srimad bhagavatham 4.22 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
srimad bhagavatham 4.22 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019, ഫെബ്രുവരി 21, വ്യാഴാഴ്‌ച

4.22 പൃഥുമഹാരാജൻ സനത്ബാലകന്മാരെ കാണുന്നു


ഓം
ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ദ്ധ്യായം 22
(പൃഥുമഹാരാജൻ സനത്ബാലകന്മാരെ കാണുന്നു)


sanat kumaras meet prthu maharaja srimad bhagavatam എന്നതിനുള്ള ചിത്രംമൈത്രേയൻ പറഞ്ഞു: വിദുരരേ! ജീവൻ പക്വമായാൽ ആത്മീയഗുരു യഥൃശ്ചയാതന്നെ ആഗതമാകുമെന്നത് സത്യംതന്നെ. പൃഥുമഹാരാജാവിന്റെ കാര്യത്തിലും അങ്ങനെതന്നെ സംഭവിച്ചു. അദ്ദേഹം തന്റെ പ്രജകളുമായി സംവദിച്ചുകൊണ്ടുനിൽക്കുന്ന സമയം സനത്കുമാരന്മാർ അവിടെയെത്തി. കുമാരന്മാരെ യഥോചിതം സ്വീകരിക്കുന്ന കാര്യത്തിൽ രാജാവിന് വല്ലാത്ത ഉത്കണ്ഠയുണ്ടായി. സംസാരികളായ ജീവഭൂതങ്ങൾ നിമിഷാർദ്ധത്തിൽതന്നെ ത്രിഗുണങ്ങളുടെ പിടിയിൽ പെട്ടുപോകുന്നതുപോലെ, രജാവും സദസ്സിലുണ്ടായിരുന്ന മറ്റെല്ലാവരും കുമാരന്മാരെ കണ്ടപ്പോൾ ഝടുതിയിൽ ചാടിയെഴുന്നേറ്റു. പൃഥുമഹാരാജാവ് സനകാദികളെ ശിരസ്സാ നമസ്കരിച്ചു. തുടർന്ന് യഥാവിധി പൂജിച്ച് അവരെ സർവ്വോത്തമങ്ങളായ ഇരിപ്പിടങ്ങളിലിരുത്തി. അനന്തരം അവരുടെ തിരുവടികൾ കഴുകി ആ ജലം തന്റെ ശിരസ്സിൽ തളിച്ചു. വിദുരരേ!, മഹത്തുക്കളെ എവ്വിധം സ്വീകരിക്കണമെന്ന് തന്റെ കർമ്മങ്ങളിലൂടെ പൃഥു ലോകത്തിന് കാട്ടിക്കൊടുത്തു.

സ്വർണ്ണസിംഹാസനങ്ങളിലിരിക്കുന്ന ശിവാഗ്രജന്മാരായ ആ യോഗീശ്വരന്മാർ യജ്ഞശാലയിൽ ആളിജ്വലിക്കുന്ന അഗ്നിനാളങ്ങൾപോലെ പ്രശോഭിച്ചു. അവരുടെ തിരുമുമ്പിൽ നിന്നുകൊണ്ട് ഭക്തിപുരസ്സരം രാജാവ് ഇപ്രകാരം പറഞ്ഞു: ഹേ മംഗളമൂർത്തികളേ!, യോഗികൾക്കുപോലും സിദ്ധിക്കാത്ത മഹാഭാഗ്യമാണിപ്പോൾ ഈയുള്ളവന് ലഭിച്ചിരിക്കുന്നതു. ഇത്ര നിഷ്പ്രയാസം നിങ്ങളുടെ ദർശഭാഗ്യമുണ്ടാകുവാൻ എന്ത് പുണ്യപ്രവൃത്തികളാണ് ഞാൻ ചെയ്തെതെന്ന് മനസ്സിലാകുന്നില്ല. ഭാഗവതോത്തമന്മാരായ നിന്തിരുവടികളുടെ പ്രീതിക്ക് പാത്രമാകുന്നവർക്ക് ഇഹത്തിലും പരത്തിലും ദുർലഭമായി ഒന്നുംതന്നെയില്ല. മാത്രമല്ല, അവർക്ക് വിഷുണുഭഗവാന്റേയും മഹാദേവന്റേയും അഗണിതമായ അനുഗ്രഹവും സിദ്ധിക്കുന്നു.

