srimad bhagavatham 8.07 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
srimad bhagavatham 8.07 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ഒക്‌ടോബർ 2, ബുധനാഴ്‌ച

8.7 മഹാദേവൻ കാളകൂടവിഷത്തെ പാനം ചെയ്യുന്നതു.


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 7
(മഹാദേവൻ കാളകൂടവിഷത്തെ പാനം ചെയ്യുന്നതു.)


ശ്രീശുകൻ പറഞ്ഞു: ഹേ കുരുവംശോത്തമാ!, ദേവന്മാരും അസുരന്മാരും ചേർന്നു് സർപ്പരാജാവായ വാസുകിയെ ക്ഷണിച്ചുവരുത്തി, ഫലഭാഗം നൽകാമെന്ന വാഗ്ദാനത്തോടുകൂടി പാലാഴിമഥനത്തിനായി മന്ദരപർവ്വതത്തിനുചുറ്റും അവനെ കയറായി ഉപയോഗിച്ചു. സുരാസുരസംഘം ഉത്സാഹത്തോടെ മഥനം തുടങ്ങി. വിഷ്ണുഭഗവാൻ ആദ്യംതന്നെ വാസുകിയുടെ മുഖഭാഗം പിടിച്ചു. ഉടൻ‌തന്നെ ദേവന്മാരും ഭഗവാനെ പിന്തുടർന്നു. എന്നാൽ, ഭഗവാന്റെ ആ പ്രവൃത്തിയെ അസുരന്മാരെതിർത്തു. അവർ പറഞ്ഞു: സർപ്പങ്ങളുടെ അശുഭഭാഗമായ വാൽഭാഗം ഞങ്ങൾ പിടിക്കുകയോ? അസംഭവ്യം!. വേദശാസ്ത്രപരിജ്ഞാനമുള്ളവരും വിദ്യാഭ്യാസസമ്പന്നന്മാരുമായ ഞങ്ങൾ അസുരന്മാർ നല്ല വംശത്തിൽ ജനിച്ചവരും കർമ്മം കൊണ്ടു് പേരും പെരുമയും നേടിയവരുമാണു.

ശ്രീശുകൻ തുടർന്നു: അല്ലയോ രാജൻ!, ഇങ്ങനെ പറഞ്ഞുകൊണ്ടു് അവർ നിന്നിടത്തുനിന്നും അനങ്ങാതെ നിലയുറപ്പിച്ചു. അവരെക്കണ്ടു് ഭഗവാൻ പുഞ്ചിരിതൂകിക്കൊണ്ടു് വാസുകിയുടെ തലഭാഗം വിട്ടുകൊടുക്കുകയും, വാൽഭാഗം പിടിയ്ക്കുകയും ചെയ്തു. ഇങ്ങനെ ദേവാസുരന്മാർ അത്യുത്സാഹത്തോടുകൂടി അമൃതലാഭത്തിനായി പാലാഴിമഥനം ആരംഭിച്ചു. അല്ലയോ പാണ്ഡുനന്ദനാ!, പെട്ടെന്നു്, കറങ്ങിയുലയുന്ന പർവ്വതം അടിയിൽ താങ്ങില്ലാതെ ഭാരത്താൽ സമുദ്രത്തിന്റെ അഗാധതയിലേക്കു് ആണ്ടുപോകാൻ തുടങ്ങി. തങ്ങളുടെ പ്രയത്നം വിധിയുടെ വൈഭവത്താൽ വൃഥാവിലായിപ്പോകുന്നതുകണ്ട ദേവാസുരന്മാരുടെ ഹൃദയവും മുഖവും ദുഃഖത്താൽ വിളറിവെളുത്തു.

