srimad bhagavatham 8.08 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
srimad bhagavatham 8.08 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

8.8 ലക്ഷ്മീസ്വയംവരവും ഭഗവാന്റെ മോഹിനീവേഷധാരണവും.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 8
(ലക്ഷ്മീസ്വയംവരവും ഭഗവാന്റെ മോഹിനീവേഷധാരണവും.)


ശ്രീശുകൻ പറഞ്ഞു: അല്ലയോ പരീക്ഷിത്തുരാജാവേ!, മഹാദേവൻ ഹലാഹലവിഷത്തെ കുടിച്ചുകൊണ്ടു് തങ്ങളുടെ സങ്കടത്തെയകറ്റിയതിനാൽ സന്തുഷ്ടരായ ദേവാസുരന്മാർ വീണ്ടും പാലാഴിയെ മഥിക്കുവാൻ തുടങ്ങി. തത്ഫലമായി കാമധേനു ആവിർഭവിച്ചു. യജ്ഞസാമഗ്രികളെ യഥേഷ്ടം ഉത്പാദിപ്പിക്കുവാൻ കഴിവുള്ളവളാണു കാമധേനു. ആയതിനാൽ, ബ്രഹ്മലോകപ്രാപ്തിക്കുതകുന്ന യജ്ഞത്തിനു് സഹായകമായ ആ പശുവിനെ ഋഷികൾ സ്വീകരിക്കുകയുണ്ടായി. പിന്നീടു് പാലാഴിയിൽനിന്നും ഉച്ചൈശ്രവസ്സെന്ന നാമത്തിൽ ചന്ദബിംബസമാനമായ ഒരു വെള്ളക്കുതിര ഉണ്ടായി. അതിൽ മഹാബലി തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ, ഭഗവാൻ ഹരിയുടെ മുൻകൂട്ടിയുള്ള ആദേശമനുസരിച്ചു് ഇന്ദ്രൻ അതിൽ തന്റെ ഇഷ്ടം പ്രകടിപ്പിച്ചില്ല. അതിനുശേഷം പൊന്തിവന്നതു് ഗജവീരനായ നാലുകൊമ്പുള്ള ഐരാവതമായിരുന്നു. മഹാദേവന്റെ കൈലാസമഹിമയെ വെല്ലുവിളിക്കാൻ പോന്ന അഴകോടുകൂടി അതു് ഉയർന്നുവന്നു. തുടർന്നു്, കൌസ്തുഭം പ്രത്യക്ഷമായി. അതിനെ വിഷ്ണുഭഗവാൻ തന്റെ മാറിടത്തിനലങ്കാരമാക്കി. പിന്നീടു് പാരിജാതവൃക്ഷം വന്നു. സുരലോകവിഭൂഷണമായ ആ വൃക്ഷം, ഹേ പരീക്ഷിത്തേ!, അങ്ങു് ചെയ്യുന്നതുപോലെ, അഭീഷ്ടവസ്തുക്കൾക്കായി അർത്ഥിക്കുന്നവരുടെ ആഗ്രഹങ്ങൾ എക്കാലവും പൂർണ്ണമാക്കുന്നു. അതിനുശേഷം കഴുത്തിൽ പൊൻപതക്കങ്ങളും ഉടലിൽ അഴകുള്ള വസ്ത്രങ്ങളും അണിഞ്ഞുകൊണ്ടു് അപ്സരസ്സുകളുണ്ടായി. അവർ തങ്ങളുടെ ചേഷ്ടിതങ്ങളോടെ സ്വർല്ലോകവാസികളെ രഞ്ജിപ്പിക്കുന്നു.

അല്ലയോ രാജൻ!, അതിനുശേഷം, സൌദാമിനീകിരണങ്ങളെപ്പോലുള്ള സ്വകാന്തിയാൽ ദിക്കുകളെ പ്രകാശമയമാക്കിക്കൊണ്ടു് ഐശ്വര്യദേവതയും വിഷ്ണുപരായണയുമായ സാക്ഷാത് ശ്രീമഹാലക്ഷ്മി ആവിർഭവിച്ചു. ദേവന്മാരും, അസുരന്മാരും, മനുഷ്യരും, മറ്റു സകലരുംതന്നെ, അവളുടെ സൌന്ദര്യം, യൌവ്വനം, നിറം, എന്നിവയിൽ ആകൃഷ്ടരായി ആ ദേവിയിൽ ആഗ്രഹം പ്രകടിപ്പിച്ചു. ദേവേന്ദ്രൻ പെട്ടെന്നുതന്നെ അത്യത്ഭുതമായ ഒരിരിപ്പിടം അവൾക്കു് സമ്മാനിച്ചു. നദികളുടെ മൂർത്തരൂപങ്ങൾ പെട്ടെന്നു് ശുദ്ധജലം നിറച്ച ഹേമകലശങ്ങളുമായി വന്നു. ഭൂമീദേവി അഭിഷേകത്തിനുള്ള സകലതും ചട്ടവട്ടമാക്കി. ഗോക്കൾ വിശുദ്ധിയ്ക്കായി പഞ്ചഗവ്യങ്ങൾ നൽകി. വസന്തമാകട്ടെ, പലതരം പുഷ്പങ്ങളും കൊണ്ടുവന്നു. ഋഷികൾ വിധിപൂർവ്വകമായ അഭിഷേകകർമ്മങ്ങൾ ചെയ്തു. ഗന്ധർവ്വന്മാർ മംഗളഗീതങ്ങൾ പാടി. നർത്തകിമാർ ആടുകയും പാടുകയും ചെയ്തു. മേഘങ്ങൾ വ്യത്യസ്ഥങ്ങളായ വാദ്യങ്ങളും ശംഖധ്വനികളും മറ്റും മുഴക്കി. തുടർന്നു്, ബ്രാഹ്മണർ വേദമന്ത്രങ്ങളുച്ചരിച്ചുകൊണ്ടിരിക്കെ, ദിഗ്ഗജങ്ങൾ ലക്ഷ്മീഭഗവതിയെ പൂർണ്ണകുംഭങ്ങൾകൊണ്ടഭിഷേകം ചെയ്തു.

ഹേ രാജാവേ!, സമുദ്രരാജാവു് മഞ്ഞപ്പട്ടുകൊണ്ടുണ്ടാക്കിയ വിശിഷ്ടവസ്ത്രങ്ങളെ അവൾക്കു് സമ്മാനിച്ചു. വരുണൻ വൈജയന്തിമാല കൊണ്ടുവന്നു. മധുഗന്ധമാസ്വദിച്ചുകൊണ്ടു് അതിനുചുറ്റും വണ്ടുകൾ വട്ടമിട്ടുപറന്നു. പ്രജാപതിയായ വിശ്വകർമ്മാവു് ദേവിയ്ക്കു് വിവിധ ആഭരണങ്ങൾ നിർമ്മിച്ചുനൽകി. സരസ്വതിദേവി മുത്തുമാലയും കൊടുത്തു. ബ്രഹ്മദേവൻ താമരപ്പൂവും, നാഗങ്ങൾ കമ്മലുകളും സമ്മാനിച്ചു. ബ്രാഹ്മണർ അവൾക്കുവേണ്ടി സ്വസ്തിവചനങ്ങൾ ഉച്ചരിച്ചു. ഒളിവീശുന്ന കനകകുണ്ഡലങ്ങൾ ശ്രീമഹാലക്ഷ്മിയുടെ കവിൾത്തടങ്ങളിൽ തട്ടിയുലഞ്ഞു. സുന്ദരവദനയായ ലക്ഷ്മീഭഗവതി ചുറ്റും വണ്ടുകൾ മുരളുന്ന ഒരു പൂമാലയെ തന്റെ തൃക്കൈയ്യാലെടുത്തുകൊണ്ടു് മന്ദമന്ദം ലജ്ജയോടുകൂടി നടന്നുതുടങ്ങി. സുന്ദരിയും യൌവ്വനയുക്തയുമായ ദേവി, കാൽച്ചിലമ്പുകളുടെ മധുരനാദത്തോടുകൂടി, സഞ്ചരിക്കുന്ന സ്വർണ്ണലതയോ എന്നുതോന്നുമാറു്, അങ്ങുമിങ്ങും പരിലസിച്ചു. അവൾ ഗന്ധർവ്വയക്ഷാസുരസിദ്ധചാരണദേവന്മാർക്കിടയിൽ തനിക്കനുയോജ്യനാഒരു രക്ഷകനെ നോക്കിനടന്നു. എന്നാൽ, ഏറെ തിരഞ്ഞിട്ടും അങ്ങനെയൊരു പുരുഷനെ അവൾക്കു് കണ്ടെടുക്കാൻ സാധിച്ചില്ല. കാരണം, തപഃശക്തിയുള്ളവർക്കു് കോപത്തിന്മേൽ വിജയം കൈവന്നിട്ടില്ല. ജ്ഞാനമുള്ളവരിലാകട്ടെ, ധനമാനാദികളിലുള്ള ആസക്തി നശിച്ചിട്ടില്ല. മഹിമയുള്ളവനാണെങ്കിലും ചിലരിൽ കാമവിചാരം വർദ്ധിച്ചിരിക്കുന്നു. ചിലരാകട്ടെ, സർവ്വകാര്യങ്ങളിലും വിഷ്ണുവിനെ ആശ്രയിച്ചുമാത്രം ജീവിക്കുന്നവരാണു. ചിലരിൽ ധർമ്മബോധമുണ്ടു്, എന്നാൽ ദീനാനുകമ്പ അവരിൽ തൊട്ടുതീണ്ടിയിട്ടില്ല. ചിലരിലാകട്ടെ, ത്യാഗബുദ്ധിയുണ്ടു, എന്നാൽ മോക്ഷത്തിനുള്ള മാർഗ്ഗം അവർക്കറിയില്ലെന്നിരിക്കുന്നു. ചിലർ ശൂരന്മാരാണു, പക്ഷേ ആ ഭാവം അവരിൽ സ്ഥായിയായി നിലനിൽക്കുന്നില്ല. ചിലരാണെങ്കിൽ സർവ്വഗുണങ്ങൾക്കുമതീതരായി സദാ സമാധിഷ്ഠരായിരിക്കുന്നു. ചിലർ ദീർഘായുസ്സുള്ളവരാണെങ്കിലും സ്ത്രീകളോടു് ഇണക്കം പോരാ. മറ്റുചിലർക്കു് ആ ഗുണമുണ്ടെങ്കിൽ അവർ അല്പായുസ്സുകളുമാണു. എന്നാൽ, ചിലരിൽ ഈ രണ്ടുഗുണങ്ങളും ചേർന്നിട്ടുണ്ടു്, എന്നാൽ, അവരാകട്ടെ, അമംഗലചേഷ്ടകളിൽ വ്യാപൃതരായിരിക്കുന്നു. എന്നാൽ ഒരാൾമാത്രം സർവ്വഗുണസമ്പന്നനാണു, പക്ഷേ, അയാളാകട്ടെ, തിരിച്ചു് ലക്ഷ്മീദേവിയെ ആഗ്രഹിക്കുന്നുമില്ല.