സർവ്വഭൂതങ്ങളിലും അന്തര്യാമിയായി സകലതിനും സാക്ഷിത്വം വഹിക്കുന്ന ഭഗവാൻ ഹരിയെ ആർക്കുംതന്നെ തങ്ങളുടെയുള്ളിൽ ദർശിക്കാൻ സാധിക്കുന്നില്ല. സാക്ഷാൽ ബ്രഹ്മദേവനും മഹാദേവനും പോലും അവനെ ഉള്ളവണ്ണം മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. അതുപോലെ സർവ്വദാ സർവ്വലോകങ്ങളിലും സഞ്ചരിച്ചുകൊണ്ടിക്കുന്ന നിങ്ങളുടെ തത്വവും ഇവിടെ ആർക്കുംതന്നെ അറിയുവാൻ സാധ്യമല്ല. നിർദ്ധനനും ഗൃഹമേധിയുമായ ഒരുവന്റെ വീട്ടിൽ സാധുസന്ദർശനമുണ്ടാകുമ്പോൾ അവൻ ക്ഷണത്തിൽ ധന്യനാകുന്നു. അവരെ യഥോചിതം പൂജിച്ച് അർഘ്യവും ഇരിപ്പിടവും നൽകുന്നപക്ഷം ആ ഗൃഹംതന്നെ പവിത്രമാകുന്നു. മറിച്ച്, എല്ലാവിധ സമ്പത്തുകളുമുണ്ടായിരുന്നാലും സാധുക്കളെ ക്ഷണിക്കുകയോ അവരെ പൂജിക്കുകയോ ചെയ്യാത്ത ഗൃഹം വിഷസർപ്പങ്ങൾ പാർക്കുന്ന മരംപോലെയാകുന്നു. ജനനം മുതലേ ബ്രഹ്മചര്യവും തപസ്സും ശീലമാക്കിയ നിങ്ങൾ അവയെ കാത്തുസൂക്ഷിക്കുവാനായി സ്വന്തം ശരീരത്തെ എപ്പോഴും ബാലാവസ്ഥയിൽത്തന്നെ സൂക്ഷിക്കുന്നു.

വിദുരരേ!, ഇങ്ങനെ പ്രകീർത്തിച്ചുകൊണ്ട് പൃഥുമഹാരാജൻ സനത്കുമാരന്മാരെ യഥാവിധി സ്വാഗതം ചെയ്തു. തുടർന്ന് വീണ്ടും അദ്ദേഹം അവരോട് ചോദിച്ചു: യോഗീശ്വരന്മാരേ!, മുജ്ജന്മകർമ്മങ്ങളുടെ ഫലമായി പ്രാരബ്ദങ്ങളിൽ മുഴുകി ഇന്ദ്രിയസുഖങ്ങൾ മാത്രം കാമിച്ചുകൊണ്ട് ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരെ എങ്ങനെയാണവിടെനിന്നും ഉദ്ധരിക്കുവാൻ കഴിയുക? സർവ്വദാ ആത്മാനന്ദികളായ നിങ്ങളുടെ ക്ഷേമത്തെക്കുറിച്ചന്വേഷിക്കുന്നത് ഭോഷത്തരമാണു. കാരണം, മനോതലവൃത്തിഭാവങ്ങളായ നന്മതിന്മകൾ നിങ്ങളിൽ എങ്ങനെയുണ്ടാകാനാണു?. സത്യത്തിൽ നിങ്ങൾ മാത്രമാണിവിടെ സംസാരികൾക്ക് മിത്രങ്ങളായിട്ടുള്ളതു. അതുകൊണ്ട്, അവർക്കെങ്ങനെയാണ് ഈ ഭവസാഗരത്തിൽനിന്നും കരകയറി ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തിലെത്തുവാൻ സാധിക്കുന്നതെന്ന് പറഞ്ഞരുളിയാലും!. ഭഗവാൻ ഹരി അവരെ രക്ഷിക്കുവാനായി സദാ നിങ്ങളെപ്പോലുള്ളവരുടെ രൂപത്തിൽ ഈ ലോകം മുഴുവനും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, പൃഥുവിന്റെ വാക്കുകൾ കേട്ട് അകമഴിഞ്ഞ സന്തോഷത്തോടെ കുമാരന്മാർ പറഞ്ഞു: ഹേ രാജൻ!, ഏറ്റവും ഉചിതമായ ചോദ്യമാണ് അങ്ങ് ഞങ്ങളോട് ചോദിച്ചതു. ഈ ചോദ്യവും അതിന്റെ ഉത്തരവും ഈ ലോകത്തിന് പൊതുവേ ഉപകാരപ്രദമാണ്. അതും, അവരുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന അങ്ങയിൽനിന്നാകുമ്പോൾ അത് അവ്യാജവുമാണു. സർവ്വജ്ഞനായിട്ടും അജ്ഞാനിയെപ്പോലെ അങ്ങ് ഞങ്ങളൊട് ചോദ്യങ്ങൾ ചോദിക്കുന്നു. അത് ജ്ഞാനികളുടെ സ്വഭാവമാണു. സത്സംഗത്തിലൂടെ ഉടലെടുക്കുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും വക്താവിനും ശ്രോതാക്കൾക്കും ഒരുപോലെ സമ്മതവും ആനന്ദദായകവുമായിരിക്കും. പിന്നീടത് ലോകത്തിന് മുഴുവായി ഉപകാരപ്പെടുകയും ചെയ്യും. ഹേ രാജൻ!, അങ്ങ് ഭഗവദ്ഭക്തനാണു. ആ പാദാരവിന്ദങ്ങളിൽ ഭക്തിയുണ്ടാവുകയെന്നത് അത്യന്തം ദുഃഷ്കരമായ കാര്യവും. എന്നാൽ അവനിൽ ശ്രദ്ധയും ഭക്തിയും ഉദിക്കുന്നതോടെ ഒരുവന്റെ ഹൃദയത്തിൽനിന്നും ലോഭമോഹങ്ങൾ അകന്നുപോകുന്നു. ശാസ്ത്രമതമനുസരിച്ച് മനുഷ്യജീവിതത്തിൽ ചെയ്യേണ്ടത് ശരീരാദികളിൽ വിരക്തിയും ഭഗവാനിൽ ആസക്തിയും ജനിപ്പിക്കുകയാണു. ഭഗവന്മഹിമകളുടെ ശ്രവണമനനാദികൾകൊണ്ടും സത്സംഗം കൊണ്ടും അവനെ നിത്യവും ആരാധിക്കുന്നതുകൊണ്ട് ഒരുവനിൽ അവനോടുള്ള ഭക്തി വളരുന്നു. ആയതിനായി ഇന്ദ്രിയഭോഗങ്ങളിൽ മാത്രം ആസക്തരായവരോടുള്ള സംഗം ഉപേക്ഷിക്കുക. മാത്രമല്ല, അവരോട് സംഗം ചേരുന്നവരുമായ്പോലും ഭക്തന്മാർ അകന്നുനിൽക്കുക. ഭഗവന്മഹിമകളാകുന്ന മധു നുകരാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയാത്ത അവസ്ഥയിലെത്തിച്ചേരുക. എങ്കിൽ മാത്രമേ ഒരുവന് ഇന്ദ്രിയനിഗ്രഹം സാധ്യമാകുകയുള്ളൂ.

