srimad bhagavatham 8.01 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
srimad bhagavatham 8.01 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, സെപ്റ്റംബർ 17, ചൊവ്വാഴ്ച

8.1 മന്വന്തരങ്ങളുടെ വർണ്ണനം


ഓം

ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം അദ്ധ്യായം‌ 1
(മന്വന്തരങ്ങളുടെ വർണ്ണനം)


പരീക്ഷിത്തു് രാജാവു് ശ്രീശുകബ്രഹ്മർഷിയോടു് ചോദിച്ചു: ഗുരോ!, സ്വായംഭുവമനുവിന്റെ മന്വന്തരത്തെക്കുറിച്ചു് അങ്ങു് പറഞ്ഞുകഴിഞ്ഞു. അതുപോലെ, മറ്റുള്ള മനുക്കളുടെ വംശപരമ്പരയെക്കുറിച്ചുകൂടി ഞങ്ങൾക്കു് പറഞ്ഞുതന്നാലും. ഹേ ബ്രഹ്മർഷേ!, ഭഗവാൻ ഹരിയുടെ അവതാരങ്ങളും കർമ്മങ്ങളും കൊണ്ടു് മഹത്തരമായിരിക്കുന്ന അവയെ കേൾക്കുവാൻ ഞങ്ങൾക്കതിയായ ആഗ്രഹമുണ്ടു. അവൻ കഴിഞ്ഞുപോയ മന്വന്തരങ്ങളിൽ എന്തെല്ലാം ചെയ്തിരുന്നുവോ, ഇനി വരാൻ പോകുന്നവയിൽ എന്തെല്ലാം ചെയ്യാനിരിക്കുന്നുവോ, ഇപ്പോഴത്തെ മന്വന്തരത്തിൽ എന്തെല്ലാം ചെയ്തുകൊണ്ടിരിക്കുന്നുവോ, അതെല്ലാം ഒന്നൊഴിയാതെ അങ്ങു് ഞങ്ങൾക്കു് പറഞ്ഞുതരിക.

ശ്രീശുകൻ പറഞ്ഞു: ഹേ പരീക്ഷിത്തുരാജൻ!, ഈ കല്പത്തിൽ ഇതിനകം ആറു് മനുക്കൾ കടന്നുപോയിരിക്കുന്നു. ആദിമനായ ആ സ്വായംഭുവമനുവിന്റെ കാലത്താണു് വിവിധ ദേവതകളുടെ പ്രാദുർഭാവമുണ്ടായതു. അദ്ദേഹത്തിന്റെ പുത്രിമാരായ ആകൂതിയിലൂടെയും ദേവഹൂതിയിലൂടെയും ഭഗവാൻ മഹാവിഷ്ണു  അവളുടെ പുത്രഭാവത്തിൽ അവതീർണ്ണനായി ധർമ്മജ്ഞാനങ്ങളെ പ്രചരിപ്പിക്കുകയുണ്ടായി. ഹേ രാജൻ!, ദേവഹൂതിയിലൂടെ അവതരിച്ച കപിലഭഗവാന്റെ കർമ്മത്തെപ്പറ്റി ഞാൻ അങ്ങയോടു് മുമ്പു് വർണ്ണിച്ചതാണു. ഇനി ആകൂതിയിലൂടെ അവതരിച്ച യജ്ഞദേവൻ ഇവിടെ യാതൊന്നു് പ്രവർത്തിച്ചുവോ, അതിനെ കേട്ടുകൊള്ളുക.

വിഷയാനുഭവങ്ങളിൽ വിരക്തനായ സ്വായംഭുവമനു രാജ്യത്തെ പരിത്യജിച്ചതിനുശേഷം, ഭാര്യയോടൊപ്പം തപസ്സിനായി വനത്തിലേക്കു് പോയി. അവിടെ, സുനന്ദാനദിയുടെ തീരത്തു് ഒറ്റക്കാലിൽ തപസ്സനുഷ്ഠിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അദ്ദേഹം സമാധിസ്ഥനാകുകയും, ആ അനുഭൂതിയിൽ ഇങ്ങനെ പറയുകയും ചെയ്തു.