രാജൻ!, ഇങ്ങനെ ഓരോരുത്തരേയും കണ്ടറിഞ്ഞതിനുശേഷം, ലക്ഷ്മീദേവി തന്നെ ആഗ്രഹിക്കാത്തവനാണെങ്കിലും, സർവ്വഗുണങ്ങളുമുള്ളതുകൊണ്ടും, സ്വാശ്രിതനാകയാലും, പ്രകൃതിഗുണങ്ങൾക്കതീതനായതുകൊണ്ടും, സർവ്വൈശ്വര്യസിദ്ധികൾക്കും ഏകാശ്രയമായതുകൊണ്ടും, ഭഗവാൻ ശ്രീഹരിയെത്തന്നെ തന്റെയാഗ്രഹത്തിനൊത്ത വരനായി സ്വീകരിച്ചു. മത്തഭ്രമരങ്ങളാൽ ചുറ്റപ്പെട്ട കമനീയമായ ആ പുത്തൻ താമരമാലയെ ശ്രീമഹാലക്ഷ്മി ശ്രീഹരിയുടെ കഴുത്തിൽ അണിയിച്ചു. പിന്നീടു്, താൻ കുടികൊള്ളേണ്ടതായ ആ വിരിമാറിടത്തെ ലജ്ജയോടെ നോക്കിക്കൊണ്ടു് അവൾ ഭഗവാനോടുചേർന്നുനിന്നു. മൂലോകങ്ങളുടേയും പിതാവായ ഭഗവാൻ സർവ്വൈശ്വര്യങ്ങളുടേയും അധിഷ്ഠാനമായ ലക്ഷ്മീഭഗവതിക്കു് തന്റെ തിരുമാറിടത്തിൽ സുസ്ഥിരമായ സ്ഥാനം കല്പിച്ചുകൊടുത്തു. അവിടെ കുടികൊണ്ടു് ആ ദേവി കരുണയും കടാക്ഷവും നിറഞ്ഞ വീക്ഷണത്താൽ സ്വസന്താനങ്ങളായ ത്രിലോകവാസികൾക്കു് വേണ്ടതെല്ലാം നലകിയനുഗ്രഹിച്ചുകൊണ്ടിരിക്കുന്നു. പെട്ടെന്നുതന്നെ അവിടെ വിവിധ വാദ്യഘോഷങ്ങളും ശംഖധ്വനികളും മുഴങ്ങി. അപ്സരസ്സുകൾ ആടുകയും പാടുകയും ചെയ്തു. ബ്രഹ്മാദിദേവകളും, അംഗിരസ്സാദി വിശ്വസൃഷ്ടാക്കളും പുഷ്പവൃഷ്ടി ചൊരിഞ്ഞു. അവർ വിവിധ വേദസൂക്തങ്ങളാൽ ഭഗവാൻ ഹരിയുടെ മഹിമാകഥനം ചെയ്തു. ദേവന്മാരേയും പ്രജാപാലകരേയും ശ്രീമഹാലക്ഷ്മി സർവ്വൈശ്വര്യങ്ങളും പ്രദാനം ചെയ്തനുഗ്രഹിച്ചു. സത്ഗുണസമ്പന്നരായി അവർ പരമമായ ആനന്ദത്തെ പ്രാപിച്ചു.