മുമുക്ഷു എപ്പോഴും അഹിംസ പാലിക്കണം. ഗുരൂപദേശങ്ങളിൽനിന്നും അണുവിട വ്യതിചലിക്കാതെ, ഭഗവന്മഹികൾ നിരന്തരം സ്മരണിയിൽ വച്ചുകൊണ്ട് കാമം, നിന്ദ, ദ്വന്ദം എന്നിവകളിൽനിന്നകന്ന് തിതിക്ഷയോടെ വർത്തിക്കുകയും വേണം. ഭഗവാന്റെ സത്ചരിത്രങ്ങളിൽ ആസക്തനായി അവയുടെ ശ്രവണാദികൾകൊണ്ട് ഹൃദയത്തിൽ ഭക്തി വളർത്തണം. ഭക്തനെ സംബന്ധിച്ചിടത്തോളം ഭഗവദ്ചരിത്രങ്ങൾ കാതുകൾക്കലങ്കാരമാണു. ഭക്തിയിലൂടെ ത്രിഗുണങ്ങളെ മറികടന്ന് ഭക്തൻ ഭഗവാനിലെത്തിച്ചേരുന്നു. ഗുരുകാരുണ്യം കൊണ്ടും, സാധകൊണ്ടും ഭഗവാനിൽ രതിയുണ്ടാകുമ്പോൾ ഭക്തൻ പഞ്ചഭൂതാത്മകമായ ശരീരത്തിലിരുന്നുകൊണ്ടുതന്നെ തന്റെ സകല ഭൌതികബന്ധങ്ങളും, വിറകിൽ പടരുന്ന അഗ്നി വിറകിനെത്തന്നെ ഭസ്മമാക്കുന്നതുപോലെ, ഇല്ലാതാക്കുന്നു. ഭൌതികകാമങ്ങളിൽനിന്നും ത്രിഗുണങ്ങളിൽനിന്നും മുക്തനായ മുമുക്ഷു തന്റെ ബാഹികവും ആന്തരികവുമായ കർമ്മങ്ങളിൽ വ്യത്യാസം കാണുന്നില്ല. ആ സമയം, യോഗത്തിനുമുമ്പ് ജീവാത്മാവിനും പരമാത്മാവിനുമിടയിലുണ്ടായിരിക്കുന്ന വ്യത്യാസവും ഇല്ലാതാകുന്നു. സ്വപ്നം കണ്ടുണർന്നുകഴിഞ്ഞാൽ സ്വപ്നവും സ്വപ്നദർശിയുമായി എന്ത് ബന്ധമാണുള്ളതു.

ജീവൻ ഇന്ദ്രിയാർത്ഥങ്ങൾക്കുവേണ്ടി ദാഹിക്കുമ്പോൾ അവയിൽ പലതരം ആഗ്രഹങ്ങളുണ്ടാകുകയും അതിന്റെ പൂർത്തിക്കായി വിവിധതരം യോനികളിൽ ജന്മങ്ങളെടുക്കേണ്ടിവരികയും ചെയ്യുന്നു. എന്നാൽ ജീവൻ തന്റെ സ്വരൂപത്തെ തിരിച്ചറിയുന്ന അവസ്ഥയിൽ പരമാത്മാവിനെയല്ലാതെ ഈ പ്രപഞ്ചത്തിൽ മറ്റൊന്നിനേയും ആഗ്രഹിക്കുന്നില്ല. ഇങ്ങനെ വ്യത്യസ്ഥ ഉപാധികളിൽ അടങ്ങിയിരിക്കുന്നതുകൊണ്ടാണ് ജീവഭൂതങ്ങൾക്ക് താനെന്നും പരനെന്നുമുള്ള വ്യത്യാസം തോന്നുന്നതു. നാം നമ്മെത്തന്നെ ജലം മുതലായവയിൽ കാണുമ്പോഴുണ്ടാകുന്ന വ്യത്യാസങ്ങൾ മാത്രമേ ഇവിടെയും സംഭവിക്കുന്നുള്ളൂ. ഒരു തടാകത്തെ ചുറ്റിനിൽക്കുന്ന പുൽത്തകിടികൾ ആ തടാകത്തിലെ ജലത്തെ ക്രമേണ കുടിച്ചുവറ്റിക്കുന്നതുപോലെ, മനസ്സും ഇന്ദ്രിയങ്ങളും വിഷങ്ങൾക്ക് പിന്നാലെ സദാ പായുമ്പോൾ മനസ്സ് അശാന്തമാകുകയും കാലാന്തരത്തിൽ ഉള്ളിലെ ആത്മബോധം പൂർണ്ണമായി നഷ്ടപ്പെടുകയും ചെയ്യുന്നു. ബോധം നഷ്ടമായാൽ ജീവൻ തന്റെ സ്വരൂപത്തെ മറന്നുപോകുകയും അതുവഴി അവനിലെ  ജ്ഞാനം ഇല്ലാതാകുകയും ചെയ്യുന്നു. ഇതിനെ ജ്ഞാനികൾ ജീവന്റെ സർവ്വനാശമായി കരുതുന്നു.