(കൂർമ്മാവതാരം)
രാജാവേ!, വിഘ്നേശ്വരൻ വരുത്തിവച്ച ഈ വിനയെ കണ്ടിട്ടു്, സർവ്വശക്തനായ ശ്രീഹരി അതിബൃഹത്തായ ഒരു ആമയുടെ രൂപം സ്വീകരിച്ചുകൊണ്ടു് ഇളകിമറിയുന്ന ആ സമുദ്രത്തിലേക്കിറങ്ങി താണുപൊയ്ക്കൊണ്ടിരുന്ന മന്ദരപർവ്വതത്തെ താങ്ങി മുകളിലേക്കുയർത്തി. ഉയർന്നുവരുന്ന പർവ്വതത്തെകണ്ടു് സന്തോഷത്തോടെ ദേവകളും അസുരന്മാരും സമുദ്രമഥനം പുനരാരംഭിച്ചു. വീണ്ടും അതു് താഴ്ന്നിറങ്ങാനിടവരാതെ ലക്ഷം യോജനവരുന്ന ഒരു മഹാദ്വീപത്തെപ്പോലെ കൂർമ്മാവതാരം തന്റെ പൃഷ്ഠഭാഗത്താൽ ആ പർവ്വതത്തെ താങ്ങിനിർത്തി. ഹേ ശ്രീമാൻ!, തന്റെ മുതുകിലിരുന്നു് വട്ടം ചുഴലുന്ന മഹാപർവ്വതത്തിന്റെ ചുഴറ്റലിനെ സുഖമുളവാക്കുന്ന ഒരുതരം സ്പർശനമായിമാത്രമേ ആ ആദികൂർമ്മത്തിനു് തോന്നിയുള്ളൂ. ഭഗവാൻ ആസുരശക്തിരൂപത്തിൽ അസുരന്മാരിലും, ദൈവീകശക്തിരൂപത്തിൽ ദേവന്മാരിലും, അബോധാവസ്ഥയുടെ രൂപത്തിൽ വാസുകിയിലേക്കും പ്രവേശിച്ചു. സഹസ്രബാഹുവായ മറ്റൊരു ഗിരീന്ദ്രനെപ്പോലെ അതിബൃഹത്തായ മന്ദരപർവ്വതന്നെ മറിയാതെയും ചരിയാതെയും മുകളിൽനിന്നും പിടിച്ചുകൊണ്ടു് ഭഗവാൻ അന്തരീക്ഷത്തിൽ സ്ഥിതിചെയ്തു. ബ്രഹ്മാദിദേവതകൾ ദിവ്യപുഷ്പവൃഷ്ടിയോടെ സ്തുതിഗീതങ്ങൾ പാടി. അതിൽ ശക്തിവർദ്ധിച്ച ദേവാസുരന്മാർ പാലാഴിയെ ഊക്കോടെ കടയാൻ തുടങ്ങി. നക്രം മുതലായ ജലജന്തുക്കൾ പരവശരായി ആ സമുദ്രജലത്തിൽ ഇളകിമറിഞ്ഞു. അങ്ങനെ താഴെയും മുകളിലുമായി മന്ദരപർവ്വതത്തെ താങ്ങിനിർത്തിയും, ദേവാസുരന്മാർക്കു് കരുത്തേകിയും, വാസുകിയെ അബോധാവസ്ഥയിലാക്കി അവനെ ശരീരവേദനയിൽനിന്നും രക്ഷപ്പെടുത്തിയും, സുരാസുരന്മാരെ കേവലം നിമിത്തമാക്കിക്കൊണ്ടു് ഭഗവാൻ ശ്രീഹരി സ്വയം പാലാഴിയെ മഥനം ചെയ്തു.


രാജൻ!, വാസുകിയുടെ എണ്ണമറ്റ നേത്രങ്ങളിൽനിന്നും മുഖശ്വാസങ്ങളിൽനിന്നും ഉതിർന്ന അഗ്നിയാലും പുകയാലും പൌലോമൻ, കാലകേയൻ, മഹാബലി, ഇല്വലൻ, മുതലായ അസുരന്മാർ, കാട്ടുതീയിൽ‌പ്പെട്ട വൃക്ഷങ്ങളെപ്പോലെ, നിലം‌പൊത്തി. ആ തീജ്വാലയിൽ ദേവന്മാരുടേയും കാന്തി നഷ്ടപ്പെട്ടു. അവരുടെ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം പുകമൂടി കറത്തിരുണ്ടു. പക്ഷേ, ഭഗവദ്വശങ്ങളായിത്തീർന്ന കാർമേഘങ്ങളെ പെയ്യിച്ചുകൊണ്ടു് ഭഗവാൻ അവരുടെ ക്ഷീണമകറ്റി. പെട്ടെന്നുതന്നെ അവിടെ തണുത്തകാറ്റു് വീശി അവർക്കു് കുളിർമ ചൊരിഞ്ഞു. അവർ വീണ്ടും തങ്ങളുടെ ഉദ്യമത്തിലേർപ്പെട്ടു. പക്ഷേ, ഏറെ കടഞ്ഞിട്ടും അമൃതം പൊന്തിവരാത്തതുകണ്ടു് പിന്നീടു് ഭഗവാൻ‌തന്നെ കടച്ചിൽ ആരംഭിച്ചു.