ഹേ രാജൻ!, ലക്ഷ്മീഭഗവതിയുടെ കാരുണ്യം നഷ്ടമായതിനെത്തുടർന്നു്, ദൈത്യന്മാരും ദാനവന്മാരുമൊക്കെ ശക്തി ക്ഷയിച്ചവരായും നിർല്ലജ്ജന്മാരായും കാമലോലുപന്മാരായും നിരുത്സാഹികളുമായി ഭവിച്ചു. എങ്കിലും അവർ വീണ്ടും സമുദ്രമഥനം ആരംഭിച്ചു. തത്ഫലമായി കമലലോചനയായ വാരുണീദേവി ആവിർഭവിക്കുകയും, മഹാവിഷ്ണുവിന്റെ അനുമതിയോടെ അവളെ അസുരന്മാർ സ്വീകരിക്കുകയും ചെയ്തു.

മഹാരാജൻ!, പെട്ടെന്നു്, ആ പാൽക്കടലിൽനിന്നും അത്യാശ്ചര്യരൂപനായ ഒരു പുരുഷൻ പ്രത്യക്ഷനായി. അവന്റെ കൈത്തണ്ടകൾ നീണ്ടുതടിച്ചവയായിരുന്നു. ശംഖു കടഞ്ഞ കഴുത്തഴകോടുകൂടിയും, ചുവന്ന കണ്ണിണകളോടുകൂടിയും, ശ്യാമാഭനായും, യൌവ്വനയുക്തനായി പൂമാലയണിഞ്ഞും, സർവ്വാഭരണവിഭൂഷിതനായും, മഞ്ഞപ്പട്ടുടുത്തും, വിരിഞ്ഞ മാറിടത്തോടുകൂടിയും, മിന്നിത്തിളങ്ങുന്ന കനകകുണ്ഡലങ്ങളണിഞ്ഞും, അറ്റം ചുരുണ്ട കേശഭാരത്തോടുകൂടിയും, സിംഹപരാക്രമിയായും, കങ്കണങ്ങളണിഞ്ഞവനായും, അമൃതകുംഭത്തെയേന്തിയ കൈകളോടുകൂടിയും ഭഗവാൻ ശ്രീഹരിയുടെ അംശാവതാരമായ, ഹവിർഭാഗാധികാരിയായ, ആയുർവേദവിജ്ഞാനത്തിന്റെ പിതാവായ വിശ്വവിഖ്യാതനായ ശ്രീ ധന്വന്തരീമൂർത്തി അവതാരം ചെയ്തു.