ആത്മസാക്ഷാത്കാരമാണ് ജീവന്റെ പരമലക്ഷ്യമെന്നിരിക്കെ, അതിന്റെ ഏറ്റവും മുഖ്യമായ തടസ്സമെന്നത് ജീവൻ ആത്മസാക്ഷാത്ക്കാരത്തിന് മുകളിൽ മറ്റ് പല കാര്യങ്ങൾക്കും പ്രാധാന്യം നൽകുന്നുവെന്നത് മാത്രമാണു. ഒരുവന്റെ മനസ്സിൽ, സുഖഭോഗങ്ങൾക്കുവേണ്ടി ധനസമ്പാദം ചെയ്യണമെന്ന് തോന്നുന്നതോടുകൂടി അവന്റെ അദ്ധ്യാത്മസാധന അവിടെ അവസാനിക്കുന്നു. അങ്ങനെ സംഭവിക്കുന്നപക്ഷം ജ്ഞാനവും ഭക്തിയും നഷ്ടമാക്കി വരും ജന്മങ്ങളിൽ അവൻ അചരയോനികളിൽ ജന്മം കൊള്ളുന്നു. മോക്ഷം കൊതിക്കുന്നവർ ഒരിക്കലും തമോഗുണങ്ങൾക്കടിമകളാകാൻ പാടില്ല. കാരണം അവ ധർമ്മാർത്ഥകാമമോക്ഷങ്ങളിൽനിന്നും ജീവനെ വ്യതിചലിപ്പിച്ച് യോഗഭ്രഷ്ടനാക്കിത്തീർക്കുന്നു. ധർമ്മാർത്ഥകാമമോക്ഷങ്ങളിൽ മോക്ഷം ഏറ്റവുമധികം പ്രാധാന്യമർഹിക്കുന്നു. കാരണം ബാക്കി മൂന്നും കാലമാകുന്ന പ്രതിഭാസത്തിൽ ഇല്ലാതാകുന്നവയാണു. മനുഷ്യരിൽ ചിർക്ക് ലഭ്യമാകുന്ന ഉന്നതജീവിതനിലവാരങ്ങൾ അവർ അനുഗ്രഹമായി കരുതുന്നു. എന്നാൽ അവയെല്ലാം പ്രകൃതിയുടെ ത്രിഗുണങ്ങളുടെ പരിണാമഫലമായി ഉണ്ടാകുന്നവയാണെന്നറിയുക. മാത്രമല്ല, അവയ്ക്കൊന്നും ദീർഘകാലത്തെ നിലനിൽപ്പും ഉണ്ടാകുന്നില്ല. കാലാധീതമായി ഇവിടെ ഒന്നുംതന്നെയില്ലയെന്ന് മനസ്സിലാക്കുക. അതുകൊണ്ട്, ഹേ രാജൻ!, സകലചരാചരങ്ങളിലും വസിക്കുന്ന ആ പരമപുരുഷനെ അറിയാൻ ശ്രമിക്കുക. ജീവഭൂതങ്ങൾ പഞ്ചഭൂതാത്മകങ്ങളായ സ്ഥൂലശരീരങ്ങളാലും, പ്രാണൻ, ബുദ്ധി മുതാലായവകൾ ചേർന്നുണ്ടായ സൂക്ഷമശരീരങ്ങളാലും ആവൃതമാണു. അതിനുള്ളിൽ പരമാത്മരൂപത്തിൽ ഭഗവാൻ ഹരി കുടികൊള്ളുന്നു. എന്നാൽ അവന്റെ അദ്ധ്യാത്മസ്വരൂപത്തെ അറിയണമെങ്കിൽ ജീവന് മായയുടെ പിടിയിൽ നിന്നും രക്ഷപ്പെടേണ്ടതുണ്ടു. കയറിൽ സർപ്പത്തെ കണ്ട് ഭ്രമിക്കുന്നതുപോലെ, മായയ്ക്കധീനനായി ജീവിക്കുന്നവന് ഹരിയുടെ സാന്നിധ്യത്തെയോ സ്വരൂപത്തെയോ മനസ്സിലാക്കാൻ സാധിക്കുന്നില്ല. ആ ഭഗവാനിൽ മാത്രമാണു ജീവൻ ആശ്രയം കൊള്ളേണ്ടതു.