സ്വായംഭുവമനു പറഞ്ഞു: ലോകചൈതന്യത്തിന്റെ കാരണനായും, ഈ ലോകം സുഷുപ്തിയിൽ മുങ്ങുമ്പോൾ ഉണർന്നിരിക്കുന്നവനുമായ ഈശ്വരനെ ലോകം അറിയുന്നില്ല. എന്നാൽ അവയെ അവൻ അറിയുന്നു. ഈ ലോകങ്ങൾക്കകമ്പുറം കൊണ്ടു് മേവുന്നവനാണു ആ ജഗദീശ്വരൻ. അവൻ കനിഞ്ഞരുളുന്നതിനെ മാത്രം ഭുജിക്കുക. അല്ലാതെ, ആരുടേയും ധനം ആഗ്രഹിക്കാതിരിക്കുക. സർവ്വതിനും സാക്ഷിയായിരിക്കുന്ന അവനെ ഈ ലോകം അറിയുന്നില്ല. അങ്ങനെയുള്ള സർവ്വചരാചരാന്തർസ്ഥിതനും, നിസ്സംഗനും, സ്വയം പ്രകാശിതനുമായ ഹരിയെ ശരണം പ്രാപിക്കുക. യാതൊരുവനാണോ ആദിമധ്യാന്തങ്ങളില്ലാത്തതു്, യാതൊരുത്തനാണോ സ്വന്തക്കാരനും പരനും അകവും പുറവുമില്ലാത്തതു്, യാതൊരുവനിൽനിന്നാണോ ലോകങ്ങൾക്കിത്തരത്തിലുള്ള ഭാവങ്ങളുണ്ടാകുന്നതു്, ലോകംതന്നെയായിരിക്കുന്ന അവൻമാത്രം ഇവിടെ നിത്യസത്യമായി വിളങ്ങുന്നു. ഈ ലോകം അവന്റെ ശരീരമാകുന്നു. അനേകകോടിനാമങ്ങളോടുകൂടിയ അവൻ നിത്യസത്യനും, സ്വയം പ്രകാശിതനും, അജനും, പുരാണനുമാണു. ആ ഈശ്വരൻ സ്വന്തം മായാശക്തിയാൽ ഈ ലോകത്തിന്റെ സൃഷ്ടിസ്ഥിതിലയങ്ങൾ കൈകാര്യം ചെയ്യുന്നു. അതുപോലെ, ജ്ഞാനത്താൽ നിഷ്ക്രിയനായിരിക്കുകയും ചെയ്യുന്നു. അതുകൊണ്ടു്, മുക്തിയെ സാധിപ്പിക്കുന്നതിനായി ഋഷികൾ ആദ്യം കർമ്മാനുഷ്ഠാനത്തെ ഉപദേശിക്കുന്നു. കാരണം നിസ്സംഗതയോടെ കർമ്മങ്ങളനുഷ്ഠിക്കുകവഴി സാധകൻ നിഷ്ക്രിയതയെത്തന്നെ പ്രാപിക്കുന്നു. ഇങ്ങനെ, നിഷ്കാമനായി കർമ്മമനുഷ്ഠിക്കുന്ന ഭഗവാന്റെ ചെന്താരടികളെ പിന്തുടരുന്നവർ ഒരിക്കലും ബന്ധനങ്ങളിൽ അകപ്പെട്ടുപോകുന്നില്ല. അതുകൊണ്ടു്, ബോധസ്വരൂപനായും, നിരഹങ്കാരനായും, പൂർണ്ണനായും, നിഷ്കാമനായും, സർവ്വസ്വതന്ത്രനായി കർമ്മങ്ങളനുഷ്ഠിക്കുന്നവനായും, ഗുരുരൂപേണ മനുഷ്യരെ ബോധവാന്മാരാക്കുന്നവനായുമിരിക്കുന്ന ആ പ്രഭുവിനെ ഞാൻ ആശ്രയിക്കുന്നു.

ശ്രീശുകൻ പറഞ്ഞു: ഹേ രാജാവേ!, ഇങ്ങനെ, വേദവാക്യങ്ങളെ ഉരുവിട്ടുകൊണ്ടു് സമാധിസ്ഥനായിരിക്കുന്ന മനുവിനെ കണ്ടു്, വിശന്നുവലഞ്ഞുവരികയായിരുന്ന കുറെ അസുരന്മാരും രാക്ഷസന്മാരും ഭക്ഷിക്കുവാനായി അദ്ദേഹത്തിനടുത്തേക്കോടിയടുത്തു. അതുകണ്ട ഭഗവദവതാരമായ യജ്ഞദേവൻ യാമാദികളായ ദേവന്മാരാൽ വൃതനായിട്ടു് അവരെ കൊന്നൊടുക്കുകയും, തുടർന്നു്, സ്വഗ്ഗലോകത്തിന്റെ ഭരണം ഏറ്റെടുക്കുകയും ചെയ്തു. രാജൻ!, രണ്ടാമത്തെ മനു അഗ്നിപുത്രനായ സാരോചിഷനായിരുന്നു. അദ്ദേഹത്തിനു് ദ്യുമാൻ, സുഷേണൻ, രോചിഷ്മാൻ എന്നിവപുത്രന്മാരായി ജനിച്ചു. അന്നത്തെ ഇന്ദ്രൻ രോചനനായിരുന്നു. തുഷിതാക്കൾ ദേവന്മാരും, ഊർജസ്തംഭാദികളായ ജ്ഞാനികൾ സപ്തർഷികളുമായിരുന്നു. വേദശിരസ്സെന്ന മഹർഷിയുടെ പത്നിയായിരുന്നു തുഷിത. അവളിൽ അദ്ദേഹത്തിനു് വിഭു എന്ന നാമത്തിൽ ഭഗവാൻ ഹരി അവതീർണ്ണനായി. കൌമാരം മുതൽക്കേ വിഭു നൈഷ്ഠികബ്രഹ്മചാരിയായിരുന്നു. അദ്ദേഹത്തിനു് ധൃതവ്രതരായ എൺപത്തെണ്ണായിരം ശിഷ്യഗണങ്ങളുണ്ടായിരുന്നു.