ശ്യാമളനിറം പൂണ്ട തിരുവുടലിൽ മഞ്ഞപ്പട്ടണിഞ്ഞിരിക്കുന്നു. കാതുകളിൽ കുണ്ഡലങ്ങളിളകിയാടുന്നു. കേശഭാരം കാറ്റിലുലയുന്നു. വനമാല ആ തിരുമാറിനെ കെട്ടിപ്പുണർന്നുകൊണ്ടാടിയുലയുന്നു. ചുവന്ന കണ്ണുകൾ. തന്റെ തൃക്കരങ്ങളാൽ വാസുകിയെ പിടിച്ചുകൊണ്ടു് മന്ദരപർവ്വത്തെക്കൊണ്ടു് പാലാഴിയെ കടയുന്ന ഭഗവാനെ കണ്ടാൽ മറ്റൊരു പർവ്വതമാണെന്നു് തോന്നി. കൂടാതെ പർവ്വതത്തിനു് താങ്ങായി കൂർമ്മരൂപിയായി അതിനെ അടിയിൽനിന്നും താങ്ങിനിർത്തുകയും ചെയ്തു. സമുദ്രം തീവ്രമായി മഥിക്കപ്പെടുകയാണു. മത്സ്യങ്ങൾ വട്ടം ചുഴലുന്നു. ചീങ്കണ്ണീ, നീർപ്പാമ്പുകൾ, ആമകൾ എന്നീ ജലജീവികൾ കരയിലേക്കടിഞ്ഞുകൂടുന്നു. തിമിമത്സ്യങ്ങൾ, കടലാനകൾ, മുതലകൾ, തിമിംഗലങ്ങൾ എന്നിവയാൽ വിക്ഷുബ്ധമായ ആ മഹാസമുദ്രത്തിൽനിന്നും ആദ്യമായി ഹാലാഹലം എന്ന അത്യുഗ്രമായ വിഷം പൊന്തിവന്നു.

അല്ലയോ രാജാവേ!, ആ വിഷം മേലുംകീഴുമില്ലാതെ നാനാദിശകളിലേക്കും വ്യാപരിക്കാൻ തുടങ്ങി. അതുകണ്ടു് പരിഭ്രാന്തരായ പ്രജകൾ അശരണരായി പ്രജാപതിമാരോടൊപ്പം മഹാദേവനിൽ അഭയം പ്രാപിച്ചുകൊണ്ടു് ഓടിയടുത്തു. സർവ്വമുനികളാലും സമ്മതനായ മഹാദേവൻ കൈലാസാചലത്തിൽ ലോകസംഗ്രഹാർത്ഥം തപസ്സനുഷ്ഠിക്കുകയായിരുന്നു. ദേവീസമേതനായി കൈലാസത്തിൽ ഇരുന്നരുളുന്ന ഗിരീശനുമുന്നിൽ അവർ സ്തുതികളോടുകൂടി ദണ്ഡനമസ്ക്കാരം ചെയ്തു.

