ തങ്ങളുടെ സാത്വികക്ഷേമത്തിനായ്കൊണ്ട്, ത്രിഗുണാതീതനായി നിലകൊള്ളുന്ന അധോക്ഷജനായ ഭഗവാനില്‍ ഭക്തി ചെയ്തു. ഇവിടെ ആരാണോ, അതിനെ അനുഗമിക്കുന്നത്, അവന്‍ ഈ ഭൌതികലോകത്തില്‍ നിന്നുമുള്ള മുക്തിക്ക് അര്‍ഹനാകുന്നു. അതുകൊണ്ട്, മുമുക്ഷുക്കള്‍ ഘോരരൂപികളായ ഭൂദേവദൈവതങ്ങളെ ഉപേക്ഷിച്ച്, സര്‍വാനുഗ്രഹനായ നാരായണനേയും ആ ഭഗവാന്റെ അനന്തമഹിമകളേയും ഭജിക്കുന്നു.

രജസ്സ്, തമസ്സ്, ഇത്യാദിഗുണങ്ങളില്‍ പെട്ട് വ്യവഹരിക്കുന്നവര്‍, ധനം, സന്തോഷം, സന്താനസൌഭാഗ്യം തുടങ്ങിയ ഭൌതിക കാമങ്ങള്‍ സമ്പുഷ്ടമാക്കാന്‍ കൊതിച്ചുകൊണ്ട്, പിതൃക്കളേയും, മറ്റുള്ള ഭൂതങ്ങളേയും, പ്രപഞ്ചാധികാരികളായ അന്ന്യ ശക്തികളേയും ആരാധിക്കുന്നു. പാവനമായ വേദങ്ങളും, പവിത്രമായ യജ്ഞങ്ങളും, ഒരുവന്‍ അവസാനമായി ചെന്നെത്തേണ്ട ഇടവും, സകല കര്‍മ്മങ്ങളും, പരമമായ ജ്ഞാനവും, ദിവ്യമായ തപസ്സും, ഉചിതമായ ധര്‍മ്മവും, സര്‍വ്വപ്രാണികളുടേയും പരമമായ ജീവിതലക്ഷ്യവും വസുദേവപുത്രനായ ശ്രീകൃഷ്ണനാണ്. ആ ഈശ്വരന്‍ തന്നെയാണ് തുടക്കത്തില്‍ ഈ ജഗത്തിന്റെ രചന ചെയ്തത്. സഗുണനും നിര്‍ഗ്ഗുണനുമായ ആ വിഭുവാണ് കാര്യകാരണരൂപത്തിലുള്ളതും. ഇങ്ങനെ ജീവികള്‍ക്കുള്ളില്‍ പ്രവേശിച്ച്, പ്രകൃതിയുടെ ഈ ഗുണങ്ങളില്‍ പെട്ട് അവയ്ക്ക് വിധേയനായി വിളങ്ങുന്നുവെന്ന് തോന്നുന്നുവെങ്കിലും, ആ ഈശ്വരന്‍ വിജ്ഞാനരൂപത്തില്‍ വിളങ്ങുന്നവനാണ്.

ഏതുവിധമാണോ വിറകില്‍ അഗ്നി മുഴുവനായി വ്യാപരിക്കുന്നത്, അതേവിധം സകല ഉല്‍പ്പത്തിക്കും ഉറവിടമായ വിശ്വപുരുഷന്‍ ഭൂതങ്ങളില്‍ പലേത് എന്നപോലെ വിളങ്ങുന്നു. ആ പരമാത്മാവ് പ്രകൃതിയുടെ തൃഗുണാത്മക ഭാവത്തോടുകൂടി സ്വയമേവ സൃഷ്ടിച്ച ജീവികളുടെ സൂക്ഷമേന്ദ്രിയങ്ങളില്‍ നിറഞ്ഞുകൊണ്ട് അവയിലുള്ള ആ ഗുണങ്ങളെ അനുഭവിക്കാന്‍ അവയ്ക്ക് സഹായകമാകുന്നു. സകലലോകസൃഷ്ടികാരകനായ ഭാഗവാന്‍ നാരയണന്‍ ദേവന്മാരിലും, മനുഷ്യരിലും, മറ്റുള്ള ജീവികളിലും തന്റെ അവതാരലീകള്‍ ചെയ്തുകൊണ്ട് സത്വഗുണത്താല്‍ ഈ ലോകത്തെ രക്ഷിച്ച് നിലനിറുത്തുന്നു.

ഇങ്ങനെ, ശ്രീമദ് ഭാഗവതം പ്രഥമസ്കന്ധത്തിലെ രണ്ടാം അദ്ധ്യായം സമാപിച്ചു.
ഓം തത് സത്