ഹേ രാജാവേ!, പ്രിയവ്രതന്റെ പുത്രനായ ഉത്തമനായിരുന്നു മൂന്നാമത്തെ മനു. അവന്റെ പുത്രന്മാർ പവനൻ, സൃംജയൻ, യജ്ഞഹോത്രൻ തുടങ്ങിയവരായിരുന്നു. ആ മൂന്നാം മന്വന്തരത്തിലെ സപ്തർഷികൾ വസിഷ്ഠന്റെ പുത്രന്മാരായ പ്രമദാദികളും, സത്യന്മാർ, വേദശ്രുതന്മാർ, ഭദ്രന്മാർ തുടങ്ങിയവർ ദേവന്മാരും, സത്യജിത്തു് ദേവേന്ദ്രനുമായിരുന്നു. ഈ മന്വന്തരത്തിൽ ധർമ്മദേവന്റെ ഭാര്യ സുനൃതയിൽ ശ്രീമഹാവിഷ്ണു സത്യവ്രതന്മാരോടൊപ്പം സത്യസേനൻ എന്ന നാമധേയത്തിൽ അവതരിച്ചു് വിശ്വവിഖ്യാതനായി. അന്നു് ഭഗവാൻ അന്നത്തെ ദേവന്ദ്രനായ സത്യജിത്തെന്ന തന്റെ സുഹൃത്തിനോടൊപ്പംചേർന്നു് അസത്യവാദികളും ഹിംസാകാരികളുമായ യക്ഷന്മാരേയും രാക്ഷസന്മാരേയും ഭൂതഗണങ്ങേളേയും കൊന്നൊടുക്കി.

രാജാവേ!, നാലാമത്തെ മനു ഉത്തമന്റെ ഭ്രാതാവായ താമസനായിരുന്നു. അദ്ദേഹത്തിനു് പൃഥു ആദിയായി പത്തുപേർ മക്കളായി ജനിച്ചു. താമസമന്വന്തരത്തിലെ ദേവന്മാർ സത്യകന്മാർ, ഹരികൾ, വീരന്മാർ എന്നിവരും, ഇന്ദ്രനായിരുന്നതു് ത്രിശിഖനും, സപ്തർഷികൾ ജ്യോതിർദ്ധാമാവു് തുടങ്ങിയ ഏഴുപേരുമായിരുന്നു. അന്നു് ദേവന്മാരായി വൈധൃതികൾ എന്ന വിധൃതിയുടെ പുത്രന്മാരുമുണ്ടായിരുന്നു. അല്ലയോ നൃപാ!, അവരായിരുന്നു കാലത്താൽ നഷ്ടമായ വേദങ്ങളെ സ്വന്തം ശക്തിയാൽ ഉദ്ധരിപ്പിച്ചതു. ആ മന്വന്തരത്തിൽ ഹരിമേധസ്സെന്ന ഋഷിയുടെ ഹരിണി എന്ന പത്നിയിൽ ഹരി എന്ന നാമത്തിൽ ശ്രീനാരായണൻ അവതരിച്ചിരുന്നു. അവനായിരുന്നു ഗജേന്ദ്രനെ മുതലയിൽനിന്നും രക്ഷിച്ചരുളിയതു.

അപ്പോൾ രാജാവു് ചോദിച്ചു: അല്ലയോ ഹേ ബാദരായണാ!, എങ്ങനെയായിരുന്നു മുതലയുടെ പിടിയിൽനിന്നും ഗജേന്ദ്രനെ ഭഗവാൻ ശ്രീഹരി മോചിപ്പിച്ചതു?. ഏതു് കഥയിലാണോ ഉത്തമശ്ലോകനായ ഭഗവാൻ ശ്രീഹരിയുടെ ചരിതം കീർത്തിക്കപ്പെടുന്നതു്, അതിൽ ധന്യവും ക്ഷേമകരവും മംഗളകരവുമായ പുണ്യങ്ങളുമടങ്ങിയിരിക്കുന്നു.

സൂതൻ പറഞ്ഞു: ഹേ ബ്രാഹ്മണശ്രേഷ്ഠന്മാരേ!, വ്യാസപുത്രനായ ശ്രീശുകൻ പ്രായോപവേശവ്രതം നോറ്റിരിക്കുന്ന പരീക്ഷിത്തിന്റെ ഇപ്രകാരമുള്ള ചോദ്യത്തിനെ കേട്ടു് സന്തോഷത്തോടെ സഭയിൽ ഉപവിഷ്ടരായിരിക്കുന്ന ശ്രോതാക്കളെ നോക്കി പറഞ്ഞുതുടങ്ങി.



ശ്രീമദ്ഭാഗവതം അഷ്ടമസ്കന്ധം ഒന്നാമദ്ധ്യായം സമാപിച്ചു.



ഓം തത് സത്.



Previous    Next





Description of Manvantharas