ഭക്തന് വളരെ എളുപ്പത്തിൽ ആഗ്രഹങ്ങളെ നിവർത്തിക്കാൻ കഴിയുന്നു. എന്നാൽ ജ്ഞാനികൾക്കോ യോഗികൾക്കോ അത് സാധ്യമാകുന്നില്ല. അതുകൊണ്ട് അവനിൽ ഭക്തിയുൾക്കൊള്ളുക. ഭവസാഗരം നിറയെ കൂറ്റൻ സ്രാവുകളുടെ താവളമാണു. അവയുടെ പിടിയിൽ പെടാതെ അതിൽനിന്നും കരകയറുകയെന്നത് അത്യന്തം പ്രയാസകരമായ ഉദ്യമമാണു. അതിൽനിന്നും രക്ഷനേടുന്നതിനായി ജ്ഞാനികളും യോഗികളുമായ സാധകന്മാർ പലേതരം തപസ്സുകളിലേർപ്പെടുന്നു. എന്നാൽ ഞങ്ങൾ ഉപദേശിക്കുന്നത് നിങ്ങൾ ഹരിചരണങ്ങളിൽ അഭയം പ്രാപിക്കുക. അവന്റെ കാരുണ്യനൌകകൾ നിങ്ങളെ അതിൽനിന്നും മറുകരയെത്തിക്കുമെന്നതിൽ സംശയിക്കേണ്ടാ.

മൈത്രേയൻ തുടർന്നു: വിദുരരേ!, സനത്കുമാരന്മാരാൽ ഉപദിഷ്ടനായ പൃഥുമഹാരാജാവ് ഭക്തിപുരസ്സരം അവരോട് പറഞ്ഞു: ഹേ ബ്രഹ്മകുമാരന്മാരേ! നിങ്ങളുടെ ഈ ആഗമനവും അനുഗ്രഹങ്ങളും എനിക്ക് ഭഗവാന്റെ വരദാനമായി കിട്ടിയതാണു. അവിടുത്തെ വാക്കുകളെ നിങ്ങളിതാ സത്യമാക്കിയിരിക്കുന്നു. നിങ്ങളും അവനെപ്പോലെതന്നെ കാരുണ്യവാന്മാർതന്നെ. ഞാനെന്താണ് നിങ്ങൾക്ക് സമർപ്പികേണ്ടത്?. എന്റെ പക്കൽ ആകെയുള്ളത് സത്തുക്കൾ ഭക്ഷിച്ചതിനുശേഷമുള്ള അല്പം അന്നം മാത്രമാണു. തുകൊണ്ട്, എനിക്കുള്ള സകലതും, എന്റെ രാജ്യവും കുടുംബവുമടക്കം, ഞാൻ നിങ്ങൾക്ക് സമർപ്പിക്കുകയാണു. സകലവേദങ്ങളേയും ഗ്രഹിച്ച ഒരാൾക്ക് മാത്രമേ ഭൂമിയെ ഭരിക്കുവാൻ അവകാശമുള്ളൂ. അതിലൂടെ അധികാരത്തിന്റെ ശുദ്ധമായ അർത്ഥം ഒരു ഭരണാധികാരിക്ക് വശഗതമാകുന്നു. ഭൂമിയിൽ അധികാരത്തിന്റെ മായാതത്വം മനസ്സിലാക്കുന്ന മനുഷ്യഗണം ജ്ഞാനികളായ ബ്രാഹ്മണരാണു. ആയതിനാൽ അവരാണ് ഇവിടെ സർവ്വതിനും യഥാർത്ഥ അവകാശികൾ. അവരുടെ കൃപകൊണ്ട് മറ്റുള്ള വർണ്ണികൾ അവയെ സ്വായത്തമാക്കി അനുഭവിക്കുന്നുവെന്നുമാത്രം. ഉലകം മുഴുവൻ സഞ്ചരിച്ച്, ലോകത്തിന് വഴികാട്ടിയായി, മോക്ഷമാർഗ്ഗത്തെ കാട്ടിക്കൊടുക്കുന്ന നിങ്ങൾക്ക് സമർപ്പിക്കാൻ ബദ്ധഹസ്താഞ്ജലിയല്ലാതെ മറ്റെന്താണ് ഈ ലോകത്തിലുള്ളതു?. അവരെ പ്രീതിപ്പെടുത്തുവാൻ അവരുടെ ഉപദേശങ്ങൾ സ്വീകരിക്കുകയാല്ലാതെ മറ്റൊരു വഴിയുമില്ലതന്നെ.