ശൈവവൈഷ്ണവഭേദങ്ങളെ കാണാത്ത പ്രജാപതിമാർ പറഞ്ഞു: അല്ലയോ ദേവാദിദേവാ!, ശ്രീമഹാദേവാ!, സകലചരാചരങ്ങളുടേയും ആത്മാവും സൃഷ്ടാവുമായ അവിടുത്തെ തിരുമുമ്പിൽ ഞങ്ങൾ ആശ്രിതരായിരിക്കുകയാണു. മൂന്നുലോകങ്ങളേയും ദഹിപ്പിക്കുമാറുള്ള ഈ കൊടിയ വിഷത്തിൽനിന്നും ഞങ്ങളെ രക്ഷിച്ചരുളിയാലും!. സർവ്വഭൂതങ്ങളുടേയും ബന്ധത്തിനും മോക്ഷത്തിനും നിയന്താവായവൻ അങ്ങുമാത്രമാണു. പ്രപന്നാത്മാക്കളുടെ ആർത്തിയെ ഇല്ലാതാക്കുന്ന ലോകത്തിന്റെ ഏകഗുരുവായ അങ്ങയെ അതിനാൽ വിവേകികൾ ആരാധിക്കുന്നു. വിഭോ!, ഭൂമൻ!, സർവ്വസാക്ഷിയായ അങ്ങുന്നു് സൃഷ്ടിസ്ഥിതിസംഹാരങ്ങൾക്കായി ത്രിഗുണങ്ങളെ ഓരോന്നായി സ്വീകരിച്ചുകൊണ്ടു് അതാതുകാലങ്ങളിൽ ബ്രഹ്മാവെന്നും, വിഷ്ണുവെന്നും ശിവനെന്നുമുള്ള വ്യത്യസ്ഥനാമങ്ങളോടെ ലീലകളാടുന്നു. സത്തും അസത്തുമായ സകലഭാവങ്ങളേയും ഭവിപ്പിക്കുന്ന നിന്തിരുവടി പരമഗുഹ്യമായ ബ്രഹ്മതത്വമാണു. നാനാശക്തിരൂപങ്ങളോടെ ഈ ജഗത്തായി പരിണമിച്ചിരിക്കുന്നവനും അങ്ങുതന്നെ. ഭഗവാനേ!, വേദം അങ്ങിൽനിന്നുണ്ടായിരിക്കുന്നു. പ്രാണേന്ദ്രിയങ്ങൾക്കും, പഞ്ചമഹാഭൂതങ്ങൾക്കും, ത്രിഗുണങ്ങൾക്കും, മഹതത്വത്തിനും അങ്ങുതന്നെ പരമകാരണമായിരിക്കുന്നു. നിന്തിരുവടി കാലസ്വരൂപനാണു. സത്യവും ഋതവുമായ ധർമ്മവും അങ്ങുതന്നെ. , , മ്, എന്നിവയുടെ സമുച്ചയമായ ഓംകാരവും അങ്ങിൽത്തന്നെ അധിഷ്ഠിതമായിരിക്കുന്നു.

അല്ലയോ സർവ്വലോകകാരണനായ ഭഗവാനേ!, അഗ്നിയെ അവിടുത്തെ തിരുമുഖമായും, ഭൂമിയെ അവിടുത്തെ പദകമലമായും, കാലത്തെ അവിടുത്തെ ചലനമായും, ദിശകളെ അവിടുത്തെ കർണ്ണങ്ങളായും, ജലരാജനായ വരുണൻ നിന്തിരുവടിയുടെ രസനേന്ദ്രിയമായും ജ്ഞാനികൾ പറയുന്നു. ആകാശം അങ്ങയുടെ നാഭീദേശമാകുന്നു. വായു അങ്ങയുടെ ശ്വാസനവുമാകുന്നു. സൂര്യൻ നേത്രവും, ജലം രേതസ്സുമത്രേ!. നിന്തിരുവടി സകലഭൂതങ്ങൾക്കും ഏകാശ്രമാകുന്നു. ചന്ദ്രൻ അവിടുത്തെ മനസ്സും, സ്വർഗ്ഗലോകം അങ്ങയുടെ ശിരസ്സുമാണു. അല്ലയോ വേദസ്വരൂപാ!, സമുദ്രങ്ങൾ അവിടുത്തെ ഉദരവും, പർവ്വതങ്ങൾ അസ്ഥികളും, സസ്യലതാതികൾ അങ്ങയുടെ രോമങ്ങളും, ചന്ദസ്സുകൾ അങ്ങയുടെ സപ്തധാതുക്കളും, വേദോക്തമായ കർമ്മങ്ങളഖിലവും അങ്ങയുടെ ഹൃദയവുമാകുന്നു. ഭഗവാനേ!, തത്പുരുഷം, അഘോരം, സദ്യോജാതം, വാമദേവം, ഈശാനം എന്നിങ്ങനെ അഞ്ചു് ഉപനിഷത്തുക്കൾ അങ്ങയുടെ തിരുമുഖങ്ങളത്രേ!. അവയാൽത്തന്നെ മുപ്പത്തിയെട്ടുകലകളുൾപ്പെടുന്ന മന്ത്രസംഹിതകൾ സംജാതമായി. ശിവൻ എന്ന നാമത്തിൽ അങ്ങു് സ്വയംജ്യോതിരൂപനായി നിലകൊള്ളുന്നു. നിന്തിരുവടി ആ പരമാത്മതത്വം തന്നെയാകുന്നു. അധർമ്മങ്ങളിൽ അങ്ങയുടെ നിഴൽ പതിഞ്ഞുനിൽക്കുന്നു. സത്വാദിത്രിഗുണങ്ങൾ അവിടുത്തെ മൂന്നുനേത്രങ്ങളാകുന്നു. ചന്ദോമയങ്ങളായ വേദഗ്രന്ഥങ്ങൾ അങ്ങയിൽനിന്നുളവായിരിക്കുന്നു. കാരണം, അവിടുത്തെ കാരുണ്യം കൂടാതെ യാതൊരു പണ്ഡിതന്മാർക്കും അതിനെ രചിക്കുവാൻ സാധ്യമല്ല.