രാജൻ!, പെട്ടെന്നു്, കൈയ്യിൽ അമൃതുമായി നിന്നരുളുന്ന ധന്വന്തരീമൂർത്തിയെ കണ്ടു് സകലതും ഒറ്റയ്ക്കു് കൈക്കലാക്കാനുള്ള അത്യാഗ്രഹത്തോടുകൂടി അസുരന്മാരെല്ലാം ചേർന്നു് ആ അമൃതകലശത്തെ ബലാത്കാരത്താൽ തട്ടിയെടുത്തു. അസുരന്മാർ അമൃതവുമായി സ്ഥലം വിട്ടതറിഞ്ഞു് സന്തപ്തചിത്തരായി ദേവന്മാർ ശ്രീഹരിയെ ശരണം പ്രാപിച്ചു. അവരുടെ ദയനീയമായ അവസ്ഥയെക്കണ്ടു് സർവ്വാഭീഷ്ടപ്രദായകനായ ഭഗവാൻ അവരോടു് പറഞ്ഞു: ദേവകളേ!, നിങ്ങൾ ദുഃഖിക്കാതിരിക്കുക!. എന്റെ മായാശക്തിയാൽ അസുരന്മാർക്കിടയിൽ ഭിന്നത സൃഷ്ടിച്ചു് നിങ്ങളുടെ അഭീഷ്ടം ഞാൻ സാധിപ്പിച്ചുകൊള്ളാം.

രാജാവേ! അവിടെ അമൃതക്കൊതിമൂത്ത അസുരന്മാർക്കിടയിൽ ഞാൻ മുമ്പേ’, ഞാൻ മുമ്പേ’, നീയല്ല, നീയല്ല എന്നിങ്ങനെ പരസ്പരം തർക്കം തുടങ്ങി. അവരിൽ ചിലർ പറഞ്ഞു: സുരാസുരന്മാരുടെ തുല്യപ്രയത്നം കൊണ്ടാണു് ഈ അമൃതകുംഭം സിദ്ധിച്ചതു. സത്രയാഗത്തിലെന്നതുപോലെ ഇതിലും അവർ തുല്യമായ പങ്കിനർഹരാണു. ഇതു് സനാതനധർമ്മമാണു.

ശ്രീശുകൻ തുടർന്നു: രാജാവേ!, ഇങ്ങനെ പറഞ്ഞുകൊണ്ടു് ശക്തി ക്ഷയിച്ചവരും വിരോധികളുമായ ചില അസുരന്മാർ ശക്തന്മാരായ ചില അസുരന്മാർക്കെതിരെ വാദിച്ചുകൊണ്ടിരുന്നു. ഈ തക്കം നോക്കി, ഭഗവാൻ അത്യാശ്ചര്യകരവും അനിർദ്ദേശ്യവുമായ മോഹിനീരൂപത്തെ ധരിച്ചു. രാജൻ!, കണ്ടാൽ നീത്താമരയ്ക്കുതുല്യം സൌന്ദര്യമാർന്നതായിരുന്നു ആ രൂപം. അവളുടെ ഓരോ അംഗങ്ങളും സ്ത്രീസൌന്ദര്യത്തിന്റെ മൂർത്തീഭാവങ്ങളായിരുന്നു. കാതുകളിൽ കനകകുണ്ഡലങ്ങളണിഞ്ഞിരിക്കുന്നു. മിന്നിത്തിളങ്ങുന്ന കവിൾത്തടങ്ങളും ഉയർന്ന നാസികയും അവളുടെ തിരുമുഖത്തിനു് മാറ്റു് കൂട്ടുന്നു. നവയൌവ്വനത്താൽ അഴകൊത്ത സ്തനങ്ങൾ. കൃശമായ ഉദരം. ആ മുഖസൌന്ദര്യത്തിൽ ആകൃഷ്ടരായ വണ്ടുകൾ അവൾക്കുചുറ്റും മൂളിപ്പറക്കുന്നു. അവയുടെ നാദത്താൽ സംഭ്രമിക്കുന്ന കണ്ണിണകൾ. മല്ലികപ്പൂക്കളാൽ കോർത്തിണക്കിയ മാല്യം മുടിയിൽ ചൂടിയിരിക്കുന്നു. അഴകാർന്ന കഴുത്തിൽ വിവിധയിനം ആഭരണങ്ങളണിഞ്ഞിരിക്കുന്നു. തോൾവളകളാലലംകൃതമായ ഭുജങ്ങൾ. നിർമ്മലമായ പുടവചുറ്റിയ തിരുവുടൽ. കാഞ്ചി പരിലസിക്കുന്ന അരക്കെട്ടു്. കാൽചിലമ്പുകൾ കൊഞ്ചിച്ചിരിക്കുന്നു. നാണം കുതിർന്ന അവളുടെ പുരികക്കൊടികളുടെ ശൃഗാരചേഷ്ടകളും കടാക്ഷവീക്ഷണങ്ങളും ആ അസുരപതികളുടെ മനസ്സുകളിൽ കാമത്തെ വളർത്തി."

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം എട്ടാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next






 Lakshmi swayamvaraam, Lord Vishnu's Mohini form