മൈത്രേയൻ പറഞ്ഞു: വിദുരരേ!, പൃഥുവിന്റെ വാക്കുകളിൽ ഭക്തോത്തമന്മാരായ കുമാരന്മാർ സന്തുഷ്ടരായി. അവർ ആകാശത്തിൽ സൂര്യന്മാരെപ്പോലെ പ്രകാശിച്ചുകൊണ്ട് പൃഥുമഹാരാജാവിനെ പ്രശംസിച്ചു. ആത്മജ്ഞാനത്തിൽ പൃഥുവിനുള്ള പാണ്ഢിത്യം കണക്കിലെടുത്താൽ അദ്ദേഹം മഹത്തുക്കളായ രാജർഷിമാരിൽ അഗ്രഗണ്യനായിരുന്നു. ജീവന്മുക്തനായ ഒരു പരമഹംസയോഗിയെപ്പോലെ അദ്ദേഹം സദാ പ്രശാന്തമനസ്കനായി വർത്തിച്ചു. ആത്മാനന്ദിയായി തന്നിൽത്തന്നെ രമിച്ചുകൊണ്ട് പൃഥുമഹാരാജൻ തന്റെ ധർമ്മം കാലദേശവിത്തങ്ങൾക്കനുയോജ്യമാകും വിധത്തിൽ അനുഷ്ഠിച്ചു. തന്റെ സകലകർമ്മങ്ങൾകൊണ്ടും അദ്ദേഹം ഭഗവദ്പ്രീതി സമ്പാദിക്കുവാൻ മാത്രം ശ്രമിച്ചു. അങ്ങനെ അദ്ദേഹം തന്റെ രാജ്യം തന്നാലാകുംവിധം പരിപാലിച്ചു. പ്രകൃതിക്കതീതനായിക്കൊണ്ട് പൃഥു  ഭഗവദ്ദാസനായി ജീവിച്ചു. അതുപോലെ തന്റെ കർമ്മങ്ങൾ സദാ ഭഗവാനിലർപ്പിക്കുകയും ചെയ്തു. തന്റെ സാമ്രാജ്യങ്ങളിൽ ഉദാസീനഭാവം പൂണ്ട് അദ്ദേഹം ഗൃഹസ്ഥാശ്രമിയായി കഴിഞ്ഞുകൂടി. സൂര്യഭഗവാൻ യാതൊന്നിനാലും ബാധിക്കപ്പെടാതെ ലോകസർവ്വത്തെ പ്രകാശിപ്പിക്കുന്നതുപോലെ, പൃഥുമഹാരാജൻ തന്റെ ഐശ്വര്യത്തെ ഇന്ദ്രിയാർത്ഥങ്ങൾക്കുവേണ്ടി ഉപയോഗിക്കാതെ തികച്ചും നിസ്സംഗനായി ഭൂമിയുടെ പരിപാലനത്തിനുവേണ്ടിമാത്രം വിനിയോഗിച്ചു. ഭഗവദ്ഭക്തനും ജീവന്മുക്തനുമായി അദ്ദേഹം തന്റെ സകല കർമ്മങ്ങളും യഥാവിധി അനുഷ്ഠിച്ചു. ഗൃഹസ്ഥാശ്രമിയായ അദ്ദേഹത്തിന് തന്റെ പത്നി അർച്ചിയിൽ താൻ ആഗ്രഹിച്ചതുപോലെയുള്ള അഞ്ച് പുത്രന്മാർ ജനിച്ചു. വിജിതാക്ഷൻ, ധൂമ്രകേശൻ, ഹര്യാക്ഷൻ, ദ്രവിണൻ, വൃകൻ എന്നിവരായിരുന്നു ആ അഞ്ച് പൃഥുപുത്രന്മാർ. അദ്ദേഹം സകലലോകപാലകന്മാരോടൊപ്പം കൂട്ടുചേർന്നു ഭൂമിയെ പരിപാലിച്ചു. ഭഗവദ്സൃഷ്ടിയുടെ സംരക്ഷണാർത്ഥം അവയുടെ ഓരോ മേഖലകളിലും പ്രവൃത്തിക്കുന്നവരെ അദ്ദേഹം ആദരവോടെ കാണുകയും അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു. പൃഥു തന്റെ കർമ്മങ്ങളിലൂടെ സോമരാജന് തുല്ല്യം