അല്ലയോ ഗിരീശാ!, പ്രപഞ്ചാതീതമായ അവിടുത്തെ ഈ ജ്യോതിസ്വരൂപം ലോകപാലകന്മാർക്കോ, ബ്രഹ്മാവിനോ, ദേവേന്ദ്രനോ, വിഷ്ണുവിനോ അറിവുള്ളതല്ല. ആ രൂപത്തെ ത്രിഗുണങ്ങൾ സ്പർശിക്കുന്നില്ല. കാരണം, അതു് ഭോദോപാധിരഹിതമായ വിശുദ്ധബ്രഹ്മമാകുന്നു. അവിടുത്തെ തൃക്കണ്ണിൽനിന്നുതിർക്കുന്ന അഗ്നിനാളങ്ങളാൽ ഈ ലോകം സംഹരിക്കപ്പെടുമ്പോൾ സർവ്വം ഇവിടെ ഭസ്മമാകുന്നു. നിന്തിരുവടിപോലുമറിയാതെ അതു് സംഭവിക്കുന്നു. അങ്ങനെയെങ്കിൽ ദക്ഷയാഗം മുടക്കിയതോ, ത്രിപുരാസുരനെ തറപറ്റിച്ചതോ, കാളകൂടവിഷത്തെ ഇല്ലാതാക്കുന്നതോ ഒന്നും നിന്തിരുവടിയുടെ പ്രശംസയ്ക്കു് യോഗ്യമായ വിഷയങ്ങളല്ല. വിവേകികൾ അവിടുത്തെ പദകമലത്തെ സദാസമയവും ഹൃദയത്തിൽ സ്മരിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, അങ്ങയുടെ തപോനിഷ്ഠയെ അറിയാത്തവർ അങ്ങു് സദാ ഉമയോടൊപ്പം നടക്കുന്നവനാണെന്നും, വിഷയാസക്തനാണെന്നും, ചുടലക്കാട്ടിൽ ചുറ്റിത്തിരിയുന്ന ക്രൂരനും ഹിംസാലുവുമായവനാണെന്നും തെറ്റിദ്ധരിക്കുന്നു. അത്തരം നാണംകെട്ടവർ നിന്തിരുവടിയുടെ മാഹാത്മ്യത്തെ എങ്ങനെയറിയാൻ?. ഭഗവാനേ!, സകല ചരാചരങ്ങൾക്കും അഗ്രാഹ്യനായ അങ്ങയുടെ തത്വത്തെ ബ്രഹ്മാദികൾപോലും ഉള്ളവണ്ണമറിയുന്നില്ല. ആയതിനാൽ അങ്ങയെ പ്രകീർത്തിക്കുകയെന്നതും അസംഭവ്യമാണു. ഞങ്ങൾ ബ്രഹ്മദേവന്റെ സൃഷ്ടിയുടെ സൃഷ്ടികൾ മാത്രമാണു. എങ്കിലും ഞങ്ങൾ ശക്തിക്കൊത്തവണ്ണം നിന്തിരുവടിയെ സ്തുതിക്കുകയാണു. അല്ലയോ മഹേശ്വരാ!, നിന്തിരുവടിയുടെ ഈ വ്യക്തരൂപത്തെ മാത്രമേ ഞങ്ങൾക്കറിയാൻ സാധിക്കുന്നുള്ളൂ. അതിനപ്പുറമുള്ള അവിടുത്തെ ഗൂഢതത്വത്തെ ഗ്രഹിക്കുവാൻ ഞങ്ങൾ അശക്തരാണു. അവ്യക്തമായ കർമ്മങ്ങളെ ചെയ്യുന്ന അവിടുത്തെ ഈ വ്യക്തരൂപം ലോകത്തിന്റെ ക്ഷേമത്തിനുവേണ്ടിയാണെന്നുമാത്രം ഞങ്ങളറിയുന്നു.

ശ്രീശുകൻ പറഞ്ഞു: രാജൻ! പ്രജകളുടെ ഈ ദുഖം കണ്ടു് സർവ്വഭൂതങ്ങളുടേയും സുഹൃത്തായ ഭഗവാൻ മഹാദേവൻ അലിവുള്ള ഹൃദയത്തോടെ തന്റെ പത്നിയായ സതീദേവിയോടു് പറഞ്ഞു: ഹേ ഭാവനി!, പാലാഴിമഥനത്തിനിടയിൽ പൊന്തിവന്ന ഉഗ്രമായ കാളകൂടവിഷത്താൽ ഈ പ്രജകൾക്കു് നേരിട്ട ദുഃഖത്തെ കാണൂ!. പ്രാണരക്ഷാർത്ഥം വിലപിക്കുന്ന ഇവരെ ദുഃഖത്തിൽനിന്നും കരകയറ്റുകയെന്നതു് നമ്മുടെ കർത്തവ്യമാണു. കാരണം, ദീനപരിപാലനം മാത്രമാണു് അതിനു് കഴിവുള്ളവരുടെ ജീവതത്തിന്റെ പ്രയോജനംതന്നെ. ഭഗവന്മായയാൽ മോഹിതരായി അജ്ഞാനികൾ പരസ്പരം മത്സരിക്കുമ്പോൾ, സത്തുക്കൾ ക്ഷണഭംഗുരമായ സ്വന്തം ജീവനെപ്പോലും ബലിയർപ്പിച്ചുകൊണ്ടു് അവരെ സങ്കടത്തിൽനിന്നും രക്ഷിക്കുന്നു. ഹേ മംഗലസ്വരൂപേ!, കാരുണ്യശീലന്മാർക്കുമുന്നിൽ ഭഗവാൻ ശ്രീഹരി അത്യന്തം സമ്പ്രീതനാകുന്നു. അവൻ പ്രീതനാ‍യാൽ സകലചരാചരങ്ങൾക്കൊപ്പം ഞാനും സന്തുഷ്ടനാകുന്നു. അതുകൊണ്ടു്, ഈ വിഷത്തെ ഞാൻ കുടിക്കാൻ പോകുകയാണു. അതിലൂടെ പ്രജകൾക്കു് സ്വസ്തി സംഭവിക്കട്ടെ!.

ശ്രീശുകൻ പറഞ്ഞു: ഹേ രാജൻ! ദേവിയോടായി ഇങ്ങനെ പറഞ്ഞുകൊണ്ടു് മഹാദേവൻ ആ കാളകൂടവിഷത്തെ പാനം ചെയ്യുവാൻ തുടങ്ങി. ഭഗവദ്ശക്തിയെ അറിഞ്ഞിരുന്ന ദേവി അതിനായി ഭഗവാനെ അനുവദിക്കുകയും ചെയ്തു. ഭൂതഭാവനനായ ശ്രീമഹാദേവൻ ദിക്കെങ്ങും നിറഞ്ഞുവമിക്കുന്ന ആ വിഷത്തെ തന്റെ ഉള്ളംകൈയ്യിലെടുത്തു് ഭക്ഷിച്ചു. ജലത്തിന്റെ പാപരൂപമായ ആ കാളകൂടവിഷം ഭഗവദ്കണ്ഠത്തിൽ നീലവർണ്ണത്തിൽ ഇന്നും തെളിഞ്ഞുകിടക്കുന്നു. എന്നാൽ പരമകാരുണികനായ ഭഗവാനാകട്ടെ, അതിനെ ഒരലങ്കാരമായി സ്വീകരിക്കുകയാണുണ്ടായതു. കാരുണികന്മാർ ലോകത്തിനുണ്ടാകുന്ന ദുഃഖത്തെ സ്വയം ഏറ്റെടുക്കുന്നു. അതാകട്ടെ, സർവ്വാന്തര്യാമിയായ ഭഗവാന്റെ ആരാധനകളിൽ ഏറ്റവും ശ്രേഷ്ഠമായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. മഹാദേവൻ ഇങ്ങനെ വിഷപാനം ചെയ്തതറിഞ്ഞ മഹാവിഷ്ണുവും ബ്രഹ്മദേവനും ദാക്ഷായണിയും മറ്റുള്ളവരും അദ്ദേഹത്തെ പ്രശംസിച്ചു. ഹേ പരീക്ഷിത്തുരാജാവേ!, മഹാദേവന്റെ കൈകുമ്പിളിൽനിന്നും ഇറ്റിറ്റുവീണ വിഷത്തുള്ളികളെ തേളുകളും, പാമ്പുകളും, വിഷച്ചെടികളും, മറ്റുചില ജന്തുക്കളും ഭക്ഷിക്കുകയുണ്ടായി.


ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം ഏഴാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next




Lord Shiva drinks Halahala poison