പ്രസിദ്ധനായി. കൂടാതെ സൂര്യന് തുല്യം ശക്തിമത്താകുകയും ചെയ്തു. അഗ്നിയുടെ ചൂടിനേയും പ്രകാശത്തേയും ആർക്കും തടുക്കാൻ സാധ്യമല്ലാത്തതുപോലെ, പൃഥുമഹാരാജാവിന്റെ നിയമങ്ങളെ മറികടക്കാൻ ആർക്കുംതന്നെ സാധിക്കുമായിരുന്നില്ല. കരുത്തിൽ അദ്ദേഹം ഇന്ദ്രനെപ്പോലെയും ക്ഷമയുടെ കാര്യത്തിൽ ഭൂമിയെപ്പോലെയുമായിരുന്നു. വരദാനത്തിൽ അദ്ദേഹത്തിന്റെ ഉള്ളം സ്വർഗ്ഗത്തെപ്പൊലെ സമൃദ്ധമായിരുന്നു. മഴയെപ്പോലെ അദ്ദേഹം സകലരുടേയും ആഗ്രഹങ്ങൾ സാക്ഷാത്ക്കരിച്ചു. സമുദ്രത്തിന്റേതെന്നപോലെ ആ ഹൃദയത്തിന്റെ അളക്കാൻ സാധ്യമായിരുന്നു. ദൃഢതയിൽ അദ്ദേഹം മേരുപർവ്വതത്തെപ്പോലെ ഉറപ്പുള്ളവനായിരുന്നു. യമധർമ്മനെപ്പോലെ ബുദ്ധിയിലും വിദ്യയിലും അദ്ദേഹം അഗ്രഗണ്യനായി. ഹിമാലയപർവ്വതം പോലെ സമൃദ്ധമായിരുന്നു അദ്ദേഹത്തിന്റെ ഐശ്വര്യം. കുബേരനെപ്പോലെ അഗണിതമായ ധനത്തിനുടമയായീരുന്നു പൃഥുരാജൻ. വരുണന്റേതെന്നപോലെ അദ്ദേഹത്തിന്റെ രഹസ്യങ്ങളും ആരാലും ഗ്രാഹ്യമായിരുന്നില്ല. ശാരീരികവും മാനസീകവുമായ കരുത്തിൽ അദ്ദേഹം വായുവിനെപ്പോലെയായിരുന്നു. എന്നാൽ കോപത്തിൽ പൃഥു സർവ്വശക്തനായ രുദ്രനെ വെല്ലുന്നവനായിരുന്നു. സൌന്ദര്യത്തിൽ കാമദേവനെപ്പോലെയും, ചിന്താശക്തിയിൽ മൃഗേന്ദ്രനെപ്പോലെയും, വാത്സല്യം വന്നാൽ സ്വായംഭുവമനുവിനെപ്പോലെയും, പ്രഭുത്വത്തിൽ അദ്ദേഹം ബ്രഹ്മദേവനെപ്പോലെയുമായിരുന്നു. ആത്മീയതയിൽ ബൃഹസ്പതിയെപ്പോലെയും ആത്മസംയമനത്തിന്റെ കാര്യത്തിൽ സാക്ഷാൽ ഹരിയെപ്പോലെയും അദ്ദേഹം ശോഭിച്ചു. ഗോബ്രാഹ്മണാദികളിൽ അങ്ങേയറ്റം വാത്സല്യവും ആദരവുമുള്ളവനായിരുന്നു പൃഥുരാജൻ. പരന്മാരുടെ ക്ഷേമത്തിൽ അദ്ദേഹം അതീവതല്പരനുമായിരുന്നു. മൂന്നുലോകങ്ങളിലും അദ്ദേഹത്തിന്റെ മഹത്വം ഘോഷിക്കപ്പെട്ടു. സ്ത്രീകളും പണ്ഢിതരും അദ്ദേഹത്തിന്റെ ചരിതങ്ങളിൽ ശ്രീരാമചന്ദ്രഭഗവാന്റേതിലെന്നപോലെ ആനന്ദം കൊണ്ടു.


ശ്രീമദ്ഭാഗവതം ചതുർത്ഥസ്കന്ധം  ഇരുപത്തിരണ്ടാമധ്യായം സമാപിച്ചു.
ഓം തത് സത്.





Sanat Kumaras meet Prithu